'വീഡിയോ ഇട്ടും വൈകാരികപ്രകടനം നടത്തിയും മോഹനനും ഉറഞ്ഞ്‌ തുള്ളുന്ന വടക്കനും നമ്മളെ ആപത്തിന്റെ പടുകുഴിയിലേക്ക്‌ തള്ളാനാണ്‌ ശ്രമിക്കുന്നത്‌.... കപടശാസ്‌ത്രജ്‌ഞരുടേയും ഊഹോപാഹക്കാരുടേയും കെണിയിൽ പെടാതെ നമുക്ക്‌ ഒന്നിച്ച്‌ നിൽക്കാം' - ഡോ. ഷിംന അസീസ്

ആരോഗ്യവകുപ്പ്‌ അശ്രാന്തപരിശ്രമത്തിലൂടെ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്ന രോഗത്തിന്റെ കാര്യത്തിൽ തുരങ്കം വെക്കുന്നവർ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ഞെളിഞ്ഞിരിക്കുന്നത്‌ നമ്മുടെ ഭരണത്തിന്റെയോ നിയമവ്യവസ്‌ഥയുടെയോ പരാജയമായിരിക്കാം.

 'വീഡിയോ ഇട്ടും വൈകാരികപ്രകടനം നടത്തിയും മോഹനനും ഉറഞ്ഞ്‌ തുള്ളുന്ന വടക്കനും നമ്മളെ ആപത്തിന്റെ പടുകുഴിയിലേക്ക്‌ തള്ളാനാണ്‌ ശ്രമിക്കുന്നത്‌.... കപടശാസ്‌ത്രജ്‌ഞരുടേയും ഊഹോപാഹക്കാരുടേയും കെണിയിൽ പെടാതെ നമുക്ക്‌ ഒന്നിച്ച്‌ നിൽക്കാം' - ഡോ. ഷിംന അസീസ്

വലിയൊരു ടെക്സ്റ്റ് ബുക്കിന്റെ വളരെ ചെറിയ ഒരു മൂലയില്‍ നാലഞ്ച് വരികളില്‍ മാത്രമാണ് പഠനകാലത്ത് നിപ്പ വൈറസിനെ കുറിച്ച് വായിച്ചിട്ടുള്ളത്. നാട്ടിലെങ്ങും ഇല്ലാത്ത ഒരു പനിയെക്കുറിച്ച് പരീക്ഷക്ക്‌ ഒരിക്കലും ചോദിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ അന്ന് ആ ഭാഗത്തേക്ക് പോലും നോക്കിയില്ല. കേരളം പോലെ ആവശ്യത്തിനു വൃത്തിയും ആവശ്യത്തിലേറെ വിദ്യാഭ്യാസവുമുള്ളയിടത്ത് ഇതൊക്കെ വരുമോ എന്ന തനിമലയാളിയുടെ ബോധശൂന്യമായ അഹങ്കരമാകാം കാരണം.

ഇന്ന് ദക്ഷിണേന്ത്യയില്‍ ആദ്യമായി നമ്മുടെ കോഴിക്കോടും മലപ്പുറത്തും ഈ രോഗം പടരുന്നു എന്നറിയുമ്പോള്‍ തോന്നുന്നത് ആശങ്ക തന്നെയാണ്. പക്ഷെ, ഒന്നുറപ്പിച്ചു പറയട്ടെ, ഭയക്കേണ്ടതില്ല. വേണ്ടത് വിവേകവും ജാഗ്രതയുമാണ്.

താരതമ്യേന പുതിയതായി മാത്രം കണ്ടെത്തിയ രോഗമായിട്ടും, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൃത്യമായ രീതിയില്‍ തന്നെ രോഗനിര്‍ണയം നടത്താന്‍ സാധിച്ചു എന്നതും സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ നമ്മുടെ ആരോഗ്യവകുപ്പിന്‍റെ ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടായി എന്നതും തികച്ചും അഭിനന്ദനീയമാണ്. മരണപ്പെട്ടവരുടെ വീട്ടിലെ കിണറ്റില്‍ നിന്ന് വവ്വാലുകളെ പിടി കൂടി അവയുടെ സ്രവങ്ങള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. അവയാണോ രോഗത്തിന് ഹേതു എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. കൃത്യമായ ചിത്രം നാളെ പരിശോധനയുടെ ഫലം വരുമ്പോഴേ അറിയാന്‍ സാധിക്കൂ. എന്നിരുന്നാലും വടക്കനും വാട്ട്‌സ്സപ്പും വൈദ്യരും വവ്വാലും കൃത്യമായി ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കി കൊണ്ടേ ഇരിക്കുന്നു.

