Kerala

തന്‍റെ മാനം രക്ഷിക്കാനായി മുതലകള്‍ നിറഞ്ഞ കിടങ്ങില്‍ ചാടി ആത്മഹത്യ ചെയ്ത പുലയരാജകുമാരിയുടെ കഥ

താന്‍ പിടിക്കപ്പെട്ടാല്‍ ജീവിതകാലം മുഴുവന്‍ ആറ്റിങ്ങല്‍ രാജാവിന്‍റെ വെപ്പാട്ടിയായി ഒരു ദേവദാസിയെ പോലെ കഴിയേണ്ടി വരുമെന്ന് ഉറപ്പായ ആ പുലയരാജകുമാരി മാനം രക്ഷിക്കാന്‍ ആ കുതിരയോടൊപ്പം മുതലകള്‍ തിങ്ങിനിറഞ്ഞ കിടങ്ങിലേക്കു ചാടി ആത്മഹത്യ ചെയ്തു...

തന്‍റെ മാനം രക്ഷിക്കാനായി മുതലകള്‍ നിറഞ്ഞ കിടങ്ങില്‍ ചാടി ആത്മഹത്യ ചെയ്ത പുലയരാജകുമാരിയുടെ കഥ

പുതുതലമുറയിലെ പലര്‍ക്കും അറിയാത്തൊരു ചരിത്രകഥയാണിത്.. കേട്ടിട്ടില്ലാത്തവര്‍ക്കു വേണ്ടിയും പോയ കാലത്തെക്കുറിച്ച് അറിയാന്‍ താല്‍പര്യമുള്ളവര്‍ക്കു വേണ്ടിയും ഞാനിവിടെ പോസ്റ്റ് ചെയ്യുന്നു..

നാലര നൂറ്റാണ്ടുകള്‍ക്കു മുമ്പ് തിരുവിതാംകൂറിന്‍റെ ഭൂരിഭാഗം വരുന്ന പ്രദേശങ്ങള്‍ അടക്കി വാണിരുന്നവരായിരുന്നു "പുലയരാജവംശം"
പുലയരാജവംശത്തിന്‍റെ അവസാനത്തെ റാണിയായിരുന്നു "കോതറാണി" തിരുവനന്തപുരം ജില്ലയിലെ ഇന്നത്തെ ആര്യനാട്-നെടുമങ്ങാട് ഭാഗമാണ് കോതറാണി അടക്കി ഭരിച്ചിരുന്ന പഴയ കൊക്കോതമംഗലം. കോതറാണിയുടെ ഭരണത്തോടു കൂടിയാണ് ആ പ്രദേശത്തിന് "കൊക്കോതമംഗലം" എന്ന് പേരുണ്ടായത്.. കൊല്ലിനും കൊലയ്ക്കും വരെ അവകാശമുണ്ടായിരുന്ന കോതറാണി അക്കാലത്തെ സവര്‍ണരുടെ ഒരു പേടിസ്വപ്നമായിരുന്നു, അതിനാല്‍ സവര്‍ണപ്രമാണിമാര്‍ക്ക് കോതറാണിയോട് കടുത്ത അസൂയയും ശത്രുതയുമായിരുന്നു..

ഒരിക്കല്‍ ആറ്റിങ്ങല്‍ നിന്നും കുറേ മണ്‍പാത്രകച്ചവടക്കാര്‍ കൊക്കോതമംഗലം കൊട്ടാരത്തിലെത്തി. അവരില്‍ നിന്നും മണ്‍പാത്രങ്ങള്‍ വാങ്ങിയത് കോതറാണിയുടെ സുന്ദരിയായ മകള്‍ ആതിരറാണിയായിരുന്നു.. പാത്രങ്ങളുടെ വിലയായി നെല്ല് ആയിരുന്നു അളന്നു കൊടുത്തത്.. കച്ചവടക്കാര്‍ തിരികെ വീട്ടില്‍ വന്ന ശേഷം നെല്ലളക്കുമ്പോള്‍ അതില്‍ നിന്നും ആറടിയോളം നീളമുള്ള ഒരു തലമുടി കിട്ടി. ഇത്രയും നീളമുള്ള തലമുടി അവര്‍ ആദ്യമായിട്ടായിരുന്നു കാണുന്നത്.. ഈ തലമുടിയുടെ കാര്യം അവിടം മുഴുവന്‍ സംസാരവിഷയമായി, ഒടുവില്‍ ഈ വിവരം ആറ്റിങ്ങല്‍ കൊട്ടാരത്തിലെ രാജാവിന്‍റെ ചെവിയിലുമെത്തി.. രാജകുമാരിയുടെ ഒരു തലമുടി കണ്ട് അനുരാഗമുദിച്ച തമ്പുരാന്‍ ആ തലമുടി ഒരു സ്വര്‍ണ്ണച്ചെപ്പില്‍ സൂക്ഷിച്ചു.. ഒടുവില്‍ ആറ്റിങ്ങല്‍ രാജാവ് കോതറാണിയുടെ പുത്രിയെ വിവാഹം ചെയ്യാനാഗ്രഹമുണ്ടെന്ന് അറിയിച്ചു കൊണ്ട് ഒരു ഓല കൊടുത്തു വിട്ടു.. എന്നാല്‍ ഓല വായിച്ച റാണി ആതിരയുമായുള്ള വിവാഹത്തിന് തനിക്ക് സമ്മതമല്ലെന്ന് അറിയിച്ചു..
ഈ വിവരമറിഞ്ഞ രാജാവിന് കലികയറി.

രാജാവ് കൊക്കോതമംഗലത്തെ കരപ്രമാണിമാരായ നായന്മാരുമായി ചേര്‍ന്ന് റാണിയെ അക്രമിക്കാന്‍ പദ്ധതിയിട്ടു. ഈ വിവരമറിഞ്ഞ കോതറാണിയും സൈന്യത്തെ ശേഖരിച്ചു, കിടങ്ങുകളിലെല്ലാം മുതലകളെ നിറച്ചു, കോട്ടയ്ക്കുള്ളിലും പുറത്തും മദയാനകളെ നിരത്തി, വേട്ടനായ്ക്കളെ തുറന്നുവിട്ടു, മല്ലയുദ്ധവീരന്മാര്‍ കോട്ടയ്ക്ക് കാവല്‍ നിന്നു, കോതറാണിയും മകള്‍ ആതിരറാണിയും സൈന്യത്തിനു നേതൃത്വം കൊടുത്തു.. ദിവസങ്ങളോളം ഘോരയുദ്ധം നടന്നു, ഇരുപക്ഷത്തും ആള്‍നാശമുണ്ടായി.. ഒടുവില്‍ കരപ്രമാണിമാരുടെ ചതിയില്‍ റാണി ഒറ്റപ്പെട്ടു.. ഈ വിവരമറിഞ്ഞ കോതറാണിയുടെ സഹോദരനായ പുലയനാര്‍കോട്ട രാജാവ് തന്‍റെ സൈന്യങ്ങളെ അയച്ച് ആറ്റിങ്ങല്‍ രാജാവുമായി ഏറ്റുമുട്ടുകയും ആറ്റിങ്ങല്‍ കൊട്ടാരത്തിന്‍റെ നല്ലൊരു ഭാഗം തീ വെക്കുകയും ചെയ്തു. ഇതിനിടെ കോതറാണിയെ നെടുമങ്ങാടിനു സമീപം വെച്ച് ഒരു വന്‍മരം മുറിച്ചുവീഴ്ത്തി കൊലപ്പെടുത്തുകയും ചെയ്തു. ഇനി രക്ഷയില്ലെന്നു മനസ്സിലാക്കിയ ആതിരറാണി കുതിരപ്പുറത്ത് കയറി അമ്മാവന്‍റെ പുലയനാര്‍കോട്ടയിലെത്തി.. പക്ഷേ ആറ്റിങ്ങല്‍ സൈന്യം പുലയനാര്‍കോട്ട വളഞ്ഞു, രാജകുമാരിയെ ജീവനോടെ പിടിച്ചു കൊണ്ട് ചെല്ലണമെന്നായിരുന്നു രാജകല്‍പന..

താന്‍ പിടിക്കപ്പെട്ടാല്‍ ജീവിതകാലം മുഴുവന്‍ ആറ്റിങ്ങല്‍ രാജാവിന്‍റെ വെപ്പാട്ടിയായി ഒരു ദേവദാസിയെ പോലെ കഴിയേണ്ടി വരുമെന്ന് ഉറപ്പായ ആ പുലയരാജകുമാരി മാനം രക്ഷിക്കാന്‍ ആ കുതിരയോടൊപ്പം മുതലകള്‍ തിങ്ങിനിറഞ്ഞ കിടങ്ങിലേക്കു ചാടി ആത്മഹത്യ ചെയ്തു...

പുലയരാജവംശത്തിന്‍റെ അവസാനകണ്ണിയും മരണപ്പെട്ടതോടെ ആ രാജവംശം തന്നെ ഇല്ലാതായി..
നെടുമങ്ങാട് നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ മാറി ഉഴമലയ്ക്കല്‍ വില്ലേജില്‍ കൊറ്റമലക്കുന്നിന്‍റെ നെറുകയിലായി കൊക്കോതമംഗലം കോട്ടയുടെ ശേഷിക്കുന്ന അവശിഷ്ടങ്ങള്‍ ഇന്നും കാണാന്‍ കഴിയും.. എന്നാല്‍ പുലയനാര്‍കോട്ടയുടെ അവശിഷ്ടങ്ങള്‍ പോലും ഇന്നവിടെയില്ല.. പുരാവസ്തു വകുപ്പിന്‍റെ അനാസ്ഥ കാരണം അവയെല്ലാം പൂര്‍ണ്ണമായും നശിച്ചുപോയി..

C@Nijukumar venjaramoodu

#TAGS : kotha rani   story  

advertisment

News

Super Leaderboard 970x90