ജനിച്ച ജാതി ഒരുവനെ അരികുവത്കരിക്കുന്നുവെങ്കിൽ, അവന്റെ അവകാശങ്ങൾക്ക് വിലങ്ങുതടിയാവുന്നുവെങ്കിൽ സമരസപ്പെടൽ അല്ല, സമരങ്ങൾ തന്നെയാണ് വേണ്ടത്...

നമ്പൂതിരി മുതൽ നായാടി വരെ എന്നു ഹിന്ദു ഐക്യം ഊട്ടിയുറപ്പിക്കാൻ നടക്കുന്ന സംഘപരിവാർ തന്നെ ആണ് ജാതി വ്യവസ്ഥയും ചാതുർവർണ്യവും, തൊട്ടുകൂടായ്മയുമെല്ലാം അതേ പടി നിലനിൽക്കണം എന്ന അജണ്ടയുമായി മുന്നോട്ടു പോകുന്നത്, ദളിത് ശാക്തീകരണത്തിനായുള്ള ജാതി സംവരണത്തിനേയും സാമൂഹ്യപുരോഗമന നടപടികളെയും നഖശിഖാന്തം എതിർക്കുന്നത്.

ജനിച്ച ജാതി ഒരുവനെ അരികുവത്കരിക്കുന്നുവെങ്കിൽ, അവന്റെ അവകാശങ്ങൾക്ക് വിലങ്ങുതടിയാവുന്നുവെങ്കിൽ സമരസപ്പെടൽ അല്ല, സമരങ്ങൾ തന്നെയാണ് വേണ്ടത്...

കേന്ദ്രസർക്കാരിന്റെ ദളിത് വിരുദ്ധ നയങ്ങൾക്കെതിരെ, രാജ്യത്തുടനീളം ദളിതർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ, എസ് സി എസ് റ്റി ആക്ട് ഭേദഗതിക്കെതിരെ ഏപ്രിൽ 2 നു ഇന്ത്യയിൽ ഒട്ടാകെ നടന്ന ദളിത് പ്രക്ഷോഭത്തിന്റെ ബാക്കി പത്രമാണ് ഇന്ന് നടക്കുന്ന ഹർത്താൽ. സമാധാനപരമായി ആരംഭിച്ച ഭാരത് ബന്ദിൽ പ്രക്ഷോഭം അടിച്ചമർത്താനായി എന്ന പേരിൽ പോലീസ് നടത്തിയ വെടിവെപ്പിൽ 11 ദളിതർ കൊല്ലപ്പെട്ടു.

