Cinema

''ദി വേ ഹോം''... ലോകത്തിലെങ്ങുമുള്ള മുത്തശ്ശിമാർക്കായി ജിയോങ് ഹ്യാങ് ലീ സമർപ്പിച്ച ദക്ഷിണ കൊറിയൻ സിനിമ

നഗരങ്ങളിലെ തിരക്കേറിയ ജീവിതത്തിനിടെ കൈമോശം വന്നിരിക്കുന്ന നന്മയുടേയും ശുദ്ധ സ്നേഹത്തിന്റെയും ആത്മ ബന്ധങ്ങളുടേയും പങ്കു വെക്കലുകളുടേയും ദയയുടേയും പ്രകാശലോകങ്ങൾ സാങ്ങ് വൂ അറിയുന്നത് ഗ്രാമത്തിൽ വെച്ചാണ്. തിരിച്ച് പോകുന്ന സാങ് വൂ മറ്റൊരു കുട്ടിയാണ്.

''ദി വേ ഹോം''... ലോകത്തിലെങ്ങുമുള്ള മുത്തശ്ശിമാർക്കായി ജിയോങ് ഹ്യാങ് ലീ സമർപ്പിച്ച ദക്ഷിണ കൊറിയൻ സിനിമ

സിയൂൾ നഗരത്തിൽ ജനിച്ച് വളർന്ന ഏഴു വയസ്സുകാരൻ സാങ് വൂ അമ്മയോടൊപ്പം വിദൂരമായ ഗ്രാമത്തിലേക്ക് ബസ്സിൽ യാത്രചെയ്യുന്നിടത്താണ് ജിയോങ് ഹ്യാങ് ലീ രചനയും സംവിധാനവും നടത്തി 2002ൽ പുറത്തിറങ്ങിയ ദക്ഷിണ കൊറിയൻ സിനിമയായ ''വേ ഹോം '' (the way home) ആരംഭിക്കുന്നത്. ഗ്രാമത്തിലെ മുത്തശ്ശിക്കരികിൽ അവനെ കൊണ്ട് ചെന്നാക്കാനാണീ യാത്ര.ബസ്സിലുറക്കെ സംസാരിക്കുന്ന ഗ്രാമീണരേയും അവരുടെ അപരിഷ്കൃത ചേഷ്ടകളേയും ഒന്നും സാങ് വൂവിന് ഇഷ്ടമാകുന്നില്ല. മലമ്പാതകളിലൂടെ സഞ്ചരിച്ച് പൊടി പറക്കുന്ന കാട്ടുപാതയുടെ അവസാന സ്റ്റോപ്പിൽ ബസ്സ് എത്തി. അവന് ആ സ്ഥലം ഒട്ടും ഇഷ്ടമായിട്ടില്ല. ബസിറങ്ങി അമ്മ അടിച്ചും ചീത്ത പറഞ്ഞും അവനെ വലിച്ച് നടക്കുകയാണ് തന്റെ പഴയ വീട്ടിലേക്ക് . പതിനേഴ് വയസ്സിൽ ഒരാളുടെ കൂടെ ഗ്രാമത്തിൽ നിന്നും ഒളിച്ചോടി നഗരത്തിലേക്ക് വന്നതാണവൾ . അയാൾ ഉപേക്ഷിച്ചിട്ട് വർഷങ്ങളായി. സങ് വൂവിന്റെ അച്ഛനും ഇപ്പോൾ കൂടെയല്ല. നടത്തിയിരുന്ന കട കടംകൊടുത്തു പൂട്ടി. ഇപ്പോൾ തൊഴിലൊന്നുമില്ലാതായിരിക്കുന്നു.ഒരു പണി തരപ്പെടും വരെ മകനെ എവിടെയെങ്കിലും ഏൽപ്പിച്ചാലേ രക്ഷയുള്ളു ..അതിനാണവർ അമ്മയുടെ അടുത്തേക്ക് വന്നിരിക്കുന്നത്.

