''കെവിന്റെ കൊലപാതകവും കേരളത്തിലെ ജാതി ബോധവും'' -ടോട്ടോ ചാൻ എഴുതുന്നു

ജാതി ബോധം എന്നത് അലിഖിതമായ ഒരു പ്രിവിലെജ് ആണ്. പൊതുവിൽ ജാതി പട്ടം ഹിന്ദു സമുദായത്തിന് മാത്രം തീറെഴുതിയത് പോലെയാണ് പലരും ധരിച്ചു വെച്ചിരിക്കുന്നത്. ഹൈന്ദവ സമൂഹത്തിൽ അതൊന്നുകൂടെ പ്രകടം ആണെങ്കിൽ കേരളത്തിലെ ക്രിസ്ത്യൻ, മുസ്ലിം മതങ്ങള്‍ക്കിടയില്‍ ഇതു മതപരമായ സാങ്കേതികതകളുമായി കൂട്ടിക്കെട്ടി വേറെ രൂപത്തിൽ അവതരിപ്പിക്കുന്നു എന്നു മാത്രം.

''കെവിന്റെ കൊലപാതകവും കേരളത്തിലെ ജാതി ബോധവും'' -ടോട്ടോ ചാൻ എഴുതുന്നു

കേരളത്തിൽ ഇന്ന് നിലവിലുള്ള ജാതി ബോധം എത്രത്തോളം എന്ന് മനസിലാക്കാൻ കെവിന്റെ കൊലപാതകവും അതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ഉള്ള കോലാഹലവും മതി. എന്തൊക്കെ പ്രതിലോമ അഭിപ്രായങ്ങൾ ആണ് ഓരോരുത്തരും പങ്കുവെക്കുന്നത്? ഒരാൾക്ക് കെവിന്റേത് അശുദ്ധ രക്തം ആണ്. വേറൊരുത്തന് കൊള്ളാവുന്ന കുടുംബത്തിൽ ചീത്തപ്പേര് ഉണ്ടാക്കുമെന്ന ഉപദേശം. മറ്റൊരുത്തന് ഒരുകൂട്ടം ചെറുപ്പക്കാർക്ക് വന്ന ’കൈപ്പിഴ’. എത്ര ലാഘവത്തോടെ ആണ് ഒരു അരുംകൊലയെ ‘കൈപ്പിഴ’ എന്നൊക്കെ പറഞ്ഞു നേർപ്പിച്ചെടുക്കുന്നത്

ജാതി ബോധം എന്നത് അലിഖിതമായ ഒരു പ്രിവിലെജ് ആണ്. പൊതുവിൽ ജാതി പട്ടം ഹിന്ദു സമുദായത്തിന് മാത്രം തീറെഴുതിയത് പോലെയാണ് പലരും ധരിച്ചു വെച്ചിരിക്കുന്നത്. ഹൈന്ദവ സമൂഹത്തിൽ അതൊന്നുകൂടെ പ്രകടം ആണെങ്കിൽ കേരളത്തിലെ ക്രിസ്ത്യൻ, മുസ്ലിം മതങ്ങള്‍ക്കിടയില്‍ ഇതു മതപരമായ സാങ്കേതികതകളുമായി കൂട്ടിക്കെട്ടി വേറെ രൂപത്തിൽ അവതരിപ്പിക്കുന്നു എന്നു മാത്രം.

ഇതറിയണമെങ്കിൽ വിവാഹ തെരഞ്ഞെടുപ്പിൽ നോക്കിയാൽ മതി. കുടുംബ ചേർച്ച എന്ന വ്യാജ പേരും പറഞ്ഞ് സമൂഹത്തിലെ ജാതി നില തന്നെയാണ് അവിടെയും തിരഞ്ഞെടുപ്പ്. ക്രിസ്ത്യാനികൾക്ക് മുസ്ലിം കണ്‍വേർടഡ് ക്രിസ്ത്യാനികളേക്കാൾ പ്രിയം നായരോ, മറ്റു സമൂഹ നിർമിത ഉയർന്ന ജാതിയിലോ ഉള്ള ഹിന്ദുക്കളോ ആണ്. ദളിത് ക്രിസ്ത്യൻ എന്നാൽ അവമതിപ്പ് ഉള്ളവരാണ്. അതുപോലെ മലബാർ മേഖലയിൽ ഒക്കെ മുസ്ലിം കല്യാണ തെരഞ്ഞെടുപ്പിൽ അവർ ‘കാരറ്റ്’ അടിസ്ഥാനമാക്കിയാണ് ബന്ധങ്ങൾ തെരഞ്ഞെടുക്കുക. പണ്ടത്തെ ജന്മി കുടുംബം ഒക്കെ ആണെങ്കിൽ നല്ല മാർക്കറ്റ് ആണ്. ക്ഷൗരം (ഒസ്സാന്‍) , അറവ്, പാചകം മുതലായ തൊഴിലുകള്‍ പാരമ്പര്യമായി ചെയ്യുന്ന കുടുംബങ്ങളെ ഇവർ ഗ്രേഡ് ചെയ്തു വെച്ചു കളയും. മതം പല സ്ഥലത്തും ഇതു വിലക്കുന്നുണ്ടെങ്കിലും നാട്ടിലെ ജാതി ബോധത്തിന്റെ കീഴ്വഴക്കങ്ങൾ ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത്.

