രമേശിന്റെ കണ്ണുകളിൽ നിഷ്കളങ്കമായ ഒരു ഭാവം ഉണ്ടായിരുന്നു..., ജീവിക്കാൻ കൊതിയോടെ നോക്കുന്ന കണ്ണുകൾ, പക്ഷേ...

തീർത്തും ദൗർഭാഗ്യകരമായ സംഭവങ്ങളുടെ പേരിൽ ഒരു വകുപ്പിനെയും അതിലെ ഉദ്യോഗസ്ഥരെയും അടച്ചാക്ഷേപിക്കുന്നത്‌ ശരിയല്ല. അവിടെ ഇത്തരം മികവുറ്റ മാതൃകകളും നടന്നിട്ടുണ്ട്‌. നടക്കുന്നുണ്ട്‌. ഇനിയും നടക്കും. ആരും അതിന്റെ പേരിൽ അവരോട് നല്ല വാക്കുകൾ പറയാറില്ല. പക്ഷേ അവർക്ക് ഏറ്റവും സംതൃപ്തി പകരുന്നത് ആ ആദിവാസി സഹോദരങ്ങളുടെ കണ്ണിൽ നിറയുന്ന സന്തോഷവും ചുണ്ടിൽ വിരിയുന്ന പുഞ്ചിരിയുമാണ്....

രമേശിന്റെ കണ്ണുകളിൽ നിഷ്കളങ്കമായ ഒരു ഭാവം ഉണ്ടായിരുന്നു..., ജീവിക്കാൻ കൊതിയോടെ നോക്കുന്ന കണ്ണുകൾ, പക്ഷേ...

രണ്ട്‌ കൊല്ലം മുമ്പ്‌ വയനാട്‌ കലക്റ്ററുടെ ട്രൈബൽ ഹെൽപ്‌ സെല്ലിൽ ഒരു ആദിവാസി യുവാവ്‌ വന്നു

നീട്ടി വളർത്തിയ താടിയും കുഴിഞ്ഞ കണ്ണുകളും അവ്യക്തമായ സംസാരവും കടുത്ത ഉന്മാദ അവസ്ഥയുമായിട്ടാണവൻ വന്നത്‌

ഒന്നും പറയാൻ സമ്മതിക്കാതെ അവൻ തന്നെ പറഞ്ഞ്‌ കൊണ്ടിരുന്നതിനിടെ അവന്റെ പേര്‌ രമേശ്‌ എന്ന് തിരിച്ചറിയാനായി (ശരിയായ പേരല്ല ഇത്)

സിവിൽ സ്റ്റേഷൻ കാന്റീനിൽ കൂട്ടിക്കൊണ്ട്‌ പോയി ചോറ്‌ വാങ്ങിക്കൊടുത്തപ്പോൾ അവനത്‌ വേഗം കഴിച്ചു, വയർ നിറച്ച്‌ ഉണ്ടിട്ട്‌ കാലമേറേ ആയി എന്നുറപ്പ്‌

പതിയെ അടുത്തിരുന്ന് ചോദിച്ചപ്പോൾ രമേശ്‌ കൂടുതൽ വിവരങ്ങൾ സമാധാനമായി പറഞ്ഞു

ആൾക്ക്‌ അൽപ്പം മാനസിക വിഭ്രാന്തിയുണ്ട്‌. ചികിൽസ നടത്തിയിരുന്നു. ഇപ്പോൾ മരുന്ന് കഴിക്കുന്നില്ല. മരുന്ന് വാങ്ങണം. അതിനു കുറച്ച്‌ പണം കിട്ടണം. വീട്ടിൽ സ്വസ്ഥമല്ല സാഹചര്യം. കഷ്ടപ്പാടാണ്‌. നാട്ടുകാർക്കും ഇഷ്ടമല്ല. മദ്യപിക്കാറുണ്ട്‌. ജീവിതം വല്ലാതെ പ്രയാസപ്പെടുത്തുന്നു. എന്തെങ്കിലും സാമ്പത്തിക സഹായം കിട്ടണം.

രമേശിന്റെ കണ്ണുകളിൽ നിഷ്കളങ്കമായ ഒരു ഭാവം ഉണ്ടായിരുന്നു. ജീവിക്കാൻ കൊതിയോടെ നോക്കുന്ന കണ്ണുകൾ. പക്ഷേ പച്ചയായ യാഥാർത്ഥ്യങ്ങൾക്ക്‌ മുന്നിൽ പകച്ച്‌ നിന്ന് പോവുന്ന അവസ്ഥ.

