ദേ ഞാൻ അമ്മയുടെ മറ്റേ പാത്രത്തീ വന്ന് വീണു. ഏത് പാത്രാണെന്നോ... ഹയ് മ്മടെ ഗർഭപാത്രേ..!

അതിന് വലി നിർത്താൻ തന്ത കൂടി വിചാരിക്കണം... അതിനുത്തരം പറയാതെ അപ്പച്ചൻ ആഞ്ഞ് വലിച്ചു.ആഹ് ! അതാണ്! പെണ്ണുങ്ങളുടെ വാക്കിനനുസരിച്ച് ആണുങ്ങൾ അവരുടെ ഇഷ്ടമൊന്നും മാറ്റരുത്...അപ്പച്ചൻ ഡാ !!

ദേ ഞാൻ അമ്മയുടെ മറ്റേ പാത്രത്തീ വന്ന് വീണു. ഏത് പാത്രാണെന്നോ... ഹയ് മ്മടെ ഗർഭപാത്രേ..!

എന്നായിരിക്കും അപ്പച്ചൻ എനിക്ക് തറക്കല്ലിട്ടത് ....!!?

എന്തായാലും ദേ ഞാൻ അമ്മയുടെ മറ്റേ പാത്രത്തീ വന്ന് വീണു. ഏത് പാത്രാണെന്നോ... ഹയ് മ്മടെ ഗർഭപാത്രേ..! യൂട്രസ്സ് ന്ന് ഹിന്ദീല് പറയും.

കൈയും കാലും തലയും ഒന്നുമില്ലാത്ത ഞാൻ..!!

ഹ! വൃത്തികേട്.

വെറുമൊരു മാംസം..! ബ്ലാഹ്!

പക്ഷേ, എനിക്കെല്ലാം കേൾക്കാം. ഈ അമ്മയുടെ പാത്രത്തിലപ്പടി വെള്ളമായത് കൊണ്ട് ക്ലിയറല്ല. എന്നാലും ഒളിഞ്ഞ് കേൾക്കാം.

അമ്മ : അതേയ് നിങ്ങളറിഞ്ഞാ?

അപ്പച്ചൻ : എല്ലാമറിയുന്നവൻ ഈ ഞാൻ.

അമ്മ : എന്നാലേ, എനിക്ക് വയറ്റിലുണ്ട്.

അപ്പച്ചൻ : എന്തുണ്ട?

അമ്മ : അരിയുണ്ട
അപ്പച്ചൻ : നീ മിടുക്കിയാ.

അമ്മ : അതേയ്, ഞാൻ ഗർഭിണിയാണെന്ന്.
അപ്പച്ചൻ : ങ്ഹേ ! ഹൗ! വെൻ!!

അമ്മ : വാട്ട് യൂ മീൻ ?

അപ്പച്ചൻ : അല്ലാ എനിക്കൊന്നും ഓർമ്മയില്ല
അമ്മ : ബട്ട്....എനിക്കെല്ലാം ഓർമ്മയുണ്ട്
അപ്പച്ചൻ : നിനക്കൊന്നൊച്ച വെക്കാരുന്നു
അമ്മ : ആഹ്! ഇനി പറഞ്ഞിട്ടെന്താ!! സംഭവം പെട്ടു. ഇനി പെറാം.
അപ്പച്ചൻ : പെണ്ണാവും
അമ്മ : ആയിരിക്കും

ഇതൊക്കെ കേട്ട് ഞാനെന്നെ നോക്കി.

ആക്ച്വലീ.... ഞാനാണാണോ പെണ്ണാണോ...? ശ്ശെടാ, എനിക്കൊന്നും മനസ്സിലായില്ല. ഇതിപ്പോ എങ്ങനെയാ ഒന്ന് മനസ്സിലാക്കുക !!?
ഞാനൊരു ആണായിരിക്കണേ എന്നെനിക്ക് കൊതി തോന്നി. കാരണം, അപ്പച്ചന്റെ ശബ്ദമാണെനിക്കിഷ്ടമായത്. ആണാവാനിപ്പോൾ എന്താ ഒരു വഴി..?

ഒരു ഐഡിയയും തോന്നിയില്ല. ആലോചിച്ചിരിക്കുമ്പോൾ ദേ ഒരു കുഴലിൽ കൂടി എന്തൊക്കെയോ വരുന്നു. വിശന്നിട്ട് വയ്യ. എന്താണേലും തിന്നേക്കാം.
അയ്യേ! ഒരു ടേസ്റ്റുമില്ല. അമ്മ മര്യാദക്കുള്ള ഭക്ഷണമൊന്നും എനിക്ക് തരുന്നില്ല.

