രണ്ടാം ലോക മഹായുദ്ധ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ചിത്രമാണ് “ഐവാന്‍സ് ചൈല്‍ഡ് ഹുഡ്”- റഷ്യന്‍ സംവിധായകനായ ആന്ദ്രെ തര്‍ക്കോവ്സ്കിയുടെ ആദ്യ മുഴുനീള ഫീച്ചര്‍ സിനിമയാണിത്. ‘ ഐവന്റെ കുട്ടിക്കാലത്തെ‘ ‘സോഷ്യലിസ്റ്റ് സര്റിയലിസം‘ എന്ന സംജ്ഞ ഉപയോഗിച്ചാണ് സാര്‍ത്ര് പ്രശംസിച്ചത് . ഈ സിനിമയിലൂടെ അതുവരെ പരിചിതമല്ലാതിരുന്ന പുതിയ ഒരു അവതരണ രീതി തര്‍ക്കോവ്സ്കി പരിചയപ്പെടുത്തി. 1960ല്‍ നിര്‍മിച്ച തന്റെ ഡിപ്ലോമ ചിത്രമായ ‘സ്റ്റീംറോളര്‍ ആന്റ് ദ വയലിന്’എന്ന സിനിമയില്‍ ഒരു പന്ത്രണ്ട് വയസ്സുകാരനാണ് നായകന്. സ്റ്റീംറോളര്‍ ഡ്രൈവറാകാന്‍ കൊതിക്കുന്ന അവനും സ്റ്റീംറോളര്‍ ഡ്രൈവറും തമ്മിലുള്ള സൗഹൃദമാണ് ആ സിനിമയുടെ വിഷയം.
ഐവാന്റെ കുട്ടിക്കാലം എന്ന സിനിമയിലും ഒരു പന്ത്രണ്ട് വയസ്സുകാരൻ തന്നെയാണ് നായകന്- ഐവാന്‍. യുദ്ധത്തില്‍ നാസികളുടെ ആക്രമണത്തില്‍ അമ്മയും അച്ഛനും കുഞ്ഞനുജത്തിയും കൊല്ലപ്പെട്ട അനാഥനാണവന്‍. റഷ്യന്‍ പട്ടാളത്തിലെ ചില ഓഫീസര്‍മാരാണ് അവന്റെ രക്ഷകര്‍ത്താക്കള്‍. കേണലായ ഗ്രിയാസ്നോവ് ഐവാന്‍ അച്ഛനേപ്പോലെയാണ്. കിഴക്കന്‍ യുദ്ധ മുന്നണിയില്‍ ജര്‍മന്‍ സഖ്യസേനയുമായി പൊരുതുകയാണവര്‍. ഐവാനെ സ്കൂളിൽ പഠിപ്പിക്കാൻ അയക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ഐവാന്‍ പട്ടാളത്തോടൊപ്പം നാസികളോട് പൊരുതുവാനുള്ള തീരുമാനത്തിലാണ്. അവന്റെ പ്രായത്തിന്റെയും മെലിഞ്ഞുണങ്ങിയ ശരീര പ്രകൃതത്തിന്റെയും ആനുകൂല്യമുപയോഗിച്ച് - ശത്രുപാളയത്തില്‍ നുഴഞ്ഞ്കയറി രഹസ്യങ്ങള്‍ ചോര്‍ത്തുന്ന ചാരപ്പണി ചെയ്യുകയാണവന്‍.