''ദി വേ ഹോം''... ലോകത്തിലെങ്ങുമുള്ള മുത്തശ്ശിമാർക്കായി ജിയോങ് ഹ്യാങ് ലീ സമർപ്പിച്ച ദക്ഷിണ കൊറിയൻ സിനിമ

എഴുപത്തി അഞ്ചിലേറെ പ്രായമായ മുത്തശ്ശി തനിച്ചാണ് ഗ്രാമത്തിലെ കുടിലിൽ താമസം. സംസാര ശേഷിയില്ലാത്ത അവർക്ക് നടക്കാൻ പോലും പ്രയാസമാണ് . കൂനിക്കൂനി നടന്ന് ഇത്തിരി സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്താണു ജീവിതം മുന്നോട്ട് നീക്കുന്നത്. മകനു വേണ്ട കുറച്ച് പാക്കറ്റ് ഭക്ഷണവും അമ്മയ്ക്ക് കുറച്ച് മരുന്നുകളും ടോണിക്കും വസ്ത്രവും നൽകി സാങ് വൂവിന്റെ അമ്മ അടുത്ത ബസ്സിൽ സ്ഥലം വിടുന്നു. നഗരത്തിലെ തിരക്കുകൾക്കും സൗകര്യങ്ങൾക്കും ഇടയിൽ വളർന്ന അവന് ആ കാട്ടു പ്രദേശം വല്ലാത്ത മടുപ്പുണ്ടാക്കുന്ന ഇടമായി വേഗം മാറി. ചുക്കിച്ചുളിഞ്ഞ വൃദ്ധയുടെ ശരീരം അവന് അറപ്പുളവാക്കുന്നതായിരുന്നു. 

മുറ്റത്ത് അവർ അഴിച്ച് വച്ചിരുന്ന മുത്തശ്ശിയുടെ പഴകിയ തുകൽ ഷൂവിലേക്ക് മൂത്രമൊഴിക്കുകയാൺ` അവൻ ആദ്യം ചെയ്യുന്നത്. അഴുക്കും ചെളിയും പുരണ്ട അവരുടെ വിരലുകൾ കൊണ്ട് സ്പർശിക്കുന്നത് പോലും അവന് ഇഷ്ടമല്ലായിരുന്നു. സംസാരിക്കാനാവില്ലെങ്കിലും എല്ലാം കേൾക്കാൻ കഴിയുന്ന അവരെ അവൻ ചീത്ത വിളിച്ചു കൊണ്ടേ ഇരുന്നു. മുതുക്കിത്തള്ള എന്നൊക്കെ. മുത്തശ്ശിയാണെങ്കിൽ തന്റെ പേരക്കുട്ടിക്ക് വേണ്ടതെല്ലാംചെയ്യാൻ ശ്രമിക്കുന്നുണ്ട്. കുന്നിറങ്ങി താഴെ തോട്ടിൽ നിന്നും പ്രയാസപ്പെട്ട് അവർ വെള്ളം കെട്ടിക്കൊണ്ടു വരും .തുണി അലക്കും , അവൻ കക്കൂസായുപയോഗിക്കുന്ന ചീനപ്പാത്രം കഴുകി വയ്ക്കും, അവനു വേണ്ട ഭക്ഷണം ഉണ്ടാക്കി നൽകും. പക്ഷെ സാങ് വൂ അവർ പാചകംചെയ്തതൊന്നും തിരിഞ്ഞ് നോക്കില്ല. ചോക്കലേറ്റുകൾ തിന്നും ഗെയിം കളിച്ചും കാർട്ടൂൺ വായിച്ചും അവൻ സമയം തീർത്തു. 

