Kerala

കൊച്ചി മെട്രോയ്ക്ക് പ്രതിദിന നഷ്ടം കേവലം 19 ലക്ഷം രൂപ...

ഇപ്പോള്‍ ഉള്ള 19 ലക്ഷം രൂപയുടെ നഷ്ടംപോലും ഇല്ലാതാക്കാന്‍ യാത്രാനിരക്കു കുറച്ച് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിച്ചുകൂടേ, മൂന്നിനു പകരം ആറു കോച്ച് ഓടിച്ചുകൂടേ എന്നൊക്കെ ചോദിക്കുന്നവരുണ്ട്.അവര്‍ക്ക് കേരളത്തിലെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനരീതിയേക്കുറിച്ച് ഒരു ചുക്കും അറിഞ്ഞുകൂടാ എന്നാണു പറയാനുള്ളത്. KSRTC-യും KSEB-യും ഇവിടെ പ്രവര്‍ത്തിക്കുന്നത് ദിവസവും ലാഭമുണ്ടാക്കിയിട്ടാണോ?

കൊച്ചി മെട്രോയ്ക്ക് പ്രതിദിന നഷ്ടം കേവലം 19 ലക്ഷം രൂപ...

പ്രിയ സുഹൃത്തുക്കളേ,

നമ്മുടെ സ്വന്തം കൊച്ചി മെട്രോയ്ക്ക് പ്രതിദിന നഷ്ടം കേവലം 19 ലക്ഷം രൂപ മാത്രമാണെന്ന സന്തോഷവാര്‍ത്ത നിങ്ങളുമായി പങ്കുവയ്ക്കുന്നതിനാണ് ഈ കുറിപ്പ്.

തുടക്കത്തില്‍ ദിവസവും 22 ലക്ഷം രൂപ നഷ്ടം വരുത്തിയിരുന്ന സ്ഥിതിയില്‍ നിന്നാണ് വളരെ കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ നമ്മുടെ സന്തോഷം അതിരുകടക്കേണ്ടതാണ്. എന്നാല്‍ അതു സംഭവിക്കാതിരിക്കുന്നത് നമ്മള്‍ വളരെ അച്ചടക്കമുള്ള ചട്ടക്കൂടില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ളവര്‍ ആയതുകൊണ്ട് മാത്രമാണ് എന്നു പ്രത്യേകം പറയേണ്ടതില്ലെങ്കിലും പറയുകയാണ്.

ഇപ്പോള്‍ ഉള്ള 19 ലക്ഷം രൂപയുടെ നഷ്ടംപോലും ഇല്ലാതാക്കാന്‍ യാത്രാനിരക്കു കുറച്ച് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിച്ചുകൂടേ, മൂന്നിനു പകരം ആറു കോച്ച് ഓടിച്ചുകൂടേ എന്നൊക്കെ ചോദിക്കുന്നവരുണ്ട്.

അവര്‍ക്ക് കേരളത്തിലെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനരീതിയേക്കുറിച്ച് ഒരു ചുക്കും അറിഞ്ഞുകൂടാ എന്നാണു പറയാനുള്ളത്. KSRTC-യും KSEB-യും ഇവിടെ പ്രവര്‍ത്തിക്കുന്നത് ദിവസവും ലാഭമുണ്ടാക്കിയിട്ടാണോ?

ലാഭം ഉണ്ടാക്കുകയാണ് ഇത്തരം സ്ഥാപനങ്ങളുടെ ലക്ഷ്യം എന്ന് ആരാണ് ഇവരോടു പറഞ്ഞത്?

മെട്രോയുടെ പ്രവര്‍ത്തനരീതിയേക്കുറിച്ച് അറിയാഞ്ഞിട്ടാണെങ്കില്‍ അത് ഒരിയ്ക്കല്‍ക്കൂടി പറയാം. (ഇനി ചോദിക്കരുത്.)

കേവലം യാത്രക്കൂലി കൊണ്ടുമാത്രം ലോകത്ത് ഒരു മെട്രോയും ലാഭകരമായി പ്രവര്‍ത്തിക്കുന്നില്ല. ഇവിടെ അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ നമ്മള്‍ നാണം കെടുന്ന സ്ഥിതിയാകും ഉണ്ടാകുക.

മെട്രോ പണിതത് നാണം കെടാനല്ല, ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ തല ഉയര്‍ത്തിനില്‍ക്കാനാണ് എന്ന കാര്യം മനസ്സിലാകുന്നില്ലെങ്കില്‍ പറഞ്ഞിട്ടു കാര്യമില്ല.

'കൊച്ചി മെട്രോ ലാഭത്തില്‍ ഓടിക്കാം, അതിനു നിരക്കു കുറയ്ക്കണം എന്ന് മെട്രോ ശ്രീധരന്‍ പറഞ്ഞിട്ടുണ്ടല്ലോ അങ്ങേര്‍ക്ക് മെട്രോയുടെ കാര്യം അറിഞ്ഞുകൂടേ?' എന്നു ചോദിക്കുന്നവരുണ്ട്. അതിനും മറുപടി പറയാം. (അക്കാര്യവും മേലില്‍ ചോദിക്കരുത്.)

ആരാണീ മെട്രോ ശ്രീധരന്‍? അങ്ങേര് എത്ര മെട്രോ ലാഭകരമായി ഓടിക്കുന്നുണ്ട്? പണി ചെയ്യാന്‍ വന്നവര്‍ പണി ചെയ്താല്‍ പോരേ? നിങ്ങളുടെ വീടു പണിയാന്‍ വന്നവരാണോ വീട്ടില്‍ ആരൊക്കെ താമസിക്കണം, എന്തു ഭക്ഷണം വയ്ക്കണം എന്നൊക്കെ തീരുമാനിക്കുന്നത്? പണി തീര്‍ത്തു കിട്ടിയാല്‍ ആളാവാന്‍ ഇവിടെ രാഷ്ട്രീയക്കാരും ഐഏഎസ്സുകാരുമില്ലേ, ങേ?

മെട്രോയില്‍ യാത്രക്കാരുടെ എണ്ണം കൂട്ടണമെന്നുണ്ടെങ്കില്‍ അതിനു കേരളത്തിന് തനതായ രീതിയുണ്ട് എന്ന് ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ബസ് സമരം അത്തരത്തിലുള്ള ഒരു രീതി മാത്രമാണ്.

ഹര്‍ത്താല്‍ മറ്റൊരു രീതിയാണ്.

ഹര്‍ത്താല്‍ ദിവസം പാല്‍- പത്ര വിതരണം പോലെ മെട്രോയേയും ഒഴിവാക്കുന്ന കാര്യത്തില്‍ സമവായമുണ്ടാക്കാന്‍ ഒരു സര്‍വ്വകക്ഷിയോഗം സൗകര്യം കിട്ടുമ്പോള്‍ വിളിക്കുന്നതാണ്.

നവംബറില്‍ നമ്മള്‍ റിട്ടേണ്‍ ടിക്കറ്റ് ഫ്രീ നല്‍കിയിരുന്നു. അന്നു മെട്രോയില്‍ കയറിയ ദരിദ്രവാസികളും ബസ് സമരത്തിന്റെ സമയത്ത് മെട്രോയില്‍ കയറിക്കൂടിയ ഗതികിട്ടാ പ്രേതങ്ങളും മെട്രോയില്‍ സ്ഥിരം യാത്രക്കാരായി മാറുന്ന അദ്ഭുതകരമായ കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

ഇവരുടെ അത്യാവേശം കാണുമ്പോള്‍ പ്രതിമാസം ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഡിസ്‌കൗണ്ട് നല്‍കാനുള്ള പദ്ധതിപോലും ആവശ്യമുണ്ടോ എന്നു തോന്നിപ്പോകുകയാണ്!

ഇവിടം വരെ നിങ്ങള്‍ വായിച്ചെങ്കില്‍ മെട്രോയുടെ ലക്ഷ്യം നഷ്ടം ഒഴിവാക്കലോ ലാഭം ഉണ്ടാക്കലോ അല്ല എന്നു മനസ്സിലായിട്ടുണ്ടാകുമല്ലോ. ഇത്രയും മനസ്സിലാക്കാമെങ്കില്‍ ഇതിന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്താണ് എന്നുകൂടി നോക്കിക്കണ്ടു മനസ്സിലാക്കാവുന്നതേയുള്ളൂ.

ഇടപ്പള്ളിയില്‍ നിങ്ങള്‍ ട്രാഫിക് ബ്ലോക്കില്‍ പെട്ടുകിടക്കുമ്പോള്‍ വെറുതേ മേളിലോട്ടു നോക്കിയാല്‍ മെട്രോ യാത്രക്കാര്‍ക്ക് നിലം തൊടാതെ ലുലു മാളിലേയ്ക്കു പോകാനുള്ള ആകാശപാത കാണാനാകും.

ഇതുപോലെ നഗരത്തിലേയും മെട്രോ പാത കടന്നുപോകുന്ന ഭ്രാന്തപ്രദേശങ്ങളിലേയും പ്രമുഖ സ്വര്‍ണ്ണാഭരണ ശാലകള്‍, വസ്ത്ര ശാലകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലേയ്‌ക്കൊക്കെ ആകാശപാതകള്‍ നിര്‍മ്മിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചുവരികയാണ്.

ഈ ആകാശപാതയിലൂടെ 50 രൂപ തികച്ച് എടുക്കാനില്ലാത്ത നിങ്ങളേപ്പോലുള്ളവര്‍ തിക്കും തിരക്കും ഉണ്ടാക്കി നടന്നിട്ട് വല്ല കാര്യവുമുണ്ടോ എന്ന് ഇതുവരെ ചിന്തിച്ചിട്ടില്ലെങ്കില്‍ ഇപ്പോള്‍ ചിന്തിക്കാന്‍ പറ്റിയ അവസരമാണ്.

അതേസമയം നമ്മുടെ നാട്ടിലെ നിരവധി പാവപ്പെട്ട പണക്കാര്‍ക്ക് കുടുംബസമേതം തിരക്കില്ലാതെ ഷോപ്പിംഗിനു പോകാന്‍ മെട്രോ വഴി ഇപ്പോള്‍ സാധിക്കുന്നുണ്ട്.

നിങ്ങളുടെ ദാരിദ്ര്യം പറഞ്ഞ് അതുകൂടി ഇല്ലാതാക്കരുത് എന്ന് ഒരു തവണ കൂടി (ഇത് അവസാനമായിട്ടാണ്) വിനയത്തിന്റെ ഭാഷയില്‍ അഭ്യര്‍ത്ഥിക്കുകയാണ്, അപേക്ഷിക്കുകയാണ്.

ശ്രീകുമാർ ബി മേനോൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്

#TAGS : kochi metro  

advertisment

News

Super Leaderboard 970x90