ഞാൻ യൂദാസ് സ്കറിയോത്ത

ഞാന്‍ വിധിയുടെ കയ്യിലെ കളിപ്പാട്ടമായിരുന്നു. ഇന്നു കാലത്തു മുതല്‍ അങ്ങയുടെ വിചാരണ നടക്കുന്ന സമയം മുഴുവന്‍ ഞാന്‍ എനിക്കു കിട്ടാവുന്ന പ്രതിഫലത്തെക്കുറിച്ചു ചിന്തിക്കുകയായിരുന്നു. യഹൂദരുടെയിടയില്‍ വിശിഷ്ടാംഗത്വം ഞാന്‍ കൊതിച്ചു. അല്ലെങ്കില്‍ വലിയൊരു തുക.പ്രധാന പുരോഹിതനായ കയ്യഫാസിന്‍റെ സേവകന്‍ എന്നെ വിളിച്ച് ഗുരുവിനെ ഒറ്റിക്കൊടുത്തതിനു വാഗ്ദാനം ചെയ്തിരുന്ന പ്രതിഫലം എനിക്കു നല്കി – ‘മുപ്പതു വെള്ളിനാണയങ്ങള്‍.’

ഞാൻ യൂദാസ് സ്കറിയോത്ത

അപകര്‍ഷതയുടെയും ആത്മനിന്ദയുടെയും പീള കെട്ടിയ കണ്ണുകള്‍ പണിപ്പെട്ടു തുറന്നു നോക്കുമ്പോള്‍ ചുറ്റുമുള്ള മരങ്ങള്‍ പ്രേതങ്ങള്‍പോലെ തോന്നുന്നു. അവ കൈമാടി എന്നെ വിളിക്കുകയാണ്, മരണത്തിലേക്ക്. എനിക്ക് ഇനി മറഞ്ഞിരിക്കാന്‍ ഈ ഒരിടം മാത്രമേയുള്ളൂ. ഇരുട്ട് വീണ ഈ ഹിന്നോം താഴ്വര.

ഞാന്‍ യൂദാസ് സ്കറിയോത്ത. ശിമയോന്‍ സ്കറിയോത്തയുടെ മകന്‍. തെക്കന്‍ യൂദയായിലെ കെറിയോത്തില്‍നിന്നു വന്നവന്‍. സ്നാപകയോഹന്നാന്‍റെ വാക്കുകളില്‍ ആകൃഷ്ടനായി അവന്‍റെ ശിഷ്യന്മാരുടെ കൂടെ കൂടി. ആ കാരണത്താല്‍ മാതാപിതാക്കള്‍ എന്നെ ഉപേക്ഷിച്ചു. സ്നാപകന്‍ കാരാഗൃഹത്തില്‍ ആയതിനുശേഷം ഞാന്‍ യേശുക്രിസ്തുവിന്‍റെ ശിഷ്യരില്‍ ഒരാളായി; അവരുടെ പണം സൂക്ഷിപ്പുകാരനായി. ഗുരു എന്നെ വിശ്വസിച്ചു. ഏതാണ്ട് മൂന്നു വര്‍ഷത്തോളം അവിടുത്തോടൊപ്പം സന്തതസഹചാരിയായി ചുറ്റിനടന്നു. പക്ഷേ, അതൊന്നുമല്ല, ഇനി മുതല്‍ ഞാന്‍ അറിയപ്പെടുക, ‘ക്രിസ്തുവിനെ ഒറ്റിക്കൊടുത്തവന്‍’ എന്ന പേരിലായിരിക്കും.

ഇതാ ഇവിടെ നിന്നാല്‍ കാണാം, ഏതാണ്ട് ഒരു സ്താദിയോണ്‍ ദൂരം മാത്രമകലെ ഗെത്സമനിയിലെ ഒലിവ്മരങ്ങളുടെ തലപ്പുകള്‍. ഗെത് സമനി, ഇന്നലെ രാത്രി അവിടെ വച്ചാണു ഞാനാ നീചകൃത്യം ചെയ്തത്.

ഇന്നലെ രാത്രി, ഹോ, അതൊരു വല്ലാത്ത രാത്രിയായിരുന്നു. അത്താഴസമയത്ത്, എന്‍റെ ഗുരു മുക്കിത്തന്ന അപ്പക്കഷണം, ഞാന്‍ വിറയ്ക്കുന്ന കൈകളോടെ ഏറ്റുവാങ്ങി.

