ബഹുമതികൾ, പ്രശസ്തി ഒക്കെ ഉള്ളവരെയാണോ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത്? - സുരേഷ് സി പിള്ള

പുശ്ചവും പരിഹാസവും മാത്രം കേട്ട ആ ദിവസം ഒരു പക്ഷെ നിങ്ങളുടെ ഒരു നല്ല വാക്ക് ആകാം അവരുടെ ആ ദിവസത്തെ അര്ഥവത്താക്കുന്നത്.ഇനി നിങ്ങളുടെ ചുറ്റിനും ഒന്നു നോക്കൂ, ചില്ലുമേടകളിൽ അല്ലെങ്കിൽ ദന്ത സൗധങ്ങളിൽ ഇരിക്കുന്നവരെയാണോ, നമ്മൾ ബഹുമാനിക്കേണ്ടത്?അല്ലെങ്കിൽ ഔദ്യോഗിക ബഹുമതികൾ, പ്രശസ്തി ഒക്കെ ഉള്ളവരെയാണോ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത്?

ബഹുമതികൾ, പ്രശസ്തി ഒക്കെ ഉള്ളവരെയാണോ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത്? - സുരേഷ് സി പിള്ള

ഉയർന്ന പദവിയിലും, ജോലിയിലും ഒക്കെ ഇരിക്കുന്നവരെയാണ് നമ്മൾ പൊതുവെ ബഹുമാനിക്കാറ്.അല്ലെ?ഞാനും അങ്ങനെയൊക്കെയാണ് വിചാരിച്ചിരുന്നത്.ജീവിതത്തിലെ ചില അനുഭവങ്ങൾ ആണ് അത് മാറ്റി ചിന്തിപ്പിച്ചത്.ഒരു കഥ പറയാം. 2004 ലാണ് ഡബ്ലിനിൽ (അയർലണ്ടിന്റെ തലസ്ഥാനം ) പുതിയ ഒരു ജോലിക്കു ചേർന്നത്.അന്ന് അവിടുത്തെ ഡയറക്ടർ ഓഫീസിലുള്ള എല്ലാവരെയും കൊണ്ടു നടന്നു പരിചയപ്പെടുത്തി.തുടർന്ന് കാന്റീനിൽ നിന്നും ചായയും കുടിച്ചു വരുന്ന വഴി പറഞ്ഞു, ഒരു പ്രധാന ആളെയും കൂടി പരിചയപ്പെടുത്താനുണ്ട്.

ജോലി ചെയ്യുന്ന സ്ഥാപനത്തിലെ പ്രെസിഡന്റ് ആയിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്.ഞങ്ങൾ നടക്കുവാൻ തുടങ്ങി.നടന്നു ഗേറ്റിന്റെ മുൻപിൽ എത്തി. അവിടെ പ്രായമായ ഒരു ഗേറ്റ് കീപ്പർ ഉണ്ട്.വണ്ടികൾ വരുമ്പോൾ അവ പരിശോധിച്ച് അനുവാദം ഉള്ളതെങ്കിൽ മാത്രം അകത്തു വിടുന്നതാണ് അദ്ദേഹത്തിന്റെ ജോലി.കൊടും തണുപ്പാണ്.ഇരിക്കുവാനായി ചൂടുള്ള ഒരു ചെറിയ കാബിൻ ഉണ്ട് അദ്ദേഹത്തിന്.എന്നിരുന്നാലും കൂടുതൽ സമയവും പുറത്താണ് ജോലി.

ഡയറക്ടർ അദ്ദേഹത്തിന്റെ അടുത്തു ചെന്ന് എന്നെ പരിചയപ്പെടുത്തി.അദ്ദേഹത്തെ നമുക്ക് 'പോൾ' എന്നു വിളിക്കാം (യഥാർത്ഥ പേരല്ല).അദ്ദേഹം വളരെ സ്നേഹത്തോടെ പോളിനോട് സംസാരിച്ചു.പോരാൻ നേരം കൈകളിൽ പിടിച്ചു തോളിൽ തട്ടി സ്നേഹം പ്രകടിപ്പിച്ചാണ് തിരികെ പോന്നത്.തിരികെ വരുമ്പോൾ ഡയറക്ടർ പറഞ്ഞു

"ഇതാണ് ഞാൻ പറഞ്ഞ പ്രധാനപ്പെട്ട ആൾ. നമ്മൾ ഏറ്റവും ബഹുമാനിക്കേണ്ട ആൾ."ഞാൻ പറഞ്ഞു "താങ്കൾ നേരത്തെ പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചത് പ്രസിഡന്റോ മറ്റോ ആയിരിക്കും എന്നാണ്."അദ്ദേഹം പറഞ്ഞു "സ്നേഹവും ബഹുമാനവും തുടങ്ങേണ്ടത് ഔദ്യോഗിക പദവിയുടെ അടിത്തട്ടിൽ നിന്നാണ്."

