അല്ലേലും ഈ അപ്പാപ്പന്മാരൊക്കെ പാരകളാ... നന്നാവാൻ സമ്മതിക്കൂല

ഞാൻ ചോദിച്ച് പോവുകയാണ് സൂർത്തുക്കളേ... ഇതാണോ മാതൃസ്നേഹം?ഒരു പിഞ്ച് കുഞ്ഞിനെ ഒരു റോഡ് ക്രോസ്സ് ചെയ്ത് പോലും പോകാൻ സമ്മതിക്കാതെ തൂക്കിയെടുത്ത് കൊണ്ട് പോകുന്നതാണോ നമ്മുടെ പാരമ്പര്യം...!!??

അല്ലേലും ഈ അപ്പാപ്പന്മാരൊക്കെ പാരകളാ... നന്നാവാൻ സമ്മതിക്കൂല

അന്ന്....

അതായത്....

ഞാൻ മുട്ടിലിഴഞ്ഞ് നടക്കുന്ന കാലത്ത് ഒരു ചെറിയ ഒളിച്ചോട്ടം നടത്തിയാണ് എല്ലാവരുടെ ശ്രദ്ധയും എന്നിലേക്ക് ആകർഷിക്കുന്നത്.

എന്തോ, പണ്ട് മുതലേ 'അറ്റൻഷൻ സീക്കിങ്ങ്' എന്ന ഒരു രോഗത്തിന് ഞാനടിമ ആയിരുന്നു. അതിന് എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. വീട്ട്കാരെ മാത്രം പറഞ്ഞാൽ മതി.

ഒളിച്ചോട്ടം No 1:

അന്നും ഞാൻ പതിവ് പോലെ നാല് കാലിൽ ഇഴഞ്ഞ് അകത്തുകൂടെ വരാന്തയിലെത്തി. എന്റെ പുറകിലൂടെ ആരും വരുന്നില്ലെന്ന് കണ്ട ഞാൻ ഒരു ദീർഘ നിശ്വാസം ഇട്ടു.

അന്നാണെന്ന് തോന്നുന്നു സ്വാതന്ത്ര്യത്തിന്റെ ഒരു രുചി ഞാനറിഞ്ഞത് .

വരാന്തയിൽ കിടന്ന കല്ലും മണ്ണും എല്ലാമെടുത്ത് കൊറിച്ച് കൊണ്ട് ഞാനിഴഞ്ഞു.

വരാന്തയിൽ നിന്നും മുറ്റത്തേക്കിറങ്ങാനുള്ള പടിയുടെ അവിടെ ഞാൻ ആലോചിച്ചിരുന്നു. തനിയെ പടികളിറങ്ങുവാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല.

പക്ഷേ, റോഡിലേക്ക് തുറന്ന് കിടക്കുന്ന
പടിവാതിൽ എന്നെ പ്രലോഭിപ്പിച്ചു. കമിഴ്ന്ന് കിടന്ന്, കാലുകൾ രണ്ടും പടിയിലേക്ക് വെച്ച് ഞാൻ ഇറങ്ങി.

എന്റെ കൈ മുട്ടും കാൽ മുട്ടും സിമന്റിട്ട നിലത്തുരസി നീറി. എന്നിട്ടും ഞാൻ കഷ്ടപ്പെട്ട് മുറ്റത്തേക്കിറങ്ങി.

ഇത് വരേക്കും വീടിനുള്ളിൽ നിന്നും ആരുമെന്നെ നോക്കി വന്നിട്ടില്ല.

ഹോ! ഇതെന്ത് ആൾക്കാരാണ്!?
വല്ല പിച്ചക്കാരും ഇപ്പോൾ എന്നെ കണ്ടാലോ... പിടിച്ച് കൊണ്ട് പോകില്ലേ..! എനിക്കെതിർക്കാൻ കൂടി പറ്റുമോ...?!

എന്നോട് സ്നേഹമില്ലാത്ത എന്റെ വീട്ട്കാരെ ഒരു പാഠം പഠിപ്പിക്കണമെന്ന് ഞാനും തീരുമാനിച്ചു. അല്ല പിന്നെ!!

