Travel

മീശപുലിമല- ട്രക്കിങ്ങിന്റെ കഥ

ഒത്തിരിയേറെ പ്രതീക്ഷിച്ചു… കൊറെ പകൽ കിനാവ് കണ്ടു… അങ്ങനെ ആകെ മൊത്തം ത്രില്ലിൽ ആയിരുന്നു… സഞ്ചാരികളുടെ മനം കവരുന്ന മീശപുലിമലയുടെ മാറിൽ തലചായ്ചുറങ്ങാൻ ഒരു ഓവർ നൈറ്റ് ടെൻറ്ക്യാമ്പ്… മാനം മുട്ടെ പ്രൗഡിയോടെ തല ഉയർത്തി നിൽക്കുന്ന മീശ പുലി മല… പോരാത്തതിനു കാമ്പിന്റെ കൊഴുപ്പു കൂട്ടാനായി ഒരു ക്യാമ്പ് ഫയറും… പിന്നെ ഈ കടും നീല ആകാശത്തിലുള്ള തൂമഞ്ഞു പോലത്ത മേഘവും ഇളം പച്ച പുൽതകിടിയും അല്ലേലും പണ്ടേ എന്റെ വീക്ക്നെസായ ഒരു അടാർ കോമ്പിനേഷനാണ്..​

മീശപുലിമല- ട്രക്കിങ്ങിന്റെ കഥ

ചാർലി കണ്ട അന്നു മുതൽ മനസിൽ കുറിച്ചതാണ് ജീവിതത്തിൻ എന്നെങ്കിലും ഈ കാഴ്ച ഒന്നു നേരിൽ കാണണം എന്ന്…പക്ഷെ അതിനുള്ള അവസരം ഇത്ര പെട്ടെന്ന് കിട്ടുമെന്ന് കരുതിയിരുന്നില്ല…ഒരു ദൂസം വീടിന്റെ ഉമ്മറത്തുള്ള ഊഞ്ഞാലേൽ വെറുതെ കിടന്ന് ഫേസൂക്കിൽ ട്രോളും വായിച്ച് ആടിക്കൊണ്ടിരിക്കുമ്പോ യാദൃശ്ചികമായാണ് ട്രാവൽ ഗുരുവിന്റെ ഇവന്റ് അനൗൺസ്മെന്റ് നടന്നത്…പോസ്റ്റ് കണ്ടതും മനസിൽ നൂറു നൂറ്റിപത്ത് ലഡ്ഡു ഒരുമിച്ച് പൊട്ടി… എന്നാ പിന്നെ വേറെ ഒന്നും നോക്കാനില്ല അങ്ങു പോകുക തന്നെ തൊട്ടടുത്ത നിമിഷം മാഷ്ക്ക് ഒരു മെസേജ് അയച്ചു… “മാഷേ മീശപുലിമലക്ക് നമ്മളും ഉണ്ടട്ടാഎന്നായിരുന്നു അത് ”

മീശപുലിമല- ട്രക്കിങ്ങിന്റെ കഥ

മാഷിന്റെ സ്ഥിരം നമ്പറായ മറ്റേ കണ്ണും തള്ളി നിക്കുന്ന ലൗ ചിന്നത്തിന്റെ ഇമോജി രണ്ടെണ്ണം മാഷ് റിപ്ലെ അയി അയച്ചു (പഴേ ഒരു ചെറിയ കുടജാദ്രി ബന്ധം ഇണ്ടേയ്)……മാഷ്ക്ക് അത് വെറും ഇമോജി ആയിരിക്കും പക്ഷേ എനിക്ക് അത് എന്റെ കൺഫർമേഷനായിരുന്നു…അന്നു മുതൽ ഇന്ന് മല കയറുന്നത് വരെ കാത്തിരിപ്പിന്റെ ചെറിയ നീറ്റലോടെയുള്ള സുഖം ആയിരുന്നു…