"ഇവിടെ ഏറ്റവും കഷ്ടതയുള്ള ജോലി ചെയ്യുന്നത് അദ്ദേഹമാണ്. "

"ചെയ്യുന്ന ജോലിക്ക് അനുസരിച്ച വേതനവും ഒരു പക്ഷെ അദ്ദേഹത്തിനു കിട്ടാറില്ല. സാഹചര്യങ്ങളുടെ സമ്മര്ദ്ദവും, വേണ്ട അവസരങ്ങൾ കിട്ടാത്തതും കൊണ്ടാണ് അദ്ദേഹം ഈ ജോലി ചെയ്യേണ്ടി വന്നത്."

"നമ്മളെക്കാളും ഒട്ടും മോശക്കാരനല്ല അദ്ദേഹം." അദ്ദേഹം പറഞ്ഞു നിർത്തി.

ജീവിതത്തിലെ ഏറ്റവും വലിയ ഒരു പാഠം ആയിരുന്നു ഇത്.ആറു വർഷങ്ങൾക്കു മുൻപാണ്, ഒരിക്കൽ തിരുവന്തപുരത്തു കൂടി വരുമ്പോൾ കരമന ജംഗ്ഷനിൽ ഉള്ള, 'മാൻ ഹോളിൽ' ഇറങ്ങി ഇരുണ്ട ചെളിവെള്ളത്തിൽ ഇറങ്ങി നിൽക്കുന്ന ഒരാളെ കണ്ടു.ചുറ്റിനും നാലോളം ആൾക്കാർ ഉണ്ട്, അദ്ദേഹത്തിനു നിർദ്ദേശം കൊടുക്കുവാൻ.എല്ലാവരും അലക്കി വെളുപ്പിച്ച ഷർട്ടും പാന്റും ഒക്കെയാണ് ധരിച്ചിരിക്കുന്നത്.

മാൻഹോളിൽ ഇറങ്ങിയ ആൾ ഒരു തോർത്തു മാത്രം ധരിച്ചിരിക്കുന്നു.മനുഷ്യ വിസർജ്യങ്ങൾ ഒക്കെ കാണും ആ വെള്ളത്തിൽ. ആ അർപ്പണ ബോധത്തിനു മുൻപിൽ അല്ലെങ്കിൽ ആ ദയനീയതയുടെ മുൻപിൽ ഒന്ന് കൈ കൂപ്പിയിട്ടാണ് അവിടെ നിന്നും പോന്നത്.

ജീവിതത്തിൽ ഞാൻ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ബഹുമാനിക്കാൻ തോന്നിയ വ്യക്തി അദ്ദേഹമാണ്.അവരാണ് ബഹുമാനിക്കപ്പെടേണ്ടവർ, ആദരിക്കപ്പെടേണ്ടവർ.ബഹുമാനം എന്നാൽ എണ്ണീറ്റു നിന്ന് കൈ തൊഴണം, അല്ലെങ്കിൽ കാലിൽ വീണു നമസ്കരിക്കണം എന്നല്ല .മാന്യമായ പെരുമാറ്റം, സ്നേഹം, കുശല അന്വേഷണം, അവർക്കും പരിഗണന കൊടുക്കുന്നു എന്ന തോന്നൽ ഉണ്ടാക്കുക, ചെയ്ത ജോലിക്ക് ഒരു അഭിനന്ദനം, ഹൃദയം നിറഞ്ഞ ഒരു ചിരി ഇവയൊക്കെ ആവാം.

പുശ്ചവും പരിഹാസവും മാത്രം കേട്ട ആ ദിവസം ഒരു പക്ഷെ നിങ്ങളുടെ ഒരു നല്ല വാക്ക് ആകാം അവരുടെ ആ ദിവസത്തെ അര്ഥവത്താക്കുന്നത്.ഇനി നിങ്ങളുടെ ചുറ്റിനും ഒന്നു നോക്കൂ, ചില്ലുമേടകളിൽ അല്ലെങ്കിൽ ദന്ത സൗധങ്ങളിൽ ഇരിക്കുന്നവരെയാണോ, നമ്മൾ ബഹുമാനിക്കേണ്ടത്?അല്ലെങ്കിൽ ഔദ്യോഗിക ബഹുമതികൾ, പ്രശസ്തി ഒക്കെ ഉള്ളവരെയാണോ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത്?

അല്ല, പരിഗണനകൾ കിട്ടാത്തവരെയാണ് ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യേണ്ടത്.

#TAGS : suresh c pilla  

advertisment

News

Related News

Super Leaderboard 970x90