ഇവിടുന്ന് ആ റോഡിനപ്പുറത്തേക്ക് ഒളിച്ചോടണം

അങ്ങനെ എന്നെ കാണാതെ ഇവരെല്ലാവരും കരഞ്ഞ് കൂവി നടക്കണം

കുറേ നേരം കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ സന്തോഷം കൊണ്ട് അവരൊക്കെ എന്നെയെടുത്തുമ്മ വെക്കണം

അങ്ങനെ അവർക്കെന്റെ വില മനസ്സിലാക്കി കൊടുക്കണം

മുറ്റത്തെത്തിയ ഞാൻ തുറന്ന് കിടക്കുന്ന ഗേയ്റ്റ് ലക്ഷ്യമാക്കി സ്പീഡിൽ ഇഴഞ്ഞു. എന്റെ വരവ് കണ്ട് അണ്ണാനും പ്രാവും മുഖത്തോട് മുഖം നോക്കി, എന്നെ പുച്ഛിച്ചു. ഞാനതൊന്നും ശ്രദ്ധിക്കാതെ ഇഴഞ്ഞ് പോയി.

എന്റെ കൈയും കാലും നീറുന്നുണ്ടായിരുന്നു. പക്ഷേ, അതൊക്കെ സഹിച്ച് കൊണ്ട് ഞാൻ ഗേയ്റ്റ് കടന്നു.

ഹായ്!! ദേ വീണ്ടും സ്വാതന്ത്ര്യം!!

റോഡിന്റെ ഓരത്തിരുന്ന് ഞാൻ അങ്ങോട്ടുമിങ്ങോട്ടും നോക്കി. ലോറിയും ബസ്സും കാറും ഓട്ടോറിക്ഷയും എല്ലാം പോകുന്നു.

ശ്ശോ! ഞാനെങ്ങെനെ ഇത് ക്രോസ്സ് ചെയ്യും..!?

ഒരു പത്ത് മിനിറ്റ് ഞാനവിടെ ഇരുന്നപ്പോൾ റോഡിലെ തിരക്ക് കുറഞ്ഞു.

റോഡ് ക്രോസ് ചെയ്യാനുള്ള തയ്യാറെടുപ്പിൽ ഞാൻ നാല് കാലിൽ നിന്നു. പതുക്കെ ഒരു കാലും ഒരു കൈയും ടാറിട്ട റോഡിലേക്ക് വെച്ചു.

ഔ! ചുട്ട് പഴുത്തിരിക്കുന്നു!

ഞാൻ മെല്ലെ ഇഴയാൻ തുടങ്ങി.

പെട്ടെന്ന് ഞാൻ വായുവിലേക്ക് പൊന്തി.

ഹ! ഇതെന്തൊരു പാട്!
ഇതെങ്ങെനെ??
ഞാനൊരു അത്ഭുത കുഞ്ഞായിരിക്കും. എനിക്ക് പറക്കാനൊക്കെ പറ്റും.
എനിക്കെന്നെ പറ്റിയോർത്ത് അഭിമാനം തോന്നി. എന്റെയീ കഴിവിതേ വരെ ആർക്കും മനസ്സിലായിട്ടില്ല.. ഇനി ഞാനൊരു തകർപ്പ് ആയിരിക്കും .

പക്ഷേ...
പറന്ന് ഞാൻ പൊയ്ക്കൊണ്ടിരുന്നത് എന്റെ വീട്ടിലേക്കാണെന്ന് മനസ്സിലാക്കിയ ഞാൻ ഞെട്ടി. കുനിഞ്ഞ് താഴേക്ക് നോക്കിയപ്പോൾ കണ്ടത് റോഡിനപ്പുറം ഒരു ചെറിയ കട നടത്തുന്ന അപ്പാപ്പൻ എന്നെ പൂച്ചക്കുട്ടിയെ പോലെ തൂക്കിയെടുത്തിരിക്കുന്നതാണ്.

എനിക്ക് സംഗതി മനസ്സിലായി. ഞാൻ പറന്നതല്ലെന്നും ഈ അപ്പാപ്പൻ എന്നെ എടുത്തോണ്ട് പോകുന്നതാണെന്നും..!!

ന സ്ത്രീ സ്വാതന്ത്ര്യമർഹതി!!!

ഞാൻ കാറിക്കരഞ്ഞു.

എന്റെ കൂവൽ കേട്ട് അകത്ത് നിന്നും അമ്മയും അമ്മാമ്മയും പട്ടിയും പൂച്ചയും തത്തമ്മയും എല്ലാവരും ഉമ്മറത്തേക്ക് വന്നു. എല്ലാവരുടേയും സഹതാപം എനിക്ക് പിടിച്ച് പറ്റണം എന്ന ഉദ്ധേശത്തോടെ ഞാനൊന്നു കൂടെ അലറി.

