Health

അപ്രതീക്ഷിത പ്രസവങ്ങളെ എങ്ങനെ നേരിടാം ?

ആദ്യമേ പറയട്ടെ, ഇതൊക്കെ വായിച്ച് നിന്ന നില്‍പ്പില്‍ പ്രസവിക്കുമോ എന്നൊന്നും ആരും പേടിക്കേണ്ട. പൊതുവേ, ആദ്യപ്രസവക്കാർക്ക്‌ വേദന തുടങ്ങുന്നത്‌ മുതൽ പ്രസവം വരെ മണിക്കൂറുകൾ സമയം കിട്ടാറുണ്ട്‌. ഒന്നാമത്തെ തവണയല്ലെങ്കിലും മിക്കവർക്കും ഈ പറഞ്ഞ ഇടവേള ഏറ്റക്കുറച്ചിലുകളോടെ ഉണ്ടാവും. പക്ഷേ, ചിലപ്പോഴെങ്കിലും വളരെ പെട്ടെന്ന് പ്രസവത്തിലേക്ക്‌ എത്തി ചേരുന്ന അവസ്ഥ ഉണ്ടായാല്‍ എന്ത് ചെയ്യണം എന്ന് പറഞ്ഞു തരികയാണ് ഇവിടെ...

അപ്രതീക്ഷിത പ്രസവങ്ങളെ എങ്ങനെ നേരിടാം ?

അവസാനമായി ആര്‍ത്തവം ഉണ്ടായതിന്റെ ആദ്യദിവസം മുതൽ നാല്‍പത് ആഴ്ച തികയുന്ന അന്നേക്കാണ് വല്യ വയറിനകത്തുള്ള കുഞ്ഞാവ പുറത്ത് വരാനുള്ള ഡേറ്റ് ഡോക്ടര്‍ കണക്ക് കൂട്ടി തരുന്നത്. വയറിനു പുറത്തുള്ള മക്കളെക്കാള്‍ അനുസരണയാണ് അകത്തുള്ള മക്കള്‍ക്ക്‌ എന്നുള്ളത് കൊണ്ട് കുഞ്ഞാവ മിക്കപ്പോഴും അത്രയൊന്നും കാത്തു നില്‍ക്കാതെ സര്‍പ്രൈസ് എന്‍ട്രി ആയിട്ടാവും പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞയാഴ്ച ഇങ്ങനെ എല്ലാം വളരെ പെട്ടെന്നായ എന്റെ കൂട്ടുകാരനും ഓന്റെ ഓള്‍ക്കും ഒരു കടുകുമണിയോളം അങ്ങട്ടോ ഇങ്ങട്ടോ ആയിരുന്നേല്‍ കാര്‍ ലേബര്‍ റൂം ആവുമായിരുന്ന ആ ടെൻഷൻ കഥ ആദ്യ കമന്റിലുണ്ട്. ഹൗസ് സര്‍ജന്‍സി കാലത്ത് ഒരു മിനിറ്റ് തെറ്റിയിരുന്നെങ്കില്‍ കുഞ്ഞ്‌ നിലത്തേക്കു പിറന്നു വീഴുമായിരുന്ന ഭീകരാവസ്ഥക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. കൂടെ നില്‍ക്കുന്നവരെ തീ തീറ്റിച്ചാലും മനസ്സാന്നിധ്യത്തിന്‍റെ ഉച്‌ഛസ്ഥായില്‍ ധൈര്യവതിയായി കിടന്നു ശടപടേന്ന് പ്രസവിച്ച അത്തരം മിടുക്കികളായ അമ്മമാര്‍ക്കും അവരുടെ കുഞ്ഞിപൈതങ്ങള്‍ക്കും, ഒപ്പം ഇനി ഇങ്ങനൊരു അവസ്ഥ നേരിടേണ്ടി വന്നേക്കാവുന്ന അമ്മമാർക്കും ഈ #SecondOpinion സമര്‍പ്പിക്കുന്നു.

ആദ്യമേ പറയട്ടെ, ഇതൊക്കെ വായിച്ച് നിന്ന നില്‍പ്പില്‍ പ്രസവിക