ദീപ ടീച്ചർ എന്തിന്റെ പേരിലാണ്‌ ഈ കുട്ടികളിൽ ജാതിമതിൽ ആരോപിച്ചത്‌? അവരെക്കുറിച്ച്‌ എന്തറിഞ്ഞിട്ടാണ്‌? ഡോ.ഷിംന അസീസ്

മാപ്പ്‌ പറഞ്ഞ്‌ പരാമർശം പിൻവലിക്കുന്നതാണ്‌ മാന്യത. അതല്ലാതെ ദീപ നിശാന്തിന്റെ പോസ്‌റ്റിനെതിരെ കമന്റിടുന്ന എല്ലാവരേയും നിരത്തിപ്പിടിച്ച്‌ ബ്ലോക്ക്‌ ചെയ്യുന്നതാണ്‌ രീതി എങ്കിൽ, അഭിപ്രായസ്വാതന്ത്ര്യത്തിനും പ്രതിഷേധത്തിനും എതിരേയുള്ള താങ്കളുടെ കുടുസ്സായ ചിന്താഗതിയേക്കാൾ നൂറു മടങ്ങ്‌ മികച്ചതാണ്‌ ഈ കുട്ടികളുടെ മനസ്സിന്റെ വിശാലത എന്ന്‌ ഞാൻ പറയും....

ദീപ ടീച്ചർ എന്തിന്റെ പേരിലാണ്‌ ഈ കുട്ടികളിൽ ജാതിമതിൽ ആരോപിച്ചത്‌? അവരെക്കുറിച്ച്‌ എന്തറിഞ്ഞിട്ടാണ്‌? ഡോ.ഷിംന അസീസ്

ഏത്‌ അസമയത്തും തൃശൂർ ഭാഗത്തേക്ക്‌ തനിച്ച്‌ യാത്ര ചെയ്യാനൊരു ധൈര്യമാണ്‌. എന്തെങ്കിലും ഒരു ബുദ്ധിമുട്ടുണ്ടായാൽ ഒരു വിളിക്ക്‌ ഓടി വരാൻ തൃശൂർ മെഡിക്കൽ കോളേജിലെ അനിയൻമാരും അനിയത്തിമാരുമുണ്ട്‌. അവർ എന്നെ കൊണ്ടു വിടുന്നത്‌ ലേഡീസ്‌ ഹോസ്‌റ്റലിലെ ഒരു ബഹളക്കൂട്ടത്തിലേക്കാണ്‌. അവിടെ പഠിച്ചിട്ടില്ലെന്നേയുള്ളൂ, അവരിലൊരാൾ തന്നെയാണ്‌.

എനിക്കൊരു കട്ടില്‌ കിട്ടുമെന്ന്‌ ഉറപ്പുള്ള മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്‌ഥിനികൾ താമസിക്കുന്ന ആ വിശാലമായ ഹോസ്‌റ്റൽ മുറിയിൽ തട്ടമിട്ടവരും കുരിശ്‌ വരക്കുന്നവരും കുറി തൊടുന്നവരുമുണ്ട്‌. കൂട്ടുകാരി നിസ്‌കരിച്ചിട്ട്‌ ചോറുണ്ണാൻ പോകാമെന്ന്‌ പറഞ്ഞിരിക്കുന്ന കുട്ടികൾക്കിടയിൽ അവിടെ ഞാനൊരു 'ജാതിമതിലും' കണ്ടില്ല. നിറയേ മരങ്ങളുള്ള ആ ക്യാമ്പസിലൂടെ നടന്നിട്ടുള്ള ഒരു ദിവസവും അവിടെയെങ്ങും അതിരുകളും വരമ്പുകളും കണ്ടില്ല. കണ്ടത്‌ ജീവനുള്ള സ്‌നേഹോഷ്‌മളമായ ബന്ധങ്ങൾ മാത്രം.

