നികേഷിന്റെ ചോര തിളക്കുന്നു, പെയ്‌ഡ്‌ ന്യൂസിനായി, നെറികെട്ട മാധ്യമപ്രവർത്തനത്തിനായി, അന്തസ്സില്ലാത്ത തൊഴിലാളി പീഡനത്തിനായി.... സുനിത ദേവദാസ്

നികേഷ് നിങ്ങൾ കണ്ണാടിക്ക് മുന്നിൽ ഒരു നിമിഷം നിൽക്കുക . എന്നിട്ട് ആലോചിക്കുക . എന്താണ് നിങ്ങൾ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് . തെറ്റുണ്ടെന്ന് തോന്നിയാൽ തിരുത്തുക . അല്ലെങ്കിൽ നിങ്ങളുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റു കുട്ടയിലായിരിക്കും .ഒരു മാധ്യമപ്രവർത്തകന്റെ ദാരുണമായ പതനം എന്ന ചവറ്റു കുട്ടയിൽ...

നികേഷിന്റെ ചോര തിളക്കുന്നു, പെയ്‌ഡ്‌ ന്യൂസിനായി, നെറികെട്ട മാധ്യമപ്രവർത്തനത്തിനായി, അന്തസ്സില്ലാത്ത തൊഴിലാളി പീഡനത്തിനായി.... സുനിത ദേവദാസ്

നികേഷിന്റെ ചോര തിളക്കുന്നു . പെയ്‌ഡ്‌ ന്യൂസിനായി ... നെറികെട്ട മാധ്യമപ്രവർത്തനത്തിനായി ... അന്തസ്സില്ലാത്ത തൊഴിലാളി പീഡനത്തിനായി ...

എം വി നികേഷ് കുമാർ നല്ലൊരു മാധ്യമപ്രവർത്തകനായിരുന്നു . അതെ ഭൂതകാലമാണ് . പണ്ട് .

തെരെഞ്ഞെടുപ്പിനു മത്സരിച്ചു കിണറ്റിൽ ചാടിയ നികേഷ് പിന്നീട് അവിടെ നിന്നും കയറി വന്നിട്ടേയില്ല .

ഇപ്പോ ആ കിണറ്റിൽ നിന്നും പെയ്‌ഡ്‌ ന്യൂസിന്റെയും തൊഴിലാളി പീഡനത്തിന്റെയും പാതാളത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് .

റിപ്പോർട്ടർ ടെലിവിഷനിൽ ശമ്പളം കൊടുത്തിട്ട് മാസങ്ങളായി . എന്നിട്ടും നികേഷ് ഓരോ ദിവസവും എട്ടു മണിയാവുമ്പോൾ കോട്ടുമിട്ട് സ്‌ക്രീനിൽ വരും . എന്നിട്ട് കെ എസ് ആർ ടി സി പെൻഷൻ മുടങ്ങുന്നതിലെ നെറികേടും മനുഷ്യാവകാശവും ചർച്ച ചെയ്യും .

സഹപ്രവർത്തകരുടെ മനുഷ്യാവകാശങ്ങൾ കാണാതെ എന്ത് മാധ്യമപ്രവർത്തനമാണ് നികേഷ് നിങ്ങൾ നടത്തുന്നത് ?

സ്ഥാപനം നഷ്ടത്തിലാണെങ്കിലും ശമ്പളം കൊടുക്കാതിരിക്കാൻ ഏത് നിയമമാണ് അനുശാസിക്കുന്നത് ? തൊഴിലെടുത്താൽ ശമ്പളം കൊടുക്കണം . പ്രത്യേകിച്ചും അന്നന്നത്തെ അന്നത്തിനു വേണ്ടി തുച്ഛ വേതനത്തിന് ജോലി ചെയ്യുന്നവർക്ക് ...

