Cinema

''ദ ഫസ്റ്റ് ഗ്രേഡർ''... എൺപത്തിനാലാം വയസിൽ സ്കൂളിൽ പഠിക്കാൻ പോകുന്ന മറുഗെയുടെ കഥ പറയുന്ന സിനിമ

സ്വജീവിതം രാഷ്ട്രത്തിനായി അർപ്പിച്ച് കൊടുംക്രൂരമായ ദീർഘ തടവുകാലം കഴിഞ്ഞ് ആരോരും തിരിച്ചറിയാതെ ഏകാന്തജീവിതം നയിക്കുന്ന ഒരു വിപ്ലവകാരിയുടെ വാർദ്ധക്യജീവിതം.

''ദ ഫസ്റ്റ് ഗ്രേഡർ''... എൺപത്തിനാലാം വയസിൽ സ്കൂളിൽ പഠിക്കാൻ പോകുന്ന മറുഗെയുടെ കഥ പറയുന്ന സിനിമ

കൺമുന്നിൽ പിടഞ്ഞുവീണ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും തലയിലൂടെ കടന്നുപോയ വെടിയുണ്ടയുടെ മൂളിച്ച മുഴക്കം വർഷങ്ങൾക്ക് ശേഷവും മറുഗെയുടെ കാതുകളിൽ പ്രകമ്പനം ചെയ്യുന്നുണ്ട് . കൂർത്ത പെൻസിലിനാൽ കുത്തിത്തുളച്ച് തകർത്ത് "കേൾവിയില്ലാതാക്കിയ " ആ കാതുകളിൽ. എല്ലാവിധ അധിനിവേശങ്ങൾക്കും എതിരെ പൊരുതാനുള്ള ആഹ്വാനമായി പ്രേക്ഷകരുടെ ഹൃദയത്തിലും അതിന്റെ മുഴക്കം ഏറെനാൾ പ്രതിധ്വനിച്ചുകൊണ്ടേ ഇരിക്കും തീർച്ച.- എൺപത്തിനാലാം വയസിൽ സ്കൂളിൽ പഠിക്കാൻ ഒന്നാം ക്ലാസിൽ ചേർന്ന മറുഗെയുടെ കഥ പറയുന്ന " ദ ഫസ്റ്റ് ഗ്രേഡർ " എന്ന സിനിമ തീർച്ചയായും കാണണം.

കിമാനി ഞാങ്ങ മറുഗെ എന്ന കെനിയക്കാരൻ ഗിന്നസ് ബുക്കിൽ ലോക റിക്കോർഡിന് അർഹനായതായി രേഖപ്പെടുത്തിയിട്ടുണ്ട്. എൺപത്തിനാലാമത്തെ വയസ്സിൽ ഒന്നാംക്ലാസിൽ പഠിക്കാൻ ചേർന്നതിനാണ്
ആ ബഹുമതി. ലോകത്തെ ഏറ്റവും പ്രായം കൂടിയ പ്രൈമറി സ്കൂൾ വിദ്യാർഥി മറുഗെയാണ്. മറുഗെയുടെ ജീവിതത്തെ ആസ്പദമാക്കി ജസ്റ്റിൻ ചാഡ്വിക്ക് സംവിധാനം നിർവഹിച്ച് 2010ൽ പുറത്തിറങ്ങിയ സിനിമയാണ് "ദ ഫസ്റ്റ് ഗ്രേഡർ'. എല്ലാവർക്കും പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കിക്കൊണ്ടുള്ള പുതിയ നയം 2013 ലാണ് കെനിയ ഗവൺമെന്റ് പ്രഖ്യാപിക്കുന്നത്. ദരിദ്ര ആഫ്രിക്കൻ രാജ്യമായ കെനിയയിലെ ഗ്രാമങ്ങളിൽ ആ വാർത്ത വലിയ ചലനമുണ്ടാക്കി. തലസ്ഥാനമായ നെയ്റോബിയിൽ നിന്നും അകലെയുള്ള ഒരു കുഗ്രാമത്തിൽ പുതുതായി ആരംഭിച്ച സ്കൂളിന്റെ ഗേറ്റിനു പുറത്ത് വടിയും കുത്തി കാത്ത് നിൽക്കുന്ന വൃദ്ധനായ മറുഗേയിലാണ് സിനിമ ആരംഭിക്കുന്നത്. 