മരുന്നോ വാക്സിനോ ഇല്ലാത്ത ഈ രോഗം വന്നു കഴിഞ്ഞാല്‍ മരണസാധ്യത 74.5% ആണെന്ന് വായിച്ചിരിക്കുമല്ലോ. അതിനാല്‍ തന്നെ പ്രതിരോധമാണ് ഏറ്റവും ഫലപ്രദമായ മരുന്ന്. വവ്വാലുകള്‍ അല്ല ഇവിടെ വൈറസിനെ കൊണ്ട് വന്നു പരത്തിയത് എന്ന് കേള്‍ക്കുന്നുവെങ്കിലും ആ സാധ്യത തള്ളിക്കളയാന്‍ ആയിട്ടില്ല. വവ്വാല്‍ തൊട്ടിരിക്കാന്‍ സാധ്യതയുള്ള മാങ്ങാ, പേരക്ക, ചാമ്പക്ക, പപ്പായ പോലെയുള്ളവ ഒഴിവാക്കുന്നത് തന്നെയാണ് ഉത്തമം. വാഴയിലയില്‍ ഉള്ള ഊണും ഒഴിവാക്കാം. പക്ഷേ, പഴക്കടയില്‍ ഉള്ള സര്‍വ്വ പഴങ്ങളും ഉപേക്ഷിച്ചു ജീവിക്കേണ്ട യാതൊരു കാര്യവുമില്ല. തോടുള്ള പഴങ്ങള്‍ ധൈര്യമായി ഉപയോഗിക്കാം. വവ്വാല്‍ കടിച്ച പഴങ്ങള്‍ക്ക് മാത്രമേ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ.

വാങ്ങുന്ന പഴങ്ങള്‍ ഇപ്പോഴെന്നല്ല എപ്പോഴും നന്നായി കഴുകി തൊലി ചെത്തി തന്നെയാണ് ഭക്ഷിക്കേണ്ടത് എന്നിരിക്കെ അവിടെയും വ്യത്യാസങ്ങള്‍ വേണ്ടി വരില്ല. നിപ്പ കാലത്ത്, അതും ഈ നോമ്പ് കാലത്ത് പഴങ്ങള്‍ പൂര്‍ണമായി ഉപേക്ഷിക്കുന്നത് അത്ര ആരോഗ്യകരമെന്നു കരുതാനാകില്ല. പക്ഷെ, നാട്ടുപഴങ്ങളെ അല്‍പ കാലത്തേക്ക് മറക്കുന്നത് തന്നെയാവും സുരക്ഷിതം. കാര്യം ഇതൊക്കെ ആണെങ്കിലും വവ്വാലുകളെ കൂട്ടത്തോടെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് നമ്മുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഭൂമിയുടെ അവകാശികളാണ് അവരുമെന്നു ഓര്‍ത്തു കൊണ്ട് നമുക്ക് ഇതിനായുള്ള പരിഹാരങ്ങള്‍ക്ക് വേണ്ടി വിദഗ്ധരില്‍ നിന്നുള്ള വാക്കുകള്‍ക്കായി ചെവിയോര്‍ക്കാം.

കഴിഞ്ഞ ദിവസം പേരാമ്പ്ര ഭാഗത്തുള്ള മാങ്ങ ചെത്തി തിന്നുന്ന മോഹനന്റെ ഹീറോയിസം കാണിക്കുന്ന വീഡിയോ കണ്ടു കൈയ്യടിക്കാന്‍ കൂടിയവര്‍ ഒന്നോര്‍ക്കുക. ആ വഴിക്ക് രോഗം വരാനുള്ള സാധ്യത ഇപ്പോഴും പൂര്‍ണമായി മാറ്റി വെക്കപ്പെട്ടിട്ടില്ല. ദയവു ചെയ്തു അത്തരം സമൂഹ്യവിപത്തുകളുടെ ചെയ്തികള്‍ അനുകരിക്കരുത്. ആയുസ്സ് വെച്ച് പരീക്ഷണം അരുത്. ഹോമിയോ ഡിഎംഒ അടക്കം തള്ളിപ്പറഞ്ഞ 'നിപ്പ വൈറസിനെതിരെയുള്ള പ്രതിരോധമരുന്ന്‌', 21 വർഷം മുൻപ്‌ മാത്രം കണ്ടെത്തിയ രോഗത്തിനുള്ള 5000 വർഷം പഴക്കമുള്ള സിദ്ധവൈദ്യം എന്നിവയെല്ലാം തട്ടിപ്പാണെന്ന്‌ പ്രബുദ്ധമലയാളിക്ക്‌ ഉൾക്കൊള്ളാനാവണം.