എന്നെ തൂക്കിയെടുത്ത അപ്പാപ്പൻ എന്നെ എന്റെ അമ്മയിലേക്ക് കൈമാറിയതും ഒരു നൂറുമ്മ പ്രതീക്ഷിച്ച് നിന്ന എന്റെ തുട ചുവപ്പിച്ചു മൈ ഓൺ മദർ.

ഞാൻ ചോദിച്ച് പോവുകയാണ് സൂർത്തുക്കളേ...

ഇതാണോ മാതൃസ്നേഹം?

ഒരു പിഞ്ച് കുഞ്ഞിനെ ഒരു റോഡ് ക്രോസ്സ് ചെയ്ത് പോലും പോകാൻ സമ്മതിക്കാതെ തൂക്കിയെടുത്ത് കൊണ്ട് പോകുന്നതാണോ നമ്മുടെ പാരമ്പര്യം...!!??

ഒരു പെണ്ണായി ജനിച്ചതാണോ ഞാൻ ചെയ്ത കുറ്റം!!??

ഞാൻ വീണ്ടും ചോദിക്കുകയാണ് സൂർത്തുക്കളേ.....

ഒരു തരി സ്നേഹം പ്രതീക്ഷിച്ച എന്നെ നുള്ളി നോവിക്കുന്നതാണോ ഫാഷൻ!!?

അന്ന് മുതലാണെന്ന് തോന്നുന്നു ഞാനൊരു റിബൽ ആയത്.

വെറും റിബൽ അല്ല;
ഒരു ചൊവന്ന റിബൺ

ഒളിച്ചോട്ടം No 2 :

അന്ന് രാവിലെ ഞാൻ എണീക്കുമ്പോൾ എനിക്ക് പത്തര വയസ്സായിരുന്നു.

എന്റെ ആ പത്തര വയസ്സും കക്ഷത്തിലടുക്കി പിടിച്ച് കൊണ്ട് ഞാൻ ഹോളിലെ പായയിൽ നിന്നും എഴുന്നേറ്റു. ആ ഒരു ദിവസം എങ്ങനെ ആയിരിക്കണം എന്ന് ഞാൻ പ്ലാൻ ചെയ്തു.

സ്കൂൾ അടച്ച് അവധി ആഘോഷിക്കാൻ വന്നതാണ് ഞാൻ, തൃശ്ശൂരിലെ അമ്മ വീട്ടിൽ.

എന്റെ വീട്ടിലെ പോലെ ആ വീട്ടിലും എന്നെ ആർക്കും ഒരു വിലയുമില്ല.

എന്നാ പിന്നെ ഇന്ന് വിലയുണ്ടാക്കാം!!

എല്ലാം തീരുമാനിച്ചുറപ്പിച്ച് ഞാൻ ഇറങ്ങി നടന്നു. വിശാലമായി കിടക്കുന്ന റോഡ് എന്നെ ഹഠാദാകർഷിച്ചു.

ഞാൻ വീട്ടിൽ നിന്നും വലത് വശത്തേക്ക് വെച്ച് പിടിച്ചു. ആരും എന്നെ കണ്ടിട്ടില്ല. ഞാൻ സ്പീഡിൽ നടന്നു. റോഡിന്റെ അങ്ങേയറ്റത്ത് എത്തിയപ്പോൾ ഞാൻ നിന്നു.

ആ കാണുന്ന വീട് എന്റെ ഒരു ബന്ധുവീടാണെന്ന് അമ്മ എപ്പോഴോ പറഞ്ഞിട്ടുണ്ട്. ആരാ, എന്താ എന്നൊന്നും എനിക്കറിയില്ല.

ഇനിയും കുറേ ദൂരെ ഒളിച്ചോടുവാനുള്ള ഒരു ധൈര്യക്കുറവ് കാരണം ബന്ധുവീട്ടിൽ സന്ദർശനം നടത്താൻ ഞാൻ തീരുമാനിച്ചു.

കുറേ നേരം എന്നെ കാണാതെ വീട്ടുകാരൊക്കെ വിഷമിക്കണം. അത്രേയുള്ളൂ ആ പത്തര വയസ്സ്കാരിയുടെ ആഗ്രഹം.

പിന്നെയൊന്നും ഓർത്തില്ല, ആ വീട്ടിലേക്ക് ഓടിക്കയറി. ബെല്ലടിച്ചു...

"കുട്ടി ആരാ?" - വാതില് തുറന്ന് പുറത്തേക്ക് വന്ന ഒരു ആന്റി എന്നോട് ചോദിച്ചു.

