Thozhil

ഇന്ത്യയില്‍ ഏറ്റവുമധികം ശമ്പളം ലഭിക്കുന്ന 10 ജോലികള്‍

അടുത്തിടെ ചെറിയൊരു മാന്ദ്യം സംഭവിച്ചെങ്കിലും സോഫ്ട്‌വെയര്‍ നല്ല പണമുണ്ടാക്കാന്‍ പറ്റിയ മേഖലയാണ്. ഒരു വിധം മികച്ച കമ്പനികളില്‍ തുടക്കത്തില്‍ മൂന്നര ലക്ഷം രൂപ വരെ ശമ്പളം ലഭിക്കാം. മധ്യകരിയര്‍ കാലഘട്ടത്തില്‍ 8.3 ലക്ഷം രൂപ വരെ ഉയരാം.

ഇന്ത്യയില്‍ ഏറ്റവുമധികം ശമ്പളം ലഭിക്കുന്ന 10 ജോലികള്‍

ജോലി അന്വേഷിച്ചു നടക്കുമ്പോള്‍ എല്ലാവരുടെയും ആദ്യ പരിഗണന ശമ്പളത്തിനാണ്. തൊഴില്‍ സംതൃപ്തി, സുരക്ഷ എന്നിങ്ങനെ മറ്റു പല ഘടകങ്ങളും ഉണ്ടെങ്കിലും ശമ്പളത്തിലേക്കാണു ബഹുഭൂരിപക്ഷം ഉദ്യോഗാര്‍ത്ഥികളുടെയും കണ്ണ് ആദ്യമെത്തുക. ഏറ്റവുമധികം ശമ്പളമുള്ള ജോലി തേടിയുള്ള പരക്കം പാച്ചിലിലാണ് എല്ലാവരും. അങ്ങനെയെങ്കില്‍ ഇന്ത്യയില്‍ ഏറ്റവുമധികം ശമ്പളം ലഭിക്കുന്ന 10 ജോലികള്‍ എന്തെല്ലാമാണ്. പ്രമുഖ സാമ്പത്തികകാര്യ പോര്‍ട്ടല്‍ തയ്യാറാക്കിയ കണക്കു പ്രകാരം താഴെ പറയുന്നവയാണ് ഇന്ത്യയില്‍ ഏറ്റവുമധികം വേതനം ലഭിക്കുന്ന ജോലികള്‍

1. മാനേജ്‌മെന്റ് പ്രഫഷണല്‍
ഒരു കമ്പനിയുടെയോ സ്ഥാപനത്തിന്റെയോ ചുക്കാന്‍ പിടിക്കുന്നവരാണു മാനേജ്‌മെന്റ് പ്രഫഷണലുകള്‍. എംബിഎ പോലുള്ള മാനേജ്‌മെന്റ് ഡിഗ്രികള്‍ പഠിച്ച് എത്തുന്നവരാണ് ഭൂരിപക്ഷവും. തുടക്കത്തില്‍ പ്രതിവര്‍ഷം മൂന്നു ലക്ഷം രൂപ വരെ ഇത്തരക്കാര്‍ക്ക് ശമ്പളം കിട്ടാം. കരിയറിന്റെ മധ്യകാലത്ത് ഇതു 25 ലക്ഷം വരെയൊക്കെ ഉയരാം. തൊഴിലില്‍ നല്ല പരിചയസമ്പത്തുള്ളവര്‍ക്കു പ്രതിവര്‍ഷം 80 ലക്ഷം രൂപ വരെയൊക്കെ ഓഫര്‍ ചെയ്യുന്ന കമ്പനികളുണ്ട്.

2. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍മാര്‍
കമ്പനികളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയുമൊക്കെ പണം വളരാന്‍ സഹായിക്കുന്നവരാണ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍മാര്‍. ഇവരുടെ വിദഗ്‌ധോപദേശത്തിന്റെ അടിസ്ഥാനത്തിലാണു കമ്പനികള്‍ തമ്മിലുള്ള ലയനം, ഏറ്റെടുക്കലുകള്‍, ഓഹരി വിപണി ലിസ്റ്റിങ് തുടങ്ങിയവയെല്ലാം നടക്കുക. മൂലധനസമാഹരണമാണ് ഇവരിലൂടെ സ്ഥാപനങ്ങള്‍ ലക്ഷ്യമിടുന്നത്. തുടക്കത്തില്‍ 12 ലക്ഷം രൂപ വരെയൊക്കെ ശമ്പളം ലഭിക്കാം. കരിയറിന്റെ മധ്യകാലത്ത് ഇത് 30 ലക്ഷം രൂപയോളമെത്താം. നല്ല അനുഭവസമ്പന്നരായവര്‍ക്ക് 50 ലക്ഷത്തിനും മുകളിലേക്കു പ്രതിവര്‍ഷം പ്രതീക്ഷിക്കാം.

3. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍
കമ്പനികളുടെയും വ്യക്തികളുടെയുമൊക്കെ സാമ്പത്തിക ആരോഗ്യം നിലനിര്‍ത്തുന്നവരാണു സിഎക്കാര്‍. കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതും കാര്യങ്ങളെല്ലാം സുതാര്യമാക്കുന്നതും ഇക്കൂട്ടര്‍ തന്നെ. സിഎക്കാരനാകാനുള്ള പരീക്ഷകള്‍ പല ഘട്ടങ്ങള്‍ നീണ്ടതും അതികഠിനവുമാണ്. തുടക്ക ശമ്പളം അഞ്ചര ലക്ഷം രൂപ. കരിയറിന്റെ മധ്യകാലഘട്ടത്തില്‍ ഇത് 12.8 ലക്ഷം രൂപ വരെ ഉയരാം. അനുഭവ സമ്പന്നര്‍ക്കു 25 ലക്ഷം രൂപയ്ക്കു മുകളില്‍ ലഭിക്കും.

4. വ്യോമയാനരംഗത്തെ പ്രഫഷണലുകള്‍
പൈലറ്റ്, എയര്‍ഹോസ്റ്റസ് എന്നിങ്ങനെ ഗ്ലാമര്‍ ജോലികളുടെ രംഗം. വാണിജ്യ പൈലറ്റിനു പ്രതിവര്‍ഷം 20 ലക്ഷം രൂപയും ഹെലികോപ്ടര്‍ പൈലറ്റിന് 18 ലക്ഷം രൂപയും എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയര്‍ക്കു 10 ലക്ഷത്തോളം രൂപയും ലഭിക്കാം.

5. കോര്‍പ്പറേറ്റ് വക്കീലന്മാര്‍
നിയമരംഗത്ത് ഏറ്റവുമധികം പണമുണ്ടാക്കുന്നതു കോര്‍പ്പറേറ്റ് വക്കീലന്മാരാണ്. മണിക്കൂറിനു ലക്ഷങ്ങള്‍ വാങ്ങുന്ന അഭിഭാഷകര്‍ നിരവധി. കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി കേസ് നടത്തുക മാത്രമല്ല, അവര്‍ക്കു വേണ്ടി കരാറുകള്‍ തയ്യാറാക്കുന്നതും നിയമോപദേശം നല്‍കുന്നതുമെല്ലാം ഇവരാണ്. ആറു ലക്ഷം രൂപ വരെ തുടക്കക്കാര്‍ക്കു വേതനം ലഭിക്കും. മുതിര്‍ന്ന അഭിഭാഷകര്‍ പത്തു ലക്ഷം രൂപയ്ക്കു മേല്‍ പ്രതിവര്‍ഷം നേടുന്നു. മികച്ച വക്കീലന്മാരുടെ സേവനങ്ങള്‍ക്കു കോടികളാണ് വില.

6. എണ്ണ, പ്രകൃതിവാതക മേഖലയിലെ പ്രഫഷണലുകള്‍
എണ്ണ, പ്രകൃതിവാതക ഖനനവുമായി ബന്ധപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജിയോളജിസ്റ്റുകള്‍, മറൈന്‍ എന്‍ജിനീയര്‍മാര്‍ എന്നിവരെല്ലാം നല്ല തുക പ്രതിഫലം പറ്റുന്നവരാണ്. അനുഭവസമ്പത്തുള്ളവര്‍ക്കു 15 മുതല്‍ 20 ലക്ഷം രൂപ വരെ വേതനം പ്രതിവര്‍ഷം ലഭിക്കാം. മറ്റ് ആനുകൂല്യങ്ങള്‍ പുറമേ.