''ദി വേ ഹോം''... ലോകത്തിലെങ്ങുമുള്ള മുത്തശ്ശിമാർക്കായി ജിയോങ് ഹ്യാങ് ലീ സമർപ്പിച്ച ദക്ഷിണ കൊറിയൻ സിനിമ

അവൻ വൃദ്ധക്ക് ഒരു പരിഗണനയും നൽകുന്നില്ല. അമ്മ ഏൽപ്പിച്ച് പോയ പാക്കറ്റ് ഭക്ഷണമൊക്കെ കുറച്ച് ദിവസംകൊണ്ട് തീർന്നു. അവന്റെ വീഡിയോ ഗെയിമിലെ ബാറ്ററിയും ചാർജ്ജ് കഴിഞ്ഞു മിണ്ടാതായി. വീട്ടിലുള്ള പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ടി വി നന്നാക്കിയെടുക്കാൻ അവൻ കുറേ ശ്രമിച്ച് നോക്കി. രക്ഷയില്ല. എത്രയോ പഴക്കമുള്ള അത് പ്രവർത്തിക്കില്ല എന്നവന് മനസ്സിലായി. ഗെയിമിലിടാൻ ബാറ്ററി വാങ്ങിത്തരണമെന്ന വാശിയിലായി അവൻ. ബാറ്ററി എന്താണെന്നു പോലും അവർക്ക് ആദ്യം മനസ്സിലാകുന്നില്ല. അവരുടെ കൈയിൽ പണവും ഇല്ലായിരുന്നു. കാശില്ലെന്നറിഞ്ഞ സങ് വൂ വിന് ദേഷ്യം വന്നു. അവൻ അവരെ ചീത്ത വിളിക്കുകയും പാവത്തിന്റെ കീറിപ്പറിഞ്ഞതെങ്കിലും ആകെയുള്ള ഒരോ ഒരു ഷൂ ദൂരെ കാട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തു. തിണ്ണയിൽ കഴുകി ഉണക്കാൻ വച്ച കക്കൂസായി അവൻ ഉപയോഗിക്കുന ചീനപ്പാത്രം കാൽകൊണ്ട് തട്ടിയെറിഞ്ഞുടച്ചു. കൂടാതെ ചമ്മരിലും വാതിലിൽ അവരെക്കുറിച്ച് ക്രയോൺ പെൻസിലുകൾ കൊണ്ട് പല വേണ്ടാതിനങ്ങളും കുത്തിവരച്ചിട്ടു.

ബാറ്ററി കിട്ടിയേ അവനു പറ്റൂ. ഉറങ്ങിക്കിടക്കുകയായിരുന്ന മുത്തശ്ശിയുടെ മുടിപ്പിന്ന് അവൻ ഊരിയെടുത്തു. വളരെ പഴയ ചിത്രപ്പണികളുള്ള ആ പിന്ന് മുത്തശ്ശിയുടെ വിവാഹ സമയത്തേതായിരിക്കാം. വെള്ളിയിൽ തീർത്ത ആ പിന്ന് കൊടുത്ത് കടയിൽ നിന്നും ബാറ്ററി വാങ്ങാനായി അവൻ പുറത്തിറങ്ങി. പക്ഷെ ആ കാട്ട് പ്രദേശത്തെവിടെ അങ്ങിനെയുള്ള കട. ഏറെ നടന്ന് ആരൊക്കയോ പറഞ്ഞ് കൊടുത്ത് അവൻ സമീപത്തുള്ള അങ്ങാടിയിലെത്തി. പല കടകളിൽ കയറിയിറങ്ങി അവസാനം അവന്റെ കൊച്ച് ഗയിമിൽ ഇടാൻ പറ്റുന്ന ഇനം ബാറ്ററി കിട്ടി. പക്ഷെ പണത്തിനു പകരം പിന്ന് കൊടുത്തപ്പോൾ അവന്റെ തലക്ക് ഒരു കിഴുക്കാണ് കിട്ടിയത്. തിരിച്ച് വരും വഴി അവന് വഴിതെറ്റുകയും ചെയ്തു . പെരുവഴിയിലിരുന്ന് കരയുന്ന അവനെ ഗ്രാമീണരിരൊരാൾ സൈക്കളിലിരുത്തി മുത്തശ്ശിക്കരികിൽ കൊണ്ടു ചെന്നാക്കി. തന്റെ മുടിപിന്ന് എങ്ങോ വീണുപോയി എന്നുകരുതിയ മുത്തശ്ശി അതിനു പകരം കരിപിടീച്ച ഒരു കരണ്ടിയാണ് മുടിക്കൂട്ടിക്കെട്ടാൻ ഉപയോഗിക്കുന്നത്.

