Travel

അഗസ്ത്യമലയുടെ ഭംഗി തേടി...

അങ്ങനെ കാടും മലകളും താണ്ടി അഗസ്ത്യമല കയറ്റത്തിന്റെ അവസാന ഘട്ടത്തിലെത്തുന്നു. കാട്ടില്‍ നിന്ന് നേരെ ചെല്ലുന്നത് കൂറ്റന്‍ ചെരിവുള്ള പാറപ്പുറത്തേക്കാണ്. ഇനിയാണ് യഥാര്‍ത്ഥ സാഹസിക യാത്ര തുടങ്ങുന്നത്. ഒരു വലിയ പാറയുടെ വടക്കുപടിഞ്ഞാറു മൂലയിലാണ് കാട്ടില്‍ നിന്ന് ചെന്നു കേറുന്നത്. പാറയുടെ വടക്കുവശം അതായത് കാട്ടില്‍ നിന്നു കയറുന്ന മൂലയില്‍ 500 അടിയോളം താഴ്ച്ചയുള്ള അഗാധഗര്‍ത്തം. മുകളിലോട്ടു നോക്കിയാലോ ചെറിയ ഒരു ചെരിവു മാത്രമുള്ള ചെങ്കുത്തായ പാറ. കൈയ്യും കാലും ഉപയോഗിച്ച് പിടിച്ചുപിടിച്ചാണ് മുകളിലേക്ക് കയറുക. വളരെ സൂക്ഷിച്ചുവേണം ഈ മല കയറാന്‍....

അഗസ്ത്യമലയുടെ ഭംഗി തേടി...

സഹ്യാദ്രിസാനുക്കളില്‍ അനേകം വിശിഷ്ട പര്‍വ്വത നിരകളുണ്ട്. അവയില്‍ ഉല്‍കൃഷ്ടമായ ഒന്നാണ് അഗസ്ത്യാര്‍കൂടം. പര്‍വ്വതത്തിന്റെ ഔന്നിത്യംകൊണ്ടും ആയുര്‍വ്വേദ സസ്യങ്ങളുടെ സമ്പുഷ്ടതകൊണ്ടും അഗസ്ത്യമുനിയുടെ പാദസ്പര്‍ശമേറ്റ പുണ്യഭൂമി എന്നതുകൊണ്ടും മാത്രമല്ല മലകയറ്റത്തിന്റെ വ്യത്യസ്ത അനുഭവതലങ്ങള്‍കൂടി സമ്മാനിക്കുന്നു ഈ ഉത്തംഗശൃംഗം.

സമുദ്രനിരപ്പില്‍ നിന്ന് 1868 മീറ്റര്‍ പൊക്കത്തില്‍ അതായത് ഏകദേശം 6129 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അഗസ്ത്യമല തിരുവനന്തപുരം ജില്ലയുടെ കിഴക്ക് ബോണക്കാട് എന്ന സ്ഥലത്തു നിന്ന് 28 കി.മീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന കൊടുമുടിയാണ.് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 60 കി.മീറ്റര്‍ യാത്രയുണ്ട് ബോണക്കാട്ടേക്ക്. ഇവിടെ നിന്നും നടന്നുവേണം അഗസ്ത്യമലയിലെത്താന്‍.

മകരം ഒന്നിന് തുടങ്ങുന്ന തീര്‍ത്ഥാടനത്തിനു ശിവരാത്രി ദിവസമാണ് സമാപ്തി. ഒരു ദിവസം 100 ല്‍ കൂടുതല്‍ ആളുകളെ കയറ്റി വിടുകയില്ല. മുന്‍കൂര്‍ അനുമതി ഫോറസ്റ്റ് അധികാരികളില്‍ നിന്നും വാങ്ങേണ്ടതുണ്ട്. ഇപ്പോള്‍ അക്ഷയവഴി ബുക്കിംഗ് സൗകര്യമുണ്ട്. യാത്ര തുടങ്ങുന്നതിനു ഒരാഴ്ച്ച മുമ്പ് ബുക്കിംങ് ആരംഭിക്കും.

