Education

'രാമനാഥൻ ആൻഡ് നാഗവല്ലി' Effect!

കോൺഫെറസുകളിൽ പ്രസംഗിക്കുമ്പോളും നിങ്ങൾ ഒരു കഥയിൽ നിന്നും തുടങ്ങി നോക്കൂ, ''രാമനാഥൻ ആൻഡ് നാഗവല്ലി'' എഫക്ട് നന്നായി പ്രായോഗികം ആകും എന്ന് കാണാം.കഥകൾ ആകുമ്പോൾ എല്ലാവരും ശ്രദ്ധയോടെ കേൾ ക്കും, അത് മനസ്സിലാക്കും, അതിന്റെ കൂടെത്തന്നെ അവരറിയാതെ അറിവുകളും പകർന്നു കൊടുക്കാം.കോംപ്ലക്സ് ആയ തിയറികൾ ഒക്കെ മനസ്സിലാക്കി കൊടുക്കാം.

'രാമനാഥൻ ആൻഡ് നാഗവല്ലി' Effect!

ഓരോ അദ്ധ്യാപികയും, അദ്ധ്യാപകനും മണിച്ചിത്രത്താഴിലെ രാമനാഥൻ (മഹാദേവൻ) ആകണം.

അതിപ്പോ എന്താ ചേട്ടാ, രാമനാഥനിത്ര പ്രത്യേകത എന്ന് ചോദിച്ചാൽ, സിനിമയുടെ അവസാന ഭാഗങ്ങളിൽ ഡോക്ടർ സണ്ണി പറയുന്ന ആ ഡയലോഗുകൾ ഞാനൊന്നുകൂടി പറയാം

"നാഗവല്ലിയെ കൊണ്ടെ ഇരുത്തേണ്ടത്........ അത് മഹാദേവനെ കൊണ്ടേ സാധിക്കൂ."

പിന്നെ നമ്മൾ കാണുന്നത് 'ഒരു മുറൈ വന്ത് പാർത്തായം..... എന്ന ഗാനത്തോടൊപ്പം നൃത്തം ചെയ്യുന്ന ഗംഗ (നാഗവല്ലി) യെയും, കൂടെ നൃത്തം ചെയ്യുന്ന രാമനാഥനെയുമാണ്.

മാനസിക രോഗം മൂലമുള്ള ഉന്മാദാവസ്ഥയിൽ നിൽക്കുന്ന നാഗവല്ലിയെ മന്ത്ര വാദതട്ടിൽ എത്തിയ്ക്കാൻ മഹാദേവനെന്ന, രാമനാഥന്റെ നൃത്തത്തിനെ സാധിക്കൂ എന്ന തിരിച്ചറിവാണ് ഡോക്ടർ സണ്ണിയെ കൊണ്ട് ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത്.

അതു പോലെ വിദ്യാർത്ഥികളുടെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലുവാൻ അവരുടെ ഭാഷയിൽ സംവേദിക്കണം.

വളരെ സങ്കീർണ്ണമായ ശാസ്ത്ര തത്വങ്ങൾ ഉരുവിടുവാനായുള്ള ഡോക്ടർ സണ്ണി ഒരുക്കിയ പോലെയുള്ള മന്ത്രവാദതട്ടിലേക്ക് കുട്ടികളെ എത്തിക്കുന്നതിനും മുൻപേ എങ്ങിനെയാണ് അദ്ധ്യാപകർ രാമനാഥൻ ആകുന്നത് എന്നാണ് പറഞ്ഞു വരുന്നത്.

അതായത് ക്ലാസ് തുടങ്ങുമ്പോൾ നിങ്ങളും അവരും തമ്മിൽ ഒരു 'ബന്ധനം (connection)' ഉണ്ടാക്കണം. രാമനാഥനെയും, നാഗവല്ലിയെയും ബന്ധിപ്പിക്കുന്നത് ഒരു നൃത്തമാണ്.

അതു പോലെ ആ ക്ലാസ്സിലുള്ള കുട്ടികൾക്ക് ഇഷ്ടമുള്ള കാര്യങ്ങളിൽ നിന്നാവണം ഓരോ ക്ലാസും തുടങ്ങുക. അത് സ്പോർട്സ്നെ പറ്റിയാകാം, സിനിമ ആകാം, നല്ല ഒരു കഥയാകാം.

പക്ഷെ ഒരു നിബന്ധന മാത്രം ആ കഥ ചെന്നവസാനിക്കുന്നിടത്ത് നിങ്ങളുടെ സബ്ജക്ട് തുടങ്ങണം.

