Travel

ബദലഹേം: വാക്കുകള്‍ കൊണ്ട് പൂർണ്ണത കൈവരിക്കാന്‍ കഴിയാത്ത സ്വർഗ്ഗം

കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തി പങ്കിടുന്ന മലനിരകളിലാണ് ബദലഹേം.കോട്ടഗുഡി മലനിരകള്‍…..കൊളുക്കുമലയുടെയും മീശപുലിമലയുടെയും ഒരു മേൽനോട്ടകാരന്റെ ഭാവത്തില്‍ ആ ഗമയോന്നുമില്ലാതെ അവന്‍ തലയുയർത്തി തന്നെ നിൽക്കുന്നു.കൊളുക്കുമലയുടെയും മീശപുലിമലയുടെയും വിഭിന്നമായി കോട്ടഗുടിയുടെ ഈ ബദലഹേമാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയുന്ന സ്വകാര്യ ക്യാമ്പിംഗ് കൂടാരം.​

ബദലഹേം: വാക്കുകള്‍ കൊണ്ട് പൂർണ്ണത കൈവരിക്കാന്‍ കഴിയാത്ത സ്വർഗ്ഗം

കിഴക്കന്‍ മല തേടിയിറങ്ങിയത് ചെറിയൊരു സ്വപ്നങ്ങളുടെ പിറകെയുള്ള യാത്രയുടെ ഭാഗമായിട്ടാണ് അതിലെല്ലാമുപരി യാത്രകള്‍ സമ്മാനിച്ച സൗഹൃദങ്ങള്‍ തേടിയായിരുന്നു.മൂന്നാറിലെ മലമുകളില്‍ ഈ സൗഹൃദങ്ങള്‍ കയറി കൂടിയിട്ട് വർഷങ്ങളായ്.ഒരാഗ്രഹം പോലെ നീണ്ടു നീണ്ടു പോയതല്ലാതെ ആ മലകയറാന്‍ വർഷങ്ങളെടുത്തു എന്നുള്ളത് നിമിത്തങ്ങളെ വിശ്വസിക്കുന്ന എനിക്ക് മനസ്സിലാക്കാവുന്നതാണ്‌ കാരണം ഓരോ യാത്രയിലും നമ്മളറിയാതെ നമുക്ക് വേണ്ടി ഒരുക്കി വച്ചിട്ടുള്ള കാഴ്ചകളുണ്ട് അനുഭവങ്ങളുണ്ട് കഥാപാത്രങ്ങളുണ്ട്.ആ കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും കഥാപാത്രങ്ങളിലേക്കുമാണ് ഞാന്‍ നിങ്ങളെ കൊണ്ട് പോവുന്നത്.

ബദലഹേം: വാക്കുകള്‍ കൊണ്ട് പൂർണ്ണത കൈവരിക്കാന്‍ കഴിയാത്ത സ്വർഗ്ഗം

യാത്രയില്‍ കൂട്ടായിട്ടുള്ളത് ആനവണ്ടി മാത്രമാണ്.ബദലഹേമിലേക്കാണ് യാത്ര.മഞ്ഞു വീഴുന്ന കാറ്റിന് കാപ്പിയുടെ മണമുള്ള പൂക്കളുടെ താഴ്വരയിലേക്ക്.അതെ ബദലഹേം…..എന്റെ വാക്കുകള്‍ കൊണ്ട് പൂർണ്ണത കൈവരിക്കാന്‍ കഴിയാത്ത സ്വർഗ്ഗത്തിലേക്ക്.തമിഴന്റെ സംസ്ക്കാരമുള്ള എല്ലപെട്ടിയില്‍ നിന്നും അങ്ങ് ദൂരെ കാണുന്ന മലമുകളിലേക്ക് കൈചൂണ്ടിയപ്പോള്‍ എന്നേക്കാള്‍ വേഗത്തില്‍ മനസ്സവിടെ എത്തിയിരുന്നു.കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തി പങ്കിടുന്ന മലനിരകളിലാണ് ബദലഹേം.കോട്ടഗുഡി മലനിരകള്‍…..കൊളുക്കുമലയുടെയും മീശപുലിമലയുടെയും ഒരു മേൽനോട്ടകാരന്റെ ഭാവത്തില്‍ ആ ഗമയോന്നുമില്ലാതെ അവന്‍ തലയുയർത്തി തന്നെ നിൽക്കുന്നു.കൊളുക്കുമലയുടെയും മീശപുലിമലയുടെയും വിഭിന്നമായി കോട്ടഗുടിയുടെ ഈ ബദലഹേമാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയുന്ന സ്വകാര്യ ക്യാമ്പിംഗ് കൂടാരം.

