Travel

ലഡാക്ക് യാത്രക്കാർക്കുവേണ്ടി...

മണാലിവഴി പോകുമ്പോൾ ഒരുപാട് ഉയരത്തിൽ സ്ഥിതിചെയ്യുന്ന രോഹ്താങ് പാസിലേക്ക് ഒറ്റയടിക്ക് കേറുന്നതിനാൽ സിക്കനസ് വരാനുള്ള ചാൻസ് കൂടുതലാണ്. തൽഫലമായി തലവേദന, ശർദി, ശ്വാസംമുട്ടൽ, തളർച്ച, ഉന്മേഷകുറവ് ഉണ്ടാകുക സ്വാഭാവികം. പിന്നെ നോർമൽ സ്ഥിതിയാവാൻ 2 ദിവസം എങ്കിലും വേണ്ടിവരും.

ലഡാക്ക് യാത്രക്കാർക്കുവേണ്ടി...

 ലഡാക്ക് യാത്രയുടെ സീസൺ തുടങ്ങാൻ പോകുകയാണല്ലോ. അപ്പോൾ ഏത് റൂട്ടിലൂടെ പോകുന്നതാണ് കുറച്ചുകൂടെ നല്ലത്, പാസ് കിട്ടാൻ എന്ത് ചെയ്യണം എന്നതിനെക്കുറിച്ചു എന്റെ അനുഭവം വെച്ചുള്ള ചെറിയൊരു വിവരണം.

ചോദ്യം: എന്നാണു Rohtang pass തുറക്കുന്നത്..?

ഉത്തരം: അത് കൃത്യമായി ഒരു ഡേറ്റ് പറയാൻ കഴിയില്ല. ഓരോ വർഷത്തെയും മഞ്ഞിന്റെ കാഠിന്യംപോലെയിരിക്കും Rohtang pass ഓപ്പൺ ആവാനും. എങ്കിലും സാധാരണ മെയ് പാതിയോടെ തുറകാറാണ് പതിവ്. ഓപ്പൺ ആയാൽ ഹിമാചൽ,ജമ്മു ടൂറിസം സൈറ്റുകളിലൂടെയും, ന്യൂസ്വഴിയും പബ്ലിക്കിനെ അറിയിക്കുകയാണ് പതിവ്.

ചോദ്യം: ശ്രീനഗർ വഴിയുള്ള റോഡ്ആണോ ആദ്യം തുറക്കുക,അതോ Rohtang Pass ആണോ ആദ്യം തുറക്കുക..?
ഉത്തരം: സാധാരണ ശ്രീനഗർ വഴിയുള്ള റോഡ് ആണ് ആദ്യം തുറക്കുന്നത്. ഇതുവഴി ലേയിലേക്ക് പോയാലും Rohtang pass ഓപ്പൺ അല്ലെങ്കിൽ മടക്കയാത്രയും ശ്രീനഗർ വഴി ആക്കേണ്ടിവരും. ശ്രീനഗർ വഴി ലേ പോകാൻ പാസ് എടുക്കേണ്ട ആവശ്യമില്ല.

ചോദ്യം: ഡെൽഹിയിൽ നിന്നും പ്രധാനമായും എത്ര വഴികളാണ് Lehയിലേക്ക് ഉള്ളത്..?

ഉത്തരം: 4 വഴികൾ
1. ഡെൽഹി, ശ്രീനഗർ വഴി ലേഹ്.
2. ഡെൽഹി, മണാലി വഴി ലേഹ്.
3. ഡെൽഹി, ഷിംല, കിണൂർ, കാസ വഴി (ഇത് മണാലിയിൽ നിന്നും വരുന്ന റോഡുമായി Rohtang Passനു ശേഷം ചേരുന്നു)
4. ഡെൽഹി, പത്താൻകൊട്ട്, സച്ച് പാസ്, കില്ലർ വഴി (പ്രദേശവാശികൾ കില്ലാഡ് എന്നാണ് പറയുന്നത്). കില്ലർൽ വന്നശേഷം വലത്തേക്ക് പോയാൽ നേരെ മണാലിയിൽ നിന്നും ലേഹ് യിലേക്ക് പോകുന്ന റോഡിൽ പോയി ചാടും. ഇടത്തേക്ക് പോയാൽ most dangerous route ആയ kishtwar റൂട്ടിലൂടെ പോയി ജമ്മു, ശ്രീനഗർ വഴി ലേഹ് യിൽ എത്തിച്ചേരാം.