തിരുവനന്തപുരത്തുനിന്നും നേരിട്ട് രാവിലെ അഞ്ചുമണിക്ക് ബോണക്കാടേക്ക് ബസുണ്ട്. നെടുമങ്ങാട് വിതുരവഴി ഏകദേശം 60 കി.മീറ്റര്‍ യാത്രചെയ്തു വേണം ബോണക്കാട് എത്താന്‍. വിതുരയില്‍ നിന്നുമാത്രം 20 കി.മീറ്റര്‍ യാത്രചെയ്യണം. കാനനപ്രദേശവും ഹെയര്‍പിന്‍ വളവുകളും നിറഞ്ഞ പാത വഴിയുടെ ഒരു വശത്ത്, കാടിനുള്ളില്‍ ഒരു കെട്ടിടം കാണാം. ഫോറസ്റ്റുക്കാരുടെ വക ഒരു ‘നാടുകാണി’. അതിനു മുകളില്‍ നിന്ന് നോക്കിയാല്‍ കാണുന്ന കാഴ്ച്ച വിസ്മയകരം തന്നെ.

പ്രതാപകാലത്തിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തുംവിധമാണ് ബോണക്കാട് ടി എസ്റ്റേറ്റ് കെട്ടിടം. അതു കടന്നു വേണം ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ടിംഗ് പോയിന്റില്‍ എത്താന്‍. ബ്രിട്ടീഷുക്കാരുടെ അധീനതയില്‍ ഉണ്ടായിരുന്ന ടി എസ്റ്റേറ്റ് കെട്ടിടം പൂര്‍ണ്ണമായും കരിങ്കല്ലാല്‍ നിര്‍മിക്കപ്പെട്ടവയാണ്. കെട്ടിടത്തിനു ചുറ്റും ഇടമുറിയാതെയുള്ള ചില്ലുജാലകങ്ങള്‍. ഏറെക്കാലമായി സമരമായതിനാല്‍ അതിനകത്തെ യന്ത്രസാമഗ്രികള്‍ തുരുമ്പും പൊടിപടലങ്ങളും വലയും പിടിച്ച് ശോചനീയാവസ്ഥയിലാണ്. ബോണക്കാട് എസ്റ്റേറ്റില്‍ നിന്ന് 5 കി.മീറ്റര്‍ യാത്രയുണ്ട് റിപ്പോര്‍ട്ടിംഗ് പോയിന്റിലേക്ക്.

രാവിലെ 9 മണിക്ക് ഫോറസ്റ്റ് അധികാരികളുടെ മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യണം. ബുക്ക് ചെയ്ത ആളു തന്നെയാണ് മലകയറാന്‍ വരുന്നതെന്ന് ഉറപ്പുവരുത്താന്‍ അവര്‍ ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധനയും നടത്തും. ഉച്ചഭക്ഷണം ഇവിടെ നിന്ന് വാങ്ങണം.

യാത്ര തുടങ്ങാം, സാഹസികമായി ഒന്നര അടിയോളം വീതിയുണ്ട് നടപ്പാതക്ക്. ഇരുവശത്തും വന്‍ വൃക്ഷങ്ങള്‍. പാതയുടെ ഒരു വശത്ത് കുന്നും പ്രദേശവും മറുവശത്ത് താഴ്ചയുമാണ്. കാട്ടാനകളും കരടി, കാട്ടുപോത്ത് എന്നീ വന്യമൃഗങ്ങളും യഥേഷ്ടമുള്ള വനത്തില്‍ മുന്നോട്ടു പോകുന്തോറും വഴി ദുര്‍ഘടമാണ്. മരങ്ങള്‍ കടപുഴകി വീണു പലസ്ഥലങ്ങളിലും മാര്‍ഗ്ഗതടസം സൃഷ്ടിച്ചിട്ടുണ്ട്. അവിടെ ഒരു ക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ട്. കല്ലാണ് വിഗ്രഹം. തങ്കെമച്ചാന്‍ കോവില്‍ എന്നാണ് പേര്. അവിടെ ഒരു ഗണപതി വിഗ്രഹമുണ്ട്. പലരും അവിടെ പൂജ നടത്തിയാണ് യാത്ര തുടരുക.