ബദലഹേം: വാക്കുകള്‍ കൊണ്ട് പൂർണ്ണത കൈവരിക്കാന്‍ കഴിയാത്ത സ്വർഗ്ഗം

കെട്ടുകഥകൾക്ക് മേലെ പാറിപറക്കുന്ന വെൺമേഘങ്ങളെ തഴുകിയുണർത്താന്‍ എന്റെ ഭ്രാന്തന്‍ ചിന്തകളുടെ തോളിലേറി അങ്ങ് ദൂരെ കാണുന്ന മാമലകൾക്ക് മുകളിലേക്ക് പറന്നുയരാന്‍ ഞാന്‍ കൊതിച്ചപ്പോള്‍ അങ്ങ് ദൂരെ കറക്കുന്ന കാർമേഘങ്ങളുടെ ദൂരം ഞാനളന്നു.ബദലഹേമിലെ ഓരോ ജീവനും ജീവിതത്തിനും കാഴ്ചകൾക്കും ഓരോ കഥകളുണ്ടായിരുന്നു ഒരിക്കലും പിടിതരാതെ അളന്ന് തിട്ടപെടുത്താനാവാത്ത കുറച്ചു പച്ച മനുഷ്യ ജന്മങ്ങള്‍.പിന്നെ ഈ ജന്മങ്ങൾക്കും പ്രകൃതിക്കും കാവലാളായ് അവനും.

ബദലഹേം: വാക്കുകള്‍ കൊണ്ട് പൂർണ്ണത കൈവരിക്കാന്‍ കഴിയാത്ത സ്വർഗ്ഗം

ദൂരെയുള്ള കറുത്ത മേഘങ്ങള്‍ മൂന്നാറിന്റെ സ്വന്തം പട്ടുനൂല്‍ മഴയായി കണ്ണെത്താ ദൂരത്തോളം വരുന്ന മലനിരകൾക്ക് മേലെ പെയ്തിറങ്ങുമ്പോള്‍ ഓരോ നൂല്‍ തുള്ളിയിലും പിടിച്ച്പറന്നുനടക്കാന്‍ കൊതിച്ചെങ്കിലും ഈ പ്രകൃതിക്ക് മുമ്പില്‍ മനുഷ്യനെന്ന ഞാനടക്കം എത്ര ചെറിയതാണെന്ന ബോധം ഇത്തരം സാഹസത്തിന് മുതിർന്നില്ല.നയനങ്ങൾക്ക് സ്വപ്ന തുല്യമായ കാഴ്ച സമ്മാനിച്ച് അവള്‍ മലയിറങ്ങുമ്പോള്‍ ഒരു കാഴ്ചക്കാരനെ പോലെ ഞാനും അവനുമുണ്ടായിരുന്നു ആ മലയുടെ കിഴക്ക് പടിഞ്ഞാറ് ദിക്കില്‍.

കാലാവസ്ഥകള്‍ മാറിമറയുന്നു എന്ന മട്ടിലായിരുന്നു വെയിലിന്റെ കടന്നു കയറ്റം.ആകാശം പീലിവിടർത്തി ഏഴ് വർണ്ണങ്ങളുടെ നിറക്കൂട്ട്‌ സമ്മാനിച്ചപ്പോള്‍ ഈ കടന്നുകയറ്റം തികച്ചും അനിവാര്യമാണെന്ന സ്വാർത്ഥ ചിന്ത ഉടലെടുത്തു.

ഇന്ന് ഞാന്‍ അതിഥിയാണ് ഈ ബദലഹേമില്‍.കാടും കാട്ടാറും മലകളും തേടി വന്ന ഒരു അതിഥി.ഇരുട്ട് വീണ മാനത്തെ നക്ഷത്രങ്ങൾക്ക് ചുവട്ടില്‍ വിറകിലെരിയുന്ന തണുപ്പിനു ചുറ്റും ഞാനും ബദലഹേമിലെ കഥാപാത്രങ്ങളും ഇരുന്ന് ചൂട് കാഞ്ഞു.കൂടെ അങ്ങ് ദൂരെ മാമലകൾക്കപ്പുറത്ത് നിന്ന് ഒഴുകി വന്ന സംഗീതം പാണന്റെ പാട്ടിനോടോ ദൂരെ കേൾക്കുന്ന കാട്ടാറിന്റെ തീരത്തെ ഏകാന്ത സഞ്ചാരിയായ ഒരു ഭ്രാന്തന്റെ പാട്ടിനോടോ എനിക്ക് ഉപമിക്കാം.പക്ഷെ കാറ്റിനൊപ്പം ഒഴുകിവന്ന പ്രക്രതിയുടെ താളമാണെന്നുള്ളതാണ് സത്യം.കഥാപാത്രങ്ങളിലെ അശോപ്പനും ലിമിയും കഴിഞ്ഞ യാത്രയിലെ അനുഭവങ്ങളിലൂടെ ഒരു ഭാരത പര്യടനംനടത്തിയപ്പോള്‍ നീട്ടി വളർത്തിയ മുടിയുടെ തുഞ്ചില്‍ പിടിച്ച്‌ മനു ചോദിച്ച അല്ലെങ്കില്‍ അവന്റെ ജീവിതത്തെ കുറിച്ചുള്ള വീക്ഷണം എന്നിലെ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളായിരുന്നു.ഉത്തരങ്ങൾക്കും ചോദ്യങ്ങൾക്കുമിടയില്‍ ആ രാത്രി അവസാനിച്ചപ്പോള്‍ കമ്പിളിക്കടിയില്‍ ചുരുണ്ട് കൂടാന്‍ അവനുണ്ടായിരുന്നു കൂട്ടിന്….ഹൾക്കു.