രാജ്യത്തെ ആകെ ജനസംഖ്യയുടെ 25% വരുന്ന ദളിത് വിഭാഗങ്ങൾ സാമൂഹ്യപരമായി ഏറ്റവും പിന്നോക്കാവസ്ഥയിൽ ഉള്ളവരാണ്. വിദ്യാഭ്യാസ രംഗത്ത്, സർക്കാർ ജോലികളിൽ, അധികാര സ്ഥാനങ്ങളിൽ ഒന്നിലും ജനസംഖ്യാനുപാതത്തിൽ പ്രാതിനിധ്യം ലഭിക്കാത്ത ഒരു വിഭാഗം. ഇപ്പോൾ കാണുന്ന ഈ ദളിത് മുന്നേറ്റങ്ങൾക്ക് കാരണം അവർക്കെതിരെയുള്ള നിരന്തരമായ അടിച്ചമർത്തലുകളും ആക്രമണങ്ങളുമാണ്. ബിജെപിയുടെ നേതൃത്വത്തിൽ ഉള്ള ദേശീയജനാധിപത്യ മുന്നണി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന ശേഷം ദളിതർക്കെതിരായ ആക്രമണങ്ങളുടെ എണ്ണത്തിൽ വൻ വർധനവാണുണ്ടായത്. 2017 വർഷത്തിൽ മാത്രം മുപ്പത്തെട്ടോളം ആക്രമണങ്ങളാണ് ദളിതർക്കെതിരെ ബീഫ് വിഷയത്തിൽ മാത്രമുണ്ടായിട്ടുള്ളത്. ഇത്തരം ഒരു സാഹചര്യം നിലനിൽക്കെ ആണ് മാർച് 20 നു സുപ്രീ കോടതി ദളിത് സംരക്ഷണ നിയമം (1989) ഭേദഗതി ചെയ്യാൻ ഉള്ള നിർദേശം മുന്നോട്ട് വെക്കുന്നത്. 1989 ലെ എസ് സി എസ് റ്റി (prevention of atrocities ) ആക്ട് പ്രകാരം ദളിത് വിഭാഗത്തിൽ പെട്ടവർക്കെതിരെ നടത്തുന്ന അക്രമങ്ങൾക്ക് പ്രതികളെ ജാമ്യമില്ലാ വകുപ്പിൽ ഉടൻ തന്നെ കേസ് എടുക്കാനും അറസ്റ് ചെയാനും ഉള്ള പ്രൊവിഷൻ നൽകിയിരുന്നു. ഈ നിയമം ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കെതിരെ അന്യായമായി ഉപയോഗിക്കുന്നുവെന്ന ന്യായത്തിനു മേൽ സുപ്രീംകോടതി അമേൻഡ്‌മെന്റ് നിർദേശം വച്ചത് ഇപ്രകാരമാണ്

"a public servant can only be arrested after approval of the appointing authority. Whereas a non-public servant can be arrested after approval by the Senior Superintendent of Police (SSP) which may be granted in appropriate cases if considered necessary for reasons recorded. A preliminary inquiry will also have to be conducted before an FIR is filed and it is to be ascertained whether the charges fall under the Act or is a result of political and/or personal reasons."

ദളിത് പീഡനങ്ങളും അവർക്കെതിരെയുള്ള ആക്രമണങ്ങളും നിത്യേനെയെന്നോണം സംഭവിച്ചു കൊണ്ടിരിക്കുമ്പോൾ ഇത്തരമൊരു ഭേദഗതി സ്ഥിതികൾ കൂടുതൽ മോശമാക്കാൻ മാത്രമേ ഉപകരിക്കുകയുള്ളു. ദളിത് സംഘടനകൾ ഇതിനെതിരെ ഏപ്രിൽ 2 നു ഭാരത് ബന്ദ് പ്രഖ്യാപിച്ചു. ശാന്തമായി തുടങ്ങിയ പ്രതിഷേധത്തിൽ നുഴഞ്ഞുകയറിയ ക്രിമിനലുകൾ അക്രമം അഴിച്ചു വിടുകയുണ്ടായി. ഇതേ തുടർന്നു പോലീസുമായി ഉണ്ടായ സംഘർഷത്തിൽ മധ്യപ്രദേശ് ൽ 6 പേരും, ഉത്തർ പ്രദേശിലും പഞ്ചാബിലും 2 പേർ വീതവും രാജസ്ഥാനിൽ ഒരാളും കൊല്ലപ്പെടുകയുണ്ടായി. രാജസ്ഥാനിൽ തോക്കുമായി സംഘർഷാവസ്ഥ സൃഷ്ടിച്ചത് രാജ സിംഗ് ചൗഹാൻ എന്ന മുന്നോക്ക വിഭാഗക്കാരനായിരുന്നുവെന്നു പിന്നീട് തെളിഞ്ഞു. അക്രമസംഭവങ്ങളിലൂടെ സംഘർഷാവസ്ഥ സൃഷ്ടിച് ദളിത് മുന്നേറ്റങ്ങൾ തടയുക എന്ന ഗൂഢോദ്ദേശം ആയിരുന്നു ഇതിന്റെ പിന്നിൽ എന്നതാണ് വസ്തുത. നമ്പൂതിരി മുതൽ നായാടി വരെ എന്നു ഹിന്ദു ഐക്യം ഊട്ടിയുറപ്പിക്കാൻ നടക്കുന്ന സംഘപരിവാർ തന്നെ ആണ് ജാതി വ്യവസ്ഥയും ചാതുർവർണ്യവും, തൊട്ടുകൂടായ്മയുമെല്ലാം അതേ പടി നിലനിൽക്കണം എന്ന അജണ്ടയുമായി മുന്നോട്ടു പോകുന്നത്, ദളിത് ശാക്തീകരണത്തിനായുള്ള ജാതി സംവരണത്തിനേയും സാമൂഹ്യപുരോഗമന നടപടികളെയും നഖശിഖാന്തം എതിർക്കുന്നത്.