ദിവസം പ്രതി ഞാൻ വലുതാകാൻ തുടങ്ങി. ആ വെള്ളത്തിൽ കിടന്നെനിക്ക് ബോറടിക്കാൻ തുടങ്ങി.

കളിക്കാനൊരു കൂട്ടില്ലാതെ ആ വെള്ളത്തിൽ ഞാനൂഞ്ഞാലാടി തനിയെ കളിച്ചു.

ഒരു ദിവസം ഞാൻ അമ്മ ആരോടോ സംസാരിക്കുന്നത് കേട്ടു.

"കുഴപ്പമൊന്നുമില്ലല്ലോ ലേ ഡോക്ടർ?"

"ഏയ്! മൂന്ന് മാസം കഴിഞ്ഞില്ലേ. ഇനി പേടിക്കാനൊന്നുമില്ല."

"ഒരെണ്ണം പോയത് കൊണ്ടൊരു ടെൻഷൻ."

"ഒരു കുഴപ്പവുമില്ല. വലിയ ഭാരമുള്ള പണിയൊന്നും ചെയ്യണ്ട."

"ശരി ഡോക്ടർ. അടുത്ത മാസം വരാം."

എനിക്ക് കാര്യം മനസ്സിലായി.
അപ്പോൾ എന്നോട് സ്നേഹം ഉണ്ട് .

ഞാനെന്നെ വീണ്ടും നോക്കി. ഇപ്പോൾ ഞാനൊരു മാംസം അല്ല. കാണാനിത്തിരി ചന്തമൊക്കെ വെച്ചിട്ടുണ്ട്.

പിന്നെ... പിന്നെ... ഞാനൊരു പെൺകുഞ്ഞുമാണ്!!!
പെണ്ണെങ്കിൽ പെണ്ണ് ! ഒന്ന് വേഗം പുറത്ത് കടന്നാൽ മതി.

പെട്ടെന്ന് ഞാനൊന്ന് കുലുങ്ങി.

ഹയ്യോ ! എന്താത്?!

"കുലുക്കാതെ ഓടിക്ക് ചേട്ടാ." -അമ്മയുടെ ശബ്ദം.

"ഓട്ടോറിക്ഷയല്ലേ ചേച്ചീ, കുലുങ്ങും."

ങ്ഹേ! അതാരാത്!?
ഇത് വരെ കേൾക്കാത്ത ഒരു ശബ്ദം!

പെട്ടെന്നുണ്ടായ കുലുക്കത്തിൽ ഞാനൊന്ന് തലയും കുത്തി മറിഞ്ഞു. ഭാഗ്യത്തിന് അവിടെ കണ്ട ഒരു വള്ളിയില് പിടി കിട്ടി. ഹോ!

ദേ, അപ്പച്ചന്റെ ശബ്ദം...

"ഡോക്ടറെന്ത് പറഞ്ഞു?"

"മേലിൽ ആവർത്തിക്കരുത് എന്ന്"

"അപ്പോൾ നീയെന്ത് പറഞ്ഞു?"

"എനിക്കെഴുതാനല്ലേ അറിയൂ, വായിക്കാനറിയില്ലല്ലോന്ന്."

"മിടുക്കി."

എനിക്കവരുടെ സംസാരം കേട്ട് നാണം വന്നു.
പെട്ടെന്നാണ് അവിടെ വേറൊരു ചെറിയ ശബ്ദം കേട്ടത്. എന്നിലെ കൗതുകം ഉണർന്നു.

ആരാ അത്...!?

ആ ശബ്ദം : അമ്മേ, വിശക്കണൂ.

അമ്മ : കൈ കഴുകി വാ, ചോറ് തരാം.

ഞാനത് കേട്ട് ഞെട്ടി. എന്റെ അമ്മയെ വേറെയാരോ കേറി അമ്മേന്ന് !!
അത് കേട്ട് അമ്മ വെറുതെ നിൽക്കുന്നു...

എനിക്കിത് സഹിക്കാൻ വയ്യ.
ഞാനായിരിക്കണം അവരുടെ ഒരേയൊരു സന്തതി. വേറെ ആരേം ഞാൻ അംഗീകരിക്കില്ല. ഞാൻ പിന്നേയും ചെവിയോർത്തു.

അമ്മ : കെവിൻ, വയറ് നിറച്ച് കഴിക്ക്.

എനിക്കെല്ലാം മനസ്സിലായി. എനിക്ക് മുൻപേ വേറൊരുത്തൻ അപ്പച്ചനും അമ്മക്കും ഉണ്ടായിട്ടുണ്ട്.

ചതി ...!!
വൻ ചതി....!!

ഒരെണ്ണം പോയതാ എന്നൊക്കെ ഡോക്ടറോട് പറഞ്ഞിട്ട്....!!?

