കുരീപ്പുഴയെ RSS പ്രവർത്തകർ ആക്രമിച്ചിരിക്കുന്നു, നിങ്ങളാരെങ്കിലും ഞെട്ടിയോ ? ഞാൻ ഒട്ടും ഞെട്ടിയില്ല, പകരം ജീവൻ ബാക്കിയുണ്ടെന്നറിഞ്ഞു ആശ്വസിച്ചു... സുനിത ദേവദാസ്

വടയമ്പാടി സമരത്തെക്കുറിച്ചു സംസാരിച്ചതിനാണ് ഇപ്പോൾ കവി ആക്രമിക്കപ്പെട്ടത് . എന്നാൽ കാലങ്ങളായി അദ്ദേഹം പുലർത്തുന്ന നിതാന്ത സാമൂഹ്യ ജാഗ്രതയെയാണ് അവർ ആക്രമിച്ചത് ....

കുരീപ്പുഴയെ RSS പ്രവർത്തകർ ആക്രമിച്ചിരിക്കുന്നു, നിങ്ങളാരെങ്കിലും ഞെട്ടിയോ ? ഞാൻ ഒട്ടും ഞെട്ടിയില്ല, പകരം ജീവൻ ബാക്കിയുണ്ടെന്നറിഞ്ഞു ആശ്വസിച്ചു... സുനിത ദേവദാസ്

കുരീപ്പുഴയെ RSS പ്രവർത്തകർ ആക്രമിച്ചിരിക്കുന്നു.

നിങ്ങളാരെങ്കിലും ഞെട്ടിയോ ? ഞാൻ ഒട്ടും ഞെട്ടിയില്ല .
പകരം ജീവൻ ബാക്കിയുണ്ടെന്നറിഞ്ഞു ആശ്വസിച്ചു.

"ഗോഡ്സെക്കു
പോസ്റ്റോഫീസില്‍
ജോലികിട്ടി.

മൂപ്പര്
ആഹ്ളാദഭരിതനാണ്.
ഓരോ ദിവസവും
ഭാരിച്ച ലോഹമുദ്ര കൊണ്ട്
ഗാന്ധിയെ......." .

എന്നെഴുതിയ കവിയെ ജീവനോടെ ഇത്രയും നാൾ ബാക്കി വച്ചതാണ് അതിശയം .

"പാര്‍ട്ടിയാപ്പീസിന്റെ നെറ്റിയില്‍ കെട്ടുവാന്‍
രാത്രിയില്‍ ചോരക്കിനാക്കൊടി തുന്നിയും
നെഞ്ചോടു ചേര്‍ത്തു കരഞ്ഞും ഞെളിഞ്ഞും
സങ്കടത്തീക്കനല്‍ തൊണ്ടയില്‍ വച്ചിട്ട്
പിന്നില്‍ നടന്നതും
താണു ഞെരിഞ്ഞതും
പിന്നെ കിനാവിന്‍ കലപ്പ നാക്കായ്‌ വന്നു
മണ്ണു തെളിച്ചു വിയര്‍ത്തു കിതച്ചതും
ഞാനേ കീഴാളന്‍
കൊടിക്കമ്പിന്റെ നാക്കാളന്‍.

എൻ വിയർപ്പില്ലാതെ ലോകമില്ല
എൻ‌ ചോരയില്ലാതെ കാലമില്ല
എൻ‌ വിരൽ തൊട്ടാൽ ചുവക്കുന്ന വൃക്ഷം
എൻ‌ കണ്ണു വീണാൽ‌ രതിക്കുന്നു പുഷ്പം
എൻ കാലനങ്ങി കിലുങ്ങും സമുദ്രം
എൻ‌ തുടി കേട്ടാൽ‌ തുടിയ്ക്കുന്നു മാനം
ഞാനേ കീഴാളൻ‌
കൊടും നോവിന്റെ നാക്കാളന്‍.'' എഴുതിയതും ഇതേ കവിയാണ് .

വടയമ്പാടി സമരത്തെക്കുറിച്ചു സംസാരിച്ചതിനാണ് ഇപ്പോൾ കവി ആക്രമിക്കപ്പെട്ടത് . എന്നാൽ കാലങ്ങളായി അദ്ദേഹം പുലർത്തുന്ന നിതാന്ത സാമൂഹ്യ ജാഗ്രതയെയാണ് അവർ ആക്രമിച്ചത് .

എന്താണ് വടയമ്പാടിയിൽ നടക്കുന്നത് ?

എറണാകുളം ജില്ലയിൽ ഐക്കരനാട് നോർത്ത് വില്ലേജിൽ സർവ്വേ നമ്പർ 223 / 24 ൽ പെട്ട ഒരേക്കറിലധികം വരുന്ന പൊതു മൈതാനം. ഇത് എൻ എസ് എസ് കൈവശപ്പെടുത്തി ചുറ്റുമതിൽ കെട്ടാനൊരുങ്ങുന്നതിനെതിരെ നടക്കുന്ന സമരമാണിത് . 1967 ലെ ഇ എം എസ് മന്ത്രിസഭയുടെ കാലത്ത് അനുവദിക്കപ്പെട്ട ആദ്യത്തെ പട്ടിക ജാതി കോളനികളിലൊന്നായ ഭജനമഠം പട്ടികജാതി കോളനിയും അതോടൊപ്പം ലക്ഷം വീട് കോളനിയും സെറ്റിൽമെന്റ് കോളനിയും ഈ പൊതുമൈതാനത്തിന്റെ കിഴക്കു വശത്തായി സ്ഥിതി ചെയ്യുന്നു. അതിനാലാണ് അവിടെപണിയാൻ ശ്രമിക്കുന്നത് ജാതി മതിലാണെന്ന് പറയുന്നത് . പൊതു മൈതാനത്തിൽ ജാതി മതിൽ പണിയുന്നവർ അതിനെതിരെ നിൽക്കുന്നവരുടെ നാവരിയും . കാല് വെട്ടും . കൈ കെട്ടും . സ്വാഭാവികം .

കവികൾ ക്രാന്തദര്ശികളാണ് . അതിനാൽ തന്നെ അവർ കാലത്തിനു മുന്നേ സഞ്ചരിക്കുന്നവരാണ് .

അതിനാലാണ് കവി കാലങ്ങൾക്ക് മുന്നേ എഴുതി വച്ചത്

"കപട സ്നേഹിതാ നിന്നോടു ജീവിത
വ്യഥകള്‍ ചൊല്ലി പരാജയപ്പെട്ടു ഞാന്‍

തെരുവില്‍ വെച്ചു നീ കാണുമ്പോഴൊക്കെയും
കുശലമെയ്യുന്നു
മുന്‍വരിപല്ലിനാല്‍ ചിരി വിരിക്കുന്നു
കീശയില്‍ കൈയിട്ടു-
കുരുതിചെയ്യുവാനായുധം തേടുന്നു

പല നിറങ്ങളില്‍ നിന്‍റെ മുഖം മൂടി
പല നിലങ്ങളില്‍ നിന്‍ ഞെരിഞ്ഞില്‍ കൃഷി
മധുമാകര്‍ഷകം മന്ദഹാസവും
കരുണ മൂടിയ കണ്‍കെട്ടുവിദ്യയും

സുഗദമാത്മപ്രകാശനം നാടക-
ക്കളരി തോല്‍ക്കുന്ന ഭാഷയും ഭാവവും
കപട സ്നേഹിതാ നിന്നോടു വാസ്തവ-
കവിത ചൊല്ലി പരാജയപ്പെട്ടു ഞാന്‍

ഒരു മുഖം മാത്രമുള്ള ഞാനും,നൂറു-
മുഖപടങ്ങള്‍ തന്‍ ജന്‍മിയാം നീയുമായ്
അകലമേറെയുണ്ടാവശ്യമില്ലെനി-
ക്കഴകു തുന്നിയ നിന്‍ പോള്ളവാക്കുകള്‍

വഴി നമുക്കു രണ്ടോര്‍ക്കുക,ജീവിത-
വ്യഥകള്‍ നീയുമായ് പങ്കുവെക്കില്ലിനി
കപട സ്നേഹിതാ നിന്‍ നാട്യവൈഭവം
കവിത ചൊല്ലി തിരസ്ക്കരിക്കുന്നു ഞാന്‍" എന്ന് .

കവിക്കൊപ്പം.
കവിയുടെ നിതാന്ത ജാഗ്രതക്കൊപ്പം .
നാടിനൊപ്പം .
മണ്ണിന്റെ മണമുള്ള മനുഷ്യർക്കൊപ്പം .

advertisment

News

Super Leaderboard 970x90