തേപ്പിനെ പെണ്ണാടയണിയിക്കുന്നവരോട്....

സിനിമയിൽ 'പെണ്ണിന് പണം തന്നെ കാമുകൻ' എന്ന് കുഞ്ഞിക്കയും, അതിനും മുൻപ് കുഞ്ഞിക്കയുടെ അച്ഛൻ വല്യിക്കയും ഒക്കെ ഈ അർത്ഥത്തിൽ ഡയലോഗ് കീറുമ്പോൾ നമ്മുടെ പുരുഷാരം കൈയടിച്ച് പാസാക്കിയിട്ടുണ്ട്. ഇതിന്റെ സൈഡിൽക്കൂടി 'സ്ത്രീ അമ്മയാണ്, പെങ്ങളാണ്, ദേവിയാണ്...' എന്നൊക്കെയുള്ള മറ്റേ ഉഡായിപ്പ് ഡയലോഗും പറയും എന്നുള്ളതാണ് ഇവിടത്തെ തമാശ. അമ്മയും പെങ്ങളും ഒഴികേ മറ്റെല്ലാ പെണ്ണുങ്ങളും 'തേയ്ക്കും' എന്നാണോ ഉദ്ദേശിക്കുന്നത്?

തേപ്പിനെ പെണ്ണാടയണിയിക്കുന്നവരോട്....

വൈശാഖൻ തമ്പി എഴുതുന്നു

ന്യൂജൻ മലയാളി ഭാഷയ്ക്ക് നൽകിയ ഏറ്റവും പുതിയ സംഭാവനയാണ് 'തേയ്ക്കുന്ന പെണ്ണ്' എന്ന പ്രയോഗം. കുരയ്ക്കുന്ന പട്ടി, ഓടുന്ന കുതിര എന്നൊക്കെ പറയുന്നതുപോലെ സ്വാഭാവികമായ ഒന്നാണത്രേ തേയ്ക്കുന്ന പെണ്ണ്. തേപ്പ് എന്നാൽ ചതിയുടെ ന്യൂജൻ പര്യായം ആണെന്നതൊഴിച്ചാൽ, മറ്റെല്ലാം കൊണ്ടും വളരെ പഴകിയ ഒന്നാണ് പെണ്ണിന്റെ ചതിയെപ്പറ്റിയുള്ള ആണുങ്ങളുടെ ഈ ആവലാതി. സിനിമയിൽ 'പെണ്ണിന് പണം തന്നെ കാമുകൻ' എന്ന് കുഞ്ഞിക്കയും, അതിനും മുൻപ് കുഞ്ഞിക്കയുടെ അച്ഛൻ വല്യിക്കയും ഒക്കെ ഈ അർത്ഥത്തിൽ ഡയലോഗ് കീറുമ്പോൾ നമ്മുടെ പുരുഷാരം കൈയടിച്ച് പാസാക്കിയിട്ടുണ്ട്. ഇതിന്റെ സൈഡിൽക്കൂടി 'സ്ത്രീ അമ്മയാണ്, പെങ്ങളാണ്, ദേവിയാണ്...' എന്നൊക്കെയുള്ള മറ്റേ ഉഡായിപ്പ് ഡയലോഗും പറയും എന്നുള്ളതാണ് ഇവിടത്തെ തമാശ. അമ്മയും പെങ്ങളും ഒഴികേ മറ്റെല്ലാ പെണ്ണുങ്ങളും 'തേയ്ക്കും' എന്നാണോ ഉദ്ദേശിക്കുന്നത്? പക്ഷേ ഏത് പെണ്ണും ആരുടെയെങ്കിലുമൊക്കെ അമ്മയോ പെങ്ങളോ ആയിരിക്കാമല്ലോ. അങ്ങനെ വരുമ്പോൾ സ്വന്തം അമ്മ പോലും വേറെ ആരെയോ തേച്ചിട്ടാണ് തന്തപ്പടിയെ കെട്ടിയത് എന്ന് സമ്മതിക്കുന്ന മട്ടിലാണ് ഡയലോഗിന്റെ പോക്ക്. ഓ പിന്നേ, നമ്മൾ അർത്ഥം വല്ലോമറിഞ്ഞിട്ടാണോ ഇക്കണ്ട ഡയലോഗുകളൊക്കെ അടിച്ചിട്ടുള്ളത്!