''കെവിന്റെ കൊലപാതകവും കേരളത്തിലെ ജാതി ബോധവും'' -ടോട്ടോ ചാൻ എഴുതുന്നു

അനുഭവത്തിലെ രണ്ടു ഉദാഹരണങ്ങൾ കൂടി പറഞ്ഞാൽ ഒന്നു കൂടി വ്യക്തത വരും, സമൂഹത്തിൽ ഏറെ ആദരിക്കപ്പെടുന്ന ഒരു അധ്യാപകന്റെ രണ്ടു പെണ്കുട്ടികളിൽ മൂത്തവൾ പൊതുബോധത്തിലെ താഴ്ന്ന ജാതികാരനെ പ്രണയിച്ചു രജിസ്റ്റർ വിവാഹം കഴിഞ്ഞു. വർഷം രണ്ടായിട്ടും ആ അച്ഛൻ മകളെ വീട്ടിൽ കയറ്റിയിട്ടില്ല എന്നു മാത്രമല്ല തന്റെ ഭർത്താവിനെ ഒഴിവാക്കി വരികയാനെങ്കിൽ തിരികെ വീട്ടിൽ കയറ്റാം എന്ന ’മികച്ച ഓഫറും’ നൽകി. വേറൊരു അനുഭവം, എന്റെ സുഹൃത്തിന്റെ അടുത്ത സുഹൃത്തിന്റെ വാടക വീട്ടിൽ മാസം പതിനഞ്ചായിരം രൂപക്ക് ശമ്പളത്തിൽ വീട്ടു ജോലി ചെയ്തിരുന്നയാള്‍ തന്റെ തൊഴിൽ ദാതാവ് ഷെഡ്യൂൾഡ് കാസ്റ്റ് ആണെന്ന് അറിഞ്ഞതോടെ ജോലി ഉപേക്ഷിച്ചു പോയി. അവിടുന്ന് ഭക്ഷണം കഴിച്ചത് അയാൾക്ക് ആലോചിക്കാൻ പോലും കഴിയുന്നില്ലത്രേ.

‎പറഞ്ഞു വന്നത് ജാതി എന്നാൽ നായർ, തീയ, ബ്രാഹ്മണർ എന്ന രീതിയിൽ ആരെങ്കിലും സോർട് ചെയ്തു വെച്ചിട്ടുണ്ടെങ്കിൽ അതു പരിപൂർണ്ണമായും തെറ്റാണ്. ജാതിബോധം മതഭേദമന്യേ ഇവിടെ നുരഞ്ഞു പൊന്തുന്നുണ്ട്. അതറിയണം എങ്കിൽ ഏതെങ്കിലും പ്രത്യേക ‘ജാതി ബോധക്കാരുടെ ഒത്തുചേരൽ’ നടക്കുന്ന സ്ഥലത്തുള്ള സംഭാഷണങ്ങൾ കേട്ടാൽ മതി. അത്രക്ക് താൻപോരിമയും, അപര വിദ്വേഷവും, പൊളിറ്റിക്കൽ കറക്ട്ട്നെസ്സിന്റെ നാലയലത്ത് എത്താത്ത വളിച്ച കോമഡിയും കേൾക്കാം.

ഈ പൊതുബോധം ഉള്ളിടത്തോളം കാലം കെവിൻ ഒരു തുടർക്കഥ ആവും. നമ്മൾ അവഗണിച്ചു പോകുന്ന കൊച്ചു കൊച്ചു കാര്യങ്ങളിലൂടെയാണ്‌ പൊതുബോധം ശക്തി ആർജ്ജിക്കുന്നത്. തമാശയായി പറഞ്ഞു പോകുന്ന ‘കണിയ പോഴത്തം’, സ്വന്തം മക്കളുടെ തൊലി നിറത്തെ പറ്റിയുള്ള ആശങ്കയും, ചർച്ചകളും, ബ്ലാക് ഹ്യൂമർ ആയി ആഘോഷിക്കുന്ന ‘അട്ടപ്പാടി’, ‘ആദിവാസി’, ‘കാട്ടു വാസി’ പ്രയോഗം ഇവയെല്ലാം ജാതി ബോധത്തിന്റെ അള്ളിപിടിച്ച വേരിൽ ഒഴിച്ചു കൊടുക്കുന്ന വിവിധ വളങ്ങൾ ആണ്. വെടിവെട്ടം പറയുമ്പോൾ അതിഭാവുകത്വം നിറഞ്ഞ നാട്ടിലെ പഴയ തറവാട്ടു ഹീറോയിസവും അവരുടെ സാമൂഹ്യ പ്രഭാവവും എന്തോ പാരമ്പര്യ സുകൃതം ആണെന്ന രീതിയിൽ ഉള്ള അവതരണവും നല്ല പോഷകാംശം ഉള്ള വളങ്ങൾ ആണ്. അവ വലിച്ചെടുത്ത് പിഴുതെറിയാൻ പറ്റാത്ത ‘ജാതി’മരങ്ങൾ ആയി പടർന്ന് പന്തലിച്ച് ജാതി വാലുള്ള കുരങ്ങുകൾക്കും, ജാതി ബോധം പേറുന്ന ഇതര ജീവികൾക്കും വിഹരിക്കാൻ ഉള്ള ഇടം ഒരുക്കുകയാണ്.

advertisment

News

Super Leaderboard 970x90