സ്കൂളിൽ തന്നെയും ഒന്നാം ക്ലാസ്സിൽ ചേർക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അയാളുടെ നിൽപ്പ് അധ്യാപകർക്ക് തമാശയായാണ് ആദ്യം തോന്നുന്നത്. പല കാരണങ്ങൾ പറഞ്ഞ് മറുഗെയെ അവർ തിരിച്ചയയ്ക്കുന്നുണ്ടെങ്കിലും അയാൾ പിൻതിരിയാൻ സന്നദ്ധമായിരുന്നില്ല. ആദ്യം പെൻസിലും കടലാസും ഒക്കെയായി വരുന്നു. പിന്നീട് ചന്തയിലെ പഴന്തുണി വിൽപ്പനക്കാരിൽ നിന്നും തനിക്കു പാകമാകുന്ന കാലുറകൾ വിലയ്ക്കുവാങ്ങി സ്വയം മുറിച്ചു തുന്നി സ്കൂൾ കുട്ടിയുടെ യൂനിഫോം ഉണ്ടാക്കുന്നു. കൊച്ചു കുട്ടിയെപ്പോലെ ഷൂവും സോക്സും ഇട്ട് യൂനിഫോം ധരിച്ച് വടിയും കുത്തി സ്കൂളിലേക്ക് നടന്നുനീങ്ങുന്ന മറുഗെ മറ്റുള്ളർക്ക് ഒരു വിഡ്ഡിക്കഥാപാത്രമായാണ് തോന്നുന്നത്. കടത്തിണ്ണകളിൽ വെടിപറഞ്ഞ് നേരം കൊല്ലുന്ന വൃദ്ധന്മാർ കൂടെ മദ്യപിക്കാൻ മറുഗെയെ ക്ഷണിക്കുന്നുണ്ട്. ഈ വയസുകാലത്ത് എന്തിന് പഠിക്കാൻ പോകുന്നു എന്ന് കളിയാക്കുന്നുണ്ട്.

''ദ ഫസ്റ്റ് ഗ്രേഡർ''... എൺപത്തിനാലാം വയസിൽ സ്കൂളിൽ പഠിക്കാൻ പോകുന്ന മറുഗെയുടെ കഥ പറയുന്ന സിനിമ

സ്കൂളിലെ പ്രധാന അധ്യാപികയായ, ഊർജ്ജസ്വലയായ ജെയ്ൻ എന്ന ചെറുപ്പക്കാരിക്ക് മറുഗെയുടെ പഠിക്കാനുള്ള ആർത്തി വലിയ കൗതുകമാണ് ആദ്യം ഉണ്ടാക്കുന്നത്. അയാളുടെ നിശ്ചയദാർഢ്യം കണ്ട് അത് പിന്നീട്അ ത്ഭുതമായി മാറുന്നു. മേലധികാരികളുടെഎതിർപ്പും മറ്റു കുട്ടികളുടെ രക്ഷിതാക്കളുടെ പ്രതിഷേധവും ഒക്കെ ജയ്ൻ പ്രതീക്ഷിക്കുന്നുണ്ട്. വിപ്ലവകരമായ ആ തീരുമാനം ജെയ്ൻ ടീച്ചർ എടുക്കുന്നു. 84 വയസ്സുകാരനെ ഒന്നാംക്ലാസ്സിൽ ചേർക്കുന്നു. കൊച്ചുകുട്ടികൾക്കൊപ്പം അനുസരണയോടെ മറുഗെ ക്ലാസിലിരിക്കുന്ന ദൃശ്യം ഈ സിനിമയിലെ മറക്കാനാവാത്ത കാഴ്ചയാണ് എന്തിനാണ് ഈ അസ്തമയകാലത്ത് അക്ഷരം പഠിക്കാൻ ശ്രമിക്കുന്നത് എന്ന് ജെയ്ൻ ചോദിക്കുന്നുണ്ട്.