മീശപുലിമല- ട്രക്കിങ്ങിന്റെ കഥ

ഒത്തിരിയേറെ പ്രതീക്ഷിച്ചു… കൊറെ പകൽ കിനാവ് കണ്ടു… അങ്ങനെ ആകെ മൊത്തം ത്രില്ലിൽ ആയിരുന്നു… സഞ്ചാരികളുടെ മനം കവരുന്ന മീശപുലിമലയുടെ മാറിൽ തലചായ്ചുറങ്ങാൻ ഒരു ഓവർ നൈറ്റ് ടെൻറ്ക്യാമ്പ്… മാനം മുട്ടെ പ്രൗഡിയോടെ തല ഉയർത്തി നിൽക്കുന്ന മീശ പുലി മല… പോരാത്തതിനു കാമ്പിന്റെ കൊഴുപ്പു കൂട്ടാനായി ഒരു ക്യാമ്പ് ഫയറും… പിന്നെ ഈ കടും നീല ആകാശത്തിലുള്ള തൂമഞ്ഞു പോലത്ത മേഘവും ഇളം പച്ച പുൽതകിടിയും അല്ലേലും പണ്ടേ എന്റെ വീക്ക്നെസായ ഒരു അടാർ കോമ്പിനേഷനാണ്..

മീശപുലിമല- ട്രക്കിങ്ങിന്റെ കഥ

യാത്രകളെ സ്നേഹിക്കുന്നവരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ ട്രാവൽ ഗുരുവിന്റെ മീശപുലിമല ട്രക്കിങ്ങിന്റെ കഥയാണ് ( കഥയല്ല കാര്യം) ഈ പറഞ്ഞു കൊണ്ടിരിക്കുന്നത്…കുറെ തമാശകളുടെയും സൗഹൃദത്തിന്റെയും മണ്ടത്തരത്തിന്റെയും സാഹസികതയുടെയും ഒക്കെ മുത്തുകൾ കോർത്ത ഒരു മാല അതായിരുന്നു “എന്നെ” സംബന്ധിച്ചിടത്തോളം ഈ പ്രോഗ്രാം.. എല്ലാം എഴുതാൻ പറ്റില്ലേലും ചിലവ പരിമിതമായ വാക്കുകളിൽ ഒന്നു സൂചിപ്പിക്കാംശനിയാഴ്ച ഉച്ചയ്ക്ക് 1.00 മണി ആകുമ്പോൾ എല്ലാവരും മൂന്നാർ റിപ്പോർട്ട് ചെയ്യണം എന്നാണ് പറഞ്ഞിരുന്നത്… ഞാൻ കൊച്ചുവെളുപ്പാം കാലത്തേ ഭാണ്ഡക്കെട്ടുമായി വീട്ടീന്ന് ഇറങ്ങി… 8.20 നായിരുന്നു എറണാകുളം മൂന്നാർ ബസ് നമ്മടെ പഴേ ഒരു ചങ്ങായീം കൂട്ടരും ആ ബസിൽ നേരത്തേ സ്ഥലം പിടിചൂന്ന് അറിയാൻ കഴിഞ്ഞു… ഞാൻ ബസ് സ്റ്റാൻഡിൽ എത്താൻ വൈകുമെന്നതിനാൽ ആളോട് എന്റെ ഫേവറേറ്റ് ഫ്രണ്ട് സീറ്റ് പിടിച്ചു വച്ചേക്കാൻ പറഞ്ഞു… ആളു പറഞ്ഞു അത് ഞാൻ എടുത്തു നിനക്ക് വേണേൽ തൊട്ടു പിന്നിലെ സീറ്റ് പിടിക്കാന്ന്…. ഞാൻ മനസില്ലാ മനസോടെ സമ്മതിച്ചു (പ്രതീക്ഷയുടെ ചെറിയ വിഷമം ഉണ്ടായെന്ന് കൂട്ടിക്കോ)

