Health

തലയോട്ടി പൊട്ടിക്കാനും, അപകടകരമായ തുന്നല്‍ പ്രക്രിയ നടത്തുന്നതിനെല്ലാം കൂടെ കൊടുക്കുന്ന ശമ്പളം വെറും 75 രൂപ, പലരും വാക്സിനേഷന്‍ പോലും എടുത്തിട്ടില്ല... മെഡിക്കല്‍ കോളേജുകളിലെ മോര്‍ച്ചറി അറ്റന്‍ഡര്‍മാരുടെ ദുരവസ്ഥ തുറന്നെഴുതി ഡോ വീണ ജെഎസ്

എന്തുകൊണ്ട് ഇവര്‍ സമരങ്ങള്‍ നടത്തുന്നില്ല ? അതിനും ഉണ്ട് അവര്‍ക്കുത്തരം. കണ്ണ് നിറയും കേട്ടാല്‍ ! 'സമരം ചെയ്യേണ്ടത് ആവശ്യമാണ്. പക്ഷേ, മരണം നടന്ന ആളിന്റെ ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ടാവില്ലേ ? കുറച്ച് നേരം വൈകിയാല്‍ അവര്‍ അനുഭവിക്കുന്ന വിഷമത്തിന്റെ ആഴം കൂടും ! നമ്മള്‍ കാരണം എന്തിനാ മരിച്ചവരുടെ ആളുകളെ വീണ്ടും ബുദ്ധിമുട്ടിക്കുന്നത് ?

 തലയോട്ടി പൊട്ടിക്കാനും, അപകടകരമായ തുന്നല്‍ പ്രക്രിയ നടത്തുന്നതിനെല്ലാം കൂടെ കൊടുക്കുന്ന ശമ്പളം വെറും 75 രൂപ, പലരും വാക്സിനേഷന്‍ പോലും എടുത്തിട്ടില്ല... മെഡിക്കല്‍ കോളേജുകളിലെ മോര്‍ച്ചറി അറ്റന്‍ഡര്‍മാരുടെ ദുരവസ്ഥ തുറന്നെഴുതി ഡോ വീണ ജെഎസ്

ഞാന്‍ Dr Veena JS

Forensic medicineല്‍ PG വിദ്യാര്‍ത്ഥിനി. വര്‍ഷങ്ങളായി എനിക്ക് നേരിട്ട് അറിയുന്ന ചില മോര്‍ച്ചറി അറ്റന്‍ഡര്‍മാരുടെ ബുദ്ധിമുട്ടുകളെകുറിച്ചാണ് ഞാന്‍ എഴുതാന്‍ പോകുന്നത്. ഇതിലെ ഓരോ സംഭവങ്ങളും സത്യമാണ്. ദയവു ചെയ്തു അന്വേഷിക്കുക. ഡോക്ടര്‍മാര്‍ അന്വേഷണഅംഗങ്ങള്‍ ആയിട്ട് യാതൊരു കാര്യവും ഇല്ലാ. ഗവണ്മെന്റ് നേരിട്ട് നടത്തുന്ന അന്വേഷണത്തില്‍ മാത്രമേ അറ്റന്‍ഡര്‍മാര്‍ തങ്ങളുടെ ബുദ്ധിമുട്ടുകള്‍ തുറന്നു പറയുള്ളൂ. ദീര്‍ഘനാളുകളായി തങ്ങളുടെ അടിസ്ഥാനമനുഷ്യാവകാശങ്ങളും, തൊഴിലിടങ്ങളിലെ അവകാശങ്ങളും ഹനിക്കപ്പെടുകയും, അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുന്ന ഓരോ നിമിഷവും ശകാരവര്‍ഷങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യേണ്ടിവരുന്ന അവസ്ഥയായതിനാല്‍, ഗവണ്മെന്റ് നേരിട്ട് നടത്തുന്ന അന്വേഷണമല്ലാതെ മറ്റൊന്നും ഇവര്‍ക്ക് സ്വീകാര്യമല്ല എന്ന് വേണം മനസ്സിലാക്കാന്‍. അധികാരത്തിലിരിക്കുന്ന ഒരാളെയും ബുദ്ധിമുട്ടിക്കാന്‍ വേണ്ടിയല്ല ഇതെഴുതുന്നത്. ഒരു മാറ്റം ഉണ്ടാവണം ഇവരുടെ ജീവിതത്തിനു. അതിനുവേണ്ടി മാത്രമാണ്.

പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ദശാബ്ദങ്ങളായി കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം പ്രവര്‍ത്തിക്കുന്നു. എന്നിട്ടും ഇതുവരെ മോര്‍ച്ചറി അറ്റന്‍ഡര്‍ എന്നൊരു പോസ്റ്റ് സൃഷ്ട്ടിക്കാന്‍ ആയിട്ടില്ല ! ( താല്പര്യപൂര്‍വം മാത്രം ചെയ്യേണ്ട ജോലിയാണ് മോര്‍ച്ചറിയിലേത് !)

ഗ്രേഡ് ll അറ്റന്‍ഡര്‍ തസ്തികയിലുള്ളവരെ ഈ വിഭാഗത്തിലോട്ട് മാറ്റിയാണ് മോര്‍ച്ചറി കൊണ്ടുപോകുന്നത്. എന്നാല്‍, ഇത്രയും ഗൗരവതരമായ, അപകടകരമായ ഈ ജോലിചെയ്യാന്‍ ഉള്ള യാതൊരു വിധ ട്രെയിനിങ്ങും ഇന്നേ വരെ ഇവര്‍ക്ക് ലഭിച്ചിട്ടില്ല. പലരും വര്‍ഷങ്ങളായി മോര്‍ച്ചറിയില്‍ തുടരുന്നു. അണുവിമുക്തമാക്കാത്ത ഉപകരണങ്ങള്‍കൊണ്ട് മുറിവേറ്റാല്‍ എന്തുചെയ്യണമെന്നും എന്തൊക്കെ സേവനങ്ങള്‍ ലഭ്യമാക്കണമെന്നും കൃത്യമായ പ്രോട്ടോകോള്‍ ഉള്ള മെഡിക്കല്‍ കോളേജുകളില്‍ മോര്‍ച്ചറി അറ്റന്ററായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രം യാതൊരുവിധ ട്രെയിനിങ്ങും സഹായവും ലഭിക്കുന്നില്ല. പലരും വാക്സിനേഷന്‍ പോലും എടുത്തിട്ടില്ല ! അതിന് പോലും ഒരു പ്രോട്ടോകോള്‍ ഇവിടെയില്ലേ ? ആരാണ് ഇതേക്കുറിച്ചു ബോധവല്‍ക്കരണം നടത്തി, വാക്സിനേഷന്‍ നിര്‍ബന്ധിതമാക്കേണ്ടത് ?? :( വര്‍ഷങ്ങളായുള്ള വഞ്ചനയല്ലേ ഇത് ? ഇതേപ്പറ്റി ചോദിച്ചപ്പോള്‍ മോര്‍ച്ചറിയില്‍ അറ്റന്‍ഡറായ ഒരാളുടെ ഉത്തരം ഇങ്ങനെ !