അടുത്ത പ്രചരണം മാംസം കഴിക്കാന്‍ പാടില്ല എന്നുള്ളതാണ്. നമ്മള്‍ മാംസം വേവിച്ചു കഴിച്ചു ശീലമുള്ളവരാണ്. വേവുന്ന മാംസത്തിന്റെ ചൂട് സഹിക്കാന്‍ വൈറസിനെ കൊണ്ട് സാധിക്കില്ല. അത് നശിച്ചു പോകും. പാലും തിളപ്പിച്ച്‌ കുടിച്ചാല്‍ പ്രശ്നം തീരും. ബംഗ്ലാദേശില്‍ നിന്നുമുള്ള ഈന്തപ്പഴങ്ങള്‍ അപ്പടി കുഴപ്പമാണ്, ‘സ്പര്‍ശനേ പാപം’ എന്ന് പറയുന്ന വാട്ട്‌സ്സപ് മെസേജും കണ്ടു. അത്രയും ചൂടും യാത്രയുമൊന്നും വൈറസുകള്‍ അതിജീവിക്കില്ല. ഇനി അത്രയ്ക്ക് ഭയമുണ്ടെങ്കില്‍, കുറച്ചു നേരം തിളച്ച വെള്ളത്തില്‍ ഇട്ട് എടുത്ത് ഈന്തപ്പഴം കഴിക്കാം. നിപ്പ വൈറസ് വന്നെന്നു കരുതി പട്ടിണി കിടക്കേണ്ടതില്ല. ധാരാളം പച്ചക്കറിയും പഴങ്ങളും വെള്ളവും ചെല്ലേണ്ട കൊടിയ വേനലില്‍ ഇത്തരം പരീക്ഷങ്ങള്‍ വേണ്ട തന്നെ.

കുടിക്കുമ്പോഴും കുളിക്കുമ്പോഴും മുഖം കഴുകുമ്പോഴും ശ്വസനപാതയില്‍ അണുക്കള്‍ എത്തിച്ചേരാന്‍ ഉള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. കിണറ്റില്‍ വവ്വാല്‍ കാഷ്ഠിക്കുന്നതായി ശ്രദ്ധയില്‍ പെട്ടുവെങ്കില്‍, കിണര്‍ ഒന്ന് ക്ലോറിനേറ്റ് ചെയ്താല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ. കുടിക്കാനായി ഉപയോഗിക്കുന്ന വെള്ളം നന്നായി തിളപ്പിച്ച്‌ ഉപയോഗിക്കുകയും ചെയ്യുക. പ്രയോഗികരീതികള്‍ ഉള്‍ക്കൊള്ളുകയാണ് ശരി. തീരെ നിസ്സംഗതയോടെ കാര്യങ്ങള്‍ കാണുന്നതും ഒരു പരിധി വിട്ടു പരിഭ്രമിക്കുന്നതും ഒരു പോലെ ദോഷം ചെയ്യും.

ഇനി ഇതിനെല്ലാമപ്പുറം, പശ്‌ചിമ ബംഗാള്‍ സ്വദേശികള്‍ ആവാം രോഗത്തിന്‍റെ സ്രോതസ്സ് എന്ന ഊഹം പ്രചരിപ്പിച്ച ചില വാട്ട്‌സപ് പ്രചരണങ്ങളില്‍ ആകൃഷ്ടരായി അന്നവും ജോലിയും തേടി നമ്മുടെ നാട്ടില്‍ എത്തിയ ബംഗാള്‍ സ്വദേശികളെ പിടിച്ച പിടിയാലെ അടുത്ത ട്രെയിനില്‍ കയറ്റി വിടുന്ന കാഴ്ചയും കഴിഞ്ഞ ദിവസം നമ്മുടെ മണ്ണില്‍ ഉണ്ടായി. എത്ര മാത്രം അപമാനകരവും മനുഷ്യത്വരഹിതവുമായ പ്രവര്‍ത്തിയാണ് ഇതെല്ലാം. നമുക്ക് കൃത്യമായ മാര്‍ഗരേഖകള്‍ക്കായി കാത്തിരിക്കാമല്ലോ. അതിനു മുന്‍പേ നമ്മുടെ അതിഥികളായി എത്തിയ തൊഴിലാളികളോട് ഇങ്ങനെ പെരുമാറുന്നതിന് എന്ത് ന്യായീകണമാണ് നല്‍കാനാവുക !