അല്ലാ, ശരിയ്ക്കും ഈ 'തേപ്പിന്റെ' ഹോൾസെയിൽ കോൺട്രാക്റ്റ് പെണ്ണുങ്ങൾക്ക് മാത്രമായി പതിച്ച് കിട്ടിയതിന് കാരണം എന്താണ്? ഈ ആവലാതി പറയുന്ന പുരുഷോത്തമൻമാരോട് ചോദിച്ചാൽ മിക്കവാറും പേര്‍ക്ക് പറയാന്‍ നിരവധി ഉദാഹരണങ്ങൾ കാണും. എല്ലാം ഒരാളെ പ്രണയിച്ചിട്ട് മറ്റൊരാളെ വിവാഹം ചെയ്ത പെണ്‍കുട്ടികളുടെ കഥകളായിരിക്കും. അത് ഞാനും ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷേ ആ പേരും പറഞ്ഞ് മുഴുവൻ സ്ത്രീകൾക്കും കൂടി ചേർത്ത് തേപ്പുകാരിയെന്ന് സ്റ്റിക്കറൊട്ടിക്കുന്നതിന് മുൻപ്, രണ്ടാമതൊന്ന് ആലോചിക്കുന്ന ശീലമുള്ള ആണുങ്ങൾ ഇനി പറയുന്ന കാര്യങ്ങൾ കൂടി ഒന്നോർക്കണേ. Please check whether you are seeing what I'm seeing...

കണ്ണ് തുറന്ന് സൂക്ഷ്മമായി സമൂഹത്തിലേക്ക് നോക്കിയാൽ ഞാൻ ചുറ്റും കാണുന്നത് സ്വന്തമായി തീരുമാനങ്ങളില്ലാത്ത സ്ത്രീകളെയാണ്, ആ‍ർത്തവം കൈകാര്യം ചെയ്യുന്നതിനേക്കാൾ നന്നായി ആഗ്രഹങ്ങള്‍ അടിച്ചമ‍ർത്താന്‍ പരിശീലിക്കപ്പെടുന്ന പെൺകുട്ടികളെയാണ്, ശരീരങ്ങൾ മാത്രമായി പരിഗണിക്കപ്പെടുന്ന ഭാര്യമാരെയും കാമുകിമാരെയുമാണ്, മൃഗശാലയിൽ കാണുന്നപോലെ 'തൊടരുത് പിടിക്കരുത്' എന്നൊക്ക ബോർഡെഴുതിവെച്ച് ബസിലും ട്രെയ്നിലും മറുലിംഗക്കാരിൽ നിന്നും സംരക്ഷിക്കാൻ വിധിക്കപ്പെട്ട അവരുടെ അവകാശങ്ങളെയും അഭിമാനത്തെയുമാണ്... (ഓരോ മിനിറ്റിലും നടക്കുന്ന ലൈംഗികപീഡനങ്ങളെ മാറ്റിനിര്‍ത്തിയിട്ടുള്ള കാര്യങ്ങളാണിവ. അത്തരം പീഡനങ്ങള്‍ എവിടെയോ ആരൊക്കെയോ ചെയ്യുന്നതും നമ്മൾ കേട്ടിട്ട് മാത്രം ഉള്ളതും ആണല്ലോ. ഫെയ്സ്ബുക്കിൽ ധാർമികരോഷം കൊണ്ടും പ്രൊഫൈൽ പിക്ചർ മാറ്റിയും നമ്മളത് അപ്പോത്തന്നെ പരിഹരിക്കുന്നും ഉണ്ട്!)