''ദി വേ ഹോം''... ലോകത്തിലെങ്ങുമുള്ള മുത്തശ്ശിമാർക്കായി ജിയോങ് ഹ്യാങ് ലീ സമർപ്പിച്ച ദക്ഷിണ കൊറിയൻ സിനിമ

അടുത്ത ദിവസം സാങ് വൂ കെന്റുക്കി ചിക്കൻ വേണമെന്ന് പറഞ്ഞ് വാശിപിടിച്ച് കരയാൻ തുടങ്ങി. ആംഗ്യങ്ങൾ കൊണ്ട് കോഴിയാണ് അവൻ ഉദ്ദേശിക്കുന്നത് എന്ന് വൃദ്ധയ്ക്ക് മനസ്സിലായി. തോട്ടത്തിൽ വിളഞ്ഞ മത്തൻ പൊതിഞ്ഞെടുത്ത് വൃദ്ധ രാവിലെ തന്നെ പട്ടണത്തിലെ ചന്തയിലേക്ക് പുറപ്പെട്ടു. വളരെ വൈകീട്ടും അവർ തിരിച്ച് വരാതെ കണ്ടപ്പോൾ സാങ് വൂ ഉറക്കത്തിലായി. മഴ നനഞ്ഞ് കൂനിക്കൂടി അവർ വലിയൊരു പൂവൻ കോഴിയേയും വാങ്ങിയാണ് തിരിച്ച് വരുന്നത്. കുട്ടിയെ ഉണർത്താതെ ഏറെ നേരത്തെ പ്രയത്നം കൊണ്ട് കോഴിയെ കൊന്ന് തൊലിപൊളിച്ച് അവർക്കറിയുംവിധം അതിനെ പുഴുങ്ങി പാകം ചെയ്തു.

 ഭക്ഷണമൊരുക്കി സാങ് വൂവിനെ വിളിച്ചുണർത്തി. കൊതിയോടെ ഉറക്കുണർന്ന അവൻ കാണുന്നത് പൊരിച്ച കെന്റുക്കി ചിക്കനു പകരം വെള്ളത്തിൽ പുഴുങ്ങിയ കോഴിയെ ആണ്. ദേഷ്യവും സങ്കടവും വന്ന അവൻ ഭക്ഷണം തട്ടിയെറിഞ്ഞ് കരച്ചിലോടെ പട്ടിണി കിടന്നു. അതിരില്ലാത്ത ക്ഷമയോടെ മുത്തശ്ശി ഭക്ഷണം വീണ്ടൂം അവനരികിൽ വച്ച് കിടന്നു. രാത്രി വിശപ്പ്കലശലായപ്പോൾ സാങ് വൂ ഉറക്കുണർന്ന് തനിക്കരികിൽ വച്ചിരിക്കുന്ന ഭക്ഷണം കഴിക്കുന്നു. അവന് കെന്റുക്കിയേക്കാളും രുചി തോന്നുകയും മുഴുവനും അകത്താക്കുകയുംചെയ്തു.

പകൽ മുഴുവൻ നടന്നും മഴനനഞ്ഞും അലഞ്ഞ മുത്തശ്ശിക്ക് അസുഖം പിടിച്ചിരുന്നു. രാവിലെ ഉണരാത്തത് കണ്ട് സാങ് വൂ ആദ്യമായി അവർക്കരികിൽ എത്തുന്നു. തന്റെ പുതപ്പ് കൊണ്ട് അവരെ പുതപ്പിക്കുന്നു. നിബന്ധനകൾ ഇല്ലാത്തതും സ്വാഭാവികവുമായ സ്നേഹം എന്ന വികാരം എന്തെന്ന് ആ കുട്ടി തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു.