മീശപുലിമല- ട്രക്കിങ്ങിന്റെ കഥ

ഞാൻ ഇടപ്പള്ളിയിൽ നിന്നും വണ്ടിയിൽ കയറി… ഒരു ചുവന്ന ഉടുപ്പിൽ മഞ്ഞ കോളർ പിടിപ്പിച്ച പാർട്ടി വെയർ (ശേ KSRTC സൂപ്പർ ഫാസ്റ്റ് )മതമിളകിയ ആനയെ പോലെ ആനവണ്ടി നാഗരിക ഭംഗിയിൽ നിന്നും പ്രകൃതി ഭംഗിയിലേക്ക് കുതിച്ചു പാഞ്ഞു…ഞാൻ കയറിയപ്പോൾ ആളുകൾ കുറവായിരുന്ന വണ്ടിയിൽ കോതമംഗലം കഴിഞ്ഞപ്പോഴേക്കും സൂചി കുത്തുവാൻ ഇടമില്ലാത്ത രീതിയിൽ തിരക്കായി…70 % വും ലേഡീസ് ആയിരുന്നു ബ്ലഡി ഗ്രാമവാസീസ്…. കുറച്ചു കഴിഞ്ഞപ്പോ കാണാൻ തിരക്കേടില്ലാത്ത ഒരു സുന്ദരി കൊച്ച് (സോറി സുന്ദരി ചേച്ചി ) എന്റെ അടുത്ത് വന്നിരിക്കുവാൻ തിരക്ക് കൂട്ടുന്നത് ശ്രദ്ധയിൽ പെട്ടു… ആദ്യം അത് എന്റ അടുത്തിരുന്ന ആളെ പൊക്കി മാറ്റി അവിടെ ഇരുന്നു… (നമ്മുടെ ഫ്രണ്ട് ഡോറിനു മുന്നിലുള്ള 2 പേരുടെ സീറ്റാണെന്ന് ഓർക്കണേ..) പിന്നെ അത് എന്നോട് എന്റെ വിൻഡോ സീറ്റ് അതിന് കൊടുക്കുമോ എന്ന് ചോദിച്ചു… പെൺകൊച്ചല്ലേ ,അതിനുമുണ്ടാവില്ലേ ആശകളും ആഗ്രഹങ്ങളും ഒരു പക്ഷെ അവളും എന്നെ പോലെ ട്രാവലർ ആണെങ്കിലോ…??

മീശപുലിമല- ട്രക്കിങ്ങിന്റെ കഥ

മനസില്ലാ മനസോടെ ഞാൻ മാറിക്കൊടുത്തു പിന്നെ എന്റെ പൊന്നോ ഒരു രക്ഷയിണ്ടായില്ല ആമയെ പോലെ തല പുറത്തോട്ട് ഇട്ട് “വാളോട് വാൾ… കൊടു വാൾ” അൺസഹിക്കബിൾ…. അപ്പളാ കലങ്ങിയെ പെണ്ണുംപുള്ളക്ക് വാള് വെക്കാൻ വേണ്ടി കാണിച്ച പരക്കം പാച്ചാലാണ് ഞാൻ തൊട്ടു മുന്നേ കണ്ടതെന്ന്..പിന്നെ ഞാൻ ആ സീറ്റിൽ നിന്ന് തന്നെ മാറികൊടുത്തു… ആസ് എ ട്രാവലർ എന്റെ പേഴ്സിൽ സ്ഥിരം കുറച്ച് അത്യാവശ്യ മരുന്നുകൾ കാണും… അതിൽ നിന്ന് കൊടുവാളിനുള്ള ഒരു ഗുളിക എടുത്ത് ഒരു ചെറുപുഞ്ചിരിയോടെ ഓൾക്ക് നേരെ നീട്ടി, അവൾ അത് കിട്ടിയ പാടെ നിറമനസോടെ മുണുങ്ങി… അപ്പൊ ഞാൻ ചിന്തിച്ചു എനിക്ക് പകരം വേറെ ആരേലും വല്ല വിഷമോ ഉറക്കഗുളികയോ ആയിരുന്നു ഈ പൊട്ടി കുഞ്ഞമ്മക്ക് കൊടുത്തിരുന്നതെങ്കിലോ എന്ന്… പിന്നെ ഒന്നു കൂടി മനസിൽ പറഞ്ഞു കാറ്റടിച്ചാൽ വാളു വെക്കുന്ന ഇവളുമാരൊക്കെ എന്തിനാ മൂന്നാർക്ക് കെട്ടിയെടുക്കണെ എന്ന്… പിന്നെ എനിക്ക് കുറച്ചൂടെ മുന്നിലെ സീറ്റ് കിട്ടി…ഫ്രണ്ട് സീറ്റ് അല്ലാട്ടോ (അതുക്കും മേലെ ) യെസ്, ആനവണ്ടീടെ ബോണറ്റ്… എന്റെ ഏറ്റവും കംഫർട്ടബിൾ സീറ്റ്…. പിന്നെ ഞാൻ ആയുധം എടുത്ത് പണി തുടങ്ങി…. ഡ്രൈവർ ചേട്ടനോട് കുറേ സല്ലപിച്ചു… ആളെ പെരുത്ത് ഇഷ്ടായി.. പടം പിടിക്കാൻ വേണ്ടി ആള് ബസ് പതിയെ ഓടിച്ചു, ഇടക്ക് നിർത്തി തന്നു, തല പുറത്തിട്ട് സൂക്ഷിച്ച് പടം പിടിക്കാൻ അനുവാദം തന്നു… എല്ലാം കൊണ്ടും അടിപൊളി ആയിരുന്നു…