ജര്‍മന്‍ നിയന്ത്രിത പ്രദേശത്തുനിന്നും പട്ടാളക്കാരുടെ കണ്ണുവെട്ടിച്ച്- രാത്രിയിലെ അസ്ഥി മരവിച്ചുപോകുന്ന കൊടും തണുപ്പില്‍ അതിര്‍ത്തിയിലെ ചതുപ്പുനിറഞ്ഞ വനപ്രദേശത്താണ് അവനുള്ളത്. പട്ടാളക്കാര്‍ കാണാതെ സാഹസികമായി , കമ്പിവേലികള്‍ നൂണ് കടന്ന് റഷ്യന്‍ ഔട്ട് പോസ്റ്റിലേക്ക് നീങ്ങുന്ന ഐവാനെ കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്.യുദ്ധത്തിനു മുമ്പുള്ള ഐവന്റെ കുട്ടിക്കാലത്തെ കുറിച്ചുള്ള സൂചനകളായി സ്വപ്നദൃശ്യങ്ങള്‍ സംവിധായകന് കാണീച്ച് തരുന്നുണ്ട്. സന്തോഷത്തിന്റെയും പ്രതീക്ഷയുടേയും പരിസരം. പശ്ചാത്തലത്തില്‍ കുയിലിന്റെ ശബ്ദം. മഞ്ഞുതുള്ളികള്‍ തിളങ്ങുന്ന എട്ടുകാലിവലയ്ക്കപ്പുറം വിടര്‍ന്ന കണ്ണൂകളുള്ള ഐവാന്റെ നിഷ്കളങ്ക മുഖമാണ് ആദ്യ ഫ്രെയിം . ആടിന്റെയും പൂമ്പാറ്റയുടെയും കൂടെ ഉല്ലസിച്ച് കഴിയുന്ന ഐവാന്‍. മരച്ചില്ലകള്ക്കിടയിലൂടെ ഒഴുകി നീങ്ങുകയാണവന്‍. താഴെ നിരത്തിലൂടെ തൊട്ടിയില്‍ വെള്ളവുമായി നടന്നു പോകുന്ന അമ്മയെ അവന് കാണുന്നു. തൊട്ടിയില്‍ മുഖം താഴ്ത്തി വെള്ളം കുടിച്ച്- “അമ്മേ അവിടെ ഒരു കുയിലുണ്ട് ” എന്നു പറയുന്നു. പെട്ടന്ന് അമ്മയുടെ ദൃശ്യം ചരിഞ്ഞ് അപ്രത്യക്ഷമാകുന്നു.
ഉറക്കത്തിൽ നിന്നും ഞെട്ടിയുണരുന്ന ഐവാന്‍ ഉപേക്ഷിക്കപ്പെട്ട കാറ്റാടിമില്ലിലെ ഒളിവിടത്തില്‍ നിന്നു പുറത്തിറങ്ങുന്നതാണ് നമ്മൾ കാണുന്നത്. ഐവാന്‍ ആരാണെന്ന് സംവിധായകന് പറയുന്നില്ല .തണുത്ത് വിറച്ച് ചതുപ്പിലൂടെ തുഴഞ്ഞ് അവശനായ ഐവാനെ ഒരു റഷ്യന്‍ പട്ടാളക്കാരന് പിടികൂടി കമാന്റിങ്ങ് ഓഫീസറുടെ അടുത്തെത്തിച്ചിരിക്കുകയാണ്. എത്ര ചോദിച്ചിട്ടും ആരാണെന്നും എവിടെനിന്നു വരുന്നെന്നും പറയുന്നില്ല . കമാന്റിങ്ങ് ഓഫീസര്‍ ഐവാനേക്കാള്‍ അഞ്ചാറു വയസ്സ് മാത്രം പ്രായക്കൂടുതലുള്ള ഒരു ചെറുപ്പക്കാരനാണ്. ലഫ്റ്റനെന്റ് ഗാല്‍ട്സേവ്. എന്തൊക്കെ ചോദിച്ചിട്ടും ഐവാന്‍ താനാരാണെന്ന് വെളിപ്പെടുത്തുന്നില്ല. പട്ടാളത്തിന്റെ ഹെഡ് ക്വാര്‍ട്ടറില്‍ അവന്റെ രഹസ്യ നാമം പറഞ്ഞ് അവനവിടെ എത്തീട്ടുണ്ടെന്ന് അറിയിക്കാന്‍ ആവശ്യപ്പെടുന്നു. ആദ്യം മടിച്ചുനിന്ന ഓഫീസര്‍ - ഐവാന്റെ നിശ്ചയദാര്‍ഢ്യത്തില്‍- അവസാനം പട്ടാളകേന്ദ്രത്തില്‍ വിളിച്ചറിയിക്കുന്നു. കേണല്‍ ഗ്രിയാസ്നോവ് ഉടന്‍ തന്നെ ഐവാനു വേണ്ട എല്ലാ സൌകര്യങ്ങളും നല്‍കാനും അവന് കൊണ്ടുവന്നിട്ടുള്ള രഹസ്യ വിവരങ്ങള്‍ തനിക്ക് അയച്ചു തരാനും ഉത്തരവിടുന്നു.
