Cinema

അങ്കിള്‍ - സിനിമയുടെ ആന്തരിക യാത്രകള്‍ ; രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

പുരുഷകേന്ദ്രിതമായ സമൂഹത്തിലെ പുരുഷനോട്ടത്തിലൂടെയാണ് സിനിമയുടെ മുന്നേറ്റം. 'ആണുങ്ങള്‍ ആണുങ്ങള്‍ തന്നെയാണ്, പ്രായം അതില്‍ വിഷയമല്ല' എന്ന ആപ്തവാക്യം പോലുളള നിരീക്ഷണത്തിലാണ് ചിത്രം പടുത്തുയര്‍ത്തപ്പെട്ടിട്ടുളളത് എന്നു പറയേണ്ടി വരും. ഈ വാക്യങ്ങള്‍ സിനിമയില്‍ കൂടുതലായി ആവര്‍ത്തിക്കുന്നത് സ്ത്രീ കഥാപാത്രം ആണെങ്കിലും, അതിന്റെ നിര്‍മ്മിതി പുരുഷ കേന്ദ്രിത സമൂഹത്തിന്റേതാണ്.

അങ്കിള്‍ - സിനിമയുടെ ആന്തരിക യാത്രകള്‍ ; രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

 അടഞ്ഞ ലൈംഗികതയുളള ഒരു സമൂഹത്തില്‍, സമൂഹമനസ്സില്‍ സ്വാഭാവികമായി വളര്‍ന്നു വരുന്ന ഒരു ഹീനരോഗമാണ് അമിത സദാചാര ബോധം എന്നു പറയേണ്ടതില്ലല്ലോ. മലയാളി സമൂഹത്തില്‍ അത് അല്പം കൂടുതലായും സജീവമായും നിലനില്‍ക്കുന്ന സാഹചര്യത്തെ, ബഹളമേതുമില്ലാതെ അവതരിപ്പിക്കുന്ന ഒരു സിനിമയാണ് ജോയ് മാത്യു തിരക്കഥയെഴുതി നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത അങ്കിള്‍ എന്ന പുതിയ ചിത്രം. ഷട്ടര്‍ എന്ന സാമൂഹിക പ്രസക്തിയുളള ചിത്രത്തിനു ശേഷം ആറു വര്‍ഷം കഴിഞ്ഞുളള ജോയ് മാത്യുവിന്റെ തിരക്കഥ കൂടിയാണിത്. അതിമാനുഷികനായ ഒരു മെഗാഹീറോ സങ്കല്‍പത്തില്‍ നിന്ന് മമ്മൂട്ടി ഈ ചിത്രത്തില്‍ വീണ്ടും ഒരിക്കല്‍ക്കൂടി മാറി നടക്കുന്നതും ശ്രദ്ധേയമാണ്.

ഊട്ടിയില്‍ പഠിക്കുന്ന ശ്രുതി, ഒരു അപ്രതീക്ഷിത ഹര്‍ത്താലില്‍ പെട്ട് കോഴിക്കോടുളള വീട്ടിലേക്ക് സഞ്ചരിക്കാന്‍ കഴിയാതെ നില്‍ക്കുമ്പോള്‍, ബിസിനസ് ആവശ്യത്തിനായി നഗരത്തിലെത്തിയ അച്ഛന്റെ സുഹൃ‍ത്തായ കൃഷ്ണകുമാര്‍ അഥവാ കെ കെ (മമ്മൂട്ടി) അവള്‍ക്ക് ഒരു ലിഫ്റ്റ് നല്‍കുന്നതാണ് ലളിതമായ സിനിമാപ്രമേയം. പുരുഷകേന്ദ്രിതമായ സമൂഹത്തിലെ പുരുഷനോട്ടത്തിലൂടെയാണ് സിനിമയുടെ മുന്നേറ്റം. 'ആണുങ്ങള്‍ ആണുങ്ങള്‍ തന്നെയാണ്, പ്രായം അതില്‍ വിഷയമല്ല' എന്ന ആപ്തവാക്യം പോലുളള നിരീക്ഷണത്തിലാണ് ചിത്രം പടുത്തുയര്‍ത്തപ്പെട്ടിട്ടുളളത് എന്നു പറയേണ്ടി വരും. ഈ വാക്യങ്ങള്‍ സിനിമയില്‍ കൂടുതലായി ആവര്‍ത്തിക്കുന്നത് സ്ത്രീ കഥാപാത്രം ആണെങ്കിലും, അതിന്റെ നിര്‍മ്മിതി പുരുഷ കേന്ദ്രിത സമൂഹത്തിന്റേതാണ്. അച്ഛന്‍ റോളില്‍ വിജയന്‍(ജോയ് മാത്യു) നന്നായി ജീവിതാഭിനയം നടത്തുമ്പോഴും അയാളുടെ ദമിത ലൈംഗികത അസൂയപ്പെടുന്നത്, കെ കെയുടെ സ്വതന്ത്ര വിഹാരങ്ങളിലാണ്.

