Cinema

'ദ പെയിന്റിംങ് ലെസൺ'... ചിത്രങ്ങൾ വരയ്കുന്നതിൽ അസാമാന്യ പ്രതിഭയായിരുന്ന ഒരു കുട്ടിയെക്കുറിച്ചുള്ള സിനിമ

ചിലിയിൽ ഒരു കൊച്ചു പട്ടണത്തിൽ അറുപതുകളിൽ താൻ നടത്തിയിരുന്ന മരുന്ന കടയിലേയ്ക്ക് ജോലിതേടിയെത്തിയ അവിവാഹിതയായ യുവതിയുടെയും അവളുടെ കുട്ടിയുടെയും കഥ ചിത്രകലാസ്വാദകനായ സാത്വികനായ ഒരു ഫാർമസിസ്റ്റ് ഓർമിക്കുന്ന രീതിയിലാണ് ആഖ്യാനം.

 'ദ പെയിന്റിംങ് ലെസൺ'... ചിത്രങ്ങൾ വരയ്കുന്നതിൽ അസാമാന്യ പ്രതിഭയായിരുന്ന ഒരു കുട്ടിയെക്കുറിച്ചുള്ള സിനിമ

മുഴുമിപ്പിക്കാനാകാത്ത കഥകളും എങ്ങുമെത്താത്ത അന്വേഷണങ്ങളും നിറഞ്ഞ, ദിശാസൂചകങ്ങളില്ലാത്ത നാൽക്കവലകളിൽ ചെന്നു നിൽക്കുന്ന യാത്രകളാണ് പലപ്പോഴും ജീവിതം. കാല-ദേശ വ്യത്യാസമില്ലാത്ത ഈ മനുഷ്യാവസ്ഥകളെ വിളിച്ചുപറയുന്ന നിരവധി സിനിമകളുണ്ട്. അതിലൊന്നാണ്  പാബ്ലോ പെരൽമാൻ സംവിധാനം ചെയ്ത "ദ പെയിന്റിംങ് ലെസൺ' എന്ന ചിലിയൻ ചലച്ചിത്രം. അസാമാന്യ പ്രതിഭയായിരുന്ന ഒരു കുട്ടിയെക്കുറിച്ചുള്ള ഓർമകളാണ് ഈ സിനിമ. ചിലിയിൽ ഒരു കൊച്ചു പട്ടണത്തിൽ അറുപതുകളിൽ താൻ നടത്തിയിരുന്ന മരുന്ന കടയിലേയ്ക്ക് ജോലിതേടിയെത്തിയ അവിവാഹിതയായ യുവതിയുടെയും അവളുടെ കുട്ടിയുടെയും കഥ ചിത്രകലാസ്വാദകനായ സാത്വികനായ ഒരു ഫാർമസിസ്റ്റ് ഓർമിക്കുന്ന രീതിയിലാണ് ആഖ്യാനം. 

റെയിൽവേ ലൈനിനടത്തുള്ള ഫാർമസിയിൽ തന്നെയാണ് അയാൾ താമസിച്ചിരുന്നത്. ഒഴിവു സമയങ്ങളിൽ ചിത്രങ്ങൾ പകർത്തി വരച്ചുനോക്കലായിരുന്നു അയാളുടെ ഏക ഹോബി. സഹായിയായി എത്തിയ യുവതി തന്റെ കൈക്കുഞ്ഞിനെ വീട്ടിലെ വീഞ്ഞപ്പെട്ടിയിൽ പാവയ്ക്കൊപ്പം കിടത്തിയാണ് ജോലിക്കെത്തുക. അമ്മ തിരിച്ചെത്തും വരെ പെട്ടിക്കുള്ളിൽ ഇരുളിൽ ആ കുട്ടി കരയാതെ ഉണർന്ന് കിടക്കും. ഒരു ദിവസം അവൻ ഒറ്റക്ക് പിച്ചവച്ച് നടന്നെത്തി ഫാർമസിയുടെ വാതിലിൽ മുട്ടുന്നുണ്ട്. ഏകാന്തവും അക്ഷരാർത്ഥത്തിൽ ഇരുളിലും ആയ ബാല്യം അവനെ ശാന്തനും സൗമ്യനുമാക്കിത്തീർത്തിരുന്നു. 