മീശപുലിമല- ട്രക്കിങ്ങിന്റെ കഥ

ഉച്ചഭക്ഷണത്തിന് ഹോട്ടലീ കേറി നല്ലോണം പൊറോട്ട കുത്തി കേറ്റിയിട്ട് പൈസ കൊടുക്കാതെ ഇറങ്ങി ഓടിയ മഹാനെ സ്നേഹത്തോടെ സ്മരിക്കുന്നു… ( ഹോട്ടലുകാർ എന്നെ ഒരു സ്മരണ ആക്കേണ്ടതായിരുന്നു)യാതൊരു വിധ മുൻപരിചയവും ഇല്ലാത്ത കേരളത്തിന്റെ തെക്കെ അറ്റം മുതൽ വടക്കേ അറ്റം വരെ ഉളളവർ മൂന്നാർ സ്റ്റാൻഡിൽ ഒരുമിച്ച് കൂടി… 7 വയസുകാരൻ ധ്രുവ് മുതൽ 59 കാരൻ ബാലൻ ചേട്ടൻ വരെ…ഡോക്ടർ, വക്കീൽ, എഞ്ചിനീയർ, മാഷ്, രണ്ടാം ക്ലാസ് വിദ്യാർത്ഥി അങ്ങനെ എല്ലാരും ഇണ്ടാർന്നു ആ ഗ്രൂപ്പിൽബസ് ഇറങ്ങീട്ട് ഏതോ ഒരു ചേട്ടൻ ഒരു 2 മണിക്കൂർ മൂന്നാർ പോസ്റ്റ് ഓഫീസിന്റെ മുന്നിൽ കൊല പോസ്റ്റ് തന്നായിരുന്നു.. ആളെയും ബാക്കി ഉള്ള എല്ലാവരും കൂടെ നല്ല പോലെ സ്മരിച്ചായിരുന്നു എന്ന് തോന്നുന്നു

മീശപുലിമല- ട്രക്കിങ്ങിന്റെ കഥ

ശേഷം ഉണ്ടായ ഓഫ് റോഡ് ജീപ്പ് റൈഡ് ഒരു രക്ഷയിണ്ടായില്ല… പച്ച പരവതാനിക്ക് നടുവേ ഒരു റിബൺ ഒട്ടിച്ച പോലെ ഉള്ള വഴിയിൽ ഒരു ആമയെ പോലെ ജീപ്പ് അനങ്ങി അനങ്ങി കൊറേ ദൂരം താണ്ടി മനുഷ്യന്റെ ഉപ്പാട് ഇളകി… ജീപ്പിന്റെ പുറകിൽ തൂങ്ങി കിടന്ന് തല പുറത്തേക്ക് ഇട്ട് പോകുമ്പ കിട്ടണ ഫീൽ ഉണ്ടല്ലോ ന്റ സാറേ… പിന്നെ ചുറ്റുമുള്ളത് ഒന്നും കാണാൻ പറ്റൂലാ…. (കമ്പിയിൽ ഇടിച്ച് മൂക്കിന്റ പാലോം മുമ്പിലെ പല്ലും പോകാണ്ട് നോക്കണം)കുറച്ച് കഴിഞ്ഞപ്പോ വഴീൽ ഒരു ഭീകര സത്വത്തെ കണ്ടു… ഞാൻ അലറി വിളിച്ചു “ആന ” “ആന” കേട്ട പാതി കേക്കാത്ത പാതി തമിഴൻ ഡ്രൈവർ വണ്ടി നിർത്തി എല്ലാരും ആകാംക്ഷയോടെ തല പുറത്തിട്ടു… ഒരു ആനേട അത്രേം വലുപ്പം ഉള്ള കറുത്ത് ഇരുണ്ട വാട്ടർ ടാങ്ക് ചരിച്ച് ഇട്ടേക്കുന്നു… പിന്നെ എല്ലാരും എന്നെ പൊലയാടായിരുന്നു… കൊന്നു കൊലവിളിച്ചു…