'ഇവിടെ ജീവിക്കാന്‍ വലിയ പാടാണ് ! സ്ഥലം മാറ്റം പോലും കിട്ടുന്നില്ല' മോര്‍ച്ചറിയില്‍ എന്തൊക്കെ ജോലികള്‍ അറ്റന്‍ഡര്‍ ചെയ്യുന്നു ? ഭാരമുള്ള മൃതദേഹം കോള്‍ഡ് ചേംബറില്‍ നിന്നും പുറത്തെടുത്തു ട്രോളിയില്‍ ഇടുക, അതു വലിച്ചുകൊണ്ടുവന്ന് തൂക്കം നോക്കുന്ന തട്ടിലേക്കിടുക, അവിടെ നിന്നും വീണ്ടും ട്രോളിയില്‍ ഇട്ടു പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടക്കുന്ന ടേബിളിലോട്ട് എടുത്തിടുക, ശരീരം തുറക്കാന്‍ ഡോക്ടറെ സഹായിക്കുക, പിടിപോലും ഇല്ലാത്ത വാള്‍ കൊണ്ട് തലയോട്ടി പൊട്ടിക്കുക :(, ശേഷം സൂചികൊണ്ട് അപകടകരമായ തുന്നല്‍ പ്രക്രിയ, ശരീരം കുളിപ്പിച്ച് വൃത്തിയാക്കി മുണ്ടുടുപ്പിച്ചു പുതപ്പിച്ചു വീണ്ടും ട്രോളിയിലോട്ട് എടുത്തുമാറ്റി ബന്ധുക്കള്‍ക്ക് കൊടുക്കുക. ഒരു മൃതദേഹത്തിന് ചെയ്യുന്ന ഇതിനെല്ലാത്തിനും കൂടെ ഇവര്‍ക്ക് കിട്ടുന്ന കൂലി 75രൂപ :( ( ഒരു മൃതശരീരപരിശോധനക്ക് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് ഡോക്ടര്‍ക്ക് 600രൂപയും, മറ്റു സര്‍ക്കാര്‍ ആശുപത്രികളില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് 1000 രൂപയും ലഭിക്കുമ്പോള്‍ അതിന്റെ മൂന്നില്‍ ഒന്ന് പോലും ഇവര്‍ക്ക് കിട്ടുന്നില്ല :( )ഈ തുക കൂട്ടാന്‍ എണ്ണമില്ലാത്തത്ര അവസരങ്ങളില്‍ അധികാരികളോട് ഇവര്‍ ആവശ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു ! കോട്ടണ്‍ ഏപ്രണിന്റെ മുകളില്‍ പ്ലാസ്റ്റിക് ഏപ്രണ്‍ ഇടാറുണ്ട്. പക്ഷേ, അത് കൈകള്‍ ഇല്ലാത്തതാണ് ! മൃതദേഹത്തിനുള്ളിലൊക്കെ കൈ ഇടുമ്പോഴേക്കും കോട്ടണ്‍ ഏപ്രണ്‍ രക്തത്തില്‍ നനയും :(നിരന്തരമായ ട്രൈനിംഗുകളുടെ അഭാവം/അതുണ്ടാക്കുന്ന പ്രോല്‌സാഹനം ഇല്ലായ്മ എന്നിവ സുരക്ഷിതമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനുള്ള വിമുഖതയിലേക്ക് നയിക്കുന്നു ! ടിബി വന്ന ജോലിക്കാരും ഉണ്ട് :(ഇതിനെല്ലാം പുറമേ, മോര്‍ച്ചറി മുഴുവന്‍ വൃത്തിയാക്കുക, ഡോക്ടര്‍മാര്‍ ഇരിക്കുന്ന മോര്‍ച്ചറിയിലെ റൂമും ടോയ്ലെറ്റുകളും വൃത്തിയാക്കുക, അലക്കാനുള്ള ഏപ്രണുകള്‍ അതിനുവേണ്ടിയുള്ള സ്ഥലത്തെത്തിക്കുക, അലക്കിയ തുണികള്‍ തിരിച്ചെടുക്കുക. ചില ദിവസങ്ങളില്‍ ഡിപ്പാര്‍ട്‌മെന്റ് ഡ്യൂട്ടി.

നാട്ടിലൊരു ഡെങ്കിപനി മരണം സ്ഥിരീകരിച്ചാല്‍ ഉടനെ നാലുപാടേക്കും പടകളെ അയക്കുന്ന COMMUNITY MEDICINE വിഭാഗവും, MICROBIOLOGY വിഭാഗവും മോര്‍ച്ചറിയില്‍ മാത്രം ഇന്നേ വരെ ഒരു പഠനം പോലും നടത്തിയിട്ടില്ല. മോര്‍ച്ചറി അറ്റന്‍ഡര്‍മാര്‍ക്കു ഗവണ്മെന്റ് ആകെ നല്‍കുന്ന ആനുകൂല്യം വര്‍ഷത്തില്‍ ഒരിക്കല്‍ നല്‍കുന്ന ഒരുജോഡി റബ്ബര്‍ സ്ലിപ്പര്‍ ചെരിപ്പുകളാണ്. ഏത് രാജ്യത്തേക്കു വിദേശയാത്ര പോകാനാണോ എന്തോ ഈ ചെരിപ്പുകള്‍  ബൂട്ടുകള്‍ ആണ് അവര്‍ക്കു വേണ്ടത്. മുട്ടുവരെ മൂടുന്ന ബൂട്ടുകള്‍ കൊടുക്കണം അവര്‍ക്ക്. അവ വൃത്തിയാക്കാനുള്ള സാഹചര്യം ഉണ്ടാവണം. (പുതിയ മോര്‍ച്ചറി തുടങ്ങുമ്പോള്‍ എല്ലാം ശെരിയാവും എന്ന പല്ലവി കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി ഹേ !)

പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞശേഷം ശരീരം തുന്നാന്‍ ഇന്നും അവര്‍ക്കു ലഭിക്കുന്നത് അരിവാള്‌പോലെ വളഞ്ഞ സൂചി ! Suturing പഠിച്ചവരോ ട്രെയിനിങ് കിട്ടിയവരോ അല്ലാത്ത സാഹചര്യത്തില്‍, ഈ സൂചി മെറ്റല്‍കൊണ്ട് അടിച്ചു നിവര്‍ത്തി നേരെയാക്കിയാണ് അവര്‍ മൃതശരീരങ്ങള്‍ ഇന്നും തുന്നിക്കൊണ്ടിരിക്കുന്നത് ! രക്തവും വെള്ളവും കലര്‍ന്ന വെള്ളം കൃത്യമായ ഇടവേളകളില്‍ കഴുകി മാറ്റാന്‍ നാളിതുവരെ ആയിട്ടും ഒരു machine ഇല്ലാ മോര്‍ച്ചറികളില്‍ ! ചൂലുകൊണ്ടും കൈകൊണ്ടും ഒക്കെയാണ് എല്ലാ ജോലിയും ! പലപ്പോഴും ഈ വെള്ളത്തില്‍ തെന്നിവീണ്, ഭാഗ്യത്തിന് രക്ഷപ്പെട്ടവര്‍ അനവധി. ലഭ്യമാകുന്ന അണുനശീകരണ ലായനികളും സോപ്പുകളും ആവശ്യത്തിന് തികയുന്നുമില്ല.  :(ആകെ നാലോ അഞ്ചോ അറ്റന്‍ഡര്‍മാരെ വെച്ചാണ് മെഡിക്കല്‍ കോളേജുകളില്‍ മോര്‍ച്ചറി നടത്തുന്നത്. വര്‍ഷം മൂവായിരത്തിലധികം കേസുകള്‍ വരെ വരുന്ന അവസ്ഥയിലാണിത് ! മോര്‍ച്ചറി അറ്റന്‍ഡര്‍മാര്‍ക്കു വര്‍ഷം ഇരുപത് casual ലീവുകള്‍ മാത്രമേ ഉള്ളൂ. ഇരുപത്തിരണ്ട് compensatory ഓഫുകള്‍ കൂടെ ആവാം. പക്ഷേ, അഞ്ചുപേര്‍ മാത്രം ഉള്ള സാഹചര്യം വരുമ്പോള്‍ ലഭ്യമായ ഈ ലീവുകള്‍ പോലും എടുക്കാന്‍ കഴിയാതെ വരുന്നു ! മോര്‍ച്ചറിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് 'നിര്‍ബന്ധിത ഒഴിവു ദിനങ്ങള്‍' ലഭ്യമാക്കേണ്ടത് സ്റ്റേറ്റിന്റെ കടമയാണ്. പല രാജ്യങ്ങളും ഇത് നടപ്പിലാക്കുന്നുണ്ട് !

പത്രപ്രവര്‍ത്തകര്‍ക്കാണെങ്കില്‍, മോര്‍ച്ചറി ജീവനക്കാരുടെ 'മനക്കരുത്തിനെ' അല്ലെങ്കില്‍ 'മാനസികവ്യാപാരങ്ങള്‍' സംബന്ധിച്ച പഠനങ്ങള്‍ മാത്രം മതീത്രെ ! നാടിനെ കൊടുമ്പിരി കൊള്ളിച്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മോര്‍ച്ചറിയില്‍ വരുമ്പോഴെങ്കിലും, നിങ്ങളില്‍ ആരെങ്കിലും ഇവരുടെ uniform ഒന്നു ശ്രദ്ധിച്ചിട്ടുണ്ടോ ? കീറിപ്പറിഞ്ഞ ഏപ്രണും, ആ ഏപ്രണിന്റെ കൈഭാഗത്തു പറ്റിപ്പിടിച്ച രക്തവും, പിന്നെ ചെരിപ്പുകളും എന്നെങ്കിലും നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ ? ഇനിയും വൈകരുത് !

മനുഷ്യാവകാശ കമ്മീഷന്‍ നേരിട്ട് കേസെടുക്കേണ്ട കാര്യമാണിത് !, ഒരു കോപ്പി അങ്ങോട്ടയക്കുന്നു.

എന്തുകൊണ്ട് ഇവര്‍ സമരങ്ങള്‍ നടത്തുന്നില്ല ? അതിനും ഉണ്ട് അവര്‍ക്കുത്തരം. കണ്ണ് നിറയും കേട്ടാല്‍ ! 'സമരം ചെയ്യേണ്ടത് ആവശ്യമാണ്. പക്ഷേ, മരണം നടന്ന ആളിന്റെ ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ടാവില്ലേ ? കുറച്ച് നേരം വൈകിയാല്‍ അവര്‍ അനുഭവിക്കുന്ന വിഷമത്തിന്റെ ആഴം കൂടും ! നമ്മള്‍ കാരണം എന്തിനാ മരിച്ചവരുടെ ആളുകളെ വീണ്ടും ബുദ്ധിമുട്ടിക്കുന്നത് ????'

advertisment

Related News

    Super Leaderboard 970x90