കാമുകി വിളിക്കുമ്പോ തനിക്ക് തിരക്കാകാം, എന്നാൽ താൻ വിളിക്കുമ്പോ തന്റെ കാമുകിയ്ക്ക് തിരക്ക് പാടില്ല എന്ന് വാശി പിടിക്കുന്ന കാമുകൻമാരെ എത്രയെങ്കിലും ഞാന്‍ കണ്ടിട്ടുണ്ട് (എല്ലാവരും നല്ല ഫസ്റ്റ് ക്ളാസ് ഡിഗ്രികള്‍ എടുത്ത് കാണിക്കാനുള്ള വിദ്യാസമ്പന്നര്‍ തന്നെ). പക്ഷേ അതില്‍ കാമുകനോ കാമുകിയ്ക്കോ അസ്വാഭാവികതയൊന്നും തോന്നില്ല, കാരണം അവര്‍ രണ്ടുപേരും ജനിച്ച നാള്‍ മുതൽ ശ്വസിക്കുന്നത് പുരുഷാധിപത്യത്തിന്റെ വായുവാണ്. താൻ പുരുഷന് കീഴ്പ്പെട്ടവളാണ് എന്ന ആശയം ആ പെൺകുട്ടിയുടെ മനസില്‍ പാകിക്കൊടുത്തത് മറ്റൊരു സ്ത്രീയായ അമ്മ കൂടിയാണ്. ഇതിലെ അനീതി തിരിച്ചറിഞ്ഞാൽ പോലും ഭൂരിഭാഗം പെൺകുട്ടികളും അത് നിശബ്ദമായി സഹിക്കും. കാരണം പ്രതികരിക്കുന്ന നിമിഷം അവൾക്ക് 'തേവിടിശ്ശിപ്പട്ടം' ചാർത്തിക്കൊടുക്കാനുള്ള പൊതുജനജാഥ തന്നെ ഉണ്ടാവും. അടിമത്തം ശീലിച്ച മറ്റ് സ്ത്രീകൾ റോബോട്ടുകളെപ്പോലെ ആ ജാഥയുടെ മുന്നിൽത്തന്നെ കാണുകയും ചെയ്യും. ഇതേ പെൺകുട്ടി നാളെ സ്വന്തം മകൾക്ക് ഇതേ നിശബ്ദസഹനത്തിന്റെ പാഠങ്ങൾ പകർന്ന് നല്‍കും. ആഗ്രഹങ്ങൾ അടിച്ചമർത്താനും പുരുഷൻമാർ ഉണ്ടാക്കിവെച്ചിരിക്കുന്ന 'ശീലാവതീ മാനദണ്ഡങ്ങൾ' അനുസരിച്ച് അടങ്ങിയൊതുങ്ങി ജീവിക്കാനും പഠിപ്പിക്കും.