നിങ്ങൾ ഇവിടെ നൃത്തം ചെയ്ത ശേഷം രണ്ടും കയ്യും നീട്ടി പുറകോട്ട് മന്ത്രവാദത്തട്ടിലേക്ക് നീങ്ങുന്ന രാമനാഥനായാണ് പ്രവർത്തിക്കേണ്ടത് ! പുറകെ പൂർണ്ണവിശ്വാസത്തോടെ പോകുന്ന നാഗവല്ലി ആകണം കുട്ടികൾ.

ക്ലാസുകൾ തുടങ്ങുന്നതിനും മുൻപേ അതിനു ചേരുന്ന ഒരു കഥ കണ്ടു പിടിക്കണം.

നല്ല കഥാകാരൻമാർക്ക് നല്ല അദ്ധ്യാപകർ ആകാം.

നിങ്ങൾ അതിനായി ബഷീറിന്റേയോ, എം.ടി. യുടെയോ ലെവലിൽ ആകണം എന്നില്ല, അന്ന് രാവിലെ കണ്ട എന്തെങ്കിലും ചെറിയ സംഭവം ആകാം, ഒരു സിനിമാ കഥ ആവാം, നിങ്ങളുടെ ചെറുപ്പത്തിൽ സംഭവിച്ച ഒരു അനുഭവം ആകാം.

എന്റെ മൂത്ത മകൻ അവന്റെ ടീച്ചറിന്റെ ഭർത്താവ് ഒരു അപരിചിതനുമായി കാറിൽ പോയ അനുഭവം ക്ലാസ്സിൽ പറഞ്ഞത് വർഷങ്ങൾ കഴിഞ്ഞും അവൻ പറയുമായിരുന്നു.

അദ്ധ്യാപകർ പറഞ്ഞ കഥകളും, അനുഭവങ്ങളും നമ്മളും ഓർത്തിരിക്കാറില്ലേ?

കുട്ടികളുടെ മനസ്സിൽ കയറുവാനായി ഇത്രയും എഫ്ഫക്റ്റീവായ വേറൊരു മാർഗ്ഗവും ഇല്ല.

കേട്ടിട്ടില്ലേ ""Tell me a fact and I'll learn. Tell me the truth and I'll believe. But tell me a STORY and it will live in my heart forever."

ശ്രീ.M. P. മന്മഥൻ കറുകച്ചാൽ സ്കൂളിൽ നടത്തിയ ഒരു പ്രസംഗത്തെ പറ്റിയും അദ്ദേഹം പറഞ്ഞ കഥയെപ്പറ്റിയും തന്മാത്രം പുസ്തകത്തിൽ പറഞ്ഞത് ഓർക്കുമല്ലോ?

ക്ലാസ് തുടങ്ങുമ്പോൾ കുട്ടികളുടെ മനസ്സ് പല ഇടങ്ങളിൽ ആയിരിക്കും, അമ്മയോട് വഴക്കു കൂടിയത്, അച്ഛൻ ശകാരിച്ചത്, ചിലപ്പോൾ വീട്ടിലെ ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ സുഹൃത്തുമായുള്ള പ്രശ്നങ്ങൾ അങ്ങിനെ നൂറു കൂട്ടം കാര്യങ്ങൾ മനസ്സിലിട്ട് അമ്മാനമാടി കൊണ്ടിരിക്കുന്ന കുട്ടിയോട് ന്യൂട്ടന്റെ രണ്ടാം നിയമത്തെ പറ്റി പറഞ്ഞാൽ എന്തു മനസ്സിലാകാനാണ്.

ശരാശരി അദ്ധ്യാപകൻ ന്യൂട്ടന്റെ രണ്ടാം നിയമത്തെ പറ്റി ഇങ്ങനെയാവും തുടങ്ങുക "The acceleration of an object as produced by a net force is directly proportional to the magnitude of the net force, in the same direction as the net force, and inversely proportional to the mass of the object."

കുട്ടിക്ക് എന്തെങ്കിലും മനസ്സിലാകുമോ? ക്ലാസ്സിൽ ശ്രദ്ധിക്കുമോ?

പക്ഷെ നിങ്ങൾ ക്ലാസ്സ് ഇങ്ങനെ തുടങ്ങിയാലോ?