പലതരത്തിലുള്ള വൃക്ഷങ്ങള്‍ ഇവിടെ കാണാം. ഇറക്കവും കയറ്റവും നിറഞ്ഞ പാതയിലൂടെയുള്ള നടത്തത്തില്‍ ശ്രദ്ധ തെറ്റിയാല്‍ കരിങ്കല്ലുകളില്‍ തട്ടി വീഴുക ഉറപ്പ്. പാതയുടെ ഇടതുവശം കുന്നുപ്രദേശം ആയതിനാല്‍ ചിലയിടങ്ങളില്‍ പാറക്കെട്ടുകള്‍ക്കിടയിലൂടെയുള്ള ചെറുതും വലുതുമായ ഒട്ടനവധി നീര്‍ച്ചാലുകള്‍ കാണാം.

പിന്നീടങ്ങോട്ടു ഘോരവനമാണ്. ഏകദേശം ഒരു മണിക്കൂര്‍ യാത്ര ചെയ്തു കഴിയുമ്പോള്‍ അട്ടയാര്‍ വെള്ളചാട്ടം കാണാം. ഇതു കഴിയുന്നതോടെ വനത്തിന്റെ ഭാവം മാറി. പുല്ലു വളര്‍ന്നു നില്‍കുന്ന പ്രദേശത്തേക്കാണ് ചെന്നു കയറുക. ഇടയ്ക്കിടക്ക് ഓരോ മരങ്ങള്‍, അവിടവിടെ തലയെടുപ്പോടെ നില്‍കുന്ന പാറകള്‍ എന്നിവ ഈ ഭാഗത്തെ സവിശേഷതയാണ്. കയറുംതോറും അവിടവിടെയായി കാണപ്പെട്ടിരുന്ന മരങ്ങളും ഇല്ലാതായി. വെറും പുല്ലുമാത്രം നിറഞ്ഞ പ്രദേശം. പരന്ന ഭാഗത്തു കൂടെയുള്ള യാത്ര അവസാനിച്ച് ദുഷ്‌കരം പിടിച്ച മലകയറ്റത്തിന്റെ തുടക്കം പുല്‍മേടു കഴിയുന്നതോടെ ആരംഭിക്കുകയായി. ചെറിയ പാറക്കല്ലുകളില്‍ ചവിട്ടിവേണം മുകളിലേക്ക് കയറാന്‍. ഈ പ്രദേശമെല്ലാം വൃക്ഷനിബിഡമാണ്. പല തരത്തിലും പല വ്യാസത്തിലും പല പൊക്കത്തിലുമുള്ള അപൂര്‍വ്വ വൃക്ഷങ്ങള്‍ ഇവിടെ കാണാം. ഇടത്തോട്ടു തിരിഞ്ഞു നടന്നാല്‍ അഗസ്ത്യാര്‍ കൂടത്തിലേക്ക് ആറ് കിലോമീറ്റര്‍ മാത്രം. നേരെ നടന്നാല്‍ അതിരുമല വിശ്രമകേന്ദ്രമെത്താം.

അഗസ്ത്യമലയുടെ ഭംഗി തേടി...