അങ്കിള്‍ - സിനിമയുടെ ആന്തരിക യാത്രകള്‍ ; രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

കുടുുംബത്തിലെത്തുമ്പോള്‍ നല്ല ഭര്‍ത്താവും അച്ഛനുമാകുകയും പുറത്തു എപ്പോഴും, വൈലോപ്പിള്ളി എഴുതിയതുപോലെ മറ്റു പൂച്ചെടികള്‍ തിന്നാന്‍ മോഹിക്കുന്ന കൊറ്റനാടായി ഇരിക്കുകയും ചെയ്യുന്നതാണ് മലയാളി പുരുഷന്റെ അടിസ്ഥാന ആന്തരിക സംത്രാസം എന്നത്, മനോഹരമായും സൂക്ഷ്മമായും ചൂണ്ടിക്കാട്ടുക കൂടിയാണ് ജോയ് മാത്യു തന്റെ തിരക്കഥയിലൂടെ. അതേസമയം സാമൂഹികനിര്‍മ്മിതികളില്‍ നിന്നും സമ്മതിത ബോധത്തില്‍ നിന്നും കുതറിത്തെറിക്കുന്ന പ്രത്യക്ഷബന്ധങ്ങള്‍, സ്ത്രീപക്ഷത്തുനിന്ന് സംഭവിച്ചാല്‍ അത് മലയാളി പുരുഷനെ അടിമുടി ഉലയ്ക്കുമെന്നതും ഒരു വസ്തുത മാത്രമാണ്.

ഏതൊരു ചെറുപ്പത്തെയും വെല്ലുന്ന ഗ്ലാമറും അഭിരുചിയും -പാശ്ചാത്യ ഗാനങ്ങളിലും പെര്‍ഫ്യൂമുകളിലും വാഹനത്തിലും യാത്രാഭ്രമത്തിലും സൗഹൃദങ്ങളിലും രതിജീവിതത്തിലും മദ്യപാനത്തിലും കെ കെ പുലര്‍ത്തുന്ന യുവത്വം സിനിമ നിരവധി സന്ദര്‍ഭങ്ങളിലൂടെ വെളിപ്പെടുത്തുന്നത് ഓര്‍ക്കുക- പിതാവിന്റെ പ്രായമുളള കെ കെ യില്‍ കാണുന്ന ശ്രുതിയുടെ ആരാധനാ ഭാവം പ്രണയഭാവത്തിലേക്ക് എപ്പോഴും ചായാവുന്ന ഒന്നായാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നുത്. വാസ്തവത്തില്‍, ഇത്രയും കാര്യങ്ങളും ഇതിനുസമാനമായ ഭയവുമാണ്, കെ കെയെ നന്നായറിയാവുന്ന, അയാളുടെ മദ്യപാന സദസ്സിലെ സജീവാംഗം കൂടിയായ ശ്രുതിയുടെ പിതാവ് വിജയനെ ഭരിക്കുന്നത് എന്നു പറഞ്ഞാല്‍ പെട്ടെന്ന് അംഗീകരിക്കാനിടയില്ലെങ്കിലും, യാഥാര്‍ത്ഥ്യം ഇല്ലാതാകുന്നില്ല. ശ്രുതി ഇപ്പോഴും ഒരു മൈനര്‍ ആണെന്ന് സിനിമയുടെ അവസാനത്തില്‍ മാത്രം നമ്മൾ അറിയുന്ന സത്യം, അങ്ങനെ അല്ലായിരുന്നെങ്കില്‍ ഈ സിനിമാ വായന തന്നെ പൊതുവെ മറ്റൊന്നായിപ്പോയേനേ..!

