പൂ ചൂടിയ സമരം.... പൂത്തുലഞ്ഞ സമരം... തീപ്പന്തമായി കത്തിയ പെൺസമരങ്ങൾ...!! വനജ വാസുദേവ്

ശാന്തമായ കടൽ പോലെ, ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ലാവകളെ ഗർഭത്തിൽ ചുമക്കുന്ന അഗ്നിപർവ്വതങ്ങളുടെ മനോഹാരിത പോലെയാണ് ഓരോ പെൺമനസ്സും. എന്നാണ് നമ്മൾ നമ്മളെ തിരിച്ചറിയുന്നത് ? തിരിച്ചറിയുന്നവർക്കൊപ്പം നിൽക്കുന്നത്? കല്ലേറ് കിട്ടുന്ന സമൂഹത്തിലൂടെ ദേ ഇവരെപ്പോലെ തലയുയർത്തി നടക്കാൻ എന്ന് തയാറാകുന്നുവോ അന്ന് മുതൽ നമ്മളും ശക്തരാകും. മാറ്റങ്ങൾ തുടങ്ങേണ്ടത് സമൂഹത്തിൽ നിന്നോ മറ്റുള്ളവരിലോ അല്ല. മറിച്ചു നമ്മളിൽ നിന്നാണ്. ഓരോ പെണ്ണും ഓരോ യോദ്ധാവാണ്....

പൂ ചൂടിയ സമരം.... പൂത്തുലഞ്ഞ സമരം... തീപ്പന്തമായി കത്തിയ പെൺസമരങ്ങൾ...!! വനജ വാസുദേവ്

മുട്ടറ്റം പുല്ലും, തൊട്ടാവാടിയും തിങ്ങിയ കുറ്റികാട്ടിലൂടെ ആയാസപ്പെട്ട് ചാടി കടന്നു പോകുന്നതിലും വലിയ സാഹസമായിരുന്നു ഞായറാഴ്ച മാമന്റെ വീട്ടിൽ ഇരുന്നു ടീവി കാണുമ്പോൾ ഇടയ്ക്കു പരസ്യത്തിലേക്കു അലറി വിളിച്ചു വള്ളിയിൽ തൂങ്ങിയാടുന്ന ലിറിൽ സോപ്പിട്ട് കുളിക്കുന്ന പ്രീതി സിന്റാ. സുമോഗുസ്തിക്കാരുടെ കൂട്ട് അലറി വിളിച്ചു വള്ളിയിൽ തൂങ്ങി വെള്ളച്ചാട്ടത്തിലേക്ക് എടുത്തു ചാടി അറഞ്ചം പുറഞ്ചം സോപ്പ് തേച്ചു ബിക്കിനിയിൽ കുളിച്ചു പ്രീതി സിന്റ പോകുമ്പോൾ ടിവിയിരിക്കുന്ന മുറിയിൽ അതി ഭയങ്കര നിശബ്ദത ബാക്കിയാകും. ആദ്യ ദിവസം മാത്രമേ വൃത്തിയായി ഞങ്ങൾ ഈ പരസ്യം കണ്ടിരുന്നുള്ളൂ. അടുത്ത ആഴ്ച മുതൽ പ്രീതി വെള്ളത്തിലേക്കും, "എന്ത് കൂത്ത് കാണാനാണ് ഇരിക്കുന്നത് " എന്ന വാക് മാമന്റെ വായിൽ നിന്നും, വീടിന്റെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മാമൻ ഒഴികെ ബാക്കി എല്ലാവരും പുറത്തേക്കും ചാടും.