ഓർക്കുക, അമിതഭയം കൊണ്ട്‌ ഒന്നും നേടാനാകില്ല. ഈ വേളയിൽ കപടശാസ്‌ത്രജ്‌ഞരുടേയും ഊഹോപാഹക്കാരുടേയും കെണിയിൽ പെടാതെ നമുക്ക്‌ ഒന്നിച്ച്‌ നിൽക്കാം.

ഇത്തരമൊരു ഗുരുതരാവസ്ഥയിൽ തുണയായി ഈ പാഷാണത്തിൽ കൃമികളൊന്നും ഉണ്ടാകില്ല. വീഡിയോ ഇട്ടും വൈകാരികപ്രകടനം നടത്തിയും മോഹനനും ഉറഞ്ഞ്‌ തുള്ളുന്ന വടക്കനും നമ്മളെ ആപത്തിന്റെ പടുകുഴിയിലേക്ക്‌ തള്ളാനാണ്‌ ശ്രമിക്കുന്നത്‌. ദയവ്‌ ചെയ്‌ത്‌ ഈ കള്ളനാണയങ്ങളിൽ വീണ്‌ നമ്മൾ ഇന്ന്‌ വരെ നേടിയെടുത്ത പ്രതിരോധത്തിന്റെ ഇരുമ്പ് മതിലിൽ പാടുകൾ വീഴ്‌ത്തരുത്‌. നഷ്‌ടം നമുക്ക്‌ മാത്രമാണ്‌.

വൈറസിന്റെ സ്രോതസ്‌ എന്തോ ആവട്ടെ, നമ്മുടെ കുടുംബാംഗത്തെ, സുഹൃത്തിനെ, അധ്യാപകനെ, നേഴ്‌സിനെ, ബന്ധുവിനെ നമുക്ക്‌ ഇനി നിപ്പാ വൈറസിന്‌ തിന്നാൻ കൊടുത്തു കൂടാ. ആരോഗ്യവകുപ്പ്‌ അശ്രാന്തപരിശ്രമത്തിലൂടെ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്ന രോഗത്തിന്റെ കാര്യത്തിൽ തുരങ്കം വെക്കുന്നവർ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ഞെളിഞ്ഞിരിക്കുന്നത്‌ നമ്മുടെ ഭരണത്തിന്റെയോ നിയമവ്യവസ്‌ഥയുടെയോ പരാജയമായിരിക്കാം. സാരമില്ല, പുരയ്‌ക്ക്‌ മീതേ വെള്ളമെങ്കിൽ, വെള്ളത്തിന്‌ മീതേ തോണി. അവരുടെ പ്രചരണങ്ങൾക്ക്‌ തല വെച്ച്‌ കൊടുക്കില്ലെന്നും രോഗം തടയാൻ ഒരു സാമൂഹികജീവി എന്ന നിലയിൽ പരിശ്രമിക്കുമെന്നും മനസ്സാക്ഷിയോട്‌ ഉറപ്പ്‌ പറഞ്ഞാൽ മതി.

ഈ രോഗത്തെ നേരിടാം. മുൻകരുതലുകളെടുക്കുന്നതിൽ മടിക്കരുതെന്നപേക്ഷിക്കുന്നു. വിവേകവും വകതിരിവുമാണ്‌ ആവശ്യം. സാമൂഹ്യവിപത്തുകളെ ഒറ്റപ്പെടുത്തുക. നമ്മളൊന്നിച്ച്‌ തന്നെ മുന്നോട്ട്‌...


( ഇന്നത്തെ മാതൃഭൂമി നഗരം കോഴിക്കോട് എഡിഷനിൽ പ്രസിദ്ധീകരിച്ചത്. )

advertisment

News

Related News

    Super Leaderboard 970x90