ഒരു ഘട്ടത്തില്‍ കെ കെ, തന്നെ, അവളുടെ ബെസ്റ്റ് ഫ്രണ്ട് ആയി സ്ഥാപിച്ചെടുക്കുന്നതില്‍ ഉള്‍പ്പെടെ അവരുടെ ബന്ധത്തില്‍ അപകടകരമായ ഒരു തലം നിലനില്‍ക്കുന്നുണ്ടെന്നത് ഒരു വാസ്തവം മാത്രമാണ്. ശ്രുതി, ആരാധനയും സ്നേഹവും സുരക്ഷിതത്വവും പൂര്‍ണ്ണമായി അനുഭവിച്ച് ഒരു ഘട്ടത്തില്‍, കെ കെയെ കവിളില്‍ ചുംബിക്കുമ്പോള്‍ അയാള്‍ വിളറുകയും പതറുകയും ചെയ്യുന്നുണ്ട്-ഇത്രമേല്‍ സ്തീബന്ധങ്ങള്‍ പുലര്‍ത്തുന്ന ഒരാള്‍ ആയിട്ടു പോലും. തന്നിലെ തല്ലിപ്പൊളിയായ ഒരു വില്ലനെ എപ്പോഴും സ്വയം ഭയപ്പെടുന്ന ഒരു കഥാപാത്രം കൂടിയാണ് കെ കെ എന്നു സാരം. ഒരു പക്ഷേ ഇങ്ങനെയൊരു പ്രമേയത്തെ അതിന്റെ തീക്ഷ്ണതയില്‍ അതീവ പ്രകോനപരമായി അവതരിപ്പിച്ച മലയാള ചിത്രം ഇന്ദുമേനോന്റെ കഥയെ അടിസ്ഥാനമാക്കി രൂപേഷ് പോളും എന്‍ കെ സജീവും ചേര്‍ന്ന് സംവിധാനം ചെയ്ത 'പിതാവും കന്യകയും' എന്ന ചിത്രമാണെന്നു പറയേണ്ടി വരും.

അങ്കിള്‍ - സിനിമയുടെ ആന്തരിക യാത്രകള്‍ ; രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

ഇതുവരെ സിനിമയിലെ കഥാപാത്രങ്ങളുടെ ആന്തരിക സംഘര്‍ഷത്തെക്കുറിച്ചു സൂചിപ്പിച്ചു വരികയായിരുന്നു. മകള്‍ വയനാടു വഴി ഒരു രാത്രി, കെ കെ യോടൊപ്പം ഉള്ള സഞ്ചാരം തുടരുന്നു എന്നതില്‍ സ്വസ്ഥത നഷ്ടപ്പെടുന്ന പിതാവ് വിജയന്റെയും മാതാവ് ലക്ഷ്മിയുടെയും (മുത്തുമണി) തുടര്‍ച്ചയായ ഫോണ്‍ വിളികളും അയലത്തെ അമ്മയുടെ (കെപിഎസി ലളിത) നിരന്തരമായ മുന്നറിയിപ്പുകളും എല്ലാം ചേര്‍ന്ന് പൊതുവില്‍ സിനിമ ശബ്ദരഹിതമായ ഒരു ഉദ്വേഗം സൃഷ്ടിക്കുന്നതില്‍ വിജയിക്കുന്നുണ്ട്. പല തലങ്ങളിലാണ് സിനിമയുടെ ആന്തരിക സംഘര്‍ഷം നിറയുന്നത് എന്നു ചുരുക്കിപ്പറയാം-ഒന്ന് കെകെ യും ശ്രുതിയും തമ്മിലുളള ബന്ധത്തില്‍ രൂപപ്പെടുന്ന ആന്തരിക സംഘര്‍ഷം, രണ്ട് മകള്‍ കെ കെ യോടൊപ്പം സഞ്ചരിക്കുന്നു എന്നതില്‍ മാതാപിതാക്കള്‍ അനുഭവിക്കുന്ന പ്രകട സംഘര്‍ഷം, മൂന്ന് സദാചാരക്കണ്ണുമായി കാറിനൊപ്പം സഞ്ചരിക്കുന്ന പ്രേക്ഷകന്റെ പൊതുവായ സംഘര്‍ഷം, നാല് യാത്രയ്ക്കിടയില്‍ ആനത്തടാകം കാണാനെത്തുന്ന ഇരുവര്‍ക്കു ചുറ്റും (കെ കെ, ശ്രുതി) പെട്ടെന്നു രൂപപ്പെടുന്ന സദാചാര ഗുണ്ടകള്‍ സൃഷ്ടിക്കുന്ന ബാഹ്യ സംഘര്‍ഷം, അഞ്ച് വസ്തുതകള്‍ പരിശോധിച്ചും പഠിച്ചും മാത്രം ചുവടുവെക്കേണ്ട പോലീസ്, അധമവും അധാര്‍മ്മികവുമായ ഭാഷയും തീരുമാനവും പുലര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന ഇരുവരുടെയും അസ്തിത്വപരമായ സംഘര്‍ഷം, അഞ്ച് മാതാപിതാക്കള്‍ എത്തുമ്പോള്‍, ശ്രുതിയെ സുരക്ഷിതമായി യാത്രയിലുടനീളം ശ്രദ്ധിച്ച കെ കെ അഭിമുഖീകരിക്കേണ്ടതായുളള സംഘര്‍ഷം-ഇത്രയും തലങ്ങള്‍ ഈ സിനിമയിലെ ഒരു നിസ്സാര യാത്രയില്‍ സമ്മിളിതമാകുന്നു എന്നിടത്താണ് തിരക്കഥയുടെയും സംവിധാനത്തിന്റെയും മികവും വിജയവും അനുഭവപ്പെടുന്നത്. പോലീസിംഗില്‍, ജനമൈത്രി എന്നാല്‍ ബോധമില്ലാത്ത ജനങ്ങളോടുളള മൈത്രി ആകരുതെന്ന ഒരു പാഠം കൂടി ഈ ചിത്രം നല്‍കുന്നുണ്ട്.