പുറത്തു ചാടിയ ഞങ്ങൾ പറമ്പിലെ കപ്ലങ്ങാ മരത്തിനടിയിലും, കപ്പയുടെ തണ്ടിലെ ഇലകൾ അടർത്തി വിറ്റും, മരപ്പുരയിലേക്കു ഒരു ആവശ്യവും ഇല്ലാതെ പോയും - പാട്ടും പ്രീതിയുടെ അലർച്ചയും മാത്രം കേട്ടു തൃപ്തിയടയും. ഇടവപ്പാതി പെയ്തു തോർന്ന പോലെ പരസ്യം അവസാനിക്കുമ്പോൾ ദീപാരാധന കഴിഞ്ഞു നട തുറന്നു തൊഴാനെത്തുന്ന ഭക്തരെ പോലെ ഞങ്ങൾ അകത്തു കടക്കും. അങ്ങനെ ലിറിൽ തേച്ചു കുളിക്കുന്ന പ്രീതി സിന്റ മാമൻ ഒഴികെ മറ്റെല്ലാവർക്കും കിട്ടാക്കനിയായി. ഓരോ പുറത്തേക്കുള്ള ചാട്ടത്തിലും ഞാൻ വിചാരിക്കാറുണ്ട് ഈ കുളിക്കുന്നതും ഒരു പെണ്ണല്ലേ . പിന്നെന്തിനാണ് ഈ പെണ്ണുങ്ങളും പുറത്തേക്കു പോകുന്നത്. പുറത്തേക്കിറങ്ങാൻ ഏറ്റവും യോഗ്യൻ മാമൻ അല്ലേ എന്ന്.

പീരങ്കിയിൽ നിന്നും പോകുന്ന വെടിയുണ്ട പോലെ രീതിയിൽ പുറത്തേക്ക് തെറിപ്പിച്ച ഒരു പാട്ടുണ്ടായിരുന്നു സ്ഫടികത്തിലെ "ഏഴിമല പൂഞ്ചോല ...". അതിലെ സിൽക്കിനെ കൊതി തീരെ കണ്ടിരിക്കാൻ പിന്നെയും വർഷങ്ങൾ എടുത്തു. ഇഷ്ടം തോന്നിയ ഈ പെണ്ണുങ്ങളെയൊക്കെ ഒളിഞ്ഞും പാത്തും നോക്കിയിരിക്കുമ്പോഴും ഒരു വലിയ ചോദ്യം ഉണ്ടായിരുന്നു "എന്തിനാണ് ഇവരെ കാണുന്നതിന് വിലക്ക് തരുന്നത്. ഞങ്ങളെ പോലെ അല്ലെ അവരും. പക്ഷെ യാഥാസ്‌തിതികയുടെ വലിയൊരു ചങ്ങല ഭാരം ഉള്ളതിനാൽ വലുതായി തല പുകയ്ക്കാനും പോയില്ല. പിന്നീട് വളർന്നു വന്നപ്പോൾ വായനയുടെ ലോകം വിശാലമായപ്പോൾ ആദ്യം തിരഞ്ഞതും കുറച്ചു ഇട്ടാൽ പൊട്ടിത്തെറിക്കുന്ന ചില "കടുക് മണി പെണ്ണുങ്ങളെ " ആയിരുന്നു. തലയുയർത്തി ചരിത്രത്തിലേക്ക് നടന്നു കയറിയ ഈ കടുക് മണി പെണ്ണുങ്ങൾ കണ്ണിലൂടെ കടന്ന് ഹൃദയത്തിലേക് ഇരുപ്പുറപ്പിച്ചത് എന്ത് പെട്ടെന്നാണ്. ആദ്യമായി മനസ്സ് തുറന്നു ഒരു പെണ്ണിനെ വായിക്കുന്നതും അതി തീവ്ര ആരാധന തോന്നുന്നതും 2001 ൽ ഒരു വെടിയൊച്ചയുടെ അറ്റത്തു പൊലിഞ്ഞു പോയ തീപ്പൊരി നക്ഷത്രം - Bandit Queen ഫുലെൻ ദേവിയോടാണ്. കഠിനമായ അദ്ധ്വാനത്തിനു പാതി കൂലി തന്നവരോട് കയർത്തു സംസാരിച്ച പെണ്ണിനെ ക്രൂരമായി ബലാത്‌സംഗം ചെയ്യുക, നഗ്നയാക്കി ഗ്രാമത്തിലൂടെ നടത്തുക, യോനിയിൽ ലാത്തി ഇടിച്ചിറക്കിയും, മാറിടം ഞെരിച്ചും അങ്ങേ അറ്റം അപമാനിക്കുക, തണുത്ത ജയിൽ തറയിൽ ഉറങ്ങാതെ മനസ്സിൽ പകയുടെ കനൽ നീറ്റിയെടുക്കുക, ജയിൽ നിന്നും പുറത്തേക്കിറങ്ങി തന്നെ അപമാനിച്ച 13 എണ്ണത്തിന്റെ വൃഷണങ്ങൾ ഛേദിക്കുക, ധനികരുടെയും ഭൂഉടമകളുടെയും വീടുകൾ കയറി കൊള്ളയടിച്ചു പാവങ്ങൾക്ക് വീതിച്ചു കൊടുക്കുക, പെണ്ണിനെ അപമാനിക്കുന്നവന്മാരുടെ വൃഷണങ്ങൾ അരിയുക .... ഫുലൻ !!!!!! തൊട്ടാൽ പൊള്ളുന്ന ആണൊരുത്തി ആയവൾ...