എതിർലിംഗത്തിൽ പെട്ടയാളോട് തോന്നുന്ന പ്രണയം പ്രകൃതിയായി ഡി.എൻ.ഏ.യിൽ വിളക്കിച്ചേർത്തതാണ്. ജീവിവർഗത്തിന്റെ നിലനില്പ് തന്നെ അതിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് അത് സംഭവിക്കുക തന്നെ ചെയ്യും. പക്ഷേ പാട്ടിലും സിനിമയിലും പാടിപ്പുകഴ്ത്തുമെന്നല്ലാതെ, പ്രയോഗത്തിൽ വന്നാൽ തല്ല് കിട്ടേണ്ട വിഷയമാണ് പ്രണയം എന്നാണ് നമ്മുടെ കാരണവസങ്കല്പം. എന്താണ് പ്രശ്നം? ഹോമോ സാപിയൻസ് എന്ന സ്പീഷീസ് നെയിമിന് മുകളിൽ ജാതി, മതം, കുടുംബപാരമ്പര്യം, സാമ്പത്തികശേഷി, സർക്കാർ ജോലി എന്നിങ്ങനെ ഇണചേരുന്നതിന് വേറെ പല ക്വാളിഫിക്കേഷൻസും നമ്മളായിട്ട് കെട്ടിയുണ്ടാക്കി വെച്ചിട്ടുണ്ട്. നിങ്ങടെ ഡി.എൻ.ഏ.യ്ക്ക് ഇതിനെക്കുറിച്ചൊന്നും വലിയ ധാരണയില്ലാത്തതുകൊണ്ട് പ്രേമിക്കുമ്പോൾ ഇതൊന്നും നോക്കിയെന്ന് വരില്ല. അതുകൊണ്ട് തന്നെ ആരാലും എതിർക്കപ്പെടാത്ത പ്രണയം വളരെ അപൂർവമായി മാത്രം നമുക്കിടയിൽ സംഭവിക്കുന്ന ഒന്നാണ്. എതിർപ്പുകളുടെ ഭാരം കൂടുതലും വന്ന് വീഴുന്നത് പെൺകുട്ടിയുടെ മുകളിൽ തന്നെയാണ്. അവൾ ശബ്ദമില്ലാത്തവളാണ്. വീട്ടിൽ അവളെക്കാൾ ഇളയ ആൺകുട്ടി പോലും, കാലിനിടയിലെ ആ അവയവത്തിന്റെ പേരിൽ അവളുടെ കാരണവസ്ഥാനത്താണ്. ആദ്യം വിവാഹപ്രായമെത്തുന്നത് പെൺകുട്ടിയ്ക്കാണ് എന്നത് കൂടി പരിഗണിച്ചാൽ പ്രണയത്തിൽ നിന്ന് പിൻമാറേണ്ട ഘട്ടം ആദ്യം വരുന്നതും അവൾക്കായിരിക്കും.