ഐവാനെ കൂട്ടിക്കൊണ്ടുവരാനായി ക്യാപ്റ്റന്‍ കോലിനെ അങ്ങോട്ടയക്കുന്നുണ്ടെന്നും അറിയിക്കുന്നു.
ഒരു പട്ടാള ഓഫീസര്‍ക്ക് വേണ്ട സൌകര്യങ്ങളാണ് പിന്നീട് ഐവാന്‍ ലഭിക്കുന്നത്. കുളി കഴിഞ്ഞ് ഭക്ഷണം കഴിച്ചു തുടങ്ങുമ്പോഴേക്കും ഐവാന്‍ തളര്‍ന്ന് മയങ്ങി വീണുപോയിരുന്നു. ഐവാനെ കൊച്ചു കുഞ്ഞിനെ എന്ന പോലെ കൈയില്‍ കോരിയെടുത്ത് ലഫ്റ്റെനന്റ് ഗാല്‍ട്സേവ് കിടക്കയില്‍ കിടത്തുകയാണ്. അപകടകരമായ യുദ്ധമേഖലയിൽനിന്നും സുരക്ഷിതമായിടത്തേക്ക് ഐവാനെ മാറ്റുന്നതിനായൈ ശ്രമം ആരംഭിക്കുന്നു. അവനെ മിലിട്ടറി അക്കാദമിയിൽ ചേർത്ത് പഠിപ്പിക്കാൻ കേണൽ ഗ്രിയാസ്നോവും കൂട്ടരും തീരുമാനിക്കുന്നു. അത് ഇഷ്ടമില്ലാത്ത ഐവാൻ ഒളിച്ചോടുന്നു. യുദ്ധത്തിൽ തകർന്നുതരിപ്പണമായ ഒരിടത്ത് നിന്ന് ഐവാനെ അവർ കണ്ടുപിടിക്കുന്നു. അവൻ സ്വന്തം തീരുമാനങ്ങളിൽ അത്രമാത്രം ഉറച്ചുപോയി എന്നും അതു മാറ്റാനാവാത്തതാണെന്നും അവർ മനസ്സിലാക്കുന്നു. നാസി അധീനതയിലുള്ള ഒരു പ്രദേശത്തേക്ക് നുഴഞ്ഞുകയറാനുള്ള അത്യന്തം അപകടം പിടിച്ച ഒരു ദൗത്യത്തിലാണു പിന്നീടവർ. ആ ശ്രമത്തിനിടയിൽ ഐവാനെ കാണാതാവുന്നു.