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ കൊച്ചി രാജ്യത്തെ വലിയ ഒച്ചപ്പാടിന് ഇടവരുത്തിയ കുറിയേടത്തു താത്രി സ്മാർത്ത വിചാരം മുതലിങ്ങോട്ട് എത്ര എത്ര. തനിക്കൊപ്പം വ്യഭിചാര വൃത്തിയിൽ ഒപ്പമുണ്ടായിരുന്ന അറുപത്തി നാല് ആണുങ്ങളെയും സമുദായത്തിന് പുറത്താക്കി താത്രി നടന്നു കയറിയത് ചരിത്രത്തിലേക്കായിരുന്നു. തെക്കൻ തിരുവിതാം കൂറിലെ നായർ ചട്ടമ്പികളെ വെല്ലു വിളിച്ചുകൊണ്ടു കുപ്പായവും മേൽവസ്ത്രവും ധരിക്കാൻ തയാറായ ചാന്നാർ സ്ത്രീകൾ, അയ്യൻകാളിയുടെ ആഘനം കേട്ട് കല്ലയും, മാലയും പൊട്ടിച്ചെറിഞ്ഞ പുലയ സ്ത്രീകൾ, ജാതി കോയ്മയിലെ പുരുഷാധിപത്യത്തോടു പോരടിച്ചതിൽ ഏറെയും സ്ത്രീകൾ ഉണ്ടായിരുന്നു. സ്ത്രീകളുടെ പോരാട്ട വീര്യം ഏറെയറിഞ്ഞ വിമോചന സമര കാലത്തു അടുക്കളയിൽ നിന്ന് പുറത്തേക്കു വന്നു കൈക്കുഞ്ഞുമായി ജയിലിലേക്ക് നടന്ന് പോയ വനിതകൾ ഏറെയായിരുന്നു. 1956 കാലത്തു കേരളത്തിന്റെ പലഭാഗത്തും വലിയ പ്രകടനങ്ങളും പിക്കറ്റിങ്ങും സ്ത്രീകൾ നടത്തി. സമരക്കാരുടെ കണക്കുകൾ അനുസരിച്ചു ജയിലിലേക്ക് പോയ സ്ത്രീകളുടെ എണ്ണം മാത്രം 4000 ആയിരുന്നു. ബ്രാഹ്മണ്യത്തിന്റെ ഇരുട്ടടയിൽ അബലകളായും, നിശ്ശബ്ദരാക്കിയും, നെടുവീർപ്പിട്ടും ഒതുങ്ങി നിന്ന അന്തർജനങ്ങൾക്കു നാവും സ്വരവും കൊടുത്തു വിട്ടിയും ഇ.എം.എസ് രംഗത്ത് വരുന്ന നാളിലായിരുന്നു ഭ്രാഹ്മണ്യത്തിന്റെ അനാചാരങ്ങൾക്കെതിരെയും, നമ്പൂതിരി സ്ത്രീകൾക്ക് മറ്റു സ്ത്രീകളെ പോലെ ജീവിക്കുന്നതിൽ അവസരം സൃഷ്ടിക്കാൻ പ്രധാന പങ്കു വഹിച്ചുകൊണ്ട് പാർവതി നേമിനി മംഗളത്തിന്റെ കടന്ന് വരവ്. നമ്പൂതിരി ബില്ലിനെക്കുറിച്ചു ഉപദേശം നൽകാൻ കൊച്ചി നിയമ സഭയിൽ പ്രത്യേക പ്രതി നിധിയായി പോയതും പെൺപോരാട്ടത്തിന്റെ അഗ്നിശോഭയിൽ നവോഥാന ചരിത്രത്തിൽ മായാമുദ്ര പതിപ്പിച്ച ഈ സ്ത്രീ ആയിരുന്നു.

അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കും എതിരെയുള്ള ബോധവത്കരണ ക്‌ളാസ്സുകളിലൂടെയും സമ്മേളനങ്ങളുടെയും സംഘാടനം വഹിച്ചും, വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചും തൊഴിൽ പരിശീലനം നടത്തിയും, ലേഖനമെഴുതിയും, പ്രസംഗിച്ചും മാറ്റം അംഗീകരിക്കാതെ ഉറച്ചു ഇന്ന യാഥാസ്ഥിതിക മനസ്സുകളെ മറികടന്നു ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളിലൂടെ മുസ്ലിം സ്ത്രീ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഒരുകൂട്ടം തട്ടമിട്ട മൈലാഞ്ചി കൈകൾ ആയിരുന്നു. ഹലീമാ ബീവി, മുത്ത് ബീവി, കുഞ്ഞാച്ചുമ്മ, അയിഷുമ്മ, മറിയം ബീവി മരിക്കാർ, മൈതീൻ ബീവി, ആയിഷ മായൻ റഊഫ്, ബി.എസ്. സൈദ, നാസിയാബി, തങ്കമ്മ മാലിക്, പി. കെ .സുബൈദാ, പി.ജി .ഖദീജ, എ . സൈനബ സുല്ലമിയ, രാജമ്മ യൂസിഫ്, ബീഗം ഖനീഫാ , മിസിസ്സ് ആർ. എസ് .ഹുസൈൻ, വി .എസ് .കാസിംബി, മിസ്ത്രസ്സ് , വി.പി.സഫിയ, ബി.എസ്സ്. സൈറാ ബീവി , റാബിയ, കുഞ്ഞീരുമ്മ ടീച്ചർ, തുടങ്ങിയവർ. സ്ത്രീകളെ അടിച്ചമർത്തുന്ന സാമുഖ്യ ഘടനയെയും പൗരോഹിത്യ ചൂഷണങ്ങളെയും തെറ്റായ പുരുഷാധിപത്യ പ്രവണതകളെയും അവർ നിരാകരിച്ചു, ഇസ്ളാം സ്ത്രീകൾക്ക് നൽകിയ അധികാര അവകാശങ്ങൾ ചോദിച്ചു വാങ്ങാൻ ധൈര്യം കാണിച്ചു . സ്ത്രീകൾ ഒരുമിച്ചു കൂടി സംഘടനകൾ രൂപീകരിച്ചു. സാമുഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളികളായി . വിദ്യാലയങ്ങൾ കെട്ടിപ്പടുക്കുവാൻ പരിശ്രമിച്ചു. കൊക്ക കോളയെന്ന ബഹുരാഷ്ട്ര കമ്പനി മുട്ട് മടക്കിയത് മയിലമ്മ എന്ന ആദിവാസി സ്ത്രീയ്ക്ക് മുന്നിലാണ്. കേരളം ചരിത്രത്തിലെ ഏറ്റവും നീണ്ട സമരം നടത്തിയ സമര നായികയെ തേടി ഔട്ട് ലുക്ക് മാഗസിൻ ഏർപ്പടുത്തിയ "സ്പീക്ക് ഔട്ട് പുരസ്കാരവും, സ്ത്രീ ശാക്തീകരണ ട്രസ്റ്റിന്റെ സ്ത്രീ ശക്തി പുരസ്കാരവും തേടിയെത്തി. തലമുറകളായി കൃഷി ചെയ്തു വന്നിരുന്ന ഭൂമിയാണെങ്കിലും അത് സംബന്ധിച്ചുരേഖകൾ കയ്യിലില്ലാത്തതിനാൽ നാട്ടുകാർ ആദിവാസികളുടെ കയ്യിൽ നിന്നും ഭൂമി നാട്ടുകാർ തട്ടിയെടുത്തിരുന്ന കാലത്തു വയനാട് കല്ലൂർ വയലിൽ പാറ്റാമുരത്തി എന്ന പണിയ സ്ത്രീയുടെ സമര കഥ ആരെയും അതിശയിപ്പിക്കും.