ചോദ്യം: ഏത് റൂട്ടിലൂടെ ലഡാക്ക് പോകുന്നതാണ് നല്ലത്..?

ഉത്തരം: ജമ്മു, ശ്രീനഗർ വഴി പോകുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം. കാരണം മണാലിവഴി പോകുമ്പോൾ ഒരുപാട് ഉയരത്തിൽ സ്ഥിതിചെയ്യുന്ന രോഹ്താങ് പാസിലേക്ക് ഒറ്റയടിക്ക് കേറുന്നതിനാൽ സിക്കനസ് വരാനുള്ള ചാൻസ് കൂടുതലാണ്. തൽഫലമായി തലവേദന, ശർദി, ശ്വാസംമുട്ടൽ, തളർച്ച, ഉന്മേഷകുറവ് ഉണ്ടാകുക സ്വാഭാവികം. പിന്നെ നോർമൽ സ്ഥിതിയാവാൻ 2 ദിവസം എങ്കിലും വേണ്ടിവരും. നല്ലൊരു സ്വപ്നയാത്രയുടെ തുടക്കം മോശമാക്കണോ..? First impression is best impression എന്നല്ലേ ചൊല്ല്. ശ്രീനഗർവഴി പോകുമ്പോൾ പതിയെപ്പതിയെ ഉയരത്തിലേക്ക് പോകുന്നതിനാൽ കാലാവസ്ഥയുമായി പൊരുത്തപ്പെടുകയും അതിനാൽ സിക്കനസ് ഉണ്ടാവുകയുമില്ല. മടക്കയാത്രയിൽ Rohtaang passവഴി പോരുക.ലേയിൽ നിന്നും Rohtang pass വഴി മണാലി പോരാൻ പാസ് എടുക്കേണ്ട ആവശ്യമില്ല.

മണാലി വഴി ലേഹ് പോണം നിന്നുള്ളവർക്ക് പാസ് എടുക്കാനുള്ള ലിങ്ക് ചേർക്കുന്നു. http://admis.hp.nic.in/ngtkull...

ചോദ്യം: ലേഹ് പോകാൻ പാസ് എടുക്കണോ..?

ഉത്തരം: ലേഹ് യിലേക്ക് മണാലി വഴി പോകുമ്പോൾ മാത്രമാണ് പാസ് എടുക്കേണ്ടത്. ഓൺലൈൻ ആയി പാസ് ലഭിക്കും. ഷിംല, such Pass, jammu, srinagar വഴി പോകുന്നതിനു പാസ് ആവശ്യമില്ല.
NB: ഏത് വഴിയിലൂടെ ലേഹ് എത്തിയാലും ലേയിൽ നിന്നും മുൻപോട്ട് പോകുന്നതിനു പാസ് എടുക്കണം.

ചോദ്യം: പോകേണ്ട റൂട്ട് ഒന്നുകൂടെ വ്യക്തമായി പറയാമോ...?

ഉത്തരം: പറയാം, ഒരു സൈഡ് കണ്ടുതീർത്തു മറുസൈഡിലൂടെ മടങ്ങിവരുന്ന റൂട്ട് ആണ് പറയാൻ പോകുന്നത്. അതായത് clockwise രീതിയിൽ. Delhiയിൽ നിന്നും തുടങ്ങി, Chandigarh, pathankot, Jammu, srinagar,Dras, Kargil, വഴി Leh. അടുത്ത ദിവസം രാവിലെ പാസ് എടുത്തതിനുശേഷം Khardungla top പോയി Khalsar വഴി Nubra valley പോണം എന്നുള്ളവർക്ക് അവിടേയ്ക്ക് പോകാം. അല്ലെങ്കിൽ Distik, Hunder, Turturk പോയി തിരികെ Khalsarൽ വന്നു അവിടെനിന്നും ആദ്യം കാണുന്ന ഇടത്തേയ്ക്കുള്ള റോഡ്‌ പിടിച്ചു നേരെ Pangong തടാകം പോകാം. അവിടെനിന്നും Umling la, Tsomoriri തടാകം പോകാൻ ആഗ്രഹിക്കുന്നവർക്ക് അതുവഴിപോകാം (ബൈക്കിൽ പോകുന്നവരുടെ കയ്യിൽ കുറഞ്ഞത് 40,50ലിറ്റർ പെട്രോൾ എങ്കിലും കരുതുക) അല്ലാത്തവർ നേരെ Leh റൂട്ടിൽ പോയി ലേ മണാലി റൂട്ടിലെ Hemis എന്ന സ്ഥലത്തു ചെന്ന് അവിടെനിന്നും നേരെ മണാലി പോകാം. അവിടെനിന്നും ചണ്ടീഘട്ട് വഴി ഡൽഹി.