ഒരു പരിപാടിക്ക്‌ തനിച്ചും മറ്റൊരു പരിപാടിക്ക്‌ കൂട്ടത്തിലും അതിഥിയായി പോയി പിന്നീട്‌ പല തവണ പോയി അവരുടേതായ വ്യക്‌തിയാണ്‌ ഞാൻ ഞാൻ. അവരൊന്നും 'ഷിംനത്താ' എന്ന്‌ വിളിക്കുന്നതും കാര്യങ്ങൾ വന്ന്‌ പറയുന്നതും 'ജാതിമതിൽ' പരിഗണിച്ചല്ല. അവർക്ക്‌ പരസ്‌പരമുള്ള ഇഴയടുപ്പവും ബന്ധവും എത്രയെന്ന്‌ വ്യക്‌തമായറിയാം. അത്‌ കൊണ്ടു തന്നെ അവരിലൊരാളുടെ വരികളാണിത്‌.

തൃശൂർ മെഡിക്കൽ കോളേജിൽ രോഹിത്‌ വെമൂലയുടെ പേരിൽ നടത്തുന്ന സ്‌കോളർഷിപ്പ്‌ വിതരണത്തിന്‌ ഓഡിറ്റോറിയം പ്രിൻസിപ്പൽ വിട്ടു കൊടുത്തില്ല, പകരം പുറത്തെ ഷെഡിൽ പരിപാടി നടത്തി. ഇതിന്റെ പേരിൽ അതിഥിയായി വന്ന Deepa Nisanth തന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റിലും കമന്റിലും 'ജാതിമതിലുകൾ' തീർത്തു, അവരെ 'അരാഷ്‌ട്രീയവാദി'കളാക്കി, 9.30ക്ക്‌ ക്യാമ്പസിൽ കയറി വൈകുന്നേരം ഇറങ്ങിപ്പോകുന്ന 'വെറും' വിദ്യാർത്‌ഥികളാക്കി.

അരാഷ്‌ട്രീയത ആരോപിച്ച്‌ ആ ക്യാമ്പസിനെ കൊച്ചാക്കുമ്പോഴും 'നമുക്കിടയിൽ ജാതിമതിലുകൾ മതി, പാർട്ടിമതിലുകൾ വേണ്ട' എന്ന രീതി നിലനിൽക്കുന്നു എന്ന ഗുരുതരമായ ആരോപണം ആ കുട്ടികളെക്കുറിച്ച്‌ ആരോപിക്കുമ്പോഴും ഒരു അധ്യാപിക എന്ന നിലയിൽ ദീപ ടീച്ചർക്ക്‌ ഒരൽപം കൂടി വിശാലമായ കാഴ്‌ചപ്പാട്‌ ആവാമായിരുന്നു. ആ ക്യാമ്പസിലെ വിശേഷങ്ങൾ പഠിച്ചെഴുതണമായിരുന്നു.

അതല്ല, ആ പറഞ്ഞ കമൻുകൾ ഒന്നിലേറെ ക്യാമ്പസുകളെ കുറിച്ചായിരുന്നെങ്കിൽ, താൻ സാമാന്യവൽക്കരിച്ചതാണ്‌ എന്നൊരു വിശദീകരണം ടീച്ചർ തന്നെ പറയണമായിരുന്നു. അങ്ങനെയെങ്കിൽ, ആരോപണം സാരമായി തുടരുമ്പോഴും, ഒരു കൂട്ടം വിദ്യാർത്‌ഥികൾക്കെതിരെ മാത്രമായി വിരൽ ചൂണ്ടപ്പെടുന്നത്‌ ഇല്ലാതായേനെ. ഇപ്പോഴത്‌ പറയുന്നത്‌ ന്യായീകരണ കമ്മറ്റിക്കാരാണ്‌. സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ട്‌.

