Cinema

അകിരാ കുറോസോവ ഒരുക്കിയ മഹത്തായ ചലച്ചിത്രം 'റാഷമോൺ'

"റാഷമോൺ' "ഇൻ എ ഗ്രേവ്' (ഉപവനത്തിൽ) കഥകളിൽ നിന്നും പശ്ചാത്തലവും കഥാപാത്രങ്ങളും ആശയങ്ങളും ചേർത്തു കൂട്ടി അകിരാ കുറോസോവ 1950 ൽ ഒരുക്കിയ മഹത്തായ ചലച്ചിത്രമാണ് റാഷമോൺ. അകുതാഗവയുടെ കഥകളുടെ പൊതു സ്വഭാവത്തെ സിനിമയിൽ ഇദ്ദേഹം മാറ്റി മറിക്കുന്നുണ്ട്. മനുഷ്യനന്മയിലുള്ള പ്രത്യാശയുടെ തിരിനാളങ്ങളോടെയാണ് റാഷമോൺ അവസാനിക്കുന്നത്.

അകിരാ കുറോസോവ ഒരുക്കിയ മഹത്തായ ചലച്ചിത്രം 'റാഷമോൺ'

മുപ്പത്തിയഞ്ചാം വയസ്സിൽ ആത്മഹത്യ ചെയ്ത റിയുനോസുകി അകുതാഗവയുടെ നിരാശാ ഭരിതങ്ങളായ രണ്ട് ചെറുകഥകളാണ് "റാഷമോൺ' "ഇൻ എ ഗ്രേവ്' (ഉപവനത്തിൽ) എന്നിവ. ഈ രണ്ട് കഥകളിൽ നിന്നും പശ്ചാത്തലവും കഥാപാത്രങ്ങളും ആശയങ്ങളും ചേർത്തു കൂട്ടി അകിരാ കുറോസോവ 1950 ൽ
ഒരുക്കിയ മഹത്തായ ചലച്ചിത്രമാണ് റാഷമോൺ. അകുതാഗവയുടെ കഥകളുടെ പൊതു സ്വഭാവത്തെ സിനിമയിൽ ഇദ്ദേഹം മാറ്റി മറിക്കുന്നുണ്ട്. മനുഷ്യനന്മയിലുള്ള പ്രത്യാശയുടെ തിരിനാളങ്ങളോടെയാണ് റാഷമോൺ അവസാനിക്കുന്നത്.

സിനിമ ആരംഭിക്കുന്നത് തിമിർത്തു പെയ്യുന്ന മഴയോടെയാണ്. പന്ത്രണ്ടാം നൂറ്റാണ്ടിലെ- പട്ടിണിയും ആഭ്യന്തരകലാപങ്ങളും മൂലം നശിച്ചു കൊണ്ടിരിക്കുന്ന കിയോട്ടോവിലെ ജീർണ്ണിച്ച നഗര കവാടമാണ്
-"റാഷമോൺ'- മഴയിൽ നിന്ന് രക്ഷ തേടി, അതൊന്ന് തോരുന്നതും കാത്ത് ഇരിക്കുന്ന
മൂന്നു പേർ- ഒരു മരം വെട്ടുകാരൻ, ഒരു പുരോഹിതൻ, ഒരു നാട്ടുമ്പുറത്തുകാരൻ - ഇവരുടെ
സംഭാഷണങ്ങളിലൂടെ അവിടെ അടുത്ത കാലത്ത് നടന്ന ഒരു ക്രൂര ബലാത്സംഗവും കൊലപാതകവും
നമ്മളറിയുന്നു. അവരും നേരിട്ട് ആ കഥ പറയുകയല്ല. കോടതിയിൽ നടന്ന കേസ് വിസ്താരത്തിനിടയിൽ സാക്ഷ്യം വഹിച്ചപ്പോൾ കേട്ടത് എന്ന രീതിയിലാണ് സംഭവം അവതരിപ്പിക്കുന്നത്.