ചോദ്യം: പാസ് എവിടെയാണ് കിട്ടുന്നത്..?

ഉത്തരം: ഓൾഡ് Leh ബസ് സ്റ്റാൻഡിനു പുറകിലുള്ള DC ഓഫീസിൽ നിന്നും പാസ് കിട്ടും. രാവിലെ 10am to 12pm വരെയാണ് പാസ് കൊടുക്കുന്ന സമയം.

ചോദ്യം: പാസ് കിട്ടാൻ എന്താണ് ചെയ്യേണ്ടത്...?

ഉത്തരം: DC ഓഫിസിൽ പാസിനുവേണ്ട അപേക്ഷാ ഫോമിൽ നമ്മുടെ കയ്യിലുള്ള ID പ്രൂഫിന്റെ No, Address, എഴുതി കൊടുക്കുക. കൂടാതെ ലേയിലെ പ്രധാന ടൂറിസ്റ്റ് പ്ലേസിന്റെ പേരുകൾ അപേക്ഷാ ഫോമിന്റെ മുകളിൽ ഉണ്ട്. നമ്മൾ എവിടെയൊക്കെ പോകുന്നു എന്ന് അതിൽ "ടിക്" ചെയ്തുകൊടുക്കുക. പോകുന്നില്ലെങ്കിലും എല്ലാത്തിലും ടിക് ചെയ്തു കൊടുത്തു പെർമിഷൻ വാങ്ങുക. കാരണം പിന്നീട് അങ്ങോട്ട് അങ്ങോട്ടൊക്കെ പോകാൻ തോന്നിയാൽ ഉപകാരപ്പെടും. പാസിന്റെ 6,7 കോപ്പിഎടുത്തു കയ്യിൽ കരുതുക. ഓരോ ചെക്ക് പോസ്റ്റിലും ഓരോ കോപ്പി കൊടുക്കേണ്ടിവരും.

ചോദ്യം: ലേയിലേക്ക് ബസ് സർവീസ് ഉണ്ടോ..?

ഉത്തരം: ഉണ്ട്. ലേ റൂട്ട് ഓപ്പൺ ആയാൽ ഡെൽഹി കാശ്മീരി ഗേറ്റ് ISBT ടെർമിനലിൽ നിന്നും വൈകീട്ട് 3pm നു പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ 8മണിയോടെ മണാലി എത്തും. അവിടെ 2മണിക്കൂർ താമസം ഉണ്ടാവും. 10am ഓടെ പുറപ്പെടുന്ന ബസ് 3 മണിയോടെ keylong എത്തും. പിന്നെ അടുത്തദിവസമേ ബസ് പോകൂ. അന്ന് അവിടെ യുള്ള ഏതെങ്കിലും ഹോട്ടലിൽ താമസിക്കുക. അടുത്തദിവസം രാവിലെ 5 മണിയോടെ ബസ് ലേയിലേക്ക് പുറപ്പെടും. വൈകീട്ട് 6,7 മണിയോടെ ബസ് ലേയിൽ എത്തും. ഒരാൾക്ക് 1400രൂപ അടുത്താണ് ബസ് ചാർജ്.

ചോദ്യം: ശ്രീനഗർ വഴി ലേയിലേക്ക് ബസ് സർവീസ് ഉണ്ടോ..?