യുദ്ധാനന്തര ബെർളിനാണു അവസാനം നമ്മൾ കാണുന്നത്. കുട്ടിത്തം മാറാത്ത പഴയ കമാണ്ടിങ് ഓഫീസർ ഗാൽട്സേവ് - മുറിപ്പാടുകൾ മുഖത്തുള്ള പൌരുഷം നിറഞ്ഞ ഒരു ഓഫീസറാണ് ഇപ്പോൾ. സോവിയറ്റ് സേന ബെർളിനിലെ ഒരു ജയിൽ രേഖകൾ പരിശോധിക്കുകയാണ്. വധശിക്ഷ നടപ്പിലാക്കിയവരുടെ ഫയലുകളിൽ ഐവാന്റെ ചിത്രമദ്ദേഹം തിരിച്ചറിയുന്നു. തൂക്കുകയറുകൾ തൂങ്ങി നിൽക്കുന്ന മരണമുറികളിൽ
ഞാന്നു കിടന്നാടുന്ന ഐവാന്റെ ധീരമുഖം. ഫ്ലാഷ്ബാക്കെന്ന വണ്ണം അലകളിളകുന്ന പുഴക്കരയിലെ പൊടിമണലിൽ അമ്മയുടെ ലോഹതൊട്ടിയിലെ വെള്ളത്തിൽ മുഖം താഴ്ത്തി വെള്ളം കുടിക്കുന്ന ഐവാനെയാണ് നാം പിന്നീട് കാണുന്നത്. ”ഒളിച്ചേ-കണ്ടേ’ കളിക്കുന്ന ഐവാനും കൂട്ടുകാരും. ഉണങ്ങി ദ്രവിച്ച ഒറ്റമരത്തിലാണ് തൊടേണ്ടത്. കളി തുടങ്ങി. ആരേയും കാണാതെ തിരഞ്ഞ് ഓടി നടക്കുകയാണ് ഐവാൻ. പെട്ടന്നാണ് അനിയത്തിയെ കാണുന്നത്. പുറകെ ഓടുന്ന ഐവാൻ അവളെ കടന്ന് മരണ വൃക്ഷത്തിനടുത്തെത്തി തൊടാനായുമ്പോൾ സിനിമ അവസാനിക്കുന്നു.
മാതാപിതാക്കൾ വേറിട്ട് താമസിക്കുന്ന കുടുംബ സാഹചര്യത്തിലായിരുന്നു സംവിധായകൻ തർക്കോവ്സ്കിയുടെ ബാല്യം. അതുകൊണ്ട് തന്നെ ബാല്യത്തിലെ അനാഥത്വം ഇദ്ദേഹത്തിന്റെ പല സിനിമകളിലും പ്രധാന വിഷയങ്ങളിൽ ഒന്നാണ്. ആത്മനിഷ്ഠതയ്ക്ക് സിനിമയിൽ പുതിയ മാനങ്ങൾ കണ്ടെത്തിയ തർക്കോവസ്കിയുടെ 'മിറർ' എന്ന സിനിമയിൽ സംവിധായകന്റെ ബാല്യത്തിന്റെ ആത്മാംശം വളരെ വ്യംഗ്യമായി നമുക്കനുഭവപ്പെടും. “ആന്ദറൂബ്ലോവ് എന്ന സിനിമയിൽ ആ പേരിലുള്ള പ്രശസ്ത ക്രിസ്ത്യൻ ചിത്രകാരന്റെ ആത്മസംഘർഷങ്ങളാണുള്ളത്. ബാല്യകാലത്തിന്റെ നിഷ്കളങ്കമായ അവസ്ഥകളെ ‘ഐവാന്റെ കുട്ടിക്കാല‘ത്തിൽ വിശദമാക്കുന്നത് പലതരം മനുഷ്യരിലൂടെയാണ്. കുട്ടിത്തം മാറാത്ത ഗാൽട്സേവ് എന്ന കമാന്റിംങ് ഓഫീസർ ചാരനായ ഐവാനോട് പറയുന്നുണ്ട്, ''യുദ്ധം കുട്ടികൾക്കുള്ള ഇടമല്ല'' എന്ന്. മാഷ എന്ന നേഴ്സിനെ യുദ്ധമേഖലയിൽ നിന്നും പറഞ്ഞയയ്ക്കുമ്പോൾ അയാൾ പറയുന്നത് ''യുദ്ധം പുരുഷന്മാരുടെ പണി“യാണ് എന്നാണ്.