സത്യത്തിൽ ഇവർക്കെത്രെണ്ണം ഉണ്ടായിരിക്കും...!?

ഞാൻ വിചാരിച്ചത് ഒരെണ്ണം പോയപ്പോൾ കഷ്ടപ്പെട്ടാണ് എന്നെ കിട്ടിയതെന്ന്...!

എവിടെ!?

എന്ത് കുന്തത്തിനാണാവോ ഇവരെന്നെ ഉണ്ടാക്കിയത്...!?

വള്ളിയിലാടിയാടി ഞാനോരോ ദിവസവും തള്ളി നീക്കി.
പുറത്ത് വരുന്ന ദിവസം ഏതായിരിക്കുമെന്ന് ഞാൻ കണക്ക് കൂട്ടി..

ഇതിനിടയിൽ എനിക്ക് തലയിൽ മുടി വന്നു, കൈയും കാലും വന്നു, ഞാൻ വലുതാകാനും തുടങ്ങി.

വലുതാകുംതോറും എനിക്കാ സ്ഥലം പോര എന്ന് തോന്നി.
ഒരു ദിവസം കെവിൻ എന്ന് പറയുന്ന ആദ്യത്തെ പുത്രൻ അമ്മയുടെ വയറിലിട്ട് ഒറ്റ ഇടി.
ഹോ! ഉറങ്ങിക്കിടന്നിരുന്ന ഞാനൊരു വീഴ്ച! വീണ്ടും വള്ളിയില് തൂങ്ങി.

ചെക്കൻ കളിച്ചതാ..

അമ്മയും അപ്പച്ചനും കൂടി അവനെ വഴക്ക് പറയുന്ന ശബ്ദം കാതോർത്തപ്പോൾ കേട്ടു.

സന്തോഷം കൊണ്ട് ഞാൻ വെള്ളത്തിൽ കിടന്ന് തലയും കുത്തി മറിഞ്ഞു.
അടുത്ത ദിവസം എനിക്ക് വയറിൽ കിടന്ന് ശ്വാസം മുട്ടി. അമ്മയെ ഞാൻ ചവിട്ടി അറിയിക്കാൻ നോക്കി.

അമ്മ ഒന്ന് ചെരിഞ്ഞ് കിടന്ന് കൂർക്കം വലിയോട് വലി..!

എന്റെ സ്വിമ്മിങ്ങ് പൂളിലേക്ക് പുക വരുന്നത് പോലൊരു തോന്നല്..

എന്തായിരിക്കും...!?

അമ്മയുടെ ശബ്ദം : നിങ്ങൾക്കെന്താ പുറത്ത് പോയി വലിച്ചാല്??

അപ്പച്ചൻ : സൗകര്യമില്ല.

അമ്മ : ഒരു കൊച്ചുണ്ട് വയറ്റില്. അതിന് വല്ലസുഖോം വരും.

അപ്പച്ചൻ : ഹേയ്! എന്റെ മോള് സൂപ്പറായി വരും
അമ്മ : അതിന് വലി നിർത്താൻ തന്ത കൂടി വിചാരിക്കണം.

അതിനുത്തരം പറയാതെ അപ്പച്ചൻ ആഞ്ഞ് വലിച്ചു.

ആഹ് ! അതാണ്!
പെണ്ണുങ്ങളുടെ വാക്കിനനുസരിച്ച് ആണുങ്ങൾ അവരുടെ ഇഷ്ടമൊന്നും മാറ്റരുത്...

അപ്പച്ചൻ ഡാ !!

എനിക്ക് ശ്വാസം മുട്ടുന്നുണ്ട്, എന്നാലും അപ്പച്ചൻ വലിച്ചോ...!

ഒരു ദിവസം.....

"എടീ, കുട്ടിക്കൊരുഗ്രൻ പേര് ഞാൻ കണ്ട് വെച്ചിട്ടുണ്ട്" - അപ്പച്ചന്റെ സ്വരം.

ഹായ്! എനിക്കൊരു പേര്!
ഞാൻ കാത് പാത്രത്തില് ചേർത്ത് വെച്ചു.

"ആഹ്, പറ. എന്താ?" - അമ്മക്ക് വലിയ താല്പര്യം ഒന്നുമില്ല.

"ടുലു"

"ഏത് ബേക്കറിയിലെയാ?"

"എന്ത്?"

"അല്ല, ആ സാധനം മധുരമുള്ളതാണോ?"

"യേത് സാധനത്തിന്റെ കാര്യാ നീ പറയണത്?"

"അല്ലാ, ആ കുലുന്ന് പറഞ്ഞതേ."

"എടീ പോത്തേ, അത് കൊച്ചിനിടാനുള്ള പേരാണ്. ടു - ലു, ടുലു!!"