അകിരാ കുറോസോവ ഒരുക്കിയ മഹത്തായ ചലച്ചിത്രം 'റാഷമോൺ'

വിറകുവെട്ടുകാരൻ പറയുന്നതിങ്ങനെ- കാട്ടിൽ പോയപ്പോൾ ഒരു സ്ത്രീയുടെ തൊപ്പി - മൂടു പടത്തോട് കൂടി തൂങ്ങിക്കിടക്കുന്നതു കണ്ടു. പിന്നെ ഒരു പുരുഷന്റെ തൊപ്പിയും കുറച്ചകലെ ഒരു കയറും രക്ഷാകവചപ്പെട്ടിയും കാണുന്നു. അതെടുക്കാനായി കുനിഞ്ഞപ്പോൾ വിറങ്ങലിച്ച ഒരു ശവശരീരം കണ്ട് ഞെട്ടിത്തിരിഞ്ഞു. കൊല്ലപ്പെട്ട സാമുറായി ഭാര്യയെ ഒരു കുതിരപ്പുറത്തിരുത്തി പോകുന്നത് താൻ കണ്ടതായി പുരോഹിതൻ കോടതിയിൽ ബോധിപ്പിക്കുന്നു. കൊല നടത്തിയതെന്നു വിശ്വസിക്കപ്പെടുന്ന താജോമാരു എന്ന കുപ്രസിദ്ധ കൊള്ളക്കാരനെ പിടിച്ച പോലീസുദ്യോഗസ്ഥന്റെ വിവരണം പക്ഷെ കൊള്ളക്കാരന് ഇഷ്ടപ്പെട്ടില്ല. 

സാമുറായിയെ കൊന്ന് ആയുധങ്ങൾ കവർന്ന് അയാളുടെ കുതിരപ്പുറത്ത് രക്ഷപ്പെടുകയായിരുന്ന താജോമാരുവിനെ കാത്തുരായിലെ നദിക്കരയിൽ കുതിര തള്ളിയിട്ടു. വേദനയിൽ പിടയുന്ന കൊള്ളക്കാരനെയാണ് താൻ കണ്ടത് എന്നാണ് പോലീസുകാരൻ പറയുന്നത്. പാമ്പോ മറ്റോ ചത്ത് ചീഞ്ഞ വെള്ളം നദിയിൽ നിന്നും കുടിച്ച് വയറുവേദന കൊണ്ടാണ് താൻ അവിടെ കിടന്നതെന്നാണ് കൊള്ളക്കാരൻ പറയുന്നത്. ആ കൊലപാതകത്തെ അയാൾ നിഷേധിക്കുന്നില്ല. അയാളുടെ വിവരണം ഇങ്ങനെയാണ്:
വനമദ്ധ്യത്തിൽ ഒരു കൂറ്റൻ മരിച്ചുവട്ടിൽ നീണ്ടു നിവർന്നുകിടന്നു വിശ്രമിക്കുകയായിരുന്നു.
അകലെ നിന്നും ഒരു കുതിര നടന്നു വരുന്നത് കണ്ടു. അതിന്റെ പുറത്തൊരു സ്ത്രീയും കുതിരയുടെ കടിഞ്ഞാൺ പിടിച്ചൊരു പുരുഷനും കൂടെ ഉണ്ട്. മൂടുപടമിട്ട ആ സ്ത്രീയുടെ മുഖം അയാൾക്ക് കാണാനാവുന്നില്ല. അയാൾ അലസമായി വീണ്ടും മയക്കം തുടർന്നു. പെട്ടെന്ന് ഒരു ഇളംകാറ്റടിച്ചപ്പോൾ അവളുടെ മുഖപടം പാറുകയും അവളുടെ മുഖം ഒരു നോക്കയാൾ കാണുകയും ചെയ്തു. ആ ഒരു നിമഷത്തെ കാഴ്ച അയാളുടെ മയക്കം കളഞ്ഞു. “ആ ഇളം കാറ്റില്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഞാനയാളെ കൊല്ലുമായിരുന്നില്ല” എന്നയാൾ വിചാരണ വേളയിൽ പറയുന്നുണ്ട് .