ഉത്തരം: ഉണ്ട്. ഡൽഹിയിൽ നിന്നും ജമ്മു പോകാൻ ബസ് കിട്ടും. ജമ്മു വന്നതിനു ശേഷം ശ്രീനഗറിന് ബസ് പിടിക്കുക. ശ്രീനഗറിൽ നിന്നും രാവിലെ 5:30മുതൽ ബസ് സർവീസ് തുടങ്ങും. ആദ്യദിവസം കാർഗിൽ എത്തും. അടുത്തദിവസം രാവിലെ പുറപ്പെടുന്ന ബസ് വൈകീട്ടോടുകൂടെ ലേയിൽ എത്തും. 500രൂപാമുതൽ നിരക്ക് തുടങ്ങും.

ചോദ്യം: ലേയിൽ നിന്നും മുൻപോട്ടുപോകാൻ ബസ് കിട്ടുമോ.

ഉത്തരം: കിട്ടും. ലേയിൽ നിന്നും രാവിലെ 6amനു Pangong തടാകത്തിലേക്ക് ബസ് സർവീസ് ഉണ്ട്. വൈകീട്ട് 3മണിയോടെ Pangongൽ എത്തുന്ന ബസ്, അടുത്തദിവസം രാവിലെ 6amനു ലേയിലേക്ക് തിരിച്ചുപോരും. one side Ticket 500 അടുത്താവും.

ചോദ്യം: ഞങ്ങൾക്ക് ലോറിക്കാരുടെ കൂടെപോയാൽ കൊള്ളാം എന്നുണ്ട്. നടക്കുമോ..?

ഉത്തരം: നടക്കും. പഞ്ചാബി reg വണ്ടിക്ക് കേറാൻ പറ്റുമെങ്കിൽ അത്രയും നല്ലത്. അതിലെ പോകുന്ന ലോറി ഡ്രൈവർമാർ പതിയെ കുപ്പിയൊക്കെ പൊട്ടിച്ചാവും പോകുക, മാത്രവുമല്ല അവർ പതിയെ നിർത്തി അവരുടെ ഇഷ്ടത്തിന് അനുസരിച്ചാവും പോകുക. കയ്യിൽ ഒരുപാട് സമയം ഉള്ളവർക്ക് ലോറി നല്ലൊരു ഓപ്ഷൻ ആണ്.

ചോദ്യം: ബസിനു പോകുന്നതുകൊണ്ടു എന്തെങ്കിലും കുഴപ്പമുണ്ടോ..?

ഇത്തരം: കുഴപ്പമില്ല. പക്ഷെ എല്ലാ സ്ഥലവും നിർത്തി കാണാൻ പറ്റില്ല. ഉദാ: ശ്രീനഗറിൽ നിന്നും ലേയിലേക്ക് ബസിൽ പോന്നാൽ , sonmarg, Zojila Pass, Kargil war memmorial, Lamayuru, തുടങ്ങി ഒരുപാട് സ്ഥലങ്ങളിൽ നമുക്കുവേണ്ടി വണ്ടി നിർത്തില്ല. Mangetic Hillതുടങ്ങി ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമേ ബസ് നിർത്തൂ. പ്രൈവറ്റ് വണ്ടിയിൽ പോയാൽ നമ്മുടെ ഇഷ്ടത്തിന് എവിടെവേണമെങ്കിലും നിർത്തി കാഴ്ച്ചകൾ ആസ്വദിക്കാൻ പറ്റും. പബ്ലിക് ട്രാൻസ്പോർട്ടിന് പോയാൽ അതൊന്നും നടക്കില്ല.

ചോദ്യം: ലേയ്ക്ക് പുറത്തുനിന്നും എടുത്ത വണ്ടികളെ കയറ്റിവിടുമോ..?

ഉത്തരം: ലേഹ്, ഹിമാചൽ റെന്റ് ഏജൻസികൾ തമ്മിൽ കശപിശ ഉള്ളതിനാൽ പ്രൈവറ്റ് വണ്ടിയല്ലാത്തതും ലേയിൽ നിന്ന് അല്ലാത്തതുമായ റെന്റ് വണ്ടികൾ ലേ റെന്റ്അസോസിയേഷന്റെ ആളുകൾ തടയും. ലേയിൽ നിന്നും മുൻപോട്ടുപോകാൻ അവർ അനുവദിക്കില്ല.
ഇനി സ്വന്തം പേരിൽ അല്ലാത്ത ബന്ധുക്കളുടെയോ, സുഹൃക്കളുടെയോ വണ്ടിയുമായി പോകുന്നവർ ഉണ്ടെങ്കിൽ. RC ഉടമയുടെ ഒരു ID കാർഡിന്റെ കോപ്പി കയ്യിൽ കരുതുക. റെന്റ് വേണ്ടിയല്ല എന്ന് തെളിയിക്കാൻ അതുമതിയാവും.