വണ്ടി പിന്നേം മുന്നോട്ട് നീങ്ങി കുറച്ച് കഴിഞ്ഞപ്പോ ദേ വണ്ടീടെ ബോണറ്റിന്നും അവിടന്നും ഇവടന്നും ഒക്കെ തീയും പുകയും വരുന്നു… പിന്നെ തമിഴൻ പറഞ്ഞു എന്തൊക്കെയോ കരിഞ്ഞു പോയീ വേണേൽ ഇറങ്ങി നടന്നോളാൻ… അത് എന്തായാലും നന്നായി നടുവിന് ഒരാശ്വാസവും കിട്ടി നല്ല കിടുക്കാച്ചി സൺസെറ്റും കണ്ടു ബോധിച്ചു…തണുപ്പിന്റെ തണുപ്പ് കൂടി കൂടി വന്നു…ഉയരം കൂടുന്തോറും ചായക്ക് സ്വാദ് കൂടും… മനുഷ്യർക്ക് തണുപ്പും കൂടും… ശ്വാസംമുട്ടലും കൂടും….

പിന്നെ ഞങ്ങൾ ബേസ് ക്യാമ്പിൽ ടെന്റിന്റെ പണിയൊക്കെ തീർത്ത് ക്യാമ്പ് ഫയർന് ചുറ്റും ഇരുന് എല്ലാവരും പരസ്പരം പരിചയപ്പെട്ടു… 7 വയസ് കാരൻ ധ്രുവിനെ പരിചയപ്പെട്ടപോഴാണ് എനിക്ക് എന്നെ തന്നെ എടുത്ത് കിണറ്റിലിടാൻ തോന്നിയത്… ആകാശത്ത് ചന്ദ്രൻ സാർ അവധിയിലായിരുന്നു എന്ന് തോന്നുന്നു… പകരം പൊട്ടുവെള്ളരിയിലെ കുരു പോലെ കുറേ ശിങ്കിടി നക്ഷത്രങ്ങൾ മാനം വിതുമ്പി നിന്നു…. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും നക്ഷത്രം ഒരുമിച്ച് കണ്ടത്… രാത്രിയുടെ യാമത്തിൽ കാറ്റാടി മരവും കാറ്റും സല്ലാപത്തിലും തലോടലിലും ഏർപ്പെട്ട് ” കുറു കുറു കുറു കുറു” കുറുങ്ങി കൊണ്ടിരുന്നു… ആ ശബ്ദം തന്ന ആംബിയൻസും അടിപൊളി ആയിരുന്നു…

ക്യാമ്പ് ഫയറിന്റെ ആമ്പിയൻസും ചൂടും തണുപ്പും എല്ലാം തന്നെ വേറെ ലെവൽ പ്രതീതിയാരുന്നു…കമ്പനി വക അത്താഴം അടിപൊളി ആയിരുന്നു ഉപ്പിലാത്ത ബിരിയാണി പോലത്ത എന്തോ വിഭവവും ചിക്കനും ചപ്പാത്തീം അവിയൽ പോലത്ത സാധനോം അചാറും പൈനാപിളുമായി തമിഴ് 5 സ്റ്റാർ കോമ്പിനേഷൻ…

വേറെ ഒരു മാരക കോമഡി കം ട്രാജഡി ഇണ്ടായി വെടിവെപ്പ് ഒക്കെ കഴിഞ്ഞ് രാത്രി ആയപ്പോ തോക്കിന്റെ ഉണ്ട (അല്ല കാമറേട ബാറ്ററി) തീർന്നു.. ടെന്റ് ക്യാമ്പ് ആയത് കൊണ്ട് ചാർജിങ് സൗകര്യം കുറവാണ്…. ട്രാവൽ ഗുരു ടീമിന് ബാഗും മറ്റും വെക്കാൻ ഒരു മുറി ഗവൺമെന്റ് തന്നിരിന്നു…. ഞാൻ ആ മുറി ആണെന്ന് വിചാരിച്ച് വേറെ ഒരു മുറിയിൽ പോയി മുട്ടി… കണ്ടാൽ ചെറ്റപ്പക്കാരനായ ഒരു മാന്യനായ ചേട്ടൻ വന്ന് റൂം തുറന്നു… ആളെ കണ്ടപ്പോ ഞാൻ വിചാരിച്ചു ഞങ്ങളുടെ കൂടെ ഉള്ള ആളാണെന് പിന്നെ ചോദിക്കാനും പറയാനും ഞാനും നിന്നില്ല ഇടിച്ചങ്ങ് മുറിയിൽ കയറി… അത് ഒരു കപ്പിൾ സ്യൂട്ട് ആയിരുന്നു ഒരു ചേച്ചി പുതപ്പിനടിയിൽ നിന്ന് നേരത്തെ പറഞ്ഞ ആമയെ പോലെ തലയും പുറത്തിട്ട് കിടക്കുന്നു… പിന്നെ ചെറുതായട്ട് കാറുന്ന പോലെ ഒച്ചയും ഇണ്ടാക്കി എന്നു തോന്നുന്നു…. സത്യായട്ടും ഞാൻ അത്രേം മാത്രം കണ്ടൊള്ളൂ… ഒരു കാര്യം കൂടി പറയാ എനിക്ക് ഇപ്പൊ ഒന്നും ഓർമയില്ലാത്രെ… ആരും കഥയും ചോദിച്ച് വരണ്ടാ… (ഇപ്പോ ഓർത്താ ചിരി വരും)