വിശ്രമകേന്ദ്രത്തിലേക്ക്

അഗസ്ത്യാര്‍കൂടം യാത്രക്ക് വരുന്നവരെല്ലാം നിര്‍ബന്ധമായും രാത്രി ഇവിടെ തങ്ങി പിറ്റേന്നു കാലത്തു മാത്രമേ അഗസ്ത്യാര്‍കൂടം മല കയറാന്‍ അനുവാദമുള്ളൂ. വിശ്രമ കേന്ദ്രത്തിലെ ഫോറസ്റ്റ് വാര്‍ഡന്‍മാര്‍ക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യണം. അവര്‍ നമുക്ക് കിടക്കുന്നതിനുള്ള പായ (പ്ലാസ്റ്റിക്ക്) അനുവദിച്ചു തരും. രണ്ടു പേര്‍ക്ക് ഒരു പായ എന്ന തോതിലാണിത് നല്‍കുക. ഒരു നീളന്‍ കോണ്‍ക്രീറ്റ് കെട്ടിടവും നാലഞ്ചു ടെന്റുകളുമാണ് മലകയറ്റക്കാര്‍ക്ക് താമസിക്കാനുള്ള ഇടങ്ങള്‍.

അഗസ്ത്യകൂടത്തിന്റെ അതിമനോഹരദൃശ്യം കാണാന്‍ അതിന്റെ അടിവാരത്തിലുള്ള പുല്‍മേട്ടില്‍ പോകാം. പുല്‍മേടാണെങ്കിലും ഒരു ഭാഗത്ത് തിങ്ങിനിറഞ്ഞമരങ്ങള്‍, വേറെ ഒരു ഭാഗത്ത് അഗസ്ത്യകൂടം ഉള്‍പ്പടെയുള്ള വിശാലമായ മലനിര. കറുത്ത വലിയ ഒറ്റപ്പാറയായി അഗസ്ത്യാര്‍കൂടം ആനയുടെ മസ്തകം പോലെ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ അതിന് അപ്പുറവും ഇപ്പുറവുമുള്ള മലനിരകള്‍ വൃക്ഷ നിബിഡമാണ്.

സൂര്യന്‍ പടിഞ്ഞാറന്‍ ചക്രവാളത്തിലേക്ക് മറയുമ്പോള്‍ ചെറിയ തണുപ്പും അനുഭവപ്പെട്ടു തുടങ്ങും. സമയം നീങ്ങുന്തോറും തണുപ്പിന്റെ കാഠിന്യം കൂടിത്തുടങ്ങുകയായി. ആഹാരത്തിനുള്ള സാധനങ്ങള്‍ കൊണ്ടുവരുന്നത് നെയ്യാറ്റിന്‍ക്കര താലൂക്കിലെ കോട്ടൂരില്‍ നിന്നാണ്. 10 കി മീറ്റര്‍ അപ്പുറം വരെ ജീപ്പില്‍ കൊണ്ടു വന്ന് പിന്നീട് തലച്ചുമടായി ഇവിടെ എത്തിക്കുകയാണ് പതിവ്. ഫോറസ്റ്റുകാരുടെ മേല്‍നോട്ടത്തില്‍ അതുകൊണ്ടു വരുന്നതും പാചകം നടത്തുന്നതുമെല്ലാം ഊരുകളിലെ ആദിവാസി ചെറുപ്പക്കാര്‍ തന്നെ. ഊരുകളിലെ ചെറുപ്പക്കാരെ താല്‍കാലികമായി ഗാര്‍ഡുകളായി നിയമിച്ചിട്ടുണ്ട്. കാടിനെ വ്യക്തമായി അറിയുള്ളവര്‍ വന്നാല്‍ മാത്രമെ കാടിന്റെ പവിത്രത നിലനില്‍ക്കൂ.

അഗസ്ത്യമലയുടെ ഭംഗി തേടി...