ദീപ ടീച്ചർ എന്തിന്റെ പേരിലാണ്‌ ഈ കുട്ടികളിൽ ജാതിമതിൽ ആരോപിച്ചത്‌? അവരെക്കുറിച്ച്‌ എന്തറിഞ്ഞിട്ടാണ്‌? അവർ ടീച്ചറുടെ പരിപാടി തടയാൻ ശ്രമിച്ചു, മുടക്കാൻ ശ്രമിച്ചു എന്നൊക്കെ പറയുന്നത്‌ എന്തടിസ്‌ഥാനത്തിലാണ്‌? അതിഥികളോട്‌ പെരുമാറുന്നതിൽ ആ കുട്ടികൾക്കുള്ളത്‌ ഐക്യകണ്‌ഠേനയുള്ള സ്‌നേഹത്തിന്റെ രാഷ്‌ട്രീയമാണ്‌. അവരൊരിക്കലും അത്‌ ചെയ്യില്ല. അനുഭവിച്ചതാണ്‌ പല തവണ.

എന്തിനാണ്‌ മാഡം നല്ലൊരു കൂട്ടം വിദ്യാർത്‌ഥികളോട്‌ ഇങ്ങനെ പെരുമാറുന്നത്‌? നിങ്ങളെപ്പോലെ വായനക്കാരുടേയും കേൾവിക്കാരുടേയും ആധിക്യം അവർക്കില്ലെന്നത്‌ നേര്‌. പക്ഷേ, ആത്മാഭിമാനമുള്ളവരാണ്‌. നേരും നെറിയും നിലപാടുമുള്ളവരാണ്‌. നല്ല കുട്ടികളാണ്‌.

മാപ്പ്‌ പറഞ്ഞ്‌ പരാമർശം പിൻവലിക്കുന്നതാണ്‌ മാന്യത. അതല്ലാതെ ദീപ നിശാന്തിന്റെ പോസ്‌റ്റിനെതിരെ കമന്റിടുന്ന എല്ലാവരേയും നിരത്തിപ്പിടിച്ച്‌ ബ്ലോക്ക്‌ ചെയ്യുന്നതാണ്‌ രീതി എങ്കിൽ, അഭിപ്രായസ്വാതന്ത്ര്യത്തിനും പ്രതിഷേധത്തിനും എതിരേയുള്ള താങ്കളുടെ കുടുസ്സായ ചിന്താഗതിയേക്കാൾ നൂറു മടങ്ങ്‌ മികച്ചതാണ്‌ ഈ കുട്ടികളുടെ മനസ്സിന്റെ വിശാലത എന്ന്‌ ഞാൻ പറയും.

നെഞ്ചിൽ കനലുള്ള മക്കളാണ്‌ തൃശൂർ മെഡിക്കൽ കോളേജിലേത്‌. കൊടിയും നിറവും പുറത്ത്‌ തേച്ച്‌ വെച്ചതിലുമപ്പുറം ആത്മാവുണ്ടവർക്ക്‌, വ്യക്‌തമായ രാഷ്‌ട്രീയവുമുണ്ട്‌. അവരെ അനാവശ്യമായി താഴ്‌ത്തിക്കെട്ടരുത്‌. മാന്യത കാണിക്കണം, പരാമർശം പിൻവലിക്കണം. അവിടെ ആരും താഴുന്നില്ല.

മറിച്ചാണെങ്കിൽ എന്നെയുമങ്ങ്‌ ബ്ലോക്ക്‌ ചെയ്തേക്കണം മാഡം. മനസ്സിൽ മതിലുകൾ തീർത്തൊരാളേക്കാൾ എനിക്കിഷ്‌ടം ആ കുട്ടികളുടെ ഇടയിലിരിക്കുമ്പോൾ കിട്ടുന്ന ആനന്ദമാണ്‌.

അവരെന്റെ ഭാഗം കൂടിയാണ്‌. അവരെ എനിക്കറിയാം.

advertisment

News

Super Leaderboard 970x90