തന്റെ കയ്യിൽ നിധിപോലെ സൂക്ഷിക്കുന്ന ഒരു കത്ത്സ്വയം വായിച്ച് മനസ്സിലാക്കാനുള്ള കൊതി കൊണ്ടാണെന്ന് മറുഗെ മറുപടി പറയുന്നു. മറുഗെ അടച്ചുവെച്ച ഒരു നിഗൂഡ പുസ്തകമാണെന്ന് ടീച്ചർ മനസ്സിലാക്കുന്നു. പതുക്കെ പതുക്കെ മറുഗെ ആരാണെന്ന് വെളി വാകുന്നുണ്ട്. ഒരിക്കൽ ക്ലാസിൽ കുട്ടികൾ
പെൻസിൽ മുനകൂർപ്പിക്കുന്ന ദൃശ്യം കണ്ടപ്പോൾ മറുഗെ തളർന്നു വീഴുന്നുണ്ട്. ഭൂതകാലത്തിന്റെ ഇരുണ്ട ഏടുകളിൽ മുഴങ്ങുന്ന നിലവിളികൾ നമ്മളും പതുക്കെ അറിയുന്നു.

''ദ ഫസ്റ്റ് ഗ്രേഡർ''... എൺപത്തിനാലാം വയസിൽ സ്കൂളിൽ പഠിക്കാൻ പോകുന്ന മറുഗെയുടെ കഥ പറയുന്ന സിനിമ

ബ്രിട്ടീഷ് കോളനിയായ കെനിയ സ്വാതന്ത്യത്തിനായി നടത്തിയ സമരത്തിന് ദീർഘകാലത്തിന്റെ ചരിത്രമുണ്ട്. കലെഞ്ചിൻ ഗോത്രം പലപ്പോഴും ബ്രിട്ടീഷുകാരുടെ എച്ചിൽ നക്കികളായി  സമരങ്ങളെ ഒറ്റി ക്കൊടുത്തിട്ടുപോലുമുണ്ട്. 1953ൽ കികിയു ഗോത്രത്തിലെ ഗറില്ല പോരാളികളായ "മൌമൌ'കൾ നടത്തിയ രക്തരൂക്ഷിത സമരം ചരിത്രത്തിൽ രേഖപ്പെടുത്തിയ ഒന്നാണ് ആയിരക്കണക്കിന് പേർ കൊലചെയ്യപ്പെട്ട ആ സമരത്തെ തുടർന്ന് പത്ത് ലക്ഷത്തോളം കെനിയക്കാർ ബ്രിട്ടീഷ് തടവറകളിലും കോൺസെൻട്രേഷൻ ക്യാമ്പുകളിലും മൃഗീയ പീഢനങ്ങൾക്ക് ഇരയായി. ധീരനായ "മൌമൌ' ഗറില്ല പോരാളിയായിരുന്നു മറുഗെ. ചെറുപ്പം മുതലേ കോളനി ഭരണത്തിനെതിരെ പൊരുതുകയായിരുന്നു. ഭാര്യയേയും കുട്ടികളേയും ബ്രിട്ടീഷ് പോലീസ് മറുഗെയുടെ മുന്നിലിട്ടാണ് വെടിവെച്ച് കൊന്നത്. നീണ്ടവർഷങ്ങൾ നിരവധി തടവറകളിലായി മറുഗെ ജീവിച്ചുതീർത്തു. കുടുംബാംഗങ്ങൾ സർവ്വരും കൊല ചെയ്യപ്പെട്ട് തികച്ചും ഒറ്റക്കായ ആ പോരാളി സ്വാതന്ത്ര്യാനന്തരം വിദൂരമായ ഒരു ഗ്രാമത്തിൽ ഏകാന്ത ജീവിതം നയിക്കുകയാണ്. എല്ലാം മറക്കാൻ ശ്രമിച്ചുകൊണ്ട്. 