അകിരാ കുറോസോവ ഒരുക്കിയ മഹത്തായ ചലച്ചിത്രം 'റാഷമോൺ'

അസാധാരണമായ വാളുകളുടെ ശേഖരമുണ്ട് തന്റെ കൈയിലെന്ന് പറഞ്ഞ് സാമുറായിയെ പ്രലോഭിച്ച് കാട്ടിനുള്ളിലേക്ക് കൊണ്ടുപോയി അവിടെ കെട്ടിയിടുന്നു. തിരിച്ചുപോയി ഭാര്യയെ കൂട്ടിവന്ന് അയാളുടെ മുന്നിൽ വെച്ച് ബലാത്സംഗം ചെയ്യുന്നു. രണ്ടുപേരുടേയും മുന്നിൽ ഒരേ സമയം അപമാനിതയായി
കഴിയാൻ തനിക്കാവില്ലെന്നും പരസ്പരം പൊരുതി ജയിക്കുന്നയാളുടെ കൂടെ പൊറുത്തുകൊള്ളാമെന്നും അവൾ പറയുന്നു. തുടർന്നു നടന്ന പോരാട്ടത്തിൽ കൊള്ളക്കാരൻ സാമുറായിയെ വധിക്കുന്നു. ഇതിനിടയിൽ സ്ത്രീ ഓടി എങ്ങോ മറയുന്നു. ഇതാണ് കൊലപാതകി പറയുന്ന കഥ.

പക്ഷെ കൊല്ലപ്പെട്ട സാമുറായിയുടെ ഭാര്യ പറയുന്നത് വേറൊരു കഥയാണ്. ബലാത്സംഗംചെയ്ത ശേഷം
കൊള്ളക്കാരൻ സാമുറായിയെ കഠിനമായി പരിഹസിച്ചു കൊണ്ട് അവിടെനിന്ന് പോയെന്നും അപമാനിക്കപ്പെട്ടവളായ തന്നെ ഭർത്താവായ സമുറായ് വെറുപ്പോടെ നോക്കിയെന്നും- ആ നോട്ടം സഹിക്കാനാവാതെ കഠാര കൊണ്ട് താനാണ് സാമുറായിയെ വധിച്ചതെന്നുമാണ് അവൾക്ക് പറയാനുള്ളത്.
മരിച്ച സാമുറായിക്ക് "പറയാനുള്ളത്' വേറൊരു കഥയാണ് . ഈ വിവരണം അയാൾ ഒരു മന്ത്രവാദിനിയുടെ വാക്കുകളിലൂടെയാണ് പറയുന്നത്.

അകിരാ കുറോസോവ ഒരുക്കിയ മഹത്തായ ചലച്ചിത്രം 'റാഷമോൺ'