കൃഷി ചെയ്ത തന്റെ വയൽ നാട്ടുകാരാണ് വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്തപ്പോൾ, രാഷ്ട്രീയ അധികാര മർദ്ദന സമ്മർദ്ദങ്ങൾക്ക് മുന്നിൽ മുട്ട് മടക്കാതെ പൊരുതി വിജയിച്ച ധീര വനിതാ. പിന്നീടിങ്ങോട്ട് വന്ന ചെറുത് നിൽപ്പിന്റെ വേരാണ്ട് പോയ നിൽപ്പ് സമരത്തിന്റെ നായിക സി.കെ.ജാനു. ചെങ്ങറ ഭൂ സമരത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖയായ സെലീന പ്രക്കാനം മുതലിങ്ങോട്ട് എത്ര പേർ .... ‘കൊളുന്തുകുട്ട എടുപ്പതു നാങ്കള് പണക്കുട്ട അമുക്കുതു നീങ്കള്'. ‘അപ്പാ അപ്പാ കരിയപ്പാ കൊള്ളയടിത്ത പണം എവിടപ്പാ?'... ‘പൊട്ട ലയങ്ങൾ നാങ്കൾക്ക് എസി ബംഗ്ളാ ഉങ്കൾക്ക്'...‘തമിഴ് മീഡിയം നാങ്കൾക്ക് ഇംഗ്ളീഷ് മീഡിയം ഉങ്കൾക്ക..... ‘കുട്ടതൊപ്പി നാങ്കൾക്ക് കോട്ടും സൂട്ടും ഉങ്കൾക്ക്'.....‘ചിക്കൻ, ദോശ ഉങ്കൾക്ക് കാടി കഞ്ഞി നാങ്കൾക്ക്‘..... ‘പണിയെടുക്കുവത് നാങ്കളെ് പണം കൊയ്‌വത് നീങ്കള്'..... " പൂ ചൂടിയ സമരം.. പൂത്തുലഞ്ഞ സമരം..ഉയർന്ന പെണ്ശബ്ദങ്ങൾ തീപ്പന്തമായി കത്തിയ സമരം.. അതായിരുന്നു മൂന്നാർ തേയില തോട്ടത്തിലെ സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മയായ പെമ്പിള ഒരുമൈ നടത്തിയ സമരം, കേരളം സ്ത്രീ സമര ചരിത്രത്തിന്റെ നാഴികക്കല്ലുകളിൽ ഒന്ന് . ദീർഘ കാലമായി മാനേജ്മെന്റ് നടത്തുന്ന ചൂഷണത്തിനും, മുതലെടുപ്പിനും, വിവേചനത്തിനും വിധേയരായി ക്ഷേമ നശിച്ച തോട്ടം തൊഴിലാളികൾ കെ.ഡി.എച്.പി കമ്പനിയിലെ സ്ത്രീയെ തൊഴിലാളികൾ അനിശ്ചിത കാല സമരം തുടങ്ങി ലക്ഷ്യം നേടുകയും, വിദ്യാഭ്യാസമോ പരിഷ്കാരമോ ഇല്ലാത്ത 4600 സ്ത്രീ തൊഴിലാളികൾ കേരളം സ്ത്രീകൾക്ക് അഭിമാനവും മാതൃകയും ആയി തീരുകയും ചെയ്തു. ഇനി ചില ഒറ്റയാൾ പെൺപോരാളികളെ പരിചയപ്പെടാം...

ദളിത് യുവാവിനെ സ്നേഹിച്ചു വിവാഹം ചെയ്തു എന്ന കുറ്റത്തിന് മധുവിധു കാലത്തു തന്നെ ഭർത്താവിനെ നഷ്ടമാകുകയും കാരണക്കാരായ പിതാവടക്കം ആറുപേർ നിയമത്തിനു മുന്നിൽ കൊണ്ടുവരികയും, ദുരഭിമാന കൊലയ്‌ക്കെതിരെ നിയമം കൊണ്ടുവരാൻ യുദ്ധം ചെയ്യുകയും ചെയ്യുന്ന തമിഴ് നാട്ടുകാരി കൗസല്യ, ഈസ്റ്റേൺ കമ്പനിയുടെ പ്രോഡക്ട്സിൽ മായം ഉണ്ടെന്നു കണ്ടെത്തുകയും അതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയും ഒരു പ്രലോഭനങ്ങൾക്കോ വഴങ്ങാത്ത, മേൽനടപടിയിൽ കൂസാത്ത അസാമാന്യ ഇച്ഛാ ശക്തിയുള്ള അനുപമ IAS, 3RD കൊച്ചി മുസരീസ് ബിനാലെയുടെ നേതൃത്വ നിരയിലുണ്ടായിരുന്ന സ്ത്രീ സാനിധ്യം മഞ്ജു സാറാ രാജൻ രണ്ടായിരത്തി ആറിൽ ഇരുപതു സെക്കന്റ് ഇയർ കോളേജ് സ്റ്റുഡന്റസ് ആയി നൂറോളം പാവപെട്ട കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിച്ചു കൊണ്ട് തുടങ്ങുകയും, ഇന്ന് ഇന്ത്യയുടെ ഇരുപതു സിറ്റികളിൽ രണ്ടായിരത്തി ഒരുനൂർ വോളണ്ടിയർ മാറുമായി 5200 കുട്ടികളെ പഠിപ്പിക്കുന്ന "Make a different (MAD) സംഘടനയുടെ സ്ഥാപകരിൽ ഒരാളായ ഗ്ലോറിയ ബെന്നി, ജനറൽ ഇൻഷുറൻസ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ സിഎംഡി - ആലീസ് ജി വൈദ്യൻ, റൂബെല്ല വാക്സിനേഷൻ ബോധവത്കരണത്തിന്റെ ഭാഗമായി പബ്ലിക് ആയി വാക്സിനേഷൻ എടുത്ത Dr.ഷിംന, മതമൗലിക വാദ സംഘടനകളുടെ ഭീഷണി അവഗണിച്ച് ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി മുസ്ലീം സ്ത്രീ ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കി ജാമിദ...