പക്ഷേ ഭൂതകാലം ബാക്കിതന്ന ഓർമകൾ സദാ കൂടെ തന്നെയുണ്ട് താനും.ഗോത്രപ്പകയുടെ കനലുകൾ പക്ഷേ പുതിയ സ്വതന്ത്ര കെനിയയിലും കെടാതെ ബാക്കിയുണ്ട്. കലൈഞ്ചിൻ ഗോത്രക്കാർക്ക് ബ്രിട്ടീഷ് ചാരന്മാരായി കണക്കാക്കി തങ്ങളുടെ ആളുകളെ കൊന്നുവീഴ്ത്തിയിരുന്ന കികിയു ഗോത്രക്കാരോടുള്ള പക ഇപ്പോഴും ബാക്കിയുണ്ട്. മറുഗെ - കികിയു ഗോത്രത്തിലെ "മൌമൌ' ഗറില്ല ആണെന്ന അറിവ് വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഗോത്രപ്പകയെ ഉണർത്തുന്നുണ്ട്. മറുഗെയെ സ്കൂളിൽ നിന്ന് പുറത്താക്കാൻ ജെയ്ൻ ടീച്ചർക്ക് മേൽ കടുത്ത സമ്മർദങ്ങൾ ഉണ്ടാവുന്നു. അവർക്കാണെങ്കിൽ മറുഗ്വേയോട് ആദരം നിറഞ്ഞ ആരാധനയാണിപ്പോൾ. എങ്ങനെയും മറുഗെയെ അക്ഷരം പഠിപ്പിക്കും എന്ന വാശി.

''ദ ഫസ്റ്റ് ഗ്രേഡർ''... എൺപത്തിനാലാം വയസിൽ സ്കൂളിൽ പഠിക്കാൻ പോകുന്ന മറുഗെയുടെ കഥ പറയുന്ന സിനിമ

വൃദ്ധനോട് സഹപാഠി കുട്ടികൾക്ക് കൗതുകം തന്നെയായിരുന്നു ആദ്യം. പതുക്കെ അവരുടെ കൂട്ടുകാരനും രക്ഷിതാവും അധ്യാപകനും ഒക്കെ ആയി മാറുന്നു മറുഗെ. അവർക്കൊപ്പം പാട്ടുപാടാനും കളിക്കാനും മറുഗെയുണ്ട് . ചില ഇടവേളകളിൽ ആ കുട്ടികളുടെ പ്രായത്തിൽ വെടിയേറ്റുവീണ സ്വന്തം കുഞ്ഞുങ്ങളുടെ മുഖയോർമകൾ കടൽപോലെ അയാളുടെ മനസ്സിലേക്ക് ഇരച്ചുകയറും ഇതിനിടയിൽ ഈ അതിശയ വിദ്യാർഥിയെക്കുറിച്ച് മാധ്യമങ്ങളിലൂടെ ലോകമറിഞ്ഞുതുടങ്ങി. വിദേശചാനലുകൾ മറുഗെയെ തേടി എത്തി. മറുഗെയ്ക്കും ടീച്ചർക്കും ലഭിക്കുന്ന ഈ പ്രശസ്തി പലരേയും അസ്വസ്ഥരാക്കുന്നുണ്ട്. കടുത്ത സമ്മർദ്ധത്തെ തുടർന്ന് മറുഗെയെ - സ്കൂളിൽ നിന്ന് മാറ്റി വൃദ്ധർക്കായുള്ള സാക്ഷരതാ കേന്ദ്രത്തിലേക്ക് അയയ്ക്കാൻ ടീച്ചർ നിർബന്ധിതയാകുന്നു. 