നികേഷ് എന്ന ബിംബത്തോടുള്ള ആരാധന മൂത്ത് മാതൃകാ പത്രപ്രവർത്തകരാവാൻ വരുന്നവരെ ശമ്പളമില്ലാതെ പണിയെടുപ്പിച്ചു ചൂഷണം ചെയ്യുകയാണ് സത്യത്തിൽ നികേഷ് ചെയ്യുന്നത് .

ഇന്ത്യ വിഷൻ കാലം മുതൽ മടങ്ങിയ ചെക്കുകളുടെ ചരിത്രവും നിലവിലുള്ള ചെക്ക് കേസുകളും മറന്നു നികേഷ് എട്ടു മണിക്ക് ചർച്ച ചെയ്യുന്നു
ബിനോയിയുടെ മടങ്ങിയ ചെക്കിന്റെ ധാർമികതയെ കുറിച്ച് ....അവനവനു എന്ത് ധാർമികത അല്ലെ ?

എം വി രാഘവന്റെ മകൻ എന്ന ഒരൊറ്റ അഡ്രസ്സിൽ തെരെഞ്ഞെടുപ്പിൽ മത്സരിച്ചതടക്കമുള്ള എല്ലാ സൗഭാഗ്യങ്ങളും നേടിയ നികേഷ് എട്ടു മണിക്ക് ചർച്ച ചെയ്യുന്നു " എന്താണ് ബിനീഷിന്റെയും ബിനോയിയുടെയും മൂലധനം" എന്ന് !

വ്യവസായികൾക്ക് എന്ത് ഉളുപ്പ് അല്ലെ ? നികേഷിനു മാധ്യമപ്രവർത്തനം വ്യവസായമാണ് .എന്നാൽ മനഃപൂർവം ചർച്ചക്ക് എടുക്കാത്ത വിഷയങ്ങളും നികേഷിന്റെ മേശപ്പുറത്തുണ്ട് .

സി പി ഉദയഭാനുവിന്റെ കേസ് നികേഷ് ചർച്ച ചെയ്തു ന്യായാന്യായങ്ങൾ കണ്ടെത്തിയത് നിങ്ങൾ കണ്ടിരുന്നോ ? എങ്ങനെയായിരുന്നു സി പി ഉദയഭാനു കേസ് റിപ്പോർട്ടർ ടി വി ചർച്ച ചെയ്തത് എന്നാരെങ്കിലും ശ്രദ്ധിച്ചിരുന്നോ ? റിപോർട്ടറിനത് വാർത്തയെ അല്ലായിരുന്നു .എന്താവും കാരണം ?

ഇപ്പോ പുതിയൊരു ബിസിനസ്സിലാണ് നികേഷിന്റെ ശ്രദ്ധ .എട്ടു മണിക്ക് ചർച്ചയെന്ന പേരിൽ പെയ്‌ഡ്‌ സിനിമ ചർച്ച . മോഹൻലാലിൻറെ മകൻ പ്രണവിന്റെ സിനിമ ഇറങ്ങിയപ്പോ ഒരു പെയ്‌ഡ്‌ ചർച്ച നടത്തി . ഏതോ ലോകസിനിമയും നടനും ജനിച്ചിരിക്കുന്നുവെന്ന് . അത് കണ്ടപ്പോൾ തന്നെ ഈ അന്തസ്സില്ലായ്മ ചൂണ്ടി കാണിക്കണമെന്ന് കരുതിയെങ്കിലും പിന്നീട് കരുതി " ഓ .. ഒരു സിനിമ പ്രൊമോഷനല്ലേ , പോട്ടെ , കഞ്ഞി കുടിക്കാനും ശമ്പളം കൊടുക്കാനും വേണ്ടിയായിരിക്കും" എന്ന് .

എന്നാൽ ഇന്നലെ അതിലും വലിയൊരു പെയ്‌ഡ്‌ സിനിമ ചർച്ച നികേഷ് നയിക്കുന്നത് കണ്ടപ്പോഴാണ് ഇത് തീരെ ശരിയായ പണിയല്ലല്ലോ . ഇതല്ലല്ലോ മാധ്യമപ്രവർത്തനം എന്ന് പറയാൻ തോന്നുന്നത് .

ഇതാ ഇന്നലത്തെ ചർച്ചയുടെ ലിങ്ക് . https://www.facebook.com/repor...

ഇതൊരു പെയ്ഡ് ചർച്ച എന്നതിലുപരി വർഗീയത വിറ്റു കാശാക്കുന്ന പണിയായിപ്പോയി .

സത്യത്തിൽ ഇന്ന് റിലീസ് ആവുന്ന കമലിന്റെ ആമിയെ കുറിച്ച് എന്തെങ്കിലും വിവാദം ഉണ്ടോ ?
ഏതെങ്കിലും ഹിന്ദുക്കൾക്ക് അതിൽ മതവികാരം വ്രണപ്പെടുമോ ?ആർക്കാണ് മാധവിക്കുട്ടിയെ കുറിച്ചൊരു സിനിമ വരുന്നതിൽ വേവലാതി ? മരിച്ചു പോയ അവർ മതം മാറിയിരുന്നുവെങ്കിൽ ഇന്ന് ജീവിച്ചിരിക്കുന്നവർക്ക് എന്താണ് ? അവർ ആരെയെങ്കിലും പ്രണയിക്കുകയോ പ്രണയിക്കാതിരിക്കുകയോ ചെയ്താൽ നാട്ടുകാർക്ക് എന്ത് ?

നികേഷ് നിങ്ങളിപ്പോൾ ചെയ്യുന്നത് മാധ്യമപ്രവർത്തനമല്ല . മറ്റൊരു പേര് പറയണമെന്നുണ്ട് . വേണ്ട , ഞാനായിട്ട് അത് പറയുന്നില്ല .
ദയവു ചെയ്ത പ്രേക്ഷകരെ വിഡ്ഢികളാക്കുന്നത് അവസാനിപ്പിക്കുക .

ഇനി മാധ്യമപ്രവർത്തകനാവില്ല എന്ന് പറഞ്ഞാണ് നികേഷ് തെരഞ്ഞെടുപ്പിനെ നേരിട്ടത് . സത്യത്തിൽ അയാൾ പറഞ്ഞത് ശരിയായിരുന്നു . തെരെഞ്ഞെടുപ്പ് വരെയേ നികേഷ് മാധ്യമപ്രവർത്തനം നടത്തിയിട്ടുള്ളു . അതിനു ശേഷം ചെയ്യുന്നതൊക്കെ പെയ്‌ഡ്‌ ജേര്ണലിസമാണ് . എന്നിട്ടും ചെയ്ത ജോലിക്ക് ശമ്പളം കൊടുക്കാതെ സഹപ്രവർത്തകരെ ചൂഷണം ചെയ്യുകയും ചെയ്യുന്നു .

നികേഷ് നിങ്ങൾ കണ്ണാടിക്ക് മുന്നിൽ ഒരു നിമിഷം നിൽക്കുക . എന്നിട്ട് ആലോചിക്കുക . എന്താണ് നിങ്ങൾ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് . തെറ്റുണ്ടെന്ന് തോന്നിയാൽ തിരുത്തുക . അല്ലെങ്കിൽ നിങ്ങളുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റു കുട്ടയിലായിരിക്കും .ഒരു മാധ്യമപ്രവർത്തകന്റെ ദാരുണമായ പതനം എന്ന ചവറ്റു കുട്ടയിൽ .

സത്യത്തിൽ നികേഷ് ഇപ്പൊ ചെയ്യുന്ന നാണം കെട്ട പ്രവൃത്തികൾ കണ്ടു എന്റെ ചോര തിളക്കുന്നുണ്ട് . എനിക്ക് തോന്നുന്നു ഇത് മനസ്സിലാക്കുന്ന എല്ലാവരുടെയും ചോര തിളക്കുന്നുണ്ടാവുമെന്നു . ഇല്ലേ ?

advertisment

News

Related News

    Super Leaderboard 970x90