ഇതാ നോക്കൂ, ഒന്നോ ഒന്നിലധികമോ പെണ്ണുങ്ങൾ ശബ്ദമുയർത്തി സംസാരിച്ചപ്പോൾ ഒന്നിച്ചിറങ്ങിയപ്പോൾ സംഭവിച്ചത് ഇതെല്ലാമാണ്. നമ്മൾ നടന്നു നീങ്ങിയ വഴികൾക്ക് മുന്നേ നടന്നു കയറിയവർ ആയിരുന്നു ഇവർ. ഇങ്ങനെയൊക്കെ ചരിത്രങ്ങൾ നമുക്ക് ഉണ്ട് എന്നിരിക്കെ സമൂഹം ഒന്നുറക്കെ കണ്ണുരുട്ടിയാൽ പേടിച്ചു പോകുന്നത് എന്താണ്? ഒരായിരം അഗ്നി സ്ഫുലിംഗങ്ങൾ ഉള്ളിൽ ഉള്ളപ്പോഴും വല്ലാണ്ട് ഒതുങ്ങി അശക്തരായി പോകുന്നത് എന്തിനാണ്? ഈ മാറ്റങ്ങളും സമരങ്ങളും ഒക്കെ കാട്ടിത്തരുന്നത് ആരെയും തോല്പിക്കാനോ മത്സരിക്കാനോ ഒന്നുമല്ല. ശാന്തമായ കടൽ പോലെ, ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ലാവകളെ ഗർഭത്തിൽ ചുമക്കുന്ന അഗ്നിപർവ്വതങ്ങളുടെ മനോഹാരിത പോലെയാണ് ഓരോ പെൺമനസ്സും. എന്നാണ് നമ്മൾ നമ്മളെ തിരിച്ചറിയുന്നത് ? തിരിച്ചറിയുന്നവർക്കൊപ്പം നിൽക്കുന്നത്? കല്ലേറ് കിട്ടുന്ന സമൂഹത്തിലൂടെ ദേ ഇവരെപ്പോലെ തലയുയർത്തി നടക്കാൻ എന്ന് തയാറാകുന്നുവോ അന്ന് മുതൽ നമ്മളും ശക്തരാകും. മാറ്റങ്ങൾ തുടങ്ങേണ്ടത് സമൂഹത്തിൽ നിന്നോ മറ്റുള്ളവരിലോ അല്ല. മറിച്ചു നമ്മളിൽ നിന്നാണ്. ഓരോ പെണ്ണും ഓരോ യോദ്ധാവാണ്. ഉയർന്നു കേൾക്കുന്ന പെൺവള കിലുക്കത്തിൽ തകർന്നു വീഴുന്ന യാഥാസ്ഥിതിക ദന്ത ഗോപുരങ്ങൾ വീഴുക തന്നെ വേണം..

വനജ വാസുദേവ് 'വൺ ഇന്ത്യ'യിൽ പോസ്റ്റ് ചെയ്തത്

#TAGS : vanaja vasudev  

advertisment

News

Related News

Super Leaderboard 970x90