വീണ്ടുമൊരു മലകയറ്റം, ഒപ്പം ആനപ്പേടിയും
രണ്ടാം ഘട്ടപ്രയാണവും കൊടും കാട്ടിലൂടെത്തന്നെ. പ്രഭാതത്തിന്റെ കുളിര്‍മയും കാടിന്റെ ശാന്തതയും യാത്രയില്‍ പുതിയ ഒരു ഉണര്‍വേകുമെങ്കിലും ഈ പാത കുറച്ചുകൂടി ബുദ്ധിമുട്ടേറിയതാണ്. വളഞ്ഞും പുളഞ്ഞുമുള്ള വഴി. യാത്രക്ക് ദുര്‍ഘടം തീര്‍ക്കാന്‍ വഴിയില്‍ നിറയെ പാറക്കല്ലുകളും. അവയെ മറികടന്നു പോകാന്‍ വഴിയറിയാതെയുള്ള പ്രയാസം. ഇതിനിടയില്‍ ചൂരു മാറാത്ത ആനപ്പിണ്ഡങ്ങളും. ഈ യാത്ര കൂടുതല്‍ ഭയാനകമാകുന്നത് ഈറ്റക്കാട്ടിലേക്ക് കയറുമ്പോഴാണ്. സഞ്ചാരവഴിയിലേക്ക് മറിഞ്ഞു നില്‍കുന്ന ഈറ്റ മരങ്ങള്‍ വകഞ്ഞുമാറ്റി വേണം മുന്നോട്ടു പോകാന്‍. ആനയ്ക്ക് ഏറെ ഇഷ്ടമാണ് ഈറ്റ. ആന എവിടെയെങ്കിലും ഒളിഞ്ഞിരിക്കുന്നുണ്ടാകുമോ എന്ന ഭീതി ഈ വഴിയിലൂടെ കടന്നുപോകുന്നവരെ ബാധിക്കും. കണ്ടുപരിചിതമില്ലാത്ത വൃക്ഷങ്ങളും പൂക്കളും ഈ പ്രദേശത്ത് കാണാം. അതിന്റെ സൗന്ദര്യം ഒന്നു വേറെ തന്നെ.

അങ്ങനെ കയറിക്കയറി ഏകദേശം ഒരു സമതല പ്രദേശത്തെത്തും. നൂറുമീറ്റര്‍ കൂടി കയറിയാല്‍ കുന്നിനു മുകളിലൂടെയുള്ള നടത്തം. 500 അടിയോളം താഴ്ച്ചയിലുള്ള കൊക്ക ഒരു ഭാഗത്ത്. മറുഭാഗത്ത് തല ഉയരത്തില്‍ നില്‍കുന്ന അഗസ്ത്യാര്‍ മല. തെളിഞ്ഞ വെള്ളം ഒഴുകിവരുന്ന ഒരു സമതല പ്രദേശം. പാറയാണ് പ്രതലം. ഇവിടെയാണ് കരമനയാറിന്റെ ഉല്‍ഭവം. ഇവിടെ നിന്ന് അഗസ്ത്യമലയുടെ മകുടം കാണുമ്പോള്‍ തുടര്‍ന്ന് ഏറെയാത്ര ചെയ്യേണ്ടതുണ്ടെന്ന് തോന്നും. പാറയിലൂടെ പതുക്കെപ്പതുക്കെ മുകളിലേക്ക് കയറാം. മറുവശത്തെ കാഴ്ച്ചയും മനോഹരം തന്നെ. ചുറ്റുപാടും കണ്ണെത്താദൂരത്ത് കുന്നുകളും മലകളും പച്ചപരവതാനിവിരിച്ചിരിക്കുന്നു.

അഗസ്ത്യമലയുടെ ഭംഗി തേടി...