ഇനി ഡൽഹി,മണാലിയിൽ നിന്നും റെന്റ് ബൈക്ക് എടുക്കുക മാത്രമേ പോംവഴിയുള്ളൂ നിന്നുള്ളവർ ഉണ്ടെങ്കിൽ ലേഅസോസിയേഷൻ കാരുടെ കണ്ണുവെട്ടിച്ചു പോകാനുള്ള സൂത്രം പറയാം. അവർ വണ്ടിതടയാൻ ഇറങ്ങുന്നത് സാധാരണ സഞ്ചാരികൾ ഇറങ്ങിതുടങ്ങുന്ന സമയമായ രാവിലെ 7 മണിക്ക് ശേഷമാണ്. നിങ്ങൾ തലേന്ന് പാസ് എടുത്തുവെച്ചശേഷം അന്ന് ലേഹ് പട്ടണം കറങ്ങുക. അടുത്തദിവസം അസോസിയേഷന്റെ ആളുകൾ ചെക്കിങ്ങിനു ഇറങ്ങുന്നതിന് മുൻപായി പുലർച്ചെതന്നെ ലേയിൽ നിന്നും യാത്രതുടങ്ങുക.

ചോദ്യം: പെട്രോൾ പമ്പ് ഇടയ്ക്കുണ്ടോ..? ഇല്ലെങ്കിൽ പെട്രോൾ കിട്ടാൻ എന്താണ് മാർഗം..?

ഉതതരം: ലേഹ് കഴിഞ്ഞാൽ പിന്നെ Hunder ൽ ആണ് പെട്രോൾപമ്പ് ഉള്ളത്. അവിടെനിന്ന് പെട്രോൾ കിട്ടിയാൽ കിട്ടി എന്നേ പറയാൻ പറ്റൂ. ഇടയ്ക്ക് കാണുന്ന ഗ്രാമത്തിലെ കടകളിൽ പെട്രോൾ ലഭ്യമാണ്. അന്യായ വിലആയിരിക്കും. മാത്രവുമല്ല മണ്ണെണ്ണ കലർത്തിയതാണോ എന്ന് പറയാനും പറ്റില്ല.അതിനാൽ ലേയിൽനിന്നും ആവശ്യമുള്ള പെട്രോൾ കന്നാസുകളിൽ കരുതുക.

ചോദ്യം: ലേഹ് പട്ടണത്തിൽ എന്തൊക്കെയാണ് കാണാനുള്ളത്..?

ഉത്തരം: Leh palas, Hall of fame, Shanti Stupa,Namgyal Tsemo Monastry, ഇതൊക്കെയാണ് ലേഹ് പട്ടണത്തിൽ പ്രധാനമായും കാണാൻ ഉള്ളത്.

ചോദ്യം: ലേകഴിഞ്ഞു മുൻപോട്ടുപോയാൽ കാണേണ്ട പ്രധാന സ്ഥലങ്ങൾ ഏതൊക്കെയാണ്..?

ഉത്തരം: സഞ്ചാരികളുടെ സ്വപ്നമായ Khardung laa top, Distik Monastery, Nubra valley, Pangong lake, Tsomoriri lake, Turtuk village ഇതൊക്കെയാണ് ഏറ്റവും ഫേമസ് ആയ സ്ഥലങ്ങൾ.

ചോദ്യം: ഇവിടെയൊക്കെ ടെന്റ് അടിച്ചു താമസിക്കുന്നതിനു എന്തെങ്കിലും കുഴപ്പമുണ്ടോ..?
ഉത്തരം: ലേഹ്,ലഡാക്ക് മേഖലയിൽ എവിടെവേണമെങ്കിലും ടെന്റ്അടിക്കാം എന്നാണു എന്റെ അനുഭവത്തിൽ നിന്നും മനസിലായത്. വളരെ നല്ല മനുഷ്യർ ആണ് അവിടെയുള്ളവർ. എങ്കിലും ഒരു മുൻകരുതൽ എന്ന നിലയിൽ ആളുകളുടെ കണ്ണിൽ പെട്ടന്ന് പെടാത്ത സ്ഥലത്തു ടെന്റ്അടിക്കുക.