കാഴ്ശക്തി കുറഞ്ഞതിനാൽ മുത്തശ്ശി വളരെ പണിപ്പെട്ടാണ് സൂചിയിൽനൂലു കോർക്കുന്നത്. സൂചിയും നൂലുമായി നിൽക്കുന്ന അവരെ ഒട്ടും പരിഗണിക്കാതിരുന്ന സാങ് വൂ നൂലു കോർത്തുകൊടുത്തു തുടങ്ങി. രോഗിയായ സുഹ്രുത്തിനെ സന്ദർശിക്കാൻ പോവുമ്പോൾ സാങ് വൂവും മുത്തശ്ശിക്കൊപ്പം ഉണ്ടായിരുന്നു.. മകൾ കൊണ്ട് വന്ന് കൊടുത്ത മരുന്നുകളും വിറ്റാമിൻ ഗുളികകളും എല്ലാം അവർ സന്തോഷത്തോടെ അയാൾക്ക് നൽകുന്നത് സാങ് വൂ വിന് ദയയെക്കുറിച്ചുള്ള പുതിയ പാഠമായിരുന്നു. തന്റെ കളിപ്പാട്ടങ്ങളിലൊന്നു പോലും മറ്റൊരു കുട്ടിയെ തൊടാൻ പോലും അനുവദിക്കാതിരിക്കാൻ മാത്രം സ്വാർഥമനസ്സുള്ള അവന് അതൊരു പുതിയ അനുഭവമായിരുന്നു.

''ദി വേ ഹോം''... ലോകത്തിലെങ്ങുമുള്ള മുത്തശ്ശിമാർക്കായി ജിയോങ് ഹ്യാങ് ലീ സമർപ്പിച്ച ദക്ഷിണ കൊറിയൻ സിനിമ

അയൽ വാസിയായ ഒരു സാധു പയ്യൻ സാങ് വൂ വിനോട് കൂട്ടുകൂടാൻ ശ്രമിക്കുന്നുണ്ട് . പക്ഷെ സാങ് വൂവിന് ആ നാട്ടുമ്പുറത്ത്കാരനോട് പുച്ഛമാണ്. ഭ്രാന്തിപശു പിറകെ വരുന്നുണ്ടെന്ന് പറഞ്ഞ് പറ്റിച്ച് അവനെ പലപ്പോഴും സാങ് വൂ ഓടിക്കാറുണ്ട്. വിറകു കെട്ടും ചുമന്ന് കുന്നിറങ്ങിവരുന്ന അവനെ പശു വരുന്നുണ്ടെന്നു പറഞ്ഞ് ഓടിച്ച് നിലത്ത് വീഴ്തി പരിക്ക് പറ്റിച്ച് ചിരിക്കുന്നുണ്ടവൻ. ആ പയ്യന്റെ കൂടെ എപ്പഴും നടക്കുന്ന പെൺകുട്ടിയോട് സാങ് വൂവിന് ചെറിയൊരു ഇഷ്ടവും പയ്യനോട് അസൂയയും ഉണ്ട്.

