Sports

' കേരള ക്രിക്കറ്റിന്റെ ഈറ്റില്ലം’

ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ പ്രതാപത്തിൽ ജനിച്ച കോളിൻ കുട്ടിക്കാലത്തു കൊച്ചിയിൽ നിന്നു കപ്പൽ കയറിയപ്പോൾ കണ്ട വെയിൽചായൽ ‘സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യ’ത്തിന്റെ അസ്‌തമയത്തിന്റെ തുടക്കമായിരുന്നു.

' കേരള ക്രിക്കറ്റിന്റെ ഈറ്റില്ലം’

' കേരള ക്രിക്കറ്റിന്റെ ഈറ്റില്ലം’– കായികചരിത്രത്തിൽ തലശ്ശേരിയുടെ തലക്കുറി ഇതാണ്. തലശ്ശേരിയിൽ ക്രിക്കറ്റ് കളി തുടങ്ങിയത് ആരെന്നതു വലിയൊരു ചരിത്ര കൗതുകം. പഴശ്ശിരാജയോടു തോറ്റ, പിന്നീട് നെപ്പോളിയനെ തോൽപിച്ച കേണൽ ആർതർ വെല്ലസ്‌ലി! വെല്ലസ്‌ലി വിത്തിട്ട്, പിന്നീട് തലശ്ശേരിക്കുരുമുളകിന്റെ വീര്യം പോലെ നീറിപ്പിടിച്ച ക്രിക്കറ്റിൽ തലശ്ശേരിയുടെ ഏറ്റവും വലിയ സംഭാവന ആരാണ്? ഉത്തരം കിട്ടാൻ കടലുകടന്നു പോകണം. സർക്കസിന്റെ കുലഗുരു കീലേരി കുഞ്ഞിക്കണ്ണൻ മുതൽ കേരളത്തിന്റെ ആദ്യ ഒളിംപ്യൻ സി.കെ.ലക്ഷ്മൺ വരെ ക്രിക്കറ്റ് കളിച്ചു നടന്ന തലശ്ശേരിയിലെ മൈതാനങ്ങളിൽ, തന്നേക്കാൾ വലിയ ബാറ്റും പിടിച്ച്, അച്‌ഛൻ കളിക്കുന്നതു നോക്കിനിന്ന ഒരു ഇംഗ്ലിഷ് കുട്ടി–പിൽക്കാലത്ത് ഇംഗ്ലണ്ടിനെ നൂറു ടെസ്‌റ്റുകളിൽ നയിച്ച, നാൽപതാം വയസ്സിൽ പോലും ഡെന്നിസ് ലിലിയുടെയും തോംപ്‌സണിന്റെയും ചീറിയെത്തുന്ന പന്തുകളെ തലയെടുപ്പോടെ നേരിട്ട കോളിൻ കൗഡ്രിയെന്ന അനശ്വരതാരം! കോളിന്റെ ഇന്ത്യൻ കുട്ടിക്കാലത്തെ ഊട്ടിയുടെ പേരിൽ മാത്രമായി ഊട്ടിയുറപ്പിക്കുകയായിരുന്നു ക്രിക്കറ്റ് ചരിത്രകാരൻമാർ പലരും. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിൽ അവിടെയും തലശ്ശേരി തിരസ്കരിക്കപ്പെട്ട പന്ത്രണ്ടാമനായി.