“നീ ചെയ്യാനിരിക്കുന്നതു വേഗം ചെയ്യുക” – ഗുരു അങ്ങനെ പറഞ്ഞുകൊണ്ട് എന്‍റെ കണ്ണുകളില്‍ നോക്കി. എന്‍റെ മനസ്സിന്‍റെ അടിത്തട്ടുവരെ അവന്‍ കാണുന്നുണ്ടായിരുന്നു.

ആള്‍ക്കൂട്ടത്തെ നയിച്ചുകൊണ്ടു ഞങ്ങള്‍ ഗെത്സമനിയിലേക്ക്. ഇരുട്ടിന്‍റെ കരിമ്പടത്തെ കീറിമുറിക്കുന്ന തീപ്പന്തങ്ങളുമായി, വിളക്കുകളും വടികളും വാളുകളുമായി ഏതാണ്ട് അറുപതോളം പേര്‍. ദേവാലയ കാവല്‍ക്കാര്‍, റോമന്‍ പടയാളികള്‍, പ്രധാന പുരോഹിതന്‍റെയും പ്രമാണിമാരുടെയും സേവകര്‍. ഞങ്ങള്‍ തോട്ടത്തില്‍ പ്രവേശിക്കുന്നതിനുമുമ്പു ഞാനവര്‍ക്ക് അടയാളം കൊടുത്തിരുന്നു – “ഞാന്‍ ആരെ ചുംബിക്കുന്നുവോ, അവന്‍ തന്നെ. അവനെ പിടിച്ചുകൊള്ളുക.”

ഗുരു ശാന്തനായിരുന്നു. വിറയാര്‍ന്ന പാദങ്ങളോടെ, ഞാന്‍ അടുത്തു ചെന്നു.

“ഗുരോ സ്വസ്തി” – അഭിവാദ്യത്തോടെ അവിടുത്തെ ആലിംഗനം ചെയ്തു ചുംബിച്ചു. മനുഷ്യസ്നേഹത്തിന്‍റെ ആഴങ്ങള്‍ പ്രകാശിപ്പിക്കുന്ന ശ്രേഷ്ഠമായ അഭിവാദ്യത്തെ ഞാന്‍ മലീമസമാക്കി.

ആ നിമിഷം, ആ ഒരു നിമിഷം, അനന്തമായ ആ ദിവ്യചൈതന്യത്തെ ശരീരംകൊണ്ടും മനസ്സുകൊണ്ടും സ്പര്‍ശിച്ച ആ നിമിഷം ഞാന്‍ കൊതിച്ചു. യേശുക്രിസ്തു ഒരു അത്ഭുതം ചെയ്തിരുന്നെങ്കില്‍. ഈ ജനക്കൂട്ടത്തെ അസ്തപ്രജ്ഞരാക്കി, അവിടുന്നു രക്ഷപെട്ടിരുന്നെങ്കില്‍.

എന്നാല്‍ ഗുരു മരണത്തെ സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു. പത്രോസ് വാള്‍ ഊരി വീശി ചില പരാക്രമങ്ങള്‍ കാണിച്ചെങ്കിലും, ഗുരു ചെവി മുറിഞ്ഞ മാല്‍ക്കൂസിനെ തൊട്ടു സുഖമാക്കി.

ഞാന്‍ വിധിയുടെ കയ്യിലെ കളിപ്പാട്ടമായിരുന്നു. ഇന്നു കാലത്തു മുതല്‍ അങ്ങയുടെ വിചാരണ നടക്കുന്ന സമയം മുഴുവന്‍ ഞാന്‍ എനിക്കു കിട്ടാവുന്ന പ്രതിഫലത്തെക്കുറിച്ചു ചിന്തിക്കുകയായിരുന്നു. യഹൂദരുടെയിടയില്‍ വിശിഷ്ടാംഗത്വം ഞാന്‍ കൊതിച്ചു. അല്ലെങ്കില്‍ വലിയൊരു തുക.

പ്രധാന പുരോഹിതനായ കയ്യഫാസിന്‍റെ സേവകന്‍ എന്നെ വിളിച്ച് ഗുരുവിനെ ഒറ്റിക്കൊടുത്തതിനു വാഗ്ദാനം ചെയ്തിരുന്ന പ്രതിഫലം എനിക്കു നല്കി – ‘മുപ്പതു വെള്ളിനാണയങ്ങള്‍.’