7. ബിസിനസ് അനലിസ്റ്റ്
മാറുന്ന ബിസിനസ് പരിതസ്ഥിതിയില്‍ മത്സരത്തെ അതിജീവിച്ചു പിടിച്ചു നില്‍ക്കണമെങ്കില്‍ വ്യാപാരത്തെ സംബന്ധിച്ച് ഇഴകീറിയുള്ള പരിശോധന ആവശ്യമാണ്. ഒരു ബിസിനസ്സിന്റെ വളര്‍ച്ചയും തളര്‍ച്ചയുമെല്ലാം മുന്‍കൂട്ടി കാണാനും അതിനനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ കണക്കുകളെ അപഗ്രഥിച്ചു നല്‍കാനും ബിസിനസ് അനലിസ്റ്റിനു സാധിക്കണം. ആറു ലക്ഷം രൂപ വരെ തുടക്കക്കാര്‍ക്കു വേതനം പ്രതീക്ഷിക്കാം.

8. മെഡിക്കല്‍ പ്രഫഷണലുകള്‍
ഡോക്ടര്‍മാരും നഴ്‌സുമാരും ആശുപത്രിയിലെ അനുബന്ധ സ്റ്റാഫുകളുമെല്ലാം ഇതില്‍ ഉള്‍പ്പെടുമെങ്കിലും ഇന്ത്യയില്‍ ശമ്പളക്കൂടുതല്‍ ലഭിക്കുന്നതു ഡോക്ടര്‍മാര്‍ക്കാണ്. ഡോക്ടറാകാനുള്ള ബുദ്ധിമുട്ടും ചില്ലറയല്ല. വര്‍ഷങ്ങള്‍ നീണ്ട പഠനവും ആത്മാര്‍പ്പണവും ഒരു മികച്ച ഡോക്ടര്‍ക്ക് ആവശ്യമാണ്. ജോലി ചെയ്യുന്ന നഗരം, സ്‌പെഷ്യലൈസേഷന്‍, ഗവണ്‍മെന്റ്, സ്വകാര്യ മേഖല എന്നിവ അനുസരിച്ച ഡോക്ടര്‍മാരുടെ ശമ്പളം വ്യത്യാസപ്പെട്ടിരിക്കും. ശരാശരി അഞ്ച് ലക്ഷം രൂപ വരെ ജനറല്‍ പ്രാക്ടീഷ്യനര്‍മാര്‍ക്കു ലഭിക്കാം.

9. മാര്‍ക്കറ്റിങ് പ്രഫഷണലുകള്‍
മാര്‍ക്കറ്റിങ് അഥവാ വിപണനമില്ലാതെ ഒരു വ്യാപാരവും രക്ഷപ്പെടില്ല. അതു കൊണ്ടു തന്നെ നന്നായി വില്‍ക്കാനറിയാവുന്നവര്‍ക്ക് ഏത് മേഖലയിലും നല്ല ഡിമാന്‍ഡാണ്. മികച്ച വിപണന നൈപുണ്യമുള്ളവര്‍ക്ക് ഉയര്‍ന്ന് ഉയര്‍ന്ന് കമ്പനിയുടെ സിഇഒ വരെയായി തീരാം. തുടക്കക്കാര്‍ക്ക് പ്രതിവര്‍ഷം ഒന്നര ലക്ഷം രൂപ വരെ ലഭിക്കാം. മധ്യകരിയര്‍ കാലഘട്ടത്തില്‍ ഇതു 5 ലക്ഷം രൂപയായി വർധിക്കാം. അനുഭവ സമ്പന്നര്‍ക്കു 10 ലക്ഷം രൂപയ്ക്കു മേല്‍ ശമ്പളമായി നേടാം.

10. ഐടി, സോഫ്ട്‌വെയര്‍ എന്‍ജിനീയര്‍
അടുത്തിടെ ചെറിയൊരു മാന്ദ്യം സംഭവിച്ചെങ്കിലും സോഫ്ട്‌വെയര്‍ നല്ല പണമുണ്ടാക്കാന്‍ പറ്റിയ മേഖലയാണ്. ഒരു വിധം മികച്ച കമ്പനികളില്‍ തുടക്കത്തില്‍ മൂന്നര ലക്ഷം രൂപ വരെ ശമ്പളം ലഭിക്കാം. മധ്യകരിയര്‍ കാലഘട്ടത്തില്‍ 8.3 ലക്ഷം രൂപ വരെ ഉയരാം. അനുഭവ സമ്പന്നര്‍ക്കു 15 ലക്ഷം രൂപയ്ക്കു മേല്‍ വേതനം പ്രതീക്ഷിക്കാം.

advertisment

News

Super Leaderboard 970x90