"എന്നെ അറിയില്ലേ?" - ഞാൻ തിരിച്ച് ചോദിച്ചു.

"ഇല്ലല്ലോ. വീടേതാ മോൾടെ?"

"ഞാൻ നിങ്ങടെ ബന്ധുവാ."

"ങ്ഹേ?"

ആന്റിയെ മാറ്റി ഞാനവരുടെ അകത്തേക്ക് കടന്നു, ആദ്യം കണ്ട സോഫയിലിരുന്നു.

അപ്പോഴേക്കും ഒരു അപ്പാപ്പനും വേറൊരു ചേട്ടനും ഒക്കെ ഹോളിലേക്ക് വന്നു. ചോദ്യഭാവത്തോടെ എന്നേയും ആ ആന്റിയേയും നോക്കി.

"നിങ്ങൾക്കാർക്കും എന്നെ മനസ്സിലായില്ലേ?"

"മോൾടെ വീടെവിടെയാ, പറഞ്ഞേ."

"ഞാൻ നിങ്ങടെ ബന്ധുവാ."

അത് കേട്ട് അപ്പാപ്പൻ ചോദിച്ചു - "ബന്ധുവോ, ഏത് ബന്ധു?"

ആ ചേട്ടൻ ചോദിച്ചു - "കുട്ടിയെങ്ങെനെയാ ഇവിടെയെത്തിയെ?"

"ഞാനാരോടും പറയാതെ പോന്നതാ." - അഭിമാനത്തോടെ ഞാൻ പറഞ്ഞു.

അവർ മൂന്ന് പേരും ഞെട്ടി.

"അതെന്തിനാ പറയാതെ പോന്നത്?" - ആന്റി ചോദിച്ചു.

"അത്....ഞാനൊളിച്ചോടിയതാ വീട്ടീന്ന്."

ഞെട്ടീ...
ഞെട്ടീ...
ശെരിക്കും ഞെട്ടീ....

അയ്യേ! ഇവരെന്തിനാ ഇങ്ങനെ പേടിക്കുന്നത്..!?

"മോളേ, സത്യം പറ. ഏത് വീട്ടിലെയാ മോള്?" - ആന്റി വീണ്ടും ചോദ്യം.

സോഫയിലിരുന്ന് കാലാട്ടിക്കൊണ്ടിരുന്ന ഞാൻ വീടൊക്കെ നോക്കി.

കൊള്ളാം! നല്ല വീടാ...
വലിയ ചുമരൊക്കെയുണ്ട് കുത്തി വരക്കാൻ..!

"എനിക്ക് ജ്യൂസ് വേണം" -ചിരിച്ച് കൊണ്ട് ഞാൻ പറഞ്ഞു.

അവരന്തം വിട്ട് മുഖത്തോടു മുഖം നോക്കി.

ഒരു കൊച്ച് കുട്ടിയോടുള്ള സഹതാപം കാരണം ആന്റി ജ്യൂസെടുക്കാൻ പോയി.

ജ്യൂസ് ഓർത്ത് കൊതിയോടെ ഞാനിരുന്നു. എന്റെ കാലാട്ടലിന്റെ സ്പീഡ് കൂടി.

പെട്ടെന്ന് അവിടെയുണ്ടായിരുന്ന അപ്പാപ്പൻ എന്റടുത്ത് വന്നിരുന്നു. കാലാട്ടൽ നിർത്തി ഞാനയാളെ തുറിച്ച് നോക്കി.

"ടീ ക്ടാവേ, നീയെവടെത്ത്യാണ്ടീ?"

അപ്പാപ്പന്റെ ചോദ്യത്തിലെ ഒരു വശപ്പിശക് എനിക്ക് മനസ്സിലായ സ്ഥിതിക്ക് വേഗം ജ്യൂസ് ഒന്ന് വന്നിരുന്നെങ്കിൽ എന്ന് ഞാനോർത്തു.

"ചെവി കേട്ടൂട്റീ നെനക്ക്?"

ശ്ശെടാ! ഈ പണ്ടാര തന്ത ഇപ്പോൾ എന്നെ തല്ലുമോ...!?

എനിക്ക് പെട്ടെന്നെന്റെ വീട്ടീലേക്ക് പോകാൻ തോന്നി.

പക്ഷേ, ജ്യൂസ്...

"ട്യേ നീ വേഗം സത്യാ പറഞ്ഞോ. അല്ലേല്ണ്ടല്ല ഞാനിപ്പ പോലീസിന്യാ വിളിക്കും."