ക്രിസ്ത്യൻ ആത്മീയതയും മെറ്റാഫിസിക്കൽ തീമുകളും സിംബലുകളും പ്രകടമായി ഉപയോഗിക്കുന്നുണ്ട് ഈ സിനിമയിൽ. ലോങ്ങ് ടേക്കുകളും നാടകീയത നിറഞ്ഞ പരമ്പരാഗത കഥപറച്ചിൽ രീതികളില്ലായ്മയും മനസ്സിലേക്ക് ഒട്ടിച്ചേർക്കപ്പെടും വിധമുള്ള ഛായാഗ്രഹണരീതികളുമൊക്കെ നിറഞ്ഞതാണ് ഇദ്ദേഹത്തിന്റെ എല്ലാ സിനിമകളും. ‘തർക്കോവ്സ്കിയൻ' രീതികളായി നിരവധി മോട്ടിഫുകളും അദ്ദേഹം ഉപയോഗിക്കുന്നതായി കാണാം. ഓർമകൾ, ബാല്യം, ഒഴുകുന്ന - ഇളകുന്ന ജലം, അകത്തളങ്ങളിൽ നിന്നുള്ള മഴക്കാഴ്ചകൾ, പ്രതിബിംബങ്ങൾ - ദീർഘമായ പാനിങ് ക്യാമറ ചലനങ്ങൾക്കിടയിൽ പുനർപ്രവേശം നടത്തുന്ന കഥാപാത്രങ്ങൾ അങ്ങിനെയങ്ങനെ..
ജീവിതത്തെ പ്രതിബിംബം പോലെ, സ്വപ്നം പോലെ പകർത്തുന്ന സിനിമയുടെ സ്വാഭാവിക പ്രകൃതിക്ക് അനുയോജ്യമായ പുതിയ ഭാഷ കണ്ടെത്തിയ തർക്കോവ്സ്കിയാണ് എന്നെ സംബന്ധിച്ച് ഏറ്റവും മഹാനായ സംവിധായകനെന്ന് ബർഗ്മാൻ പ്രശംസിച്ചത് വെറുതെയല്ല. തിരക്കഥാകൃത്തും എഡിറ്ററും സംവിധായകനും എന്നതിലുപരി സിനിമാസൈദ്ധാന്തികനുമാണ് തർക്കോവ്സ്കി, തന്റെ ആശയങ്ങളെ Sculpting of time എന്ന പേരിൽ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ഐവാന്റെ കുട്ടിക്കാലം' വെനീസ് ഫിലിം ഫെസ്റ്റിവലിൽ (1962) ‘ഗോൾഡൻ ലയൺ' പുരസ്കാരം നേടി. 1969ലെ കാൻ ഫെസ്റ്റിവലിൽ ‘ആന്ദറു ബ്ലേവ്' ഫിപ്രസി പുരസ്കാരവും 1968ലെ ഫെസ്റ്റിവലിൽ ‘സോളാരിസ്' എന്ന സിനിമ ഗ്രാന്റ് പ്രിക്സും, സ്പെഷൽ ജൂറി ഫിപ്രസി പുരസ്കാരങ്ങളും നേടിയിരുന്നു. തന്റെ കലാജീവിതവും റഷ്യയിലെ സാഹചര്യങ്ങളും തമ്മിലുള്ള സങ്കർഷങ്ങൾ മൂലം പ്രവാസജീവിതം നയിച്ച അദ്ദേഹം തന്റെ അവസാനചിത്രമായ ‘സാക്രിഫെസ്' സ്വീഡനിലാണ് നിർമിച്ചത്. 53-ാം വയസ്സിൽ അർബുദരോഗബാധിതനായ അദ്ദേഹം പാരീസിൽ മരിച്ചതിന് ശേഷമാണ് 1986ൽ ഈ സിനിമ പുറത്തിറങ്ങിയത്. ഇതിന്റെ പ്രധാന പ്രമേയം മരണവും ഉയിർത്തെഴുന്നേൽപ്പുമാണെന്നത് ഒരു യാദൃച്ഛികതയാവാം.