സർക്കാർ ജോലി തന്നാൽ പാവപ്പെട്ട രോഗികളെ സ്വന്തമായി കരുതി ചികിൽസിക്കാം - ഷിംന അസീസ് പറയുന്നു

സർക്കാർ ജോലി എന്റെ സ്വപ്‌നമാണ്‌. ഞാനാഗ്രഹിക്കുന്നത്‌ സാധാരണക്കാരന്റെ നോവും നെടുവീർപ്പും ഒപ്പിയെടുക്കാനാണ്‌. എന്റെ അവസാനം വരെയും അങ്ങനെ ആയിരിക്കുകയും ചെയ്യും. ഞങ്ങൾ ചേർന്ന്‌ എഴുതുകയാണ്‌, ഞങ്ങളുടെ മനസ്സ്‌ പങ്ക്‌ വെക്കുകയാണ്‌ #READYTOJOIN ഹാഷ്‌ ടാഗിലൂടെ…

സർക്കാർ ജോലി തന്നാൽ പാവപ്പെട്ട രോഗികളെ സ്വന്തമായി കരുതി ചികിൽസിക്കാം - ഷിംന അസീസ് പറയുന്നു

ഞാൻ പഠിച്ചതൊരു പ്രൈവറ്റ്‌ മെഡിക്കൽ കോളേജിലെ മാനേജ്‌മെന്റ്‌ സീറ്റിലാണ്‌. ആദ്യവരി വായിച്ചപ്പോഴേ ചുളിഞ്ഞ നെറ്റികൾ മനസ്സിൽ കാണാൻ കഴിയുന്നുണ്ട്‌. സാമ്പത്തികഭദ്രതയുള്ള കുടുംബത്തിലെ അംഗം ആർട്‌സ്‌ ഡിഗ്രി പഠിച്ച്‌, വിവാഹിതയും അമ്മയുമായ ശേഷം എംബിബിഎസ്‌ പഠിക്കാൻ തീരുമാനിച്ചത്‌, കുടുംബാംഗങ്ങൾക്ക്‌ തുടർച്ചയായി വേണ്ടി വന്ന ആശുപത്രിവാസങ്ങളും, അടുത്ത ബന്ധുക്കളുടെ രോഗവും മരണങ്ങളുമെല്ലാം കണ്ട്‌ മനസ്സ്‌ തളർന്നിട്ടാണ്‌.

ഒരു നല്ല ഡോക്‌ടർ എന്തായിരിക്കണമെന്നും ഒരിക്കലും എന്താകരുതെന്നും പഠിപ്പിച്ച നല്ലവരും അല്ലാത്തവരുമായ ഡോക്‌ടർമാർക്ക്‌ ഈ അവസരത്തിൽ നന്ദി പറയട്ടെ. രോഗിയുടേയും കൂട്ടിരിപ്പുകാരന്റേയും ഗതികേട്‌ ഞാൻ പഠിച്ചത്‌ അനുഭവങ്ങളിൽ നിന്നാണ്‌. അവരോടിന്ന്‌ മനുഷ്യത്വത്തോടെ പെരുമാറാൻ സാധിക്കുന്നതും ആ അനുഭവങ്ങളുടെ വെളിച്ചത്തിലാണ്‌.

അവസാനവർഷം പഠിക്കുമ്പോഴാണ്‌ സർക്കാർ ഡോക്‌ടർമാരെ കുറിച്ച്‌ ചിന്തിച്ച്‌ തുടങ്ങുന്നത്‌. നാട്ടിലെ സാധാരണക്കാരിൽ സാധാരണക്കാരെ ചികിത്സിക്കുന്ന തിരക്ക്‌ പിടിച്ച ആ മനുഷ്യരോട്‌ മനസ്സിൽ വല്ലാത്ത ബഹുമാനം തോന്നിത്തുടങ്ങി. ഹൗസ്‌ സർജൻസി സമയത്ത്‌ കമ്യൂണിറ്റി മെഡിസിൻ പോസ്‌റ്റിംഗ്‌ മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിലായിരുന്നു. ഇരുന്ന ഇരുപ്പിൽ മുന്നൂറ്‌ രോഗിയെ നോക്കിയ ദിവസമുണ്ട്‌. കഷ്‌ടപ്പാട്‌ തന്നെയായിരുന്നു. പക്ഷേ, അത്രയേറെ ആത്മസായൂജ്യം ലഭിച്ച ദിവസങ്ങൾ വേറെ അധികമില്ല ജീവിതത്തിൽ. അവിടെ കണ്ട രോഗികളിൽ പലരും ഇന്നും ഏറെ അടുപ്പം കാത്തു സൂക്ഷിക്കുന്നവരാണ്‌. അന്ന്‌ തീരുമാനിച്ചതാണ്‌ ജോലി ചെയ്യുന്നെങ്കിൽ അത്‌ സർക്കാർ മേഖലയിൽ തന്നെ ആയിരിക്കുമെന്ന്‌.