മീശപുലിമല- ട്രക്കിങ്ങിന്റെ കഥ

പിന്നെ വന്ന് നൈസ് ആയട്ട് കിടന്നുറങ്ങാൻ നോക്കി… നാളെ ഒരു വിഷയം ഉണ്ടാവണ്ടല്ലോ എന്നു കരുതി മാഷിനോട് നടന്ന കാര്യവും ധരിപ്പിച്ചു…. ഞാൻ നാളത്തെ ട്രക്കിങ്ങും സ്വപ്നം കണ്ട് സുഖനിദ്രയിലേക്ക് വീണു തണുപ്പ് സ്ലീപിങ് ബാഗും തുളച്ച് കയറി ഉറക്കം കെടുത്തിയിരുന്നു…. നട്ട പാതിരാ ആയപ്പോ ആസ്ട്രോ ഫോട്ടോഗ്രഫി എടുക്കാൻ മോഹം… കൂടെ കിടന്ന മഹാനേം കുത്തിപ്പൊക്കി കാമറേം തൂക്കി പുറത്തേക്ക് ഓടി പടം പിടിച്ചു തിരിച്ച് വന്ന് കിടന്ന് ഉറങ്ങി..

വെളുപ്പിന് 4 മണിക്ക് ട്രക്കിങ് ആരംഭിക്കും എന്നാണ് പറഞ്ഞിരുന്നത്.. കുറേ പേരുടെ കലപില കൊച്ചുവർത്താനം വർത്താനം കേട്ടാണ് കൊച്ചുവെളുപ്പാം കാലത്തേ സ്ലീപിങ് ബാഗിൽ നിന്ന് തല പുറത്തിട്ടത്…. ആദ്യം വിചാരിച്ചു മാഷ് തുണ്ട് കഥ പറയുവാന്ന് പിന്നെയാ മനസിലായ എന്റെ തലേ ദിവസം രാത്രിയിൽ നടന്ന വീരസാഹസ കഥകളുടെ വിശദീകരണവും അതിന്റെ കൂട്ട ചിരിയുമായിരുന്നു അതെന്ന്.. തണുപ്പ് സഹിക്കവയ്യാതെ രാവിലെ പ്രവാസിയുടെ ഈത്തപയം തിന്ന് പല്ലുതേച്ചു…. ഒരു ടീ ഷർട്ടും മൂന്ന് ഷർട്ടും ഒരു ജാക്കറ്റും ഒരു റെയിൻകോട്ടും ഒരേ സമയം ഇട്ട് തൽക്കാലം തണുപ്പിൽ നിന്ന് പിടിച്ചു നിന്നു പ്ലാസ്റ്റിക്ക് കവറും തോർത്തും കൊണ്ട് സോക്സ് ഉണ്ടാക്കി…. (ഇതൊന്നും ആരും അറിഞ്ഞിട്ടില്ല)