ചോദ്യം: മുകളിൽ പറഞ്ഞ സ്ഥലത്തേയ്ക്ക് പോകേണ്ട ഒരു റൂട്ട് പറയാമോ..?

ഉത്തരം: പറയാം. (കുറച്ചുകൂടെ എളുപ്പം എന്ന് തോന്നിയ റൂട്ട് ആണ് ഞാൻ പറയുന്നത്) ലേയിൽ നിന്നും Khardung la top അവിടെനിന്നും Khalsar എത്തി അവിടെനിന്നും കുറച്ചുമുന്പോട്ടു ചെല്ലുമ്പോൾ റോഡ് രണ്ടായി തിരിയുന്നു. നേരെപോയാൽ Nubra valley പോകാം. നുബ്ര വാലിയിലെ മണലിലൂടെയുള്ള ഒട്ടക സവാരി ഫേമസ് ആണ്. ഇടത്തേയ്ക്കുള്ള റോഡിലേക്ക് പോയാൽ Disthik, Hunder, ലാസ്റ്റ് ഇന്ത്യൻ ഗ്രാമമായ Turturkൽ എത്തിച്ചേരാം.
തിരിച്ചു Khalsar ഗ്രാമത്തിൽ എത്തിയശേഷം അവിടെനിന്നും ഏകദേശം 3km കഴിയുമ്പോൾ ആദ്യം കാണുന്ന നാൽകവലയിൽ നിന്നും ഇടത്തേയ്ക്കുള്ള റോഡിലൂടെ പോയാൽ Pangong തടാകത്തിൽ വേഗം എത്തിച്ചേരാം. ഇതിലെ കാറിൽപോകുന്നവർ സൂക്ഷിക്കുക. റോഡ് വളരെ മോശമാണ്. കാറിന് ഗ്രൗണ്ട് ക്ലിയറൻസ് കുറവാണെങ്കിൽ അടിനല്ലപോലെ തട്ടും.

ചോദ്യം: Pangong തടാകക്കരയിൽ ടെന്റ് അടിക്കാമോ, അല്ലെങ്കിൽ ഹോട്ടൽ സൗകര്യം ഉണ്ടോ..?

ഉത്തരം: ടെന്റ് അടിക്കാം. പക്ഷെ ഭയങ്കരകാറ്റാണ്. ഹോട്ടൽ സൗകര്യം ലഭ്യമാണ് അവിടെ.

ചോദ്യം: pangong lake കണ്ടുകഴിഞ്ഞാൽ പിന്നെ ഏതൊക്കെ കാഴ്ചകളിലേക്ക് പോകാം..?
ഉത്തരം: ഇതുവരെ പറഞ്ഞ സ്ഥലങ്ങൾ പ്രകാരം നിങ്ങൾക്ക് ഇനി ഒന്നുകിൽ ഏറ്റവും ഉയരം കൂടിയ റോഡ് ആയ Umling La, Tosomoriri തടാകം എന്നിവിടങ്ങളിലേക്ക്കെപോകാം. അല്ലെങ്കിൽ Pangongൽ നിന്നും Hemis വന്ന് നേരെ മണാലിക്കോ, അല്ലെങ്കിൽ Rohtang Pass വരുന്നതിനു മുൻപായി ഇടത്തേക്ക് കാണുന്ന വഴിയിലൂടെ പോയാൽ ചന്ദ്രതാൽ തടാകം കണ്ട്, കാസ, സ്പിറ്റി വാലി, കിണൂർ വഴി ഷിംലയിലോ എത്താം.

ചോദ്യം: Umling la പോകാൻ എന്താണ് ചെയ്യേണ്ടത്..? എന്തൊക്കെയാണ് കരുതേണ്ടത്..?

ഉത്തരം: umling la പോകുന്നത് Chushul ഗ്രാമം വഴിയാണ്. ഈ വഴി ഹോട്ടലുകൾ വളരെ കുറവാണ്. Pangong തടാകത്തിൽ നിന്നും umling la, Tsomoriri തടാകം കണ്ടു മണാലി റൂട്ടിലെ Hemis പട്ടണം എത്തിപ്പെടാൻ കുറഞ്ഞത് 650-700km എങ്കിലും ഉണ്ട്. ഇത്രയും ദൂരം പോകാൻ ആവശ്യമായ പെട്രോൾ ലേയിൽ നിന്നും കരുതുക. ഇല്ലെങ്കിൽ തള്ളിതള്ളി ഊപ്പാട് തെറ്റുക, അല്ലെങ്കിൽ വണ്ടികളഞ്ഞിട്ടുപോരുക ഇതേ മാർഗമുള്ളൂ. കൂടെ ബിസ്ക്കറ്റ്, ഡ്രൈ ഫ്രൂട്സ് പോലുള്ള അത്യാവശ്യം ഭക്ഷണവും കരുതുക. ഇവിടെ പോകുന്നവർ സോളോ ആയി പോകാതെയിരിക്കുക.

ചോദ്യം: ലേ ട്രിപ്പിന് എത്രപണം വേണ്ടിവരും..?

ഉത്തരം: ഇതിനു കൃത്യമായ ഉത്തരം പറയാൻ പറ്റില്ല. പണം ചെലവാക്കുന്ന നമ്മുടെ കയ്യിലിരിപ്പ് പോലെയിരിക്കും ചിലവും. എങ്കിലും നാട്ടിൽ നിന്നും ബൈക്ക് ഓടിച്ചു പോരുന്ന ഒരാൾക്ക് ടോട്ടൽ 25-30k പ്രതീക്ഷിക്കാം. ഇനി ഡൽഹിയിൽ നിന്നും പോകുകയാണെങ്കിൽ 15-20k മൊത്തം പ്രതീക്ഷിക്കാം.

ചോദ്യം: റെന്റ് വണ്ടിയുമായി പോയാൽ എത്രയാവും...?

ഉത്തരം: സ്വന്തം വണ്ടിയുണ്ടെങ്കിൽ അതിൽപോകുന്നതാണ് നല്ലത്. നാട്ടിൽനിന്നും ഓടിച്ചുകൊണ്ടുവരാൻ ബുദ്ധിമുട്ടുള്ളവർ ട്രെയിന് പാർസൽ ചെയ്തു ചാണ്ടീഖണ്ഡ് വരെ ബൈക്ക് കൊണ്ടുവരിക. അവിടെനിന്നും യാത്രപോയി. തിരികെ ചാണ്ടീഖണ്ഡിൽ നിന്നും വണ്ടി കേറ്റിവിടുക.
ഇനി റെന്റ് വണ്ടിക്ക് പോകാൻ ആണെങ്കിൽ ഒരു ദിവസം 900-1500 വരെ വാടകവരും ഡെൽഹി, മണാലി എന്നിവിടങ്ങളിൽ.

ചോദ്യം: അവിടെ നെറ്റ്വർക്ക് കിട്ടുമോ..?

ഉത്തരം: ലേയിൽ അവിടുത്തെ സിമ്മോ, അല്ലെങ്കിൽ പോസ്റ്റ് പെയ്ഡ് കണക്ഷനോ മാത്രമേ വർക്ക് ആവുകയുള്ളൂ. അതിനാൽ ശ്രീനഗറിൽ ചെല്ലുമ്പോൾ തന്നെ ഒരു കണക്ഷൻ എടുക്കുക. ആധാർ കാർഡ് വെച്ച് കണക്ഷൻ എടുക്കാൻ കഴിയും.

ചോദ്യം: ചിലവ് കുറയ്ക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ..?

ഉത്തരം: ഉണ്ടല്ലോ. ഞങ്ങൾ കഴിഞ്ഞ പ്രവാശ്യം പോയപ്പോൾ 15ദിവസത്തെ ട്രിപ്പിന് ഒരാൾക്ക് 8kയിൽ താഴെ മാത്രമേ ചെലവ് വന്നുള്ളൂ. 5kgയുടെ ചെറിയ ഗ്യാസ് സിലണ്ടർ, അതിൽതന്നെ ഘടിപ്പിക്കാവുന്ന സ്ററൗ, അത്യാവശ്യം പാത്രങ്ങൾ, ഭക്ഷണ സാധനങ്ങൾ, ടെന്റ്, സ്ലീപ്പിങ് ബാഗ് എല്ലാം ആയിട്ടാണ് പോയത്. അതുകൊണ്ടു പെട്രോൾ അടിച്ചു തിരിച്ചു വന്നു എന്ന് പറയാം. ഭക്ഷണ സാധങ്ങൾ കൊണ്ടുപോയില്ലെങ്കിലും ടെന്റ്, സ്ലീപ്പിങ് ബാഗ്‌ കയ്യിൽ കരുതിയാൽ ഹോട്ടലിലെ താമസത്തിന്റെ പൈസ കുറഞ്ഞുകിട്ടും. ലേലഡാക്ക് ഏരിയ പൊതുവെ സുരക്ഷിതമായതുകൊണ്ടു എവിടെവേണമെങ്കിലും ടെന്റ്അടിക്കാം. നമ്മുക്ക് മനസിന് ഇണങ്ങിയ സ്ഥലത്തു ടെന്റൊക്കെ അടിച്ചു താമസിക്കുന്ന ദിവസം ഒന്നുകൂടെ മനോഹരം ആയിരിക്കും എന്നാണു എന്റെ അനുഭവം. കാർഗിൽലെ ടിബറ്റൻ മാർക്കറ്റിൽ നല്ല ഗുണനിലവാരമുള്ള സ്ലീപ്പിങ് ബാഗ് കുറഞ്ഞ വിലയിൽ കിട്ടും 2000ത്തിൽ താഴെയേ വിലവരൂ. അതെ സാധനം ഡൽഹിയിൽ ചോദിച്ചപ്പോൾ 8k ആണ് പറഞ്ഞത്.

ചോദ്യം: ലഡാക്ക് യാത്രയിൽ കയ്യിൽ കരുതേണ്ട മെഡിസിൻ ഏതൊക്കെയാണ്..?

ഉത്തരം: Diamox കയ്യിൽ കരുതുക ഇത് സിക്കനസിനു നല്ലതാണ്. കൂടാതെ പനി, ശർദി, വയറിളക്കം, ഫസ്റ്റ് എയ്ഡുംകയ്യിൽ കരുതുക.

ചോദ്യം: വേറെയെന്തൊക്കെയാണ് കയ്യിൽ കരുതേണ്ടത്.

ഉത്തരം: വണ്ടിയുടെ ബുക്ക് പേപ്പർ, ലൈസൻസ്, id കാർഡ്. ക്ലെച്, ആക്സിലറേറ്റർ കേബിൾ ഓരോന്നു, പഞ്ചർ കിറ്റ്, ചെറിയ എയർ പമ്പ് കിട്ടും (ചവിട്ടി എയർ അടിക്കുന്ന തരം) അതും കയ്യിൽ കരുതുക. പോകേണ്ട റൂട്ടിന്റെയും സ്ഥലത്തിന്റെയും സ്ക്രീൻ ഷോട്ട് എടുത്തു ഫോണിൽ കരുതുക ഉപകാരപ്പെടും. മാത്രവുമല്ല നിങ്ങൾക്ക് മനസിലാവുന്ന രീതിയിൽ റൂട്ടും,സ്ഥലവും ഒരു പേപ്പറിൽ വരച്ചു സൂക്ഷിക്കുക. കാരണം ഫോണിൽ ചാർജ് തീർന്നാൽ ഉപകരിക്കും. പോകുന്നതിനു മുൻപായി വണ്ടി നല്ലപോലെ ഒന്ന് സർവീസ് ചെയ്യുക...

ഇനി വേണ്ടത് നിങ്ങളുടെ സ്വപ്നഭൂമിയിലേക്ക് പാറിനടക്കുന്ന കിളികളെപോലെ ഓരോ കാഴ്ച്ചകളും ഒപ്പിയെടുത്തു ഓരോ നിമിഷവും എൻജോയ് ചെയ്തു സാവധാനം പോകുക. പറപ്പിച്ചുപോയാൽ റോഡ് മാത്രമേ നിങ്ങൾക്ക് കാണാൻ പറ്റൂ...

#TAGS : ladakh  

advertisment

Related News

    Super Leaderboard 970x90