ബദലഹേം: വാക്കുകള്‍ കൊണ്ട് പൂർണ്ണത കൈവരിക്കാന്‍ കഴിയാത്ത സ്വർഗ്ഗം

അവനാണ് എന്നെ തട്ടിയുണർത്തിയത്.ഇന്നലെ കണ്ട സ്വപ്‌നങ്ങള്‍ ഹൾക്കു മാത്രമേ ഉണ്ടായിരുന്നോള്ളു.ഈയൊരു പ്രകൃതിയിലേക്ക് ഉയർത്തെഴുനേൽക്കുന്ന ഇവനായിരുന്നു പുണ്ണ്യപെട്ട ജന്മങ്ങളിലെ സഞ്ചാരി.കടുത്ത അസൂയാവഹമായ സ്വപ്‌നങ്ങള്‍ മാത്രേമേ നീ സമ്മാനിച്ചൊള്ളൂ ന്റെ ഹൾക്കു..അടുത്ത ജന്മത്തില്‍ നിന്റെ തലമുറയില്‍ ഒരുവനായ് ജനിക്കാം.നിനക്ക് ഞാനെന്റെ പൂർവ്വിക സ്ഥാനം തരുന്നു.അങ്ങനെയൊരു കാലഘട്ടത്തില്‍ ഞാന്‍ തേടുന്നതും നിന്നെയായിരിക്കും.മനുഷ്യന്‍ കവർന്നു കൊണ്ടിരിക്കുന്ന പ്രകൃതിയുടെ ജീവിച്ചിരിക്കുന്ന അടയാളമായ നിന്നെ..ഏകസാക്ഷ്യപെടുത്തല്‍.

ദൂരെ കൊളുക്കുമലയിൽ വിരിയുന്ന താമരമൊട്ടുപോലുള്ള സൂര്യനെ കാണാന്‍ ഒരു ചെറിയ മലകയറ്റം.ആ കയറ്റം മാനത്തെ തൊട്ടപ്പോള്‍ എന്റെ കാൽകീഴിലാണ് ഭൂമിയെന്ന ചിന്ത അഹങ്കരിക്കപെടാന്‍ ഞാന്‍ ബാദ്ധ്യസ്ഥനായി.തിരിച്ചിറങ്ങാന്‍ തോന്നാത്ത വിധം കോടമഞ്ഞെന്നെ വരിഞ്ഞു പിടിച്ചിരുന്നു.ഈ അലിംഗനത്തില്‍ പ്രേമമാണോ കാമമാണോ കോടയാല്‍ നാണം മറച്ച പ്രകൃതിയോടു എന്നുള്ളതിന് എനിക്കുത്തരമില്ല.താഴെ ബദലഹേം അടുത്ത അതിഥിക്ക് വേണ്ടി തയ്യാറെടുക്കുന്നു.എനിക്ക് മലയിറങ്ങാന്‍ സമയമായ്.ഈ ബദലഹേമിനോടും ഹൾക്കുവിനോടും ഉത്തരമില്ലാത്ത സുഹൃത്തുക്കളോടും യാത്ര പറയുന്നു.അരുണേ……നിന്റെ ആതിഥേയത്വം സ്വീകരിച്ചാണ് ഈ മലയിലെത്തിയത്.മലയിറങ്ങുമ്പോള്‍ ഓർമ്മയുടെ ഭൂപടത്തില്‍ രേഖപെടുത്താവുന്ന ഒരു ദിവസമുണ്ട് കയ്യില്‍.ഒരു നന്ദി പറച്ചിലില്ല.സ്നേഹം മാത്രം തിരിച്ചു തരുന്നു.കൂട്ടിവച്ചു വായ്ക്കുവാന്‍ ഒരുപാടുണ്ട്.അതിനു മുമ്പ് എനിക്ക് വായിച്ചെടുക്കണം എന്റെ ബദലഹേമിനെ കുറിച്ചും നിങ്ങളുടെ ക്ലൗഡ് ഫാമിനെ കുറിച്ചും..ഇനിയൊരു തിരിച്ചു വരവുണ്ടാവും അന്ന് ഈ സ്വർഗ്ഗത്തിനു ഞാനൊരു പട്ടുനൂല്‍ കുപ്പായം തയ്ച്ചുതരും.

#TAGS : kottagudi   trip  

advertisment

Super Leaderboard 970x90