ബലാത്സംഗത്തിനു ശേഷം തന്റെ കൂടെ വരാൻ കൊള്ളക്കാരൻ സ്ത്രീയോടാവശ്യപ്പെടുന്നു. അവൾക്ക് സമ്മതം. പക്ഷെ അതിനു മുമ്പ് ഭർത്താവിനെ കൊല്ലുമെന്നവൾ പറയുന്നു. ഇത് കൊള്ളക്കാരനെ കുപിതനാക്കുകയും സാമുറായിയോട് - താങ്കൾ ആവശ്യപ്പെട്ടാൽ ആ നിമിഷം സ്ത്രീയെ കൊല്ലാമെന്നും അയാൾ പറയുന്നു- നിലത്തു വീണുകിടന്ന സ്ത്രീ പെട്ടെന്ന് എഴുന്നേറ്റ് കാട്ടിലേക്കോടുന്നു. പുറകെ കൊള്ളക്കാരനും. മണിക്കുറുകൾക്ക് ശേഷം താജോമാരു തിരിച്ചെത്തി- വാളൂരി സാമുറായിയുടെ കെട്ടുകൾ മുറിച്ചു മാറ്റുന്നു, എന്നിട്ട് നടന്നകലുന്നു.തനിച്ചായ സാമുറായ് “ആരോ കരയുന്ന ശബ്ദം കേട്ടു , കരഞ്ഞതു സാമുറായ് തന്നെയായിരുന്നു. കഠാര സ്വന്തം നെഞ്ചിലേക്കാഴ്ത്തുന്നു. ഇത്രയും വിവരിച്ചശേഷം സാമുറായ് മന്ത്രവാദിനിയുടെ ശബ്ദത്തിൽ പറയുന്നു. “എല്ലാം ശാന്തമായിരുന്നു. ഇരുട്ടു വന്നു- ഒരു മൂടൽ മഞ്ഞ് എന്നെ പൊതിയുന്നതു പോലെ, ഈ നിശ്ചലതയിൽ ഞാൻ ശാന്തനായി കിടന്നു... അപ്പോൾ ആരോ എന്റെ അരികിലേക്ക് വരുന്നതുപോലെ തോന്നി- അതാരാവാം? ആരുടേയോ കൈ കഠാരയിൽ മുറുകുകയും അതു വലിച്ചെടുക്കുകയും ചെയ്തു”

അകിരാ കുറോസോവ ഒരുക്കിയ മഹത്തായ ചലച്ചിത്രം 'റാഷമോൺ'

ഈ കഥ കേട്ട് വിറകുവെട്ടുകാരൻ അസ്വസ്ഥനായി (വിലയേറിയ സമുറായ് കഠാര അയാൾ മോഷ്ടിച്ചിരിക്കാം) ഇങ്ങനെപറയുന്നു: “അതു സത്യമല്ല. അവിടെ കഠാരയൊന്നുമുണ്ടായിരുന്നില്ല- വാളുകൊണ്ടാണ് സാമുറായ് കൊല്ലപ്പെട്ടത് '. താൻ ദൃക്സാക്ഷിയായി കോടതിയിൽ പറഞ്ഞതിൽ കുറച്ചുകൂടി ചേർക്കാനുണ്ടെന്നു പറയുന്നു.
സാമുറായിയെ കെട്ടിയിട്ട് ഭാര്യയെ ബലാത്സംഗം ചെയ്ത ശേഷം താജോമാരു ആ സ്ത്രീയുടെ മുന്നിൽ മുട്ടുകുത്തിനിന്നു കരയുന്ന കാഴ്ചയാണ് കണ്ടത്. താൻ ചെയ്തത് പൊറുക്കണമെന്നും ഇനി കൊള്ള ചെയ്യില്ലെന്നും തന്റെ കൂടെപോരണമെന്നും അയാൾ കെഞ്ചുകയും ചെയ്യുകയായിരുന്നു. തീരുമാനമെടുക്കാൻ എനിക്കാവുന്നില്ല. അതിനാൽ പുരുഷന്മാർ തമ്മിൽ പൊരുതി തീരുമാനമെടുക്കാൻ സ്ത്രീ പറഞ്ഞു. അവർ തമ്മിലുള്ള പോരാട്ടത്തിൽ കൊള്ളക്കാരൻ സാമുറായിയെ വധിക്കുന്നു.
സ്ത്രീ-ഓടി രക്ഷപ്പെടുന്നു.