ട്രാവൽ ഗുരുവിന്റെ 28 പേരും കുമ്മനിടച്ചു വന്ന 4 പേരും അടക്കം ട്രക്കിങ് ആരംഭിച്ചു…. സലിം ഇക്ക മുന്നേ നടന്നു തൊട്ടു പിന്നാലേ ഞാൻ നടന്നു… ഇക്കയുടെ ടോർച്ച് ഇരുട്ടിനെ വകഞ്ഞു മാറ്റി പാത തെളിച്ചു തന്നു…. രാത്രി ആകാശം കാണാൻ പ്രത്യേക ചന്തം ആയിരുന്നു… ചന്ദ്രൻ ചേട്ടൻ ചന്ദ്രക്കലയായി വന്നിരുന്നു…കാട്ടരുവിയിൽ നിന്ന് വെള്ളം മോന്തി…. സാക്ഷാൽ ഐസ് കട്ട തോറ്റ് മാറി നിൽക്കും അത്രയും തണുപ്പായിരുന്നു….സൂര്യൻ ചേട്ടന്റെ വരവറിയിച്ച് പതിയെ ആകാശം ചുമന്നു തുടങ്ങി… അത് കണ്ടപ്പോ മൈലേജ് അൽപം കൂടി… ഒരു കിടുക്കാച്ചി മാജിക്കൽ സൂര്യോദയം കാണാൻ സാധിച്ചു…. ഒരു സ്വർഗം കണ്ട അനുഭൂതി.. മീശ പുലിമലയിൽ മഞ്ഞ് പെയ്യുന്നത് കണ്ടില്ലെങ്കിലും തൊട്ടടുത്ത പേരറിയാത്ത കുറേ മലകളിൽ മഞ്ഞ് പെയ്യുന്നത് കണ്ടു….

വന്ന വഴി തിരിച്ച് പോകാതെ കൊളുക്കുമല വഴി ട്രക്ക് ചെയ്ത് താഴേക്ക് ഇറങ്ങാം എന്ന് ഞങ്ങൾ ഒരു 10 പേർ പറഞ്ഞു ബാക്കി ഉള്ളവരെ മീശപുലിമലയിൽ വച്ച് തന്നെ സലാം പറഞ്ഞ് പരിഞ്ഞു…. ഞങ്ങൾ തിരഞ്ഞെടുത്ത വഴി കുറച്ച് ദുർഗടം ആയിരുന്നു… ചെങ്കുത്തായ ഇറക്കം… പലർക്കും പലപ്പോഴും കാൽ ഇടറി… പലരും പരസ്പരം കൈകോർത്തു…താഴെ എത്തി കഴിഞ്ഞപ്പോ ഫോർട്ട് കൊച്ചീന്ന് വന്ന വേറെ കുറച്ച് ഫ്രിക്കൻമാർക്ക് എട്ടിന്റെ പണി കൊടുത്തപ്പോഴാണ് കുറച്ചെങ്കിലും റിലാക്സിയേഷൻ ആയത്… (അവർ ഞങ്ങളുടെ മാതാപിതാക്കളെ സ്മരിച്ചോ ആവോ… )

കൊളുമക്കല തേയില തോട്ടവും അതിനു മുൻപുള്ള കാനന പാതയും എല്ലാം തന്നെ നല്ല പോലെ ആസ്വദിച്ചു… ഇടുങ്ങിയ കാട്ടുവഴിയിലെ കമ്പുകളും വള്ളികളും നീക്കിയുള്ള യാത്ര പണ്ടെപ്പഴോ കണ്ടു മറന്ന ഏതോ ഹോളിവുഡ് സിനിമയിലെ രംഗം പോലെ തോന്നിച്ചു…നല്ല ഭംഗിയുള്ള കാട്ടുപൂക്കളും അതിനു ചുറ്റും വട്ടമിട്ടു പറക്കുന്ന പൂമ്പാറ്റകളും എല്ലാം തന്നെ ഓരോ മാജിക്കൽ വിഷ്വൽ ട്രീറ്റ് ആയിരുന്നു…അങ്ങ് ദൂരെ കുരിശുമലയുടെ മുകളിൽ വലിഞ്ഞുകയറിയവരെ ഒരു ഉറുമ്പിന്റെ അത്രേം ചെറുതായി കാണാൻ സാധിച്ചു… അവരും ഞങ്ങളും മാറി മാറി മനസറിഞ്ഞ് കൂവി… ഞങ്ങളുടെ കൂവലിന് രണ്ട് മൂന്ന് സെക്കന്റുകൾക്ക് ശേഷം പ്രകൃതി പോലും പ്രത്യുത്തരമായി അതേ ധ്വനിയിൽ തിരിച്ച് കൂവി ( പരിഷ്കാരികൾ എക്കോ എഫക്ട് എന്നൊക്കെ പറയും)