നല്ല ആരോഗ്യമുള്ള ഒരു അടിമയ്ക്കു കിട്ടുന്ന നിലവിലുള്ള വില മാത്രം?

ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ ലജ്ജിതനായി, അപമാനത്താല്‍ ഞാന്‍ തകര്‍ന്നുപോയി.

ഒടുവില്‍ ഒരു കുരിശ് ആകാശത്തേയ്ക്ക് ഉയരുന്നതു ഞാന്‍ കണ്ടു. അതില്‍ നഗ്നനായി ആണികളില്‍ തൂങ്ങി എന്‍റെ ഗുരു. ഭീതിദമായ ആ കാഴ്ച കണ്ടുനില്ക്കാന്‍ എനിക്കാവില്ലായിരുന്നു; ഞാന്‍ ഓടി.

കൈകള്‍ മലര്‍ത്തി നോക്കി; രക്തക്കറ. പീലാത്തോസിന്‍റെ നടുത്തളത്തില്‍ ചിതറിയ രക്തത്തിന്‍റെ കറ. ഗലീലിയാക്കടലിലെ മുഴുവന്‍ വെള്ളംകൊണ്ടും കഴുകിയാലും പോകാത്ത രക്തക്കറ. ഞാന്‍ കൈകള്‍ മണത്തു നോക്കി. മരണത്തിന്‍റെ രൂക്ഷമായ ഗന്ധം, തണുത്തുറഞ്ഞ ദുര്‍ഗന്ധം. യൂദയായിലെ മുഴുവന്‍ സുഗന്ധതൈലങ്ങള്‍ പുരട്ടിയാലും മാറാത്ത പാപത്തിന്‍റെ മണം.

“മറിയം, മറിയം, ആ സുഗന്ധതൈലം എവിടെ? ബഥാനിയായിലെ ലാസറിന്‍റെ ഭവനത്തില്‍വച്ച് നീ ഗുരുവിന്‍റെ പാദങ്ങളില്‍ പുരട്ടിയ നാര്‍ദീന്‍തൈലം.” അന്ന് നിന്‍റെ ആ പ്രവൃത്തിയെ ഞാന്‍ വിമര്‍ശിച്ചു. അതു 300 ദെനാറക്ക് വിറ്റ് ദരിദ്രര്‍ക്കു കൊടുക്കാമായിരുന്നു എന്ന് കപട ശുഷ്കാന്തി പ്രകടിപ്പിച്ചു. പക്ഷേ, ഞാന്‍ മനസ്സിലാക്കുന്നു, നീയായിരുന്നു ശരി. ഞാനാണു തെറ്റ്. തിരുത്താന്‍ വൈകിപ്പോയി.

ഓടിപ്പോകുമ്പോള്‍ അരയില്‍ മുപ്പതു വെള്ളിക്കാശ് കിലുങ്ങുന്നുണ്ടായിരുന്നു. നീതിമാന്‍റെ രക്തത്തിന്‍റെ വിലയായി, ഞാന്‍ ആര്‍ത്തിയോടെ വാരിയെടുത്ത വെള്ളിക്കഷണങ്ങള്‍. ഇപ്പോള്‍ അതെന്‍റെ കൈ പൊള്ളിക്കുന്നു. ചൂളയില്‍ നിന്നു വാരിയെടുത്ത ലോഹക്കഷണങ്ങള്‍പോലെ.

ഇപ്പോള്‍ ഈ ചരടിന്‍റെ കുരുക്ക് ഞാന്‍ എന്‍റെ കഴുത്തില്‍ മുറുക്കുമ്പോള്‍ ആദ്യമായും അവസാനമായും ആത്മാര്‍ത്ഥതയോടെ ഞാന്‍ അങ്ങയെ വിളിച്ചോട്ടെ.

“എന്‍റെ നാഥാ, എന്‍റെ കര്‍ത്താവേ മാപ്പ്! അങ്ങയുടെ മഹത്ത്വത്തിനായി എനിക്കു മരിച്ചേ മതിയാകൂ. ഗുരുവേ അങ്ങേയ്ക്ക് സ്വസ്തി!”

ഇരുട്ട്.

#TAGS : yudas   skariotha  

advertisment

Related News

    Super Leaderboard 970x90