പഠനവും പരിശീലനവും പൂർത്തിയാക്കി ഇറങ്ങി പ്രൈവറ്റ്‌ ആശുപത്രിയിൽ കയറാതെ ഏകദേശം ഒരു മാസം കാത്തു നിന്നത്‌ മഞ്ചേരി മെഡിക്കൽ കോളേജിൽ ജോലിക്ക്‌ കയറണമെന്ന ആഗ്രഹമൊന്ന്‌ കൊണ്ട്‌ മാത്രമാണ്‌. ഇപ്പോൾ ജോലി ആ ബിൽഡിംഗിന്‌ അകത്താണെന്നേയുള്ളൂ. സാങ്കേതികമായി പറഞ്ഞാൽ മഞ്ചേരി ജനറൽ ആശുപത്രിയിലെ പ്രതിരോധകുത്തിവെപ്പ്‌ വിഭാഗത്തിലെ മെഡിക്കൽ ഓഫീസറാണ്‌. അതും കരാർ അടിസ്‌ഥാനത്തിൽ കിട്ടിയ താൽക്കാലികജോലി. ആഗ്രഹിക്കുന്നത്‌ നാട്ടിലെ മെഡിക്കൽ കോളേജിൽ ഒരു സ്‌ഥിരനിയമനമാണ്‌. അതല്ലെങ്കിൽ സർക്കാർ മേഖലയിൽ എവിടെയെങ്കിലും സ്‌ഥിരമായൊരു ജോലി. നിലവിലെ സാഹചര്യത്തിൽ അത്‌ നടക്കുമെന്ന പ്രതീക്ഷ അതിവിദൂരമാണ്‌.

പിഎസ്‌സി പരീക്ഷകൾ കൃത്യമായി നടത്താതെ, നടന്നാൽ തന്നെ കൃത്യമായി നിയമനം നടത്താതെ ഞാനുൾപ്പെടെയുള്ള കരാർ ജീവനക്കാരുമായി മുന്നോട്ട്‌ പോകുകയാണ്‌ നമ്മുടെ ആരോഗ്യവ്യവസ്‌ഥ. അൻപത്തേഴ്‌ വർഷം മുൻപത്തെ സ്‌റ്റാഫ്‌ വിന്യാസവുമായി ഞെങ്ങിയും ഞരങ്ങിയും മുന്നോട്ട്‌ പോകുന്നതിന്‌ പകരം തസ്‌തികകൾ സൃഷ്‌ടിക്കുകയും സ്‌ഥിരനിയമനങ്ങൾ നടത്തുകയുമല്ലേ വേണ്ടത്‌?

എനിക്കൊന്നേ ഓർമ്മിപ്പിക്കാനുള്ളൂ. സർക്കാർ സ്‌ഥിരനിയമനം തരുമെങ്കിൽ ഏത്‌ ഗ്രാമപ്രദേശത്തും ചെന്ന്‌ ജോലി ചെയ്യാൻ ഞാൻ പൂർണ്ണമനസ്സോടെ തയ്യാറാണ്‌. സർക്കാർ ജോലി എന്റെ സ്വപ്‌നമാണ്‌. ഞാനാഗ്രഹിക്കുന്നത്‌ സാധാരണക്കാരന്റെ നോവും നെടുവീർപ്പും ഒപ്പിയെടുക്കാനാണ്‌. എന്റെ അവസാനം വരെയും അങ്ങനെ ആയിരിക്കുകയും ചെയ്യും. അങ്ങനെയുള്ള ഏറെ യുവഡോക്‌ടർമാരെ നേരിട്ടറിയുകയും ചെയ്യാം. ഞങ്ങൾ ചേർന്ന്‌ എഴുതുകയാണ്‌, ഞങ്ങളുടെ മനസ്സ്‌ പങ്ക്‌ വെക്കുകയാണ്‌ #READYTOJOIN ഹാഷ്‌ ടാഗിലൂടെ…

സർക്കാർ സർവ്വീസിൽ ജോയിൻ ചെയ്യാനുള്ള സന്നദ്ധത അറിയിക്കാൻ Hari Udayan Rishana P Ibrahim എന്നിവരെ ക്ഷണിക്കുന്നു…

ഡോ .ഷിംന അസീസ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്

advertisment

News

Super Leaderboard 970x90