ഒരു ദിവസം ചന്തയിലേക്ക് സാങ് വൂവും മുത്തശ്ശിക്കൊപ്പം പുറപ്പെടുന്നു. തന്റെ പറമ്പിലെ പച്ചക്കറികൾ ദൂരെയുള്ള ആ ചന്തയിൽ കൊണ്ട് വന്ന് നിരത്തി വച്ച് പലരോടും ഇരന്നാണ് വിൽപന നടത്തുന്നത്. വിറ്റുകിട്ടിയ പണം കൊണ്ട് ഹോട്ടലിൽ പോയി സാങ് വൂവിന് നൂഡിൽസ് വാങ്ങികൊടുക്കുന്നു. പുതിയ കാൻവാസ് ഷൂ വാങ്ങികൊടുക്കുന്നു. കാഴ്ചക്കുറവുള്ള അവർക്ക് തിരിച്ച് ഗ്രാമത്തിലേക്കുള്ള വണ്ടി കണ്ടുപിടിക്കാൻ പോലും വളരെ കഷ്ടപ്പെടേണ്ടി വന്നു. ഓരോരോ ബസ്സിലായി കയറിയിറങ്ങിയാണ് അവസാനം തങ്ങൾക്ക് പോകേണ്ട വണ്ടി കണ്ട് പിടിക്കുന്നത്. അവർ കയറാൻ നോക്കുമ്പോഴാണ് സാങ് വൂ തനിക്ക് ഇഷ്ടമുള്ള പെൺകുട്ടി പിറകിലെ സീറ്റിലിരുന്ന് ചോക്ക പൈ എന്ന ചോക്കലേറ്റ് കഴിക്കുന്നത് കാണുന്നത്. ഉടൻ അത് തനിക്കും വാങ്ങിത്തരണം എന്നായി.

പാവം മുത്തശ്ശിക്ക് അതിന്റെ പേരുപോലും അറിയില്ല. ബസ്സിൽ വീണുകിടക്കുന്ന ചോക്കലേറ്റിന്റെ റാപ്പറുമായി കടകളിൽ കയറി ഇറങ്ങുകയായി അവർ. മുട്ടുവേദനക്കാരിയായ പരിചയക്കാരിയായ വൃദ്ധയുടെ കടയിൽ അവർ റാപ്പർ കാണിക്കുന്നു. അഞ്ചാറ് ചോക്കോ പൈകൾ അവർ തന്റെ വക സമ്മാനമായി കുഞ്ഞിനായി നൽകുന്നു. പണം വാങ്ങാൻ കൂട്ടാക്കുന്നില്ല. മുത്തശ്ശി തന്റെ കൈയിലെ വിൽകാതെ ബാക്കിയായ ഒരു തണ്ണിമത്തൻ അവരെ നിർബന്ധിച്ച് ഏൽ‌പ്പിച്ചേ മടങ്ങുന്നുള്ളു. താൻ ഇഷ്ടപ്പെടുന്ന കുട്ടിക്കൊപ്പമുള്ള യാത്രയിൽ മുത്തശ്ശി ശല്യമാകും എന്നു കരുതി സാങ് വൂ അവരെ ബസ്സിൽ കയറാൻ അനുവദിക്കുന്നില്ല. അവരുടെ കൈയിലെ ഭാരമുള്ള സഞ്ചിപോലും ഒപ്പം എടുക്കാൻ അവൻ സമ്മതിക്കുന്നില്ല. പാവം മുത്തശ്ശി തിരിച്ച് ഗ്രാമത്തിലേക്കുള്ള ദൂരമത്രയും കൂനിക്കൂടി നടന്ന് രാവേറെ കഴിഞ്ഞ് വീട്ടിലെത്തുന്നു.
മുത്തശ്ശി ഒരു ദിവസം അവന്റെ മുടി മുറിച്ച് കൊടുക്കുന്നു. പക്ഷെ മുറിച്ച് മുറിച്ച് മുടിയുടെ നീളം വല്ലാതെ കുറഞ്ഞു പോയി. അവൻ കരച്ചിലായി.. ഇനിയെങ്ങനെ പുറത്തിറങ്ങും എന്നാണവൻ കരഞ്ഞുകൊണ്ട് ചോദിക്കുന്നത്.