ഗോപി ചേട്ടൻ എന്റെ അയൽപക്കക്കാരൻ ആണ്. നിങ്ങളുടെ പ്രായത്തിലുള്ള ഒരു മോളും അദ്ദേഹത്തിനുണ്ട്. (അദ്ദേഹത്തെപ്പറ്റിയുള്ള കുറെ വിശേഷണങ്ങളും ആകാം).
അദ്ദേഹത്തിന്റെ ജോലി ഓട്ടോ ഓടിക്കൽ ആണ്. ഇന്ന് രാവിലെ ഞാൻ സ്കൂളിലേക്ക് വരുമ്പോൾ ഗോപിച്ചേട്ടൻ ഓട്ടോ തള്ളി പുറത്തേക്കിടുന്നു. എന്തു കൊണ്ടാണ് ഗോപിച്ചേട്ടന് ഓട്ടോ തള്ളി നീക്കാൻ പറ്റിയത്? എന്നാൽ ഒരു കാറോ, ബസോ ഗോപിചേട്ടനെ കൊണ്ട് ഇത്രയും ഈസി ആയി തള്ളി നീക്കാൻ പറ്റില്ല.

നിങ്ങൾക്കറിയാം ഓട്ടോയ്ക്ക് ഭാരക്കുറവാണ് എന്ന് അല്ലേ?

ന്യൂട്ടനും അതാണ് പറഞ്ഞത് acceleration of an object is inversely proportional to the mass of the object. ഇത്രയും ആയപ്പൊളേക്കും രാമനാഥൻ ആകുന്ന നിങ്ങളുടെ പുറകെ നാഗവല്ലി ആകുന്ന കുട്ടികൾ വരും.

ഇനി നിങ്ങൾക്ക് "ഖോര, ഘോര, പ്രചട, പ്രചട....."തുടങ്ങിയ theory and equation കൾ ഒക്കെ പിന്നാലെ പറയാം. Newton ന്റെ രണ്ടാം നിയമത്തിലെ തത്വങ്ങൾ പറയാം.

കുട്ടികൾ ഡോക്ടർ സണ്ണിക്കായി ഒരുക്കിയ മന്ത്രവാദ തട്ടിൽ എത്തിക്കഴിഞ്ഞു. ഇനി അവർ അവിടെ ഇരുന്നു ശ്രദ്ധിച്ചു കൊള്ളും.

ഇത് ചെറിയ കുട്ടികൾക്കു മാത്രമല്ല, മുതിർന്ന വിദ്യാർത്ഥികൾക്കും, ഗവേഷണ വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്ക് ഓറിയന്റഷൻ ക്ലാസുകൾ എടുക്കുമ്പോളും ഇതേ തന്ത്രങ്ങൾ ഉപയോഗിക്കാം.

കോൺഫെറസുകളിൽ പ്രസംഗിക്കുമ്പോളും നിങ്ങൾ ഒരു കഥയിൽ നിന്നും തുടങ്ങി നോക്കൂ, ''രാമനാഥൻ ആൻഡ് നാഗവല്ലി'' എഫക്ട് നന്നായി പ്രായോഗികം ആകും എന്ന് കാണാം.

കഥകൾ ആകുമ്പോൾ എല്ലാവരും ശ്രദ്ധയോടെ കേൾ ക്കും, അത് മനസ്സിലാക്കും, അതിന്റെ കൂടെത്തന്നെ അവരറിയാതെ അറിവുകളും പകർന്നു കൊടുക്കാം.

കോംപ്ലക്സ് ആയ തിയറികൾ ഒക്കെ മനസ്സിലാക്കി കൊടുക്കാം.

നിങ്ങൾ അദ്ധ്യാപകർ എങ്കിൽ, അല്ലെങ്കിൽ പബ്ലിക് സ്പീക്കിങ് നടത്തുന്ന ആൾക്കാർ അല്ലെങ്കിൽ കോൺഫറസുകളിൽ പ്രഭാഷകർ ആയി പോകുന്നവർ എങ്കിൽ തീർച്ചയായും 'രാമനാഥനെയും നാഗവല്ലിയെയും' ഓർക്കുക.

തെക്കൻ കാലിഫോർണിയ യിലുള്ള Claremont Graduate University ൽ ബ്രെയിൻ ഇമേജിങ്ങിൽ ഗവേഷണം നടത്തുന്ന പ്രൊഫസർ Paul J. Zak പറയുന്നത് എന്തെന്നാൽ “Stories are powerful because they transport us into other people’s worlds but, in doing that, they change the way our brains work and potentially change our brain chemistry". അതിനാണ് നമ്മൾ മലയാളത്തിൽ 'രാമനാഥൻ ആൻഡ് നാഗവല്ലി' എഫ്ഫക്റ്റ് എന്ന് പറയുന്നത്.

advertisment

News

Related News

    Super Leaderboard 970x90