അങ്കിള്‍ - സിനിമയുടെ ആന്തരിക യാത്രകള്‍ ; രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

ശ്രുതിയുടെ അമ്മ ലക്ഷ്മി പോലീസ് സ്റ്റേഷനില്‍ പ്രവേശിക്കുന്നതിനു മുമ്പ് ഭര്‍ത്താവ് വിജയനു നല്‍കുന്ന സന്ദേശം സുപ്രധാനമാണ്- മകള്‍ നമ്മളുടേതാണ്, എന്തു പ്രശ്നമുണ്ടെങ്കിലും ഇപ്പോള്‍ കെ കെയെ തള്ളിപ്പറയരുത് എന്നതാണ് അത്. ഇതില്‍ ഒളി‍ഞ്ഞിരിക്കുന്നത്, പ്രത്യക്ഷത്തില്‍ പുരോഗമനാത്മകവും പരോക്ഷമായി ഏറെ പ്രതിലോമാത്മകവുമായ ഒരു സന്ദേശമത്രേ..! കാരണം ഇവിടെ പ്രവര്‍ത്തിക്കുന്നത്, സമൂഹനിര്‍മ്മിതമായ പൊതു സദാചാരബോധം തന്നെയാണന്നതാണ് കാരണം. എന്നാല്‍, ഏതെങ്കിലും പീഡന സാഹചര്യം ബോധ്യപ്പെടുത്താന്‍ പോലീസിന് കഴിയാതെ വരുമ്പോള്‍, ലക്ഷിയുടെ സ്ത്രീപക്ഷ ബോധം ഈ പൊതു സദാചാരബോധത്തെ കാറ്റില്‍പ്പറത്തുകയും, അതി ധീരമായ മറുപടി അവിടെ കൂടിയ കപട സദാചാരവാദികളുടെ മുഖമടച്ചു നല്‍കുകയും ചെയ്യുകയാണ്. വാസ്തവത്തില്‍ അതിന്റെ പുരുഷപക്ഷ തുടര്‍ച്ചമാത്രമാണ്, കെ കെ, പോകാന്‍ ഒരുങ്ങിനില്‍ക്കുന്ന കാറില്‍ നിന്ന് ഇറങ്ങിവന്ന് ഒരു സദാചാര ഗുണ്ടയുടെ കരണത്ത് നല്‍കുന്ന ഒരേയൊരു പ്രഹരം. ഏതൊരു മനുഷ്യനും സ്വാഭാവികമായി ചെയ്തുപോകുന്ന ഈ അടി ആയിരിക്കും ഏറെ കാലത്തിനു ശേഷം ഒരു മമ്മൂട്ടി കഥാപാത്രം വിശ്വസനീയമായും സത്യസന്ധമായും മലയാള സിനിമയില്‍ നടത്തുന്ന ഏക അടി എന്നും പറയാം. ഷട്ടര്‍ എന്ന ചിത്രത്തില്‍, നമ്മുടെ സദാചാരബോധത്തെ ഷട്ടറിനുള്ളിലാക്കി പുതിയ കാഴ്ചയും വായനയും നല്‍കിയ ജോയ് മാത്യു ഇവിടെയും തന്റെ തിരക്കഥയില്‍, നമ്മുടെ പൊതുബോധത്തെ ഒരു ആത്മപരിശോധനയിലേക്ക് തള്ളിയിടുന്നുണ്ട്. (ബെര്‍ഗ്മാന്റെ 'വൈല്‍ഡ് സ്ട്രോബറീസി'നെക്കുറിച്ചുളള പരാമര്‍ശം ആ സിനിമയിലെ പ്രൊഫസറും മരുമകളുമായുളള യാത്രയെ എവിടെയോ വെച്ച് ഓര്‍മിപ്പിച്ചു.) അളഗപ്പന്റെ ഛായാഗ്രഹണവും ബിജിപാലിന്റെ സംഗീതവും സിനിമയില്‍ മികച്ചു നില്‍ക്കുന്നു. ചുരുക്കത്തില്‍, നമ്മുടെ സദാചാരബോധത്തേയും ലൈംഗികബോധത്തേയും പുനര്‍നിര്‍ണ്ണയിക്കാനും പുന:പരിശോധിക്കാനുമുളള ഒരു ക്ഷണം അങ്കിള്‍ എന്ന സിനിമ സൗമ്യമായി നിര്‍വ്വഹിക്കുന്നുണ്ടെന്നു പറയാം.

advertisment

News

Super Leaderboard 970x90