അമ്മ ഞെട്ടി. വയറ്റില് കിടന്ന് ഞാനും ഞെട്ടി.
"നിങ്ങളിത് എന്ത് തേങ്ങയാ മനുഷ്യാ ഈ പറയണത്.. ഇതെന്ത് പേരാണ്?"

ആഹ്! ചോദിക്കമ്മേ ചോദിക്ക്. ഞാൻ വയറ്റില് കിടന്ന് ചവിട്ടിയും കുത്തിയും അലമുറയിട്ടു.

അപ്പച്ചൻ മൊഴിഞ്ഞു :

"എടീ, എന്റെ കൊച്ച് ഒരു വെറൈറ്റി സംഭവാരിക്കും. അപ്പോ അവൾക്ക് വെറൈറ്റി പേര് തന്നെ വേണം."

"ഈ പേരിട്ടാല് ഒരു വെറൈറ്റിക്ക് കൊച്ച് നിങ്ങളെ ചവിട്ടിക്കൂട്ടും. ഓരോ പരിഷ്ക്കാരങ്ങളേയ്.." -അമ്മയുടെ ചുണ്ട് കോടിത്തന്നെയിരുന്നു.

"എടീ പോത്തേ, നീ പത്ത് തോറ്റത് കൊണ്ടാ നിനക്കീ ഫാഷനൊന്നും അറിയാത്തെ. എന്റെ പിള്ളാർക്ക് ഞാനെന്തെങ്കിലും സ്പെഷല് പേരേ ഇടൂ.."

അപ്പച്ചൻ വാക്ക് പറഞ്ഞാല് വെറും വാക്കല്ലാത്തത് കൊണ്ട് എനിക്ക് മനസ്സിലായി എന്റെ പേര് 'ടുലു' എന്ന് തന്നെ ആയിരിക്കും എന്ന്.
എന്നാലും എന്റപ്പച്ചാ, എന്നോടീ ചതി വേണ്ടായിരുന്നു.

പക്ഷേ, ഞാൻ നിസ്സഹായ ആയിരുന്നു. വയറിനുള്ളിൽ കിടന്ന് ഞാനെന്ത് ചെയ്യാൻ...!!?
ദേഷ്യം കൊണ്ടെനിക്ക് ഭ്രാന്ത് വന്നു.
ആ ഒരു ദേഷ്യത്തിൽ ഞാനമ്മയുടെ വയറ്റിൽ ആഞ്ഞ് ചവിട്ടി.

പെട്ടെന്ന്, ഭൂമികുലുക്കം ഉണ്ടായത് പോലെ ഞാൻ തല കീഴായി മറിഞ്ഞു.

അമ്മ കരയുന്ന ശബ്ദവും ഞാൻ കേട്ടു. എനിക്ക് ശ്വാസം കിട്ടാത്തത് പോലെ തോന്നിച്ചു.

എന്താ സംഭവിച്ചത്!!?

ഞാനാഞ്ഞ് ചവിട്ടുമ്പോൾ അമ്മ മുകളിൽ നിന്നും താഴേക്കുള്ള പടികളിറങ്ങുകയായിരുന്നു. എന്റെയൊരൊറ്റ ചവിട്ടിൽ ദേ കിടക്കണൂ താഴെ...
ഞാൻ ചെവിയോർത്തു..

ആരോ ഒരാളുടെ ശബ്ദം -

"ഹോ! വയറ്റില് കിടക്കുമ്പോ ഇങ്ങനാണേല് പുറത്ത് വന്നാലെന്താരിക്കും അവസ്ഥ!!"

ആ പറഞ്ഞത് എന്നെ പറ്റിയാണെന്ന് മനസ്സിലായ ഞാൻ വെള്ളത്തിൽ കിടന്ന് കൊഞ്ഞനം കുത്തി...

ആ വീഴ്ചയിൽ ഭാഗ്യം എനിക്കൊന്നും പറ്റിയില്ല.

വലത് കൈയിൽ പ്ലാസ്റ്ററിട്ട് കൊണ്ടാണ് അമ്മ എന്നെ പ്രസവിച്ചത് എന്നാണ് ഐതീഹ്യം...

ശരിക്കും ആ ചവിട്ട് അപ്പച്ചനുള്ളതാരുന്നു..

ആ പോട്ട്!
ബാക്കി പുറത്ത് വന്നിട്ട്............!!

ഇതൊക്കെ ആളുകള് പറഞ്ഞ് കേട്ട കാര്യങ്ങളാണേ... സത്യമെന്താന്നാർക്കറിയാം...!!

എന്ന്,
വിനയപുരസരം,
ഞാൻ,
നിങ്ങളുടെ സ്വന്തം........

Tulu Rose Toni.

#TAGS : Tulu Rose Tony  

advertisment

News

Super Leaderboard 970x90