"ഞാനേ....ഞാൻ ശെരിക്കും നിങ്ങടെ ബന്ധുവാ." - പേടിച്ച് വിഷമിച്ച് ഞാൻ പറഞ്ഞു.

"ബന്ധ്വാ? ഏത് വകേല്?" - അപ്പാപ്പനിപ്പഴും കലിപ്പിലാണ്.

അവസാനം ഞാനെന്റെ നമ്പർ കൈയ്യീന്നെടുത്തിട്ടു.

എവിടുന്നെങ്കിലും തല്ല് കിട്ടുമെന്നുറപ്പായാൽ ഞാൻ വിളിച്ച് കൂവിപ്പറയുമായിരുന്ന സംഭവം ഇവിടേയും പറഞ്ഞു -

"ഞാനേയ് മൊയലന്റെ ടോണീടെ മോളാ."

അപ്പാപ്പൻ എന്നെ ആഞ്ഞൊന്ന് നോക്കി.

"ഏത്...മ്മടെ ഒല്ലൂരെ...?"

"ഉം ഉം"

അപ്പാപ്പനൊന്നയഞ്ഞു.

ഹാവൂ...

"അപ്പ ഒല്ലൂരന്നണ് നീയീ ഒളിച്ചോടി വന്നീര്ക്കണേ?"

"ഞാനെന്റെ അമ്മേടെ വീട്ടീ നിക്കാൻ വന്നതാ."

"അത് ശരി. ഏതണ് നിന്റമ്മേടെ വീട്?"

ഞാനുത്തരം പറയാൻ പോയപ്പോഴേക്കും ജ്യൂസുമായി ആന്റി വന്നു..

ചില്ല് ഗ്ലാസ്സിലെ ഓറഞ്ച് കളറിലെ വെള്ളം എനിക്കെന്നും ഒരു വീക്ക്നെസ്സായിരുന്നു. കാരണം, എന്റെ വീട്ടിൽ വിരുന്നുകാർക്ക് മാത്രം കൊടുത്തിരുന്ന ഒരു സംഭവമായിരുന്നു അത്.

ആന്റി കൊണ്ട് വന്നതും ഞാനത് ചാടിയെടുത്ത് മുത്തി...

ആഹ! നല്ല രസം. ഞാനൊറ്റ വലിക്ക് കുടിച്ചു. അടിയിൽ കിടക്കുന്ന പഞ്ചസാര കിട്ടാൻ ഗ്ലാസ്സോടെ ഞാനത് വായിലേക്ക് കമഴ്ത്തി...

"മോൾക്കിനീം വേണോ?"

"ഇനീണ്ടോ?"

ആന്റി ചിരിച്ച് കൊണ്ട് അടുക്കളയിലേക്ക് പോയി.

അപ്പാപ്പന് എന്നോട് കുറച്ച് ബഹുമാനമൊക്കെ ആയിത്തുടങ്ങിയെന്ന് തോന്നുന്നു.

കലിപ്പ് മോഡ് വിട്ട് കുറച്ച് ശാന്തത ഈസ് ഓൺ ഹിസ് മോന്തായം..!

സമാധാനം എന്നോടു കൂടെ!!

"അപ്പാപ്പന് ഞാനെന്റെ വീട് കാണിച്ച് തരാം, ബാ."

ഞാനെഴുന്നേറ്റ് വാതില്ക്കലേക്ക് നടന്നു.
പെട്ടെന്നാണത് ഞാൻ കണ്ടത്.

എന്റെ സ്വന്തം അപ്പാപ്പൻ ഒരു ചൂരലുമായി ഈ വീട്ടിലേക്ക് കയറി വരുന്നു.

എനിക്കെന്റെ രണ്ടാമത്തെ ജ്യൂസിനെ പറ്റിയാണ് ഓർമ്മ വന്നത്.. ഹോ അതൊന്ന് കിട്ടിയിരുന്നേല്,
ഓടാനൊരുഷാറുണ്ടായേനേ...!!

എല്ലാം തകർത്തു എന്റപ്പാപ്പൻ.

വരാന്തയിലേക്ക് കയറി വന്നതും ആ ചൂരലൊന്ന് വായുവില് കറങ്ങുന്നത് മാത്രമേ ഞാൻ കണ്ടുള്ളൂ..

സത്യം പറയണമല്ലോ, വയസ്സിന് താഴ്ന്നവരെ ഒട്ടും ബഹുമാനിക്കാത്ത ഒരു കാർക്കോടകനായാരുന്നു എന്റെ അപ്പാപ്പൻ.