പ്രണയിച്ചവനെ ഉപേക്ഷിച്ച് മറ്റൊരുവന് മുന്നിൽ കഴുത്ത് നീട്ടിക്കൊടുക്കുക്കേണ്ടി വരുമ്പോള്‍ പെണ്ണിനെ സംബന്ധിച്ച് താന്‍ ജീവിതകാലം മുഴുവന്‍ അടിച്ചമര്‍ത്തിയ ആഗ്രഹങ്ങളുടെ ലിസ്റ്റിലേക്ക് ഒന്നുകൂടി കൂടുന്നു എന്നേയുള്ളു. അവള്‍ക്ക് നല്ല ശീലമുള്ള കാര്യമാണ് അവള്‍ ചെയ്യുന്നത്. പക്ഷേ ഇത്തവണ അത് കാമുകന്‍ എന്ന രണ്ടാമതൊരു വ്യക്തിയെക്കൂടി ബാധിക്കുന്നു എന്ന് മാത്രം. ഇനി ആ കാമുകന്റെ കാര്യമെടുത്താലോ? അവന്‍ പുരുഷനാണ്. വെട്ടിപ്പിടിച്ച് ശീലിച്ചവന്‍, സ്ത്രീകളെ ഭരിച്ച് ശീലിച്ചവന്‍. ഇപ്പോൾ സ്വന്തം കാമുകി എന്ന 'പ്രോപ്പർട്ടി' മറ്റൊരു 'ഉടമയ്ക്ക്' വിട്ടുകൊടുക്കേണ്ടി വന്നവന്‍ (പെണ്ണിനെ പ്രണയിക്കുന്നവര്‍ കുറവല്ലേ? 'ചരക്കിനെ വളയ്ക്കുന്നവര്‍' ആണല്ലോ അധികവും). അവനെ സംബന്ധിച്ച് അതൊരു വലിയ നാണക്കേടാണ്, ജീവനെക്കാള്‍ വിലപ്പെട്ട സ്വന്തം 'ആണത്തം' ചോദ്യം ചെയ്യപ്പെട്ട അവസ്ഥ. ആഗ്രഹങ്ങള്‍ സ്വയം അടിച്ചമര്‍ത്തിയ ശീലം അവന് കുറവാണ്. ചിലപ്പോള്‍ താങ്ങാന്‍ കഴിഞ്ഞെന്നുവരില്ല. ഒന്നുകില്‍ അവന്‍ അവളെ 'വെടി' ആയി മുദ്രകുത്തി സ്വയം ആശ്വസിക്കും, അല്ലെങ്കില്‍ നിരാശാകാമുകനായി വെള്ളമടിച്ച് നാട്ടുകാരെക്കൊണ്ട് ആ 'നന്ദികെട്ട' പെണ്ണിനെ പത്ത് ചീത്ത വിളിപ്പിക്കും. എന്നാല്‍ ഈ സമയത്ത് പുതിയ 'ഉടമ'യുടെ കീഴില്‍ ആ പെണ്ണ് തിരക്കിലായിരിക്കും. ഭര്‍ത്താവിനെ, വീട്ടുകാരെ, ബന്ധുക്കളെ എന്നിങ്ങനെ തൃപ്തിപ്പെടുത്താനും അനുസരിക്കാനും നിരവധി ആളുകള്‍, അതുകഴിയുമ്പോള്‍ പരിചരിച്ച് വളര്‍ത്താന്‍ ഒരു കുഞ്ഞ്... തിരിഞ്ഞുനോക്കാന്‍ അവള്‍ക്ക് സമയമില്ല. ഇതിനിടെ പഴയ കാമുകനെ അവള്‍ ഓര്‍ക്കുന്നുണ്ടോ എന്നോ പുതിയ ജീവിതത്തില്‍ അവള്‍ തൃപ്തയാണോ എന്നോ അവളോട് ആരും ചോദിക്കില്ല, ആര്‍ക്കും അതറിയുകയും വേണ്ട. നാട്ടുകാര്‍ കാണുന്നത് ഇതാണ്- ആ പയ്യന്‍ നിരാശ കാരണം വെള്ളമടിച്ച് ജീവിതം തുലയ്ക്കുമ്പോള്‍, ആ പെണ്ണ് ഭര്‍ത്താവും കുഞ്ഞുങ്ങളുമായി 'സുഖമായി' ജീവിക്കുന്നു. ഇത്രയും ഡാറ്റ മതി, തിയറി റെഡിയായിക്കഴിഞ്ഞു, പെണ്ണ് തേയ്ക്കും! (ഇതേ പെണ്ണ് 'വിശ്വസ്തത' കാത്തുസൂക്ഷിച്ചുകൊണ്ട് ഭര്‍ത്താവിനെ ഉപേക്ഷിച്ച് പഴയ കാമുകനെ തേടി പോകുന്ന അവസ്ഥ ചുമ്മാ ഒന്ന് ഓര്‍ത്തുനോക്കൂ. 'കാമുകനെ ചതിച്ചവളുടെ' ക്രൂരകഥ പാടിക്കൊണ്ടിരുന്ന പൊതുജനം ടപ്പനെ പ്ളേറ്റ് മറിക്കും. പിന്നീടവള്‍ 'ഭര്‍ത്താവിനെ ചതിച്ചവള്‍' ആകും. തിയറി അപ്പോഴും ഭദ്രം!) ഈ കാമുകനും, അവളെ തനിക്കിഷ്ടപ്പട്ടവന് 'കെട്ടിച്ച് കൊടുക്കുന്ന' അപ്പനും, തനിക്കിഷ്ടപ്പെട്ട പെണ്ണിനെ 'കെട്ടുന്ന' ഭര്‍ത്താവും എല്ലാം പുരുഷന്‍മാര് തന്നെ. എന്നിട്ട് ഈ ആണുങ്ങളെല്ലാം കൂടി ഒത്തൊരുമിച്ച് 'തേയ്ക്കുന്ന പെണ്ണിന്റെ' കഥ പാടും.

ചുരുക്കത്തിൽ, പറഞ്ഞുവന്നതിതാണ്. പുരുഷ്വേട്ടാ, നിങ്ങടെ കൈയിലിരിപ്പ് വച്ച് പെണ്ണ് ഇപ്പോള്‍ കാണിക്കുന്ന വിശ്വസ്തത തന്നെ ബോണസായി വേണം കരുതാന്‍!

യദുകൃഷ്ണൻ രാജ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്

advertisment

News

Super Leaderboard 970x90