കളത്തിനു പുറത്തെ കോളിൻ

ആദ്യം ഇന്ത്യൻ വ്യോമസേനയിൽ പൈലറ്റായും പിന്നീടു സിവിൽ സർവീസിലും ജോലിനോക്കിയ, തലശ്ശേരിയുടെ ചരിത്രത്തെ ഉള്ളംകയ്യിൽ കൊണ്ടുനടന്ന മൂർക്കോത്ത് രാമുണ്ണി ഒരു സ്‌മരണികയിൽ വർഷങ്ങൾക്കു മുൻപ് കുറിച്ചു: ‘ക്രിക്കറ്റ് തന്നെ സർവമെന്നു കരുതിയിരുന്ന ഇംഗ്ലിഷ് കളിക്കാരനായിരുന്നു ഇ.എ.കൗഡ്രി. ഇന്ത്യയിൽ വളരെക്കാലം ജീവിച്ച ഇദ്ദേഹം പ്രത്യേകിച്ചു കേരളത്തിലെ ക്രിക്കറ്റിന്റെ ഉയർച്ചയ്‌ക്കു പലതും നൽകിയിട്ടുണ്ട്. ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്‌റ്റനായിരുന്ന എം.സി.കൗഡ്രി അദ്ദേഹത്തിന്റെ പുത്രനാണ്. അച്‌ഛന്റെ കളി നടന്നുകൊണ്ടിരിക്കുമ്പോൾ തന്നേക്കാൾ വലിയ ഒരു ബാറ്റുമായി മൈതാനത്തിന്റെ ഒരു അരികിൽ വന്ന് മറ്റുള്ള ആൾക്കാരെക്കൊണ്ട് ബൗൾ ചെയ്യിപ്പിക്കുന്നത് ഇന്നു പഴയ തലമുറയിലെ പലരും ഓർക്കുന്നുണ്ടാകും. പിൽക്കാലത്ത് നൂറു ടെസ്‌റ്റിൽ കളിച്ചെന്ന ബഹുമതിയും ഇംഗ്ലണ്ടിനെ വിജയത്തിലേക്കെത്തിച്ച ക്യാപ്‌റ്റൻ എന്ന നിലയ്‌ക്കും ലോകക്രിക്കറ്റിന് ഒരു ഉന്നതനായ ബാറ്റ്‌സ്‌മാനും ഫീൽഡറും എന്ന നിലയിലേക്കും എം.സി.കൗഡ്രി തന്റെ ക്രിക്കറ്റിന്റെ ഹരിശ്രീ പഠിച്ചത് തലശ്ശേരി മൈതാനത്തിൽ നിന്നായിരുന്നു’’

ഫ്രാങ്ക് വോറലിനെതിരെ വരെ ക്രിക്കറ്റ് കളിച്ചിട്ടുള്ള രാമുണ്ണി ‘കളി’ പറയില്ല. ഇ.എ.കൗഡ്രിയുടെ വരവിനായി തലശ്ശേരി കാത്തിരിക്കുമായിരുന്നു. ഈ മണ്ണിനോടും ഇവിടത്തെ മനുഷ്യരോടും വലിയ മമതയായിരുന്നു അദ്ദേഹത്തിന്. തലശ്ശേരി യാത്രകളിൽ മകൻ കോളിനെയും അദ്ദേഹം കൂടെക്കൂട്ടി. കോളിനു പന്തെറിയാൻ നാട്ടുകാർക്കിടയിൽ മൽസരമായിരുന്നത്രേ. കോളിൻ ഇംഗ്ലണ്ടിൽ താമസമുറപ്പിച്ച ശേഷവും അച്‌ഛൻ കൗഡ്രി വരവു തുടർന്നു. നിർബന്ധിത സൈനിക സേവനത്തിന്റെ ഭാഗമായി കണ്ണൂരിൽ ആർമി റിക്രൂട്ടിങ് ഓഫിസറായി എത്തിയതോടെ തലശ്ശേരിയിലെത്തി ക്രിക്കറ്റ് കളിക്കുന്നതു കൊടുമ്പിരിക്കൊണ്ടു.

ആളെക്കൊല്ലി കടുവയുടെ മീശ

1932 ഡിസംബർ 24നു ബെംഗളൂരുവിലാണു കോളിൻ ജനിച്ചത്. അച്‌ഛൻ ഇ.എ.കൗഡ്രി ടീ പ്ലാന്ററായിരുന്നു. ഊട്ടിയിലെ രണ്ടായിരം ഏക്കർ തേയില എസ്‌റ്റേറ്റിനു നടുവിലായിരുന്നു ജീവിതം. രാവിലെ ഗോൾഫിലും വൈകിട്ടു ക്രിക്കറ്റിലും മകനു പരിശീലനം നൽകുമായിരുന്നു. വിശാലമായ തോട്ടത്തിന്റെ കാഴ്‌ചയും ഓർക്കാപ്പുറത്തെ പെരുമഴയും ജീവിതാവസാനത്തോളം കൗഡ്രിയുടെ ഓർമയിലുണ്ടായിരുന്നിരിക്കണം. ആളെക്കൊല്ലിയായ ഒരു കടുവയെ കെണിവച്ചു പിടിച്ചു കൊന്ന നാട്ടുകാർ അതിന്റെ മീശ കുഞ്ഞു കോളിനു സമ്മാനിച്ചു. ഇന്ത്യയിൽ നിന്നു കിട്ടിയ വില പിടിച്ച സമ്മാനമായി കോളിൻ എക്കാലവും അതു സൂക്ഷിച്ചുവച്ചു.