"നിന്നോടാര് പറഞ്ഞെടീ വീട്ടീന്നിറങ്ങി പോകാൻ?" - കള്ളിമുണ്ടുമെടുത്ത് ചൂരലും പൊക്കിക്കൊണ്ട് അപ്പാപ്പൻ ചോദിച്ചു.

ഞാനൊന്നും പറഞ്ഞില്ല.
എന്താണോ എന്തോ, എന്റെ കണ്ണിൽ കൂടി വെള്ളം വരുന്നുണ്ടായിരുന്നു.

"ങാഹാ! എടാ നിന്റോടത്തെണ് ഈ ക്ടാവ്? ചോദിച്ചപ്പ പറയണേ, ഒളിച്ചോടീതാന്ന്." - ബന്ധു വീട്ടിലെ അപ്പാപ്പന്റെ വഹ വാല്..!

അത് കേട്ടതും എന്റെ അപ്പാപ്പന് വിറയൽ കൂടി.

"ഇങ്ങടെറങ്ങി വാടീ അസത്തേ. നിന്നെയിന്ന് ഞാൻ....."

ചൂരലൊന്നു കൂടെ പൊന്തി. ഞാനോടി റോഡിലെത്തി. അപ്പാപ്പൻ പുറകേയെത്തി. വയസ്സായാലും ഒടുക്കത്തെ സ്പീഡാ കുരിശ്..

എന്റെ പുറകേ നടന്ന് ചന്തിയിലടിക്കാൻ തുടങ്ങി.

ശ്ശെടാ! എന്തൊരു കഷ്ടമാണെന്ന് നോക്കണേ...
ഇങ്ങനെയുമുണ്ടോ മനുഷ്യർ..!?
എനിക്കീ ലോകത്ത് ജനിക്കണ്ടായിരുന്നു..

ചന്തിയും തിരുമ്മിക്കൊണ്ട് ഞാനും, ചൂരല് വീശിക്കൊണ്ട് അപ്പാപ്പനും റോഡിലൂടെ ഓടി.

വീടെത്തിയതും ഞാൻ കാറിക്കൂവി അകത്തേക്ക് പാഞ്ഞു.

ബന്ധുക്കളുടെ മുന്നിൽ വെച്ച് അടിച്ച് അപമാനിച്ച അപ്പാപ്പൻ മരിച്ച് പോകാൻ വേണ്ടി ഞാൻ പ്രാർത്ഥിച്ചു.

പക്ഷേ, മരിച്ചില്ല.

അമ്മയുടെ പുറകിലൊളിച്ച് നിന്നിരുന്ന എന്നെ നോക്കി അപ്പാപ്പൻ അലറി :

"ഇനി മേലിലെന്റെ വീട്ടിലീ പിശാശിനെ കേറ്റില്ല, മനുഷ്യനെ പേടിപ്പിക്കാനുണ്ടായ സന്തതി."

അന്ന് ഞാൻ അത് വരെ മുറുക്കിപ്പിടിച്ചിരുന്ന എന്റെ പത്തര വയസ്സെടുത്ത് ചുരുട്ടിക്കൂട്ടി കിണറ്റിലെറിഞ്ഞ് ഒരു പ്രതിജ്ഞ എടുത്തു.

ഇന്നെന്നെ തല്ലിയ അപ്പാപ്പന്റെ മുന്നിൽ പഠിച്ച് വലുതായി ഒരു കലക്ടറായി ചെന്ന് അഭിമാനത്തോടെ നിൽക്കും എന്ന്.

പക്ഷേ, ഇടക്ക് വെച്ച് അപ്പാപ്പൻ മരിച്ചപ്പോൾ എന്റെ ആ ഒരു ത്രില്ലങ്ങ് നഷ്ടപ്പെട്ടു.

പിന്നെ വെറുതെ ജീവിച്ച് മരിക്കാമെന്ന് തീരുമാനിച്ചു.

അതുകൊണ്ട്, അതുകൊണ്ട് മാത്രമാണ് ഞാൻ ബി.എ. ഹിസ്റ്ററി എടുത്തത്.

ഇനിയൊരു വലിയ ഒളിച്ചോട്ടം കൂടിയുണ്ട്.......

ഉപദേശം: ഇടക്കൊക്കെ ഒളിച്ചോടുന്നത് നല്ലതാ.. ഒരു സുഖമാ... ഒരു..ഒരു....ആഹ്! അതാണ്....!!!!

advertisment

News

Super Leaderboard 970x90