പട്ടണത്തിലെ അത്തരം പഠനകേന്ദ്രങ്ങൾ വെറും അലസരുടെ നേരമ്പോക്കു കേന്ദ്രങ്ങളാണെന്ന് തിരിച്ചറിഞ്ഞ മറുഗെ വീണ്ടു സ്കൂളിലേക്ക് തന്നെ തിരിച്ചെത്തുന്നു. ടീച്ചർ മറുഗെയെ ടീച്ചിംഗ് അസിസ്റ്റന്റായി നിയമിച്ച് കൂടെ നിർത്തി സംരക്ഷിക്കുന്നു. ചില രക്ഷിതാക്കളും പ്രാദേശിക രാഷ്ട്രീയക്കാരും ഒക്കെ ചേർന്ന് വീണ്ടും പ്രതിഷേധങ്ങൾ ആരംഭിക്കുകയായി. മറുഗെയെ സ്കൂളിൽ കയറ്റില്ലെന്ന വാശിയിലാണവർ. ആ കിളവനെ എറിഞ്ഞോടിക്കാൻ തെമ്മാടി കൂട്ടത്തെ ഏർപ്പാടാക്കുന്നുമുണ്ട്. പഴയ പോരാട്ടക്കരുത്ത് മനസിലുള്ള മറുഗെ അവരെ കായികമായി തന്നെ ആക്രമിച്ച് തുരത്തി ഓടിക്കുന്നുണ്ട്.

ജെയ്ൻ ടീച്ചർക്ക് പലതരത്തിലുള്ള പ്രശ്നങ്ങളാണ് പിന്നീട് ഉണ്ടാകുന്നത്. ഒരു ഘട്ടത്തിൽ അവരുടെ ഭർത്താവ്
പോലും വേണ്ടാത്ത പ്രശ്നങ്ങൾ തലയിലേറ്റി എന്ന് കുറ്റപ്പെടുത്തി അവരെ തള്ളിപ്പറയുന്നുണ്ട്. ഇതും കൂടാതെ അധികാരികൾ വിദൂരമായ ഒരു സ്കൂളിലേക്ക് അവരെ സ്ഥലംമാറ്റുക കൂടി ചെയ്യുന്നു. മറുഗെ തോൽക്കാൻ സന്നദ്ധനായിരുന്നില്ല. തന്റെ ആകെ സമ്പാദ്യമായ ആടിനെ വിറ്റ് വഴിക്കാശുണ്ടാക്കി അയാൾ തലസ്ഥാനമായ നെയ്റോബിയിലേക്ക് പുറപ്പെടുന്നു. നഗരത്തിലെ വലിയ ഹോർഡിംങ്ങുകളിൽ നിറയെ മറുഗെയുടെ വർണചിത്രങ്ങളുണ്ട്. സർക്കാർ വിദ്യാഭ്യാസ പ്രചാരണത്തിനായി വെച്ച പരസ്യപ്പലകകൾ. തെരുവുകളിലൂടെ നടന്ന് അവശനായി വടികുത്തി മറുഗെ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ചെയർമാന്റെ മുറിയിലെത്തുന്നു. അവിടെ മുതിർന്ന ഉദ്യോഗസ്ഥരുടെ സുപ്രധാന യോഗം നടക്കുകയാണ്. 