അകിരാ കുറോസോവ ഒരുക്കിയ മഹത്തായ ചലച്ചിത്രം 'റാഷമോൺ'

ഒരേ സംഭവം നാലുപേരിലുടെ വരുമ്പോൾ 'നാലുപ്രകാരത്തിലാണുള്ളത്. ഇതിലേതാണ് ശരി? അഹംബോധം ഓരോരാളുടെ ആഖ്യാനത്തിലും ഉൾചേർന്നിട്ടുണ്ട്. ഓരോരുത്തരും സംഭവത്തിൽ തനിക്ക് ഊന്നൽ നൽകുന്നതിനു ശ്രദ്ധിക്കുന്നു. പൂർണ്ണ സത്യം എന്നത് ആവിഷ്ക്കരിക്കാൻ അസാദ്ധ്യമാണ്. സത്യത്തിന്റെ ആപേക്ഷികതയെ കുറോസോവ ഈ സിനിമയിലൂടെ ചർച്ച ചെയ്യുന്നു. സിനിമയുടെ അവസാനത്തിൽ പുരോഹിതൻ ചോദിക്കുന്നു: “ആരും ആരെയും വിശ്വസിക്കാതിരുന്നാലെങ്ങനെ?ജീവിതം നരകമായി തീരാൻ കൂടുതലെന്തു വേണം?" പെട്ടെന്ന് റാഷമോൺ കവാടത്തിനരികിൽ നിന്ന് ആരോ ഉപേക്ഷിച്ച- ഒരു കുഞ്ഞിൻകരച്ചിൽ കേൾക്കുന്നു- ആ നരകത്തണുപ്പിൽ കിടക്കുന്ന കുഞ്ഞിന്റെ ഇത്തിരി വസ്ത്രങ്ങൾ നാട്ടുമ്പുറത്തുകാരൻ മോഷ്ടിക്കുന്നു- ദാരിദ്യമാണീ തെറ്റയാളെകൊണ്ട് ചെയ്യിക്കുന്നത്. ഇതു കണ്ട് മരം വേട്ടുകാരൻ പറയുന്നത് ഇങ്ങനെ:“രാക്ഷസൻ, എല്ലാവരും സ്വാർത്ഥരും വഞ്ചകരുമാണത്രേ!അതിനവർക്ക് ന്യായീകരണങ്ങളുമുണ്ട്. കൊള്ളക്കാരനും പെണ്ണിനും, അവളുടെ ഭർത്താവിനും പിന്നെ തനിക്കും” 

വിറകുവെട്ടുകാരൻ പുരോഹിതന്റെ കൈയിൽ നിന്നും കുഞ്ഞിനെ തട്ടിപറിക്കാൻ ശ്രമിക്കുമ്പോൾ അയാൾ ഭയന്നത് ബാക്കിയുള്ള ഇത്തിരി തുണിയും മോഷ്ടിക്കാനെന്നാണ്. എന്നാൽ തന്റെആറു മക്കൾക്കൊപ്പം ഈ കുഞ്ഞിനെ കൂടി വളർത്താമെന്നാണ് അയാൾ പറയുന്നത്. മനുഷ്യനന്മയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തേണ്ട കാര്യമില്ലെന്ന് പുരോഹിതൻ ആശ്വസിക്കുന്നു. മഴ അടങ്ങി. സൂര്യപ്രകാശം പതിഞ്ഞു കിടക്കുന്ന റാഷമോൺ കവാടവും പ്രസന്നമായ ആകാശത്തിനു കീഴിൽ നിൽക്കുന്ന ബുദ്ധ പുരോഹിതനേയും കാണിച്ചു കൊണ്ടാണ് സിനിമ അവസാനിക്കുന്നത്.1951 ലെ വെനീസ് ചലച്ചിത്രോത്സവത്തിൽ ഈ സിനിമ ഉന്നത ബഹുമതിനേടിയതോടെയാണ് പാശ്ചാത്യ സിനിമാലോകം ജാപ്പാനീസ് സിനിമയേ ശ്രദ്ധിച്ചു തുടങ്ങിയത്. ലോകസിനിമയുടെ കുലപതികളിലൊരാളായി പിന്നീട് കുറോസോവ പ്രതിഷ്ഠിക്കപ്പെട്ടത് വളരെ പെട്ടെന്നുമാണ്.

advertisment

News

Super Leaderboard 970x90