Health

പുകവലിക്ക് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില..!!

പുകയില അപകടകാരിയായ ഒന്നാണെന്ന് അറിയാത്തവര്‍ ചുരുക്കമാണ്, എങ്കിലും അനേകം പേര്‍ ഇതിനു അടിമപ്പെടുന്നതിനു പിന്നില്‍ പുകയിലയിലെ ലഹരി പദാര്‍ത്ഥമായ “നിക്കോട്ടിന്റെ” ലഹരിദായക പ്രത്യേകതകള്‍ തന്നെയാണ്.

പുകവലിക്ക് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില..!!

1492-ല്‍ കൊളംബസിന്റെ സഹചാരിയായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ കാലു കുത്തിയ വ്യക്തി ആയിരുന്നു റോഡ്രിഗോ ജെറെസ്, ആദ്യമായി പുകവലിച്ച യൂറോപ്യന്‍ ആയി അറിയപ്പെടുന്നത് ഇദ്ദേഹമാണ്. തിരിച്ചു സ്പെയിനില്‍ ചെന്ന റോഡ്രിഗോ നാട്ടിലും പുകവലി തുടര്‍ന്നു, എന്നാല്‍ അന്നീ “കലാപരിപാടി” നാട്ടുകാര്‍ക്ക് അറിവുള്ളതല്ലല്ലോ?! അവരെല്ലാം കൂടി പരാതി പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിനെ പിടിച്ചു അധികാരികള്‍ തടവിലാക്കി, വായിലൂടെ പുക വരുത്താന്‍ കഴിയുന്നത്‌ ചെകുത്താന് മാത്രം ആണെന്ന് ആരോപിച്ചായിരുന്നു ജയില്‍വാസം വിധിച്ചത്. ഏഴു വര്‍ഷം കഴിഞ്ഞു അദ്ദേഹം പുറത്തിറങ്ങിയപ്പോള്‍ പുകയില ലോകമെമ്പാടും പ്രചുര പ്രചാരം നേടിയിരുന്നു എന്ന് മാത്രമല്ല ആ കാലയളവില്‍ പുകയില, പുകവലിയ്ക്ക് ഒക്കെ ഗുണഫലങ്ങള്‍ ഉള്ളതായും, പുരുഷത്വത്തിന്റെ പ്രതീകമായും ഒക്കെ കരുതപ്പെട്ടിരുന്നു. എന്നാലിന്ന് നമ്മള്‍ക്ക് അറിയാം റോഡ്രിഗോ വലിച്ചു തള്ളിയ പുക ചെകുത്താന് സമമായ ഹാനീകാരക വസ്തു ആണെന്ന്.

പുകയില കൊണ്ടുള്ള തിക്തഫലങ്ങള്‍ പിന്നീട് ലോക സമൂഹത്തിനു മുന്നില്‍ അനാവരണം ചെയ്യപ്പെടുകയും, ഇതിനു അറുതി വരുത്താനുള്ള ശ്രമങ്ങള്‍ ഒരു വശത്ത്‌ നിന്ന് ആരംഭിക്കുകയും ചെയ്തു.

നിലവില്‍ ലോകത്ത് ഏറ്റവും അധികം കച്ചവടം ചെയ്യുന്ന ഒരു വസ്തു ആണെന്നിരിക്കെ പുകയിലയുടെ പിന്നിലെ സാമ്പത്തിക/കച്ചവട താല്‍പ്പര്യങ്ങളെക്കൂടി മറികടന്നു വേണം പുകയിലയ്ക്കെതിരെ ശ്രമകരമായ നീക്കങ്ങള്‍ നടത്താന്‍.

മേയ് 31 ലോക പുകയില വിരുദ്ധദിനമായി ലോകാരോഗ്യസംഘടന ആചരിക്കുന്നതിന്റെ ഉദ്ദേശംപുകയിലയുടെ ദൂഷ്യഫലങ്ങളെപ്പറ്റി സമൂഹത്തെ ബോധവല്‍ക്കരിക്കുക, പുകയില ഉൽപ്പന്നങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുകഎന്നിവയാണ്.