''ദി വേ ഹോം''... ലോകത്തിലെങ്ങുമുള്ള മുത്തശ്ശിമാർക്കായി ജിയോങ് ഹ്യാങ് ലീ സമർപ്പിച്ച ദക്ഷിണ കൊറിയൻ സിനിമ

പതുക്കെ പതുക്കെ വൃദ്ധയുടെ നിഷ്കളങ്ക സ്നേഹം സാങ് വൂവിനെ മാറ്റി മറിക്കുന്നു. തിരിച്ച്കൊണ്ടുപോകാൻ അമ്മ വരുന്ന വിവരത്തിന് കത്ത് കിട്ടുമ്പോഴേക്കും മുത്തശ്ശിയോട് അവൻ വല്ലാത്ത അടുപ്പം സ്ഥാപിച്ച് കഴിഞ്ഞിരുന്നു. എഴുത്തും വായനയും അറിയാത്ത അവരെ - തനിക്ക് കത്തെഴുതാൻ പഠിപ്പിക്കാൻ അവൻ ഒരു വിഫല ശ്രമം നടത്തുന്നുണ്ട് ,അത് പരാജയപ്പെട്ടപ്പോൾ ‘’സുഖമാണ്’‘-‘’സുഖമല്ല’‘ എന്നൊക്കെ അർത്ഥം വരുന്ന ചിത്ര കാർഡുകൾ വരച്ച് വച്ച് അവ തിരഞ്ഞെടുത്ത് തനിക്ക് അയക്കാൻ ഏൽ‌പ്പിക്കുന്നു. മുത്തശ്ശിക്ക് സുഖമില്ലെന്നറിഞ്ഞാൽ ഉടൻ താൻ വന്നു കൊള്ളാമെന്ന് വാക്കും നൽകുന്നു.

അമ്മക്കൊപ്പം തിരിച്ച് പോകുമ്പോൾ , വണ്ടിയുടെ പിറകിൽ വന്ന് മുത്തശ്ശിയോട് തന്റെ എല്ലാ കുറുമ്പുകൾക്കും അവരുടെ ആംഗ്യ ഭാഷയിൽ അവൻ ക്ഷമ ചോദിക്കുന്നുണ്ട്. എല്ലാവരും തിരിച്ച് പോയപ്പോൾ പഴയ പോലെ തനിച്ചായ തന്റെ കുടിലിൽ പേരക്കുട്ടി വരച്ച് നൽകിയ ചിത്രങ്ങളിൽ തന്റെ പ്രതീക്ഷകൾ നോക്കി കാണുന്ന ആ മുത്തശ്ശിയിൽ സിനിമ അവസാനിക്കുന്നു.

നഗരങ്ങളിലെ തിരക്കേറിയ ജീവിതത്തിനിടെ കൈമോശം വന്നിരിക്കുന്ന നന്മയുടേയും ശുദ്ധ സ്നേഹത്തിന്റെയും ആത്മ ബന്ധങ്ങളുടേയും പങ്കു വെക്കലുകളുടേയും ദയയുടേയും പ്രകാശലോകങ്ങൾ സാങ്ങ് വൂ അറിയുന്നത് ഗ്രാമത്തിൽ വെച്ചാണ്. തിരിച്ച് പോകുന്ന സാങ് വൂ മറ്റൊരു കുട്ടിയാണ്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ , പരിഭവങ്ങളില്ലാതെ പകയും ദേഷ്യവുമില്ലാതെ എല്ലാത്തിനേയും സ്നേഹിക്കുന്ന മുത്തശ്ശി എന്ന കഥാപാത്രം നമ്മുടെ മനസ്സിൽ നിന്നും വേഗമൊന്നും ഇറങ്ങിപ്പോവില്ല.
ലോകത്തിലെങ്ങുമുള്ള മുത്തശ്ശിമാർക്കായാണ് ജിയോങ് ഹ്യാങ് ലീ ഈ സിനിമ സമർപ്പിച്ചിരിക്കുന്നത്. കുഞ്ഞുങ്ങളുടെ മനസ്സാണ് എല്ലാ മുത്തശ്ശിമാർക്കും.

advertisment

News

Super Leaderboard 970x90