കാടും മേടും താണ്ടി അഗസ്ത്യമലയിലേക്ക്

അങ്ങനെ കാടും മലകളും താണ്ടി അഗസ്ത്യമല കയറ്റത്തിന്റെ അവസാന ഘട്ടത്തിലെത്തുന്നു. കാട്ടില്‍ നിന്ന് നേരെ ചെല്ലുന്നത് കൂറ്റന്‍ ചെരിവുള്ള പാറപ്പുറത്തേക്കാണ്. ഇനിയാണ് യഥാര്‍ത്ഥ സാഹസിക യാത്ര തുടങ്ങുന്നത്. ഒരു വലിയ പാറയുടെ വടക്കുപടിഞ്ഞാറു മൂലയിലാണ് കാട്ടില്‍ നിന്ന് ചെന്നു കേറുന്നത്. പാറയുടെ വടക്കുവശം അതായത് കാട്ടില്‍ നിന്നു കയറുന്ന മൂലയില്‍ 500 അടിയോളം താഴ്ച്ചയുള്ള അഗാധഗര്‍ത്തം. മുകളിലോട്ടു നോക്കിയാലോ ചെറിയ ഒരു ചെരിവു മാത്രമുള്ള ചെങ്കുത്തായ പാറ. കൈയ്യും കാലും ഉപയോഗിച്ച് പിടിച്ചുപിടിച്ചാണ് മുകളിലേക്ക് കയറുക. വളരെ സൂക്ഷിച്ചുവേണം ഈ മല കയറാന്‍. കുറച്ചു മുകളിലേക്ക് കയറിയാല്‍ പിടിച്ചു കയറാന്‍ കമ്പികൊണ്ടുള്ള ഒരു വടം കെട്ടിയിട്ടുണ്ട്. അതില്‍ പിടിച്ച് വീണ്ടും പതുക്കെ മുകളിലേക്ക് പ്രയാണം തുടരാം. വീണ്ടും കുറച്ചുദൂരംകൂടി കയറേണ്ടതുണ്ട്. അതു കഴിഞ്ഞ് വീണ്ടും കയറു കൊണ്ടുള്ള വടം. അതു കൂടി പിടിച്ചു കയറിയാല്‍ നമ്മള്‍ അഗസ്ത്യമലയുടെ നെറുകയില്‍ എത്തും.

അഗസ്ത്യമലയുടെ ഭംഗി തേടി...

മുകളിലെത്തിയാല്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഹരിത ഭംഗി കാണാം. ദൈവം സൃഷ്ടിച്ച ഈ സ്വര്‍ഗ്ഗ ഭൂമിയുടെ സൗന്ദര്യം വര്‍ണിക്കുക അസാധ്യം. മലകളും പച്ചപ്പരവതാനികളും ജലാശയങ്ങളും നീരുറവകളും ഇതിന്റെ മുകളില്‍ നിന്നാല്‍ കാണാം. സപ്തഋഷിമാര്‍, സപ്തനക്ഷത്രങ്ങള്‍ എന്നു പറയും പോലെ കിഴക്കു ദിശയില്‍ ഒന്നിച്ചു നില്‍കുന്ന സപ്തമലയും കാണാം. ഇതിനു നടുക്കത്രേ അഗസ്ത്യമുനിയുടെ സമാധി. കേരളത്തിലെ പേപ്പാറ, നെയ്യാര്‍, തമിഴ്‌നാട്ടിലെ അംബ സമുദ്രം എന്നീ അണക്കെട്ടുകളുടെ ജലാശയം പടിഞ്ഞാറും തെക്കും കിഴക്കുമായി കാണാന്‍ കഴിയും.ഇവയുടെ ഉല്‍ഭവവും ഈ മലനിരകളില്‍ നിന്നാണ്. മനോഹരമായ ഒരു കുഞ്ഞു പ്രതിമ മലയുടെ മുകളില്‍ കാണാം അഗസ്ത്യ ശൈലത്തിന്റെ നെറുകയില്‍ ബോണ്‍സായ് ( പൊക്കം മുരടിച്ച) മരങ്ങള്‍ക്കിടയില്‍ കിഴക്കോട്ടു ദര്‍ശനമായി ‘കുറുമുനിയുടെ’ ( അഗസ്ത്യമുനി )പ്രതിമ കാണാം. ഭക്തര്‍ ഇവിടെ പൂജകള്‍ നടത്താറുണ്ട്. ജോണ്‍ അലന്‍ ബ്രൗണ്‍ എന്ന വാനനിരീക്ഷകന്‍ 1852 ല്‍ തിരുവനന്തപുരം വാനനിരീക്ഷണകേന്ദ്രത്തിന്റെ ഡയറക്ടറായി നിയമിതനായി. അഗസ്ത്യമലയെ കുറിച്ച് കേട്ടറിഞ്ഞ അദ്ദേഹം 1854 ല്‍ ഇതിനു മുകളില്‍ ഒരു വാനനിരീഷണകേന്ദ്രം സ്ഥാപിച്ചു. ആ യാത്രയില്‍ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ബ്രൗണിനു സഹിക്കേണ്ടതായി വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ കേള്‍വി ശക്തി വരെ നഷ്ടപ്പെടു. എന്നാല്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ആ വാനനിരീക്ഷണകേന്ദ്രം അവിടെ പ്രവര്‍ത്തിച്ചില്ല.