''ദ ഫസ്റ്റ് ഗ്രേഡർ''... എൺപത്തിനാലാം വയസിൽ സ്കൂളിൽ പഠിക്കാൻ പോകുന്ന മറുഗെയുടെ കഥ പറയുന്ന സിനിമ

അധികാരത്തോടെ തന്നെ മറുഗെ അങ്ങോട്ട് കയറിചെല്ലുന്നു. താനാരാണെന്ന് പറയുന്നു. ഞങ്ങളെപ്പോലുള്ളവർ സർവവും ത്യജിക്കാൻ തയ്യാറായതിനാലാണ് ഈ ശീതീകരിച്ച മുറിയിൽ നിങ്ങൾക്ക് ഇപ്പോൾ ഇങ്ങനെ ഇരിക്കാനാവുന്നത് എന്ന് ഓർമിപ്പിക്കുന്നു. തന്റെ എളിയ അപേക്ഷയും സമർപ്പിക്കുന്നു. പ്രിയപ്പെട്ട ജെയ്ൻ ടീച്ചറുടെ സ്ഥലമാറ്റം റദ്ദ് ചെയ്യണം എന്ന ഒരേ ഒരു ആവശ്യം മാത്രം. വേറൊന്നും പറയാതെ മറുഗെ തിരിച്ച് നടക്കുന്നു.

ജെയ്ൻ ടീച്ചർ തിരിച്ചെത്തിയ സന്തോഷത്തിലാണ് കുട്ടികൾ. കാലങ്ങളായി താൻ നിധിപോലെ കയ്യിൽ സൂക്ഷിക്കുന്ന കത്ത് - സ്വയം സാദ്ധ്യമല്ലെങ്കിൽ ടീച്ചറെങ്കിലും വായിച്ച് തരണം എന്ന അഭ്യർത്ഥനയോടെ മറുഗെ ടീച്ചറെ കാണാൻ എത്തുന്നുണ്ട് വീണ്ടും.. കെനിയയുടെ പ്രസിഡന്റ് മറുഗെയ്ക്ക് അയച്ച കത്തായിരുന്നു അത്. "കൂരവും മനുഷ്യത്വരഹിതവുമായ ദീർഘകാല തടവ് അനുഭവിച്ചപ്പോഴും രാജ്യത്തെ മോചിപ്പിക്കാനുള്ള ദൃഢ പ്രതിജ്ഞയിൽ നിന്ന് പിന്മാറാൻ ഒരിക്കലും കൂട്ടാക്കാതിരുന്നതിനു രാഷ്ട്രത്തിന്റെ ആദരം പ്രകടിപ്പിക്കുന്നു" എന്നായിരുന്നു അതിൽ പ്രസിഡണ്ട് എഴുതിയിട്ടുണ്ടായിരുന്നത്. ധീരമായ പോരാട്ടങ്ങൾ നടത്തി കെനിയയുടെ സ്വാതന്ത്യം നേടിത്തന്നതിനുള്ള കടപ്പാടായി താങ്കൾക്ക് സാമ്പത്തിക സഹായം നൽകാൻ രാഷ്ടം ആഗ്രഹിക്കുന്നു എന്നും അതിലുണ്ടായിരുന്നു.

ആ കത്ത് വായിച്ച് വിതുമ്പിക്കൊണ്ട് ജെയ്ൻ ടീച്ചർ മറുഗെയോട് പറയുന്നത് "ഞങ്ങൾ ഇന്നിവിടെ ജീവിച്ചിരിക്കുന്നതിനു കാരണം താങ്കളാണ്' എന്നാണ്. വിദ്യാഭ്യാസത്തിന്റെ ശക്തിയെക്കുറിച്ച് ഐക്യരാഷ്ട്രസഭയിൽ സംസാരിക്കാൻ ക്ഷണിക്കപ്പെട്ട മറുഗെയെക്കുറിച്ച് വാചാലനാകുന്ന റേഡിയോ ജോക്കിയുടെ ആവേശ - ആഹ്ലാദ കമന്ററിയിൽ സിനിമ അവസാനിക്കുന്നു.