 'ദ പെയിന്റിംങ് ലെസൺ'... ചിത്രങ്ങൾ വരയ്കുന്നതിൽ അസാമാന്യ പ്രതിഭയായിരുന്ന ഒരു കുട്ടിയെക്കുറിച്ചുള്ള സിനിമ

കുട്ടിയോട് ഇഷ്ടം തോന്നിയ കടയുടമ അവനെ എഴുതാനും മറ്റും പരിശീലിപ്പിക്കുന്നു. അതിനിടയിലാണ് കടലാസിൽ കുട്ടി കുത്തിവരച്ച കുതിരത്തലയുടെ ഒരു ചിത്രം കണ്ട് അയാൾ അമ്പരന്നത്. എത്രയോ വർഷമായി താൻ പകർത്താൻ ശ്രമിച്ചുകൊണ്ടിരുന്ന ഒരു ചിത്രം നിമിഷംകൊണ്ട് കുട്ടി കടലാസിൽ വരച്ചുനീട്ടിയപ്പോൾ ശരിക്കും അയാൾ ഞെട്ടിപ്പോയി. അവന് ചിത്രം വരയ്ക്കാൻ വേണ്ട എല്ലാ സഹായങ്ങളും പിന്നെ അയാൾ ചെയ്യുന്നു. വളർന്ന് പതിമൂന്ന് വയസ്സുകാരനായ കുട്ടിയെക്കൊണ്ട് പലരും ചിത്രങ്ങൾ വരപ്പിച്ചുതുടങ്ങി. അവന്റെ ഉള്ളിലെ കഴിവുകൾ വികസിപ്പിക്കാനായി മഹത്തായ ചിത്രങ്ങളും ശിൽപ്പങ്ങളും കാണിക്കാനായി അവനേയും കൂട്ടി സാന്റിയാഗോവിലെ മ്യൂസിയത്തിൽ ഒരിക്കൽ പോകുന്നുണ്ട്. 

ചിലിയിലെ രാഷ്ട്രീയ രംഗത്ത് വൻ കൊടുങ്കാറ്റുകൾ നടക്കുന്ന കാലമായിരുന്നു അത്. ജനകീയ പ്രതിഷേധങ്ങളും സമരങ്ങളുമാണ് നഗരം മുഴുവൻ. കുഴപ്പങ്ങൾക്കിടയിൽ അബദ്ധത്തിൽ കുടുങ്ങി സ്ഫോടനത്തിൽ കുട്ടിയുടെ കൈക്ക് പരിക്കേൽക്കുന്നു. യാത്രയിൽ കണ്ട സമരങ്ങളും വർണങ്ങളും കൊടികളും ഒക്കെ കുട്ടിയുടെ ചിത്രങ്ങളിൽ പിന്നീട് വരുന്നുണ്ട്. മ്യൂസിയ ഡയറക്ടർ അവിടെ ഒരു എക്സിബിഷൻ നടത്താനുള്ള അഭ്യർത്ഥന ആദ്യം നിരസിച്ചുവെങ്കിലും അവസാനം കുട്ടിയുടെ പ്രതിഭ തിരിച്ചറിഞ്ഞ് അവനെ ക്ഷണിക്കുന്നുണ്ട്. അവൻ വരച്ച ചിത്രങ്ങൾ പലരിൽ നിന്നായി ശേഖരിച്ച് പൊതിഞ്ഞ് കെട്ടി സാന്റിയാഗോവിലേയ്ക്കുള്ള യാത്രയ്ക്ക് ഒരുങ്ങുകയാണ് ഫാർമസിസ്റ്റ് 

 'ദ പെയിന്റിംങ് ലെസൺ'... ചിത്രങ്ങൾ വരയ്കുന്നതിൽ അസാമാന്യ പ്രതിഭയായിരുന്ന ഒരു കുട്ടിയെക്കുറിച്ചുള്ള സിനിമ

1973 സെപ്തംബർ മാസം കുട്ടിക്കും അമ്മയ്ക്കുമൊപ്പം ആഭ്യന്തര കലാപം ആരംഭിച്ച നഗരത്തിലേക്ക് യാത്ര പുറപ്പെട്ടതാണയാൾ. യാത്രക്കിടയിലെ പരിശോധനയിൽ പട്ടാളക്കാർ കുട്ടിയുടെ ചിത്രങ്ങൾ കണ്ട് സംശയാലുക്കളായി. അതിലെ വലിയ അർത്ഥങ്ങൾ - അവരെ ആശയക്കുഴപ്പത്തിലാക്കി .അവനെ മാത്രം കൂട്ടി അമ്മയേയും ഫാർമസിസ്റ്റിനേയും പുറത്താക്കി പട്ടാളക്കാർ യാത്ര തുടരുന്നു. അവന്റെ ചിത്രങ്ങളിലെ വിഷയങ്ങളിലെ മാനുഷികത - കമ്മ്യൂണിസ്റ്റ് ആശയങ്ങളാണെന്നും സർക്കാർ വിരുദ്ധ മനസാണ് അവനെന്നും അവർ കരുതിക്കാണും. ആ കുട്ടിയെ പിന്നീടാരും കണ്ടിട്ടില്ല. അവന് എന്ത് സംഭവിച്ചു എന്നും. ലോക ചിത്രകലയുടെ ചരിത്രം മാറ്റിമറിക്കുമായിരുന്ന അജീനിയസിനെ നമുക്ക് എവിടെയാണ് നഷ്ടമായത് - എന്ന ആകുലതയാണ് ഈ സിനിമ.

advertisment

News

Super Leaderboard 970x90