കൊളുക്കുമലയിലെ തണുത്തുറഞ്ഞ വരണ്ട കാറ്റ് അടിപൊളിയായിരുന്നു…കൊച്ചിലെ ഫ്രീക്കൻമാരെ ഞങ്ങൾ തേച്ചത് കൊണ്ടാവാം കൊളുക്കുമലയിലെ കാവൽ അണ്ണാച്ചിമാരുടെ കയ്യിൽ നിന്ന് ഞങ്ങൾക്കും ഒരു ഒന്നൊന്നര തേപ്പ് കിട്ടി…സലിം ഇക്ക ഞങ്ങൾക്കായി ബുക്ക് ചെയ്തിരുന്ന ജീപ്പ് താഴെ ഞങ്ങളെ കാത്തുകിടന്നിരുന്നു… വിണ്ടും ഓഫ് റോഡ് യാത്ര.. ആ യാത്രയിലാ മനസിലായെ അങ്ങു പോയപ്പോ ചെയ്ത ഓഫ് റോഡൊന്നും ഒരു ഓഫ് റോഡേ ആയിരുനില്ല എന്ന്… കുലുങ്ങി കുലുങ്ങി എല്ലും തലയും ഒക്കെ വിട്ടു പോണ പോലെ തോന്നി.. ഇനി മേലിൽ ഓഫ് റോഡ് പോകില്ല എന്ന് തോന്നിയ നിമിഷം… എന്നാലും അതും അടിപൊളി ആയിരുന്നു…

വരുന്ന വഴിക്ക് സൂര്യനെല്ലിയിൽ നിന്നും ജീപ്പ് മാറി കേറേണ്ടി വന്നു… സാധാരണ 10 പേർ കയറുന്ന ജീപ്പിൽ 17 പേരെ കുത്തി കയറ്റി വാഗൺ ട്രാജഡി കളിച്ച ഡ്രൈവർ ശരിക്കും മരണ മാസ് ആയിരുന്നു… സത്യം പറഞ്ഞാ പുള്ളി വണ്ടിക്ക് പുറത്തിരുന്നാ വണ്ടി ഓടിച്ചത്.. മുൻ സീറ്റിൽ ഇരുന്ന 5 പേരിൽ ഞാൻ ഒത്ത നടുക്കയായിരുന്നു ഗതികേടിന് വണ്ടിയുടെ ഗിയർ എന്റെ കാലുകളുടെ ഇടയിലും പിന്നെത്ത കഥ പറയണ്ടല്ലോ…. ഈ കാഴ്ചയെല്ലാം കണ്ട് എന്റെയും ജീകെ യുടെയും ഇടയിൽ ഇരുന്ന പെൺകുട്ടിയുടെ കള്ള ചിരിയും ഞാൻ കണ്ടായിരുന്നു..

വരുന്ന വഴിക്ക് ചൊക്രമുടി മലയും ആനയിറങ്ങൽ ഡാമും എല്ലാം കണ്ടു…ആറച്ചാലിൽ വന്ന് മടക്കയാത്ര ആരംഭിച്ചു… KSRTC, വിൻഡോ സീറ്റ്, അവശത, സുഖനിദ്ര… 5.30 ആയപ്പൊ വഴീൽ കണ്ട പള്ളിയിൽ കയറി ഞായറാഴ്ച്ച കുർബാനയും കൂടി വീട്ടിലേക്ക്.ശുഭം.

(ഈ യാത്രയിൽ കണ്ടുമുട്ടിയ ഒത്തിരി ഇഷ്ടായ രണ്ട് വ്യക്തിത്വങ്ങൾ 7 വയസു കാരൻ ധ്രുവും, സലിം ഇക്കയും (എന്ന് വച്ച് ബാക്കി ഉള്ളവരെ ഇഷ്ടമായില്ല എന്നല്ല ) എല്ലാവരും അടിപൊളി ആയിരുന്നു ഒരിക്കലും മറക്കില്ല ഈ യാത്ര.. പറയാൻ വാക്കുകൾ ഇല്ല… നന്ദി, സ്നേഹം എല്ലാവരോടും..ജീവിത യാത്രയിൽ വീണ്ടും എവിടെ എങ്കിലും വച്ച് കണ്ടു മുട്ടാം…

വാക്കുകൾ തോൽക്കുന്നിടത്ത് ചിത്രങ്ങൾ സംസാരിക്കുന്നു…

advertisment

Related News

    Super Leaderboard 970x90