അഗസ്ത്യമലയുടെ ഭംഗി തേടി...

അനുഭൂതിപേറി മലയിറക്കം

ഈ ദൃശ്യ വിസ്മയം വര്‍ണനാതീതവും സ്വയം അനുഭവിച്ചറിയേണ്ടതുമാണ്. കയറുന്നതിനേക്കാള്‍ ദുര്‍ഘടമാണ് തിരിച്ചിറക്കം. മലകളും മൊട്ടക്കുന്നുകളും കുഞ്ഞുമരങ്ങളും നിറഞ്ഞ കാനനപാതയിലൂടെ തിരിച്ച് ഇറങ്ങുന്നത് ശ്രദ്ധിച്ചു തന്നെ വേണം. പൊങ്കാലപ്പാറയും കരമനയാറിന്റെ ഉല്‍ഭവവും തരണം ചെയ്ത് ഈറ്റക്കാട്ടിലൂടെ യാത്ര തുടരുമ്പോള്‍ ആനകള്‍ അടുത്തെവിടെയോ ഉണ്ടാകുമെന്ന് തെളിയിക്കുന്ന ആനപ്പിണ്ഡവും കൊമ്പുകൊണ്ടു കുത്തിയ പാടുകളും കാണാം. അതിരുമലയിലെ ബേസ് ക്യാമ്പില്‍ തിരിച്ചെത്തിയാല്‍ ഉച്ചഭക്ഷണം തയ്യാറായിട്ടുണ്ടാകും .അതുകഴിഞ്ഞാണ് തുടര്‍ന്നുള്ള യാത്ര.

വൈകിട്ട് ആറര മണിക്കാണ് ബോണക്കാടുനിന്ന് തിരുവനന്തപുരത്തേക്കുള്ള അവസാന ബസ്. കാടിന്റെ ഭംഗി ആസ്വദിക്കാന്‍ നിന്നാല്‍ വേഗത കുറയും. പാതയില്‍ നോക്കി നടന്നില്ലെങ്കില്‍ കല്ലില്‍ തട്ടിയുള്ള വീഴ്ച്ചയും ഉറപ്പ്. ബോണക്കാടിനും അതിരുമലക്കുമിടയില്‍ 11 വെള്ളചാട്ടവും അതിരുമലക്കും അഗസ്ത്യാര്‍കൂടത്തിനുമിടയില്‍ 6 വെള്ളചാട്ടങ്ങളുമുണ്ട്.

അങ്ങകലെ ഒരു പൊട്ടുമാതിരി അഗസ്ത്യഗിരിശൃംഗം തല ഉയര്‍ത്തി നില്‍ക്കുന്നത് മടക്കയാത്രയില്‍ കണ്ടു. ബോണക്കാട് ഫോറസ്റ്റ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്ത് തിരികെ പോരുമ്പോള്‍ പ്രകൃതിയുടെ ഈ അവിസ്മരണീയമായ കാഴ്ച്ച ഒരു മാസ്മരിക അനുഭൂതിയായി മനസില്‍ നിലനില്‍ക്കും.

പ്രണയമാണ് യാത്രയോട് എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്

#TAGS : agasthyamala  

advertisment

Related News

    Super Leaderboard 970x90