പട്ടികവർഗ്ഗ വികസന വകുപ്പിലെ അന്നത്തെ കമ്മിറ്റഡ്‌ സോഷ്യൽ വർക്കറായിരുന്ന അക്ബർ അലിയെ വിളിച്ച്‌ വരുത്തി രമേശിന്‌ കൗൺസലിംഗ്‌ നൽകി. മുറിക്കുള്ളിൽ അടച്ചിട്ട കൗൺസലിംഗ്‌ അല്ല. ഓരോ കട്ടൻ ചായയൊക്കെ കുടിച്ച്‌ അവന്റെ വീട്ടുമുറ്റത്തും നാട്ടിലും ഒപ്പം ചുറ്റിക്കറങ്ങിയുള്ള ഒരു കൂടെനിൽക്കൽ. അതിനൊടുവിൽ രമേശിനു വേണ്ടി കൃത്യമായ ഒരു പദ്ധതി തയ്യാറാക്കി. അന്നത്തെ ജില്ലാ കലക്റ്റർ കേശവേന്ദ്ര കുമാർ സത്വര നടപടികൾക്ക്‌ ഉത്തരവിട്ടു, കൂടെ നിന്ന് മുന്നോട്ട്‌ നയിച്ചു അദ്ദേഹം. കൽപറ്റ ഐ.റ്റി.ഡി.പി പ്രൊജക്റ്റ്‌ ഓഫീസർ വാണിദാസ്‌, എ.പി.ഒ. ഇസ്മയിൽ എന്നിവർ ചുവപ്പ്‌ നാടകളെ അറുത്തെറിഞ്ഞ്‌ രമേശിനൊപ്പം നിന്നു. ആ നല്ല ഉദ്യോഗസ്ഥരുടെ അകമഴിഞ്ഞ പിന്തുണ കാര്യങ്ങൾ എളുപ്പമാക്കി. അവരുടെ സഹായം ഇല്ലായിരുന്നെങ്കിൽ രമേശിന്‌ എല്ലാം അപ്രാപ്യം ആകുമായിരുന്നു.

വയനാട്ടിലെ മികച്ച ചികിൽസ നൽകുന്ന സ്വകാര്യ മാനസിക രോഗാശുപത്രിയിൽ രമേശിനെ പ്രവേശിപ്പിച്ചു. ഒരു മാസത്തെ ചികിൽസ. ഇടക്കിടെ അവനെ അന്വേഷിച്ച്‌ അവനു പഴങ്ങളും വസ്ത്രവുമൊക്കെ വാങ്ങി ഉദ്യോഗസ്ഥർ കാണാൻ ചെന്നു

ചികിൽസ കഴിഞ്ഞ്‌ പുറത്തിറങ്ങിയത്‌ പുതിയൊരു രമേശായിരുന്നു

മാനസിക അസ്വാസ്ഥ്യങ്ങൾ തീർത്തും മാറി

മദ്യപാനം ഒഴിവാക്കി

പുതിയൊരു ചൈതന്യം അവന്റെ കണ്ണിൽ തിളങ്ങി

പ്രതീക്ഷകളോടെ അവൻ മുന്നോട്ടിറങ്ങി

മികവുറ്റ ചുവടുവെപ്പുകളോടെ, പുതിയ ജീവിതത്തിലേക്ക്‌ രമേശ്‌ നടന്നു നീങ്ങി

ഉറച്ച പിന്തുണയോടെ അവന്റെ കൈ പിടിച്ച്‌ ആത്മവിശ്വാസം നൽകി അവനെ നല്ലൊരു ജീവിതത്തിലേക്ക്‌ നയിച്ചത്‌ ജില്ലാ കലക്റ്ററും പട്ടികവർഗ്ഗ വികസന വകുപ്പിലെ നല്ലവരായ ആ ഉദ്യോഗസ്ഥരും ആയിരുന്നു

തീർത്തും ദൗർഭാഗ്യകരമായ സംഭവങ്ങളുടെ പേരിൽ ഒരു വകുപ്പിനെയും അതിലെ ഉദ്യോഗസ്ഥരെയും അടച്ചാക്ഷേപിക്കുന്നത്‌ ശരിയല്ല. അവിടെ ഇത്തരം മികവുറ്റ മാതൃകകളും നടന്നിട്ടുണ്ട്‌. നടക്കുന്നുണ്ട്‌. ഇനിയും നടക്കും. ആരും അതിന്റെ പേരിൽ അവരോട് നല്ല വാക്കുകൾ പറയാറില്ല. പക്ഷേ അവർക്ക് ഏറ്റവും സംതൃപ്തി പകരുന്നത് ആ ആദിവാസി സഹോദരങ്ങളുടെ കണ്ണിൽ നിറയുന്ന സന്തോഷവും ചുണ്ടിൽ വിരിയുന്ന പുഞ്ചിരിയുമാണ്. സകല കോണുകളിൽ നിന്നും വിമർശനവും കുറ്റപ്പെടുത്തലുകളും ഉയരുമ്പോഴും അവർ കർമ്മനിരതരാണ്‌. സർവ്വ പരിമിതികൾക്കുമിടയിൽ പരമാവധി സേവനം നൽകാൻ വേണ്ടി. കയ്യടിച്ച്‌ പ്രോൽസാഹിപ്പിച്ചില്ലെങ്കിലും കൂവിവിളിച്ച്‌ തളർത്താതിരിക്കാം. മനസ്സ്‌ കൊണ്ട്‌ കൂടെ നിൽക്കാം

നന്മയുടെ തിരിനാളങ്ങൾ എങ്ങുമുണ്ട്‌. അവയുടെ വ്യാപനത്തിനായി നമുക്ക്‌ കൈകോർക്കാം

പ്രതീക്ഷയുടെ പച്ചത്തുരുത്തുകളും പ്രത്യാശയുടെ തീരങ്ങളും അകലെയല്ല, നമ്മുടെ തൊട്ടടുത്ത്‌ തന്നെയാണ്‌. പുകമറകളെ ഒന്ന് ഊതി മാറ്റിയാൽ മാത്രം മതി അത്‌ കണ്ടെത്താൻ

ഹരീഷ് കെഎം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്

#TAGS : tribal man  

advertisment

News

Related News

    Super Leaderboard 970x90