ഏതൊരു ഹർത്താലും പൊതു അവധി പോലെ ആഘോഷിക്കുന്ന പ്രബുദ്ധ കേരളം, ഇന്നത്തെ ദളിത് ഹർത്താലിനെതിരെ നടത്തിയ പ്രതികരണങ്ങൾ മാത്രം മതി എന്തു കൊണ്ട് ഈ ഹർത്താലിനു പിന്തുണ പ്രഖ്യാപിക്കേണ്ടതുണ്ട് എന്നു മനസിലാക്കാൻ. സ്വകാര്യ ബസുടമകളും വ്യാപാരി വ്യവസായി ഏകോപന സമിതിയും ഹർത്താലിൽ നിന്നു വിട്ടു നിൽക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഹർത്താൽ ദിവസത്തെ മനുഷ്യ ജീവിത സ്തംഭനത്തെ പറ്റി കാവ്യാത്മകമായ വിവരണം നൽകിയവർ മറ്റു ഹർത്താൽ ദിവസങ്ങളിൽ ചിന്താമണ്ഡലത്തിന് നിര്ബന്ധിതാവധി നൽകിയിരുന്നതാകണം. ജാതീയതയ്ക്കെതിരായ പ്രതിഷേധങ്ങളെ ജാതി സമരങ്ങളാക്കി ചാപയടിക്കുന്നവരുടെ ഉദ്ദേശം വ്യക്തമാണ്. അതുകൊണ്ടാണ് ഈ ഹർത്താൽ പിന്തുണയ്ക്കപ്പെടേണ്ടതും.

ജനിച്ച ജാതി ഒരുവനെ അരികുവത്കരിക്കുന്നുവെങ്കിൽ, അവന്റെ അവകാശങ്ങൾക്ക് വിലങ്ങുതടിയാവുന്നുവെങ്കിൽ സമരസപ്പെടൽ അല്ല, സമരങ്ങൾ തന്നെയാണ് വേണ്ടത്. ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കണം എന്നാഗ്രഹിക്കുന്നവർ നിർബന്ധമായും ചെയ്യേണ്ടത് ദളിത് മുന്നേറ്റങ്ങളെ അവ എവിടെയായാലും, എത്ര ചെറുതായാലും, പിന്തുണയ്ക്കുക എന്നതാണ്. ജാതീയതയും അതിനെ ചൊല്ലിയുള്ള വിവേചനങ്ങളും ഇല്ലാതാക്കാൻ ശക്തമായ നിയമനിർമാണങ്ങൾ ആണ് സാഹചര്യം ആവശ്യപ്പെടുന്നത്. അവിടെയാണ് നിലവിലെ നിയമങ്ങളിൽ വെള്ളം ചേർക്കുന്ന ഭേദഗതികൾ പരമോന്നത കോടതി മുന്നോട്ട് വെക്കുന്നത്. പ്രതിഷേധങ്ങൾ ഉയരുക തന്നെ വേണം. അരികുവത്കരിക്കപ്പെടുന്നവരോട് ഐക്യപ്പെടുന്നു. ഹർത്താലിന് പൂർണ പിന്തുണ.
നീൽ സലാം

advertisment

News

Super Leaderboard 970x90