''ദ ഫസ്റ്റ് ഗ്രേഡർ''... എൺപത്തിനാലാം വയസിൽ സ്കൂളിൽ പഠിക്കാൻ പോകുന്ന മറുഗെയുടെ കഥ പറയുന്ന സിനിമ

അക്ഷരമറിയാനുള്ള മറുഗെയുടെ ശ്രമത്തിനപ്പുറം അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തെക്കുറിച്ചാണീ സിനിമ. ചില ഉറപ്പുകൾക്ക്മു ന്നിൽ യാതൊന്നും തടസ്സമല്ലെന്ന് മറുഗെ തെളിയിക്കുന്നു. കെനിയയുടെ സ്വാതന്ത്ര്യസമരം അത്തരമൊരു തീർപ്പിനെ തുടർന്ന് നടന്നതായിരുന്നു. സർവതും നഷ്ടപ്പെട്ടാലും പിൻതിരിയില്ലെന്ന ഉറപ്പിൽ മറുഗെ അവസാനം വരെ നിലനിന്നു. വർഗം, ഗോത്രം, മതം, ജാതി എന്നിവയുടെ ഒക്കെ വേർതിരിവുകൾ മനുഷ്യരെ പരസ്പരം അന്യരായി കാണാൻഎങ്ങനെ നിർബന്ധിക്കുന്നു എന്ന് മറുഗെ നമ്മെ ഓർമിപ്പിക്കുന്നു. 

ഭൂതകാലം നമുക്ക് മറക്കാനുള്ളതല്ല എന്ന ഓർമപ്പെടുത്തലാണ് ജെയ്ൻ ടീച്ചർ എന്ന കഥാപാത്രത്തിലൂടെ സംവിധായകൻ പറഞ്ഞു വെക്കുന്നത്. ഫ്ളാഷ്ബാക്കുകളുടെ സമർഥമായ ഉപയോഗത്തിലൂടെ മറുഗെയുടെ സ്വത്വം നമുക്ക് മുന്നിൽ പതുക്കെ വെളിപ്പടെത്തുകയെന്ന ആഖ്യാനശൈലിയാണ് സംവിധായകൻ പിൻതുടരുന്നത്. ഒലിവർ ലിറ്റോൻഡോ എന്ന പ്രതിഭാധനനായ നടൻ മറുഗെയായി വേഷപ്പകർച്ച നടത്തിയിരിക്കുന്നു. സ്വജീവിതം രാഷ്ട്രത്തിനായി അർപ്പിച്ച് കൊടുംക്രൂരമായ ദീർഘ തടവുകാലം കഴിഞ്ഞ്ആ രോരും തിരിച്ചറിയാതെ ഏകാന്തജീവിതം നയിക്കുന്ന ഒരു വിപ്ലവകാരിയുടെ വാർദ്ധക്യജീവിതം. അപ്പോഴും കെടാതെ നിൽക്കുന്ന കണ്ണിലെ തീഷ്ണത ക്ഷീണിത മുഖത്ത് നിലനിർത്താൻ ഈ നടനു കഴിയുന്നുണ്ട്.

കൺമുന്നിൽ പിടഞ്ഞുവീണ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും തലയിലൂടെ കടന്നുപോയ വെടിയുണ്ടയുടെ മൂളിച്ച മുഴക്കം വർഷങ്ങൾക്ക് ശേഷവും മറുഗെയുടെ കാതുകളിൽ പ്രകമ്പനം ചെയ്യുന്നുണ്ട് . കൂർത്ത പെൻസിലിനാൽ കുത്തിത്തുളച്ച് തകർത്ത "കേൾവിയില്ലാത്ത ആ കാതുകളിൽ. എല്ലാവിധ  അധിനിവേശങ്ങൾക്കും എതിരെ പൊരുതാനുള്ള ആഹ്വാനമായി പ്രേക്ഷകരുടെ ഹൃദയത്തിലും അതിന്റെ മുഴക്കം ഏറെനാൾ പ്രതിധ്വനിച്ചുകൊണ്ടേ ഇരിക്കും തീർച്ച.

advertisment

News

Related News

    Super Leaderboard 970x90