നിറയെ വേലക്കാരുണ്ടായിരുന്ന വീട്ടിൽ കൃഷ്‌ണൻ എന്ന കൗമാരക്കാരന്റെ ചുമതലയായിരുന്നു കുഞ്ഞു കോളിനൊത്തു കളിക്കുകയെന്നത്. ‘ഞങ്ങൾക്കിടയിലുണ്ടായ സൗഹൃദം രാജിനെയും സ്വാതന്ത്ര്യത്തെയും വിഭജനത്തെയും അതിജീവിച്ചു’ എംസിസി എന്ന ആത്മകഥയിൽ കോളിൻ എഴുതി. പതിറ്റാണ്ടുകൾക്കു ശേഷവും ഇരുവരും കത്തെഴുത്തു തുടർന്നു. ‘ഇന്ത്യയിൽ വച്ച് ഞാൻ ഒരിക്കലും സ്‌കൂളിൽ പോയിട്ടില്ല. നടക്കാൻ തുടങ്ങിയ സമയം തൊട്ട് കൊച്ചിയിൽ നിന്നു നാട്ടിലേക്കു കപ്പൽ കയറിയതു വരെയുള്ള കാലത്ത്, ഞാൻ എപ്പോഴും പന്തടിക്കുകയോ പിടിക്കുകയോ ചെയ്യാതിരുന്ന മണിക്കൂറുകൾ അധികമുണ്ടാവില്ല’ ആത്മകഥയിൽ കോളിൻ കുറിച്ചു.

നന്നേ ചെറുതായിരുന്നതുകൊണ്ട് ഇന്ത്യ വിടുന്നതിനെക്കുറിച്ചു നൊസ്‌റ്റാൾജിയയൊന്നും തോന്നിയില്ല. കൊച്ചിയിലേക്കുള്ള യാത്രയിൽ തീവ്രമായ വിസ്‌മയവും അക്ഷമയുമായിരുന്നു കൂട്ട്. അപരിചിതമായ ദേശങ്ങൾ കോളിനെ മോഹിപ്പിച്ചു. അവിടെ അവരെക്കാത്ത് ഇംഗ്ലണ്ടിലേക്കുള്ള കപ്പലുണ്ടായിരുന്നു. ഇന്ത്യയിൽ പഠിച്ച ഷോട്ടുകൾ കൊണ്ട് ലോകക്രിക്കറ്റ് കീഴടക്കാനുള്ള യാത്രയായിരുന്നു അത്.

ആ കപ്പൽ യാത്രയ്‌ക്കിടെ...

രാത്രി കാബിനിൽ കിടന്ന് ഉറങ്ങുകയായിരുന്നു കോളിൻ. പെട്ടെന്ന് അച്‌ഛൻ ഇ.എ.കൗഡ്രി ആവേശത്തോടെ കയറിവന്നു. ഡെക്കിലേക്കു വേഗം വരാൻ പറഞ്ഞു. അച്‌ഛന്റെ പുറകെ ഇടനാഴികളിലൂടെ ഓടി പടവുകൾ കയറി ഡെക്കിലെത്തി. അച്‌ഛൻ കോളിനെ പൊക്കിയെടുത്ത്, മെഡിറ്ററേനിയൻ സമുദ്രത്തിൽ മൂന്നു മൈൽ അകലെക്കൂടി പോകുന്ന സ്‌ട്രാത്‌മോർ എന്ന കപ്പൽ കാണിച്ചുകൊടുത്തു. ‘ആ കപ്പലിൽ ഡോൺ ബ്രാഡ്‌മാനുണ്ട്. ഇംഗ്ലണ്ട് ടീമിനെ തോൽപിക്കാനായി പോകുകയാണ്’ എന്നു പറയുമ്പോൾ അച്‌ഛന്റെ വാക്കുകളിലെ വിറയൽ കോളിനു മനസ്സിലായി. ആ കപ്പലിൽ ദൈവമുണ്ടെന്നു പറയുന്നതുപോലെയായിരുന്നു അത്.

ജൻമനാട്ടിലേക്കു വീണ്ടും

കുട്ടിക്കാലം ചെലവഴിച്ച ഇന്ത്യയിലേക്ക് കളിക്കാരനായി ഒരിക്കലേ കൗഡ്രി വന്നിട്ടുള്ളൂ. 1963ലെ പരമ്പരയ്‌ക്കിടെ കെൻ ബാരിങ്‌ടണിനു പരുക്കേറ്റപ്പോൾ പകരക്കാരനായാണ് എത്തിയത്. ആ വരവിൽ കൃഷ്‌ണനെ കാണാൻ ആഗ്രഹിച്ചെങ്കിലും നടന്നില്ല. കൊൽക്കത്തയിൽ മൂന്നാം ടെസ്‌റ്റ് മൽസരം തുടങ്ങുന്നതിനു തലേന്ന് കൗഡ്രി ഈഡൻ ഗാർഡൻ മൈതാനത്തെത്തി. വിക്കറ്റിനു മുകളിൽ അദ്ദേഹം പത്തുരൂപ വച്ചു. തന്നെ ക്ലീൻ ബോൾഡാക്കുന്നവർക്ക് അതു സ്വന്തമാക്കാം എന്നു പ്രഖ്യാപിച്ചു. അവിടെ ഗ്രൗണ്ട്‌സ്‌മാനായിരുന്ന ജീവൻ മാലി മൂന്നുപന്തുകൾക്കിടെ അദ്ദേഹത്തെ രണ്ടുതവണ പുറത്താക്കിയത്രേ. എന്നാൽ കൽക്കട്ടാ ടെസ്‌റ്റിൽ 107 അടിച്ച കൗഡ്രി ഡൽഹി ടെസ്‌റ്റിൽ 151 റൺസും കുറിച്ചു. ടിക്കറ്റെടുത്തിട്ടും സീറ്റുകൾ കിട്ടാതെ വന്ന കാണികൾ ഡൽഹി ടെസ്‌റ്റിനിടെ കല്ലെറിഞ്ഞതും സൗജന്യ ടിക്കറ്റുകൾ നൽകാത്തതിനു വാട്ടർ അതോറിറ്റിക്കാർ സ്‌റ്റേഡിയത്തിലേക്കുള്ള ജലവിതരണം മുടക്കിയതുമെല്ലാം ആത്മകഥയിൽ കോളിൻ ഓർമിക്കുന്നു.

ദാരിദ്ര്യത്തിൽ മുങ്ങിയ മുംബൈ, കൊൽക്കത്ത നഗരങ്ങൾ കണ്ടതു കോളിന് നടുക്കമായി. മലനിരകളിൽ വച്ചു താനറിഞ്ഞ ഇന്ത്യയിൽ ഈ നഗരങ്ങളുണ്ടായിരുന്നില്ലെന്ന് അദ്ദേഹം എഴുതി. 67–ാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്നു കോളിൻ ഓർമയായി. ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ പ്രതാപത്തിൽ ജനിച്ച കോളിൻ കുട്ടിക്കാലത്തു കൊച്ചിയിൽ നിന്നു കപ്പൽ കയറിയപ്പോൾ കണ്ട വെയിൽചായൽ ‘സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യ’ത്തിന്റെ അസ്‌തമയത്തിന്റെ തുടക്കമായിരുന്നു. ചരിത്രം ഒരു റിവേഴ്‌സ് സ്വീപ്പിന് ഒരുങ്ങുകയായിരുന്നു.

advertisment

News

Super Leaderboard 970x90