പുകയില അപകടകാരിയായ ഒന്നാണെന്ന് അറിയാത്തവര്‍ ചുരുക്കമാണ്, എങ്കിലും അനേകം പേര്‍ ഇതിനു അടിമപ്പെടുന്നതിനു പിന്നില്‍ പുകയിലയിലെ ലഹരി പദാര്‍ത്ഥമായ “നിക്കോട്ടിന്റെ” ലഹരിദായക പ്രത്യേകതകള്‍ തന്നെയാണ്. പുകയില ഉപയോഗം ഉപേക്ഷിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഒരിക്കലും തുടങ്ങാതിരിക്കുക ആണെന്ന് പറയാറുണ്ട്‌, കാരണം തുടങ്ങിയാല്‍ ശീലം നിര്‍ത്തുന്നത് ശ്രമകരമാകും. നിക്കോട്ടിന്‍ എന്ന ഈ വില്ലന്‍, ഉപയോഗിച്ച് പത്തു സെക്കന്റ് കൊണ്ട് തലച്ചോറില്‍ എത്തും. മാത്രമല്ല ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തി ദോഷഫലങ്ങള്‍ ഉണ്ടാക്കും, എന്തിനു മുലപ്പാലില്‍ പോലും നിക്കോട്ടിന്‍ എത്തപ്പെടും.

പുകവലിക്കാര്‍ക്ക് പ്രായമാവില്ല, കാരണം അവര്‍ ചെറുപ്പത്തിലെ മരണപ്പെടുന്നു എന്ന തമാശ അല്പം ക്രൂരം ആണെങ്കിലും, അതില്‍ കാര്യമുണ്ട്.

പലരും പുകവലിയുടെ പരിണിതഫലമായ രോഗങ്ങള്‍ കൊണ്ട് തന്നെ മരണപ്പെടുന്ന സാഹചര്യമാണുള്ളത്‌. പ്രതി വര്‍ഷം 70 ലക്ഷം മരണങ്ങള്‍! അതില്‍ തന്നെ 9 ലക്ഷത്തോളം പേര്‍ പുകയില നേരിട്ട് ഉപയോഗിക്കാതെ സെക്കന്റ് ഹാന്‍ഡ് സ്മോകിംഗ്, അഥവാ മറ്റൊരാള്‍ വലിച്ചു പുറത്തു വിട്ട പുകയുടെ ഇര ആണ്. 2004 ല്‍ ലോകം എമ്പാടുമുള്ള കുട്ടികളുടെ മരണത്തില്‍ 28% ഇത്തരത്തില്‍ ആയിരുന്നു. ലാന്‍സെറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പ്രകാരം 2015 ല്‍ ലോകത്താകമാനം ഉണ്ടായ ആകെ മരണങ്ങളില്‍11% പുകയില ദുരുപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു, അതില്‍ 52.2% മരണങ്ങള്‍ ചൈന, ഇന്ത്യ, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുമാണ്.

കാര്യമിതൊക്കെ ആണെങ്കിലും ലോക ജനസംഖ്യയില്‍ കാല്‍ ഭാഗം ആളുകളും പുകയില ഉപയോഗിക്കുന്നവര്‍ ആണ്. ഇന്ത്യയിലെ കാര്യം എടുത്താല്‍ ഏറ്റവും കൂടുതല്‍ പുകയില ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആണ് നാം. ഇന്ത്യയിലെ ജനങ്ങളില്‍ 27.4 കോടി പേര്‍ പുകയില ഉപഭോക്താക്കളാണ്. പുകവലിക്കുന്നവരുടെ എണ്ണം 18.2 കോടിയും.

പല രീതിയില്‍ നാം പുകയിലയുടെ ദോഷഫലങ്ങള്‍ സ്വയം ഏല്‍പ്പിക്കുന്നു. പുകവലി (സിഗരെറ്റ്‌, ബീഡി, ഹുക്ക), പാന്‍ മസാല, ഗുട്ക, പൊടി വലിക്കല്‍ ഇത്യാദി.

ഇന്ത്യയില്‍ മുതിര്‍ന്നവരില്‍ 35%പേര്‍ പുകയില ഉപയോഗിക്കുന്നവര്‍ ആണ്, ദിവസേന 5,500ഓളം യുവാക്കള്‍ പുകവലിച്ചു തുടങ്ങുന്നു അത്രേ! ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം പുകവലിക്കുന്നവരുടെ എണ്ണം കുറയുന്നുണ്ട് എങ്കിലും നമ്മുടെ നാട്ടില്‍ പുകവലിക്കുന്ന സ്ത്രീകളുടെ എണ്ണം മുന്നോട്ടു കുതിക്കുകയാണ്.

ഇക്കൊല്ലത്തെ പുകയില വിരുദ്ധദിന തീം “പുകയില - വികസനത്തിന് ഒരു ഭീഷണി” എന്നതാണ്. ജോലി ചെയ്തു കുടുംബം പുലര്‍ത്തുന്ന പ്രായത്തിലുള്ളവര്‍ ആണ് പുകയില ദുരുപയോഗത്തില്‍ മുന്നിലെന്നതിനാല്‍, ഇവരിലെ രോഗവും രോഗാതുരതയും കുടുംബത്തിന്റെ സാമ്പത്തിക അവസ്ഥയെയും രാഷ്ട്രത്തിന്റെ മാനവ വിഭവശേഷിയെയുമൊക്കെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആരോഗ്യ മേഖലയില്‍ മുടക്കേണ്ടി വരുന്ന തുകയും സമയവും മാനുഷിക പ്രയത്നവും പുകയില ദുരുപയോഗം മൂലം ഉയരുന്നുണ്ട്.

പുകയില മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ചുരുക്കത്തില്‍:

*ഒരു സിഗരെറ്റ്‌ വലിക്കുമ്പോള്‍ നിങ്ങളുടെ ആയുസ്സിന്റെ ഏകദേശം 11 മിനിറ്റ് കുറയുക ആണെന്ന് കണക്കാക്കമത്രേ, പുകവലിക്കുന്ന ഒരാള്‍ക്ക്‌ പുകവലിക്കാത്ത ആളെക്കാള്‍ ഏകദേശം 10 വര്‍ഷം ആയുസ്സ് കുറവായിരിക്കും.

*പുകയില ഉപഭോഗം പല വിധ ക്യാന്‍സറുകള്‍ക്ക് കാരണമാവുന്നു. പുകവലിയുമായി ബന്ധപ്പെട്ടാണ് 80% - 90% ശ്വാസകോശ ക്യാന്‍സറുകളും ഉണ്ടാവുന്നതും/മരണപ്പെടുന്നതും.

*സിഗരെറ്റ്‌ കത്തിയുണ്ടാവുന്ന പുകയില്‍ ആര്‍സെനിക്, ലെഡ്, ഹൈഡ്രജന്‍ സയനൈഡ്, കാര്‍ബണ്‍ മോണോക്സൈഡ് എന്ന് തുടങ്ങി 4000 ത്തോളം രാസവസ്തുക്കള്‍ ഉണ്ട് കേട്ടോ, ഇതില്‍ 250 ഓളം ഹാനീകാരകമാണ്, അതില്‍ തന്നെ 50 ഓളം ക്യാന്‍സറിന് കാരണമാവുന്നവയാണ്.

*ഇന്ത്യന്‍ പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ക്യാന്‍സര്‍ ചുണ്ടിലും വായ്ക്കുള്ളിലും ഉണ്ടാവുന്ന ക്യാന്‍സര്‍ ആണ്. ഇതിനു ഹേതു പുകയില ചവയ്ക്കുന്നതും, പുകവലിക്കുന്നതുമൊക്കെയാണ്.

*ഹൃദയാഘാതം,പക്ഷാഘാതം,സി.ഓ.പി.ഡി/ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങള്‍ (ഇതിലൂടെ ശ്വാസകോശ ക്ഷമതയെ ബാധിക്കും), പ്രമേഹം,നേത്രരോഗങ്ങള്‍ എന്നിങ്ങനെ അനേകം രോഗങ്ങള്‍ക്ക് പുകയില കാരണമാവുന്നു.

*പുകവലി പുരുഷത്വത്തിന്റെ പ്രതീകമായി ചിലര്‍ എങ്കിലും കൊണ്ട് നടക്കാറുണ്ട്, ഇത്തരക്കാര്‍ ഓര്‍ത്തിരിക്കേണ്ടത് പുകവലി പുരുഷത്വത്തിനു തന്നെ സാരമായ ക്ഷതം എല്പ്പിക്കാവുന്ന ഒന്നാണ്, അത് ലിംഗോദ്ധാരണശേഷിയെ തന്നെ ബാധിക്കാം.

*പുകയില സൌന്ദര്യത്തിനു കോട്ടം ഉണ്ടാക്കാം, ത്വക്കില്‍ വ്യതിയാനങ്ങള്‍, നിറം മാറ്റം, പല്ലില്‍ കറ, മോശം മണം എന്നിവ ഉദാഹരണം മാത്രം.

*പുകയില ഉപയോഗം പ്രത്യുല്‍പാദനശേഷിയെ ദോഷകരമായി ബാധിക്കാം.

*ഗര്‍ഭാവസ്ഥയില്‍ പുകയില മൂലം ശിശുവിന് തൂക്കം കുറയാം,മാസം തികയാതെ പ്രസവിക്കുന്ന അവസ്ഥ ഉണ്ടാവാം.

സെക്കന്റ് ഹാന്‍ഡ്(പാസ്സീവ്)സ്മോക്കിംഗ്?!

പുകവലി മറ്റൊരാള്‍ക്ക് ദോഷകരം ആണെന്ന് എത്ര പേര്‍ക്ക് അറിയാം? അറിയാം എങ്കില്‍ കൂടി എത്ര പേര്‍ അത് കാര്യമായി എടുക്കുന്നു? എത്ര പേര്‍ തങ്ങളുടെ പുകവലി ശീലം ബാക്കി ഉള്ളവര്‍ക്ക് ശല്യം ആവാത്ത രീതിയില്‍ ക്രമീകരിക്കുന്നു? കുറഞ്ഞ പക്ഷം മറ്റൊരാളുടെ മുഖത്തേക്ക് പുക ഊതി വിടാതെ എങ്കിലും ഇരിക്കുന്നു!! എന്നതൊക്കെ ചിന്തിക്കേണ്ട വിഷയം ആണ്.
പുകവലി വ്യക്തിയെ മാത്രമല്ല അയാളുടെ വേണ്ടപ്പെട്ടവരെ കൂടി രോഗികള്‍ ആക്കാം, പ്രത്യേകിച്ച് കുട്ടികളെ. ഒരാള്‍ വലിച്ചു പുറത്തേക്ക് വിടുന്ന പുക മറ്റൊരാളുടെ ഉള്ളില്‍ കടന്നു പുകവലിക്കാത്ത ആളിലും രോഗങ്ങള്‍ ഉണ്ടാക്കാം. ഇതിനെ ആണ് സെക്കന്റ് ഹാന്‍ഡ്‌ സ്മോകിംഗ് എന്ന് വിശേഷിപ്പിക്കുന്നത്.

ലൈറ്റ്സ് എന്ന ഗണത്തില്‍ പെടുന്ന സിഗരെറ്റ്‌കള്‍,സിഗാര്‍(ചുരുട്ട്), ഇലക്ട്രോണിക് സിഗരെറ്റ്‌ എന്നിവയും ഒക്കെ ഹാനീകാരകം ആണ് അവ ഒന്നും അപകടരഹിതം അല്ല.

പുകയില ദുരുപയോഗം നിര്‍ത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍:

* പുകവലിക്കുന്നവരില്‍ 69% പേരും നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ ആണെന്ന് പഠനം സൂചിപ്പിക്കുന്നു.

*പുകയില മൂലമുള്ള രോഗ സാധ്യതകള്‍ കുറയുന്നു.

*യൗവ്വനം കത്ത് സൂക്ഷിക്കാം- അതെ പുകയില ഉപയോഗം നേരത്തെ പ്രായമായത്തിന്റെ സമാന അവസ്ഥയില്‍ നിങ്ങളെ എത്തിക്കുന്നു, ഇതൊഴിവാക്കാം.

*ധനനഷ്ടം ഒഴിവാക്കാം - പുകവലി ചിലവുള്ള സംഗതി കൂടി ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
*പാരിസ്ഥിതിക മലിനീകരണം ഒഴിവാക്കാം. പുക വായുവില്‍ കലരുന്നത് കൂടാതെ ഉപേക്ഷിക്കപ്പെടുന്ന സിഗരെറ്റ്‌ കുറ്റികളും ഇതിനു കാരണം ആവുന്നു.
പ്രതിവർഷം എട്ടരലക്ഷത്തോളം ടൺ ഭാരമുള്ള സിഗററ്റ്‌ കുറ്റികൾ ഉപേക്ഷിക്കപ്പെടുന്നതായി കണക്കാക്കുന്നു.
*സിഗരെറ്റ്‌ കുറ്റികള്‍ അശ്രദ്ധമായി വലിച്ചു എറിയുന്നത് മൂലമുള്ള തീപിടുത്ത സാധ്യതകള്‍ ഒഴിവാക്കപ്പെടുന്നു.

*പുകവലി നേരത്തെ ഉപേക്ഷിച്ചാല്‍ അത്രയും നന്ന് എന്നാല്‍ ഏതു പ്രായത്തിലും നിര്‍ത്തുന്നത് കൊണ്ട് ഗുണം ഉണ്ടാവുക തന്നെ ചെയ്യും.

ചില ഉദാ: നിര്‍ത്തി 1 മാസം കഴിയുമ്പോള്‍ ശ്രദ്ധിക്കത്തക്ക നിലയില്‍ ത്വക്കില്‍ വത്യാസം വരും. ഒരു വര്‍ഷം കഴിയുമ്പോള്‍ ഹൃദയാഘാതം ഉണ്ടാവാനുള്ള റിസ്ക്‌ സാധ്യത പകുതി ആയി കുറയുന്നു. രണ്ടു വര്‍ഷം കഴിയുമ്പോള്‍ മസ്തിഷ്ക ആഘാതം വരാന്‍ ഉള്ള സാധ്യത പുകവലിക്കാത്ത ഒരാള്‍ക്ക്‌ സമാനം ആവുന്നു. പത്തു വര്‍ഷം കഴിയുമ്പോ പുക വലിക്കുന്നവരെ അപേക്ഷിച്ച് ശ്വാസകോശ ക്യാന്‍സര്‍ വരാന്‍ ഉള്ള സാധ്യത പകുതി മാത്രം,15 വര്‍ഷം കഴിഞ്ഞാല്‍ ഹൃദയാഘാതം വരാന്‍ ഉള്ള സാധ്യത പുകവലി ഇല്ലാത്ത ഒരാളെ പോലെ മാത്രമാവും.

പുകയില ദുരുപയോഗം എങ്ങനെ തടയാം?

*പുകയിലയുടെ ദുരുപയോഗം കുറയ്ക്കാന്‍ ഉതകുന്ന പോളിസികള്‍ നിര്‍മ്മിക്കാന്‍ രാഷ്ട്രീയ ഭരണപരമായ കടപ്പാട് ഈ ദൌത്യത്തോടു ഉണ്ടാവേണ്ടതുണ്ട്.

*പുകയിലയുടെ വിപണനവും ലഭ്യതയും കുറയ്ക്കാന്‍ ഉതകുന്ന നടപടികള്‍

കേരളത്തില്‍ പാന്‍ മസാല പോലുള്ളവ നിരോധിക്കാന്‍ നിയമ നിര്‍മ്മിച്ചതും, പൊതു സ്ഥലത്തെ പുകവലി നിരോധിച്ചതും ഒക്കെ ഉദാഹരണങ്ങള്‍ ആണ്, പുകയില പരസ്യങ്ങള്‍ നിയന്ത്രിക്കുക, പുകയിലയുടെ കവറില്‍ അവയുടെ ഉപയോഗത്തില്‍ നിന്ന് പിന്തിരിപ്പാന്‍ ഉതകുന്ന ചിത്രങ്ങളുടെ ആലേഖനം, പ്രാദേശിക ഭാഷയില്‍ ഉള്ള ബോധവല്‍ക്കരണ സന്ദേശങ്ങള്‍ എന്നിവ നിയമം മൂലം നിര്‍ബന്ധമാക്കുക, പുകയിലയ്ക്ക് ഉയര്‍ന്ന തോതില്‍ നികുതി ഏര്‍പ്പെടുത്തുക ഇത്യാദി.

വ്യക്തി കേന്ദ്രീകൃതമായ നടപടികള്‍,

 പുകയിലയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് വ്യക്തികള്‍ക്ക് അവബോധം പകര്‍ന്നു നല്‍കുക.

പുകയില ദുരുപയോഗശീലം ഉള്ളവര്‍ക്ക് അതില്‍ നിന്നും വിമുക്തി നേടാന്‍ കൌണ്‍സലിംഗ് സംവിധാനങ്ങള്‍(Behavioral Therapy പോലുള്ളവ)

പുകയില ലഹരി വിമുക്തി ചികിത്സ:

1, Nicotine Replacement Therapy – സിഗരെറ്റ്‌ പുകയിലുള്ള കൂടുതല്‍ ഹാനികരമായ രാസവസ്തുക്കള്‍ ഒഴിവാക്കി താല്‍ക്കാലിക കാലയളവില്‍ നിക്കോട്ടിന്‍ ചെറിയ അളവില്‍ ശരീരത്തിലേക്ക് നല്‍കുന്നു (ച്യൂയിംഗ് ഗം അല്ലെങ്കില്‍ തൊലിപ്പുറത്ത് ഒട്ടിക്കുന്ന നിക്കോട്ടിന്‍ പാച്ച് മുഖേന). ക്രമേണ പുകവലിക്കാനുള്ള ത്വര ഒഴിവാക്കുക ആണ് ലക്‌ഷ്യം.

2, വാരാനിക്ലൈന്‍ പോലുള്ള മരുന്നുകള്‍.

തേര്‍ഡ് ഹാന്‍ഡ്‌ സ്മോക്ക്‌ ?!!
തേര്‍ഡ് ഹാന്‍ഡ്‌ സ്മോക്ക്‌ എന്നൊരു പ്രതിഭാസത്തെക്കുറിച്ച് അടുത്തകാലത്ത് ശാസ്ത്രലോകം കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നുണ്ട്, എന്താണിത്?

പുക വലിക്കുന്ന ആളുടെ സാന്നിദ്ധ്യമോ,പുകയുടെ തന്നെ ദൃശ്യ സാന്നിധ്യമോ, കത്തുന്ന സിഗരെറ്റോ ഇല്ലാതെ പോലും പുകയിലയുടെ ദൂഷ്യങ്ങള്‍ മറ്റൊരാളില്‍ ചെലുത്തപ്പെടുന്ന പ്രതിഭാസം ആണ് തേര്‍ഡ് ഹാന്‍ഡ്‌ സ്മോക്ക്‌.
ഉദാ: നിങ്ങള്‍ ലിഫ്റ്റ്‌ലോ, മുറികളിലോ ഒക്കെ കടക്കുമ്പോള്‍ പുകയുടെ ഗന്ധം അനുഭവിച്ചു എന്ന് കരുതുക നിങ്ങള്‍ തേര്‍ഡ് ഹാന്‍ഡ്‌ സ്മോക്ക്‌നു ഇര ആവാനിടയുണ്ട് തദവസരത്തില്‍.

പുക കെടുത്തിയാല്‍ പോലും സിഗരെറ്റില്‍ നിന്നുള്ള പലവിധ മാരക വിഷ വസ്തുക്കളുടെ സാന്നിധ്യം അവിടുള്ള കാര്‍പെറ്റ്ലും തുണികളിലും ഭിത്തിയിലും മറ്റു വസ്തുക്കളിലും മണിക്കൂറുകളോളം കാണപ്പെടാം എന്ന് ചില പഠനങ്ങള്‍ പറയുന്നു !!

ഈ പ്രതിഭാസത്തില്‍ പുക അന്തരീക്ഷത്തില്‍ ഉള്ള നൈട്രസ് ഓക്സൈഡമായി കലര്‍ന്ന് രാസപ്രവര്‍ത്തനത്തിലൂടെ സാധാരണ സിഗരെറ്റ്‌ പുകയില്‍ ഇല്ലാത്ത ദോഷവസ്തുക്കള്‍ (tobacco-specific nitrosamines) പോലും രൂപപ്പെടുന്നു അത്രേ.മുതിര്‍ന്നവരേക്കാള്‍ വളരുന്ന പ്രായത്തില്‍ ഉള്ള കുട്ടികളുടെ ആരോഗ്യത്തെ ബുദ്ധിയെ ഒക്കെ തന്നെ ഇത് പ്രതികൂലം ആയി ബാധിച്ചേക്കാം.

ഇതാവട്ടെ ജനലുകള്‍ തുറന്നിട്ടത് കൊണ്ടോ, ഫാന്‍ ഇട്ടതു കൊണ്ടോ, ചില മുറികളില്‍ മാത്രമായി പുക വലിച്ചത് കൊണ്ടോ, വാഹനങ്ങളുടെ ചില്ല് താഴ്ത്തി വെച്ചത് കൊണ്ടോ മാത്രം ഒഴിവാക്കാന്‍ കഴിയില്ല അത്രേ! പുകവലിരഹിത അന്തരീക്ഷം നമ്മള്‍ക്ക് ചുറ്റും കെട്ടിപ്പടുക്കെണ്ടതിന്റെ ആവശ്യകത കൂടി ആണ് ഇത് നമ്മെ പഠിപ്പിക്കുന്നത്‌.

Tobacco kills എന്നാണല്ലോ, പുകയില ഉപഭോഗം നിങ്ങളെ മാത്രം അല്ല നിങ്ങളുടെ വേണ്ടപ്പെട്ടവരെ കൂടെ അത് ബാധിച്ചേക്കാം എന്നത് കൂടി കണക്കില്‍ എടുത്തു പുകയില ഒഴിവാക്കാന്‍ ഉള്ള തീരുമാനങ്ങള്‍ എടുക്കുക.

പിന്‍കുറിപ്പ്: പുക വലിക്കുക പോലും ചെയ്യാത്തവര്‍ക്ക് ശ്വാസകോശ കാന്‍സര്‍ വരുന്നില്ലേ എന്ന് ചിലര്‍ ചോദിക്കുന്നത് കേള്‍ക്കാം. അതിനുത്തരം ഈ പ്രതിഭാസങ്ങളില്‍ ഉണ്ട്, പുകവലിക്ക് വലിയ കൊടുക്കേണ്ടി വരും എന്ന് സിനിമാ തീയറ്ററിലെ പരസ്യത്തില്‍ പറയുന്നത് വെറുതെ അല്ല.

 Dr. Nikhila Govind ഇൻഫോ ക്ലിനിക് എന്ന ഫേസ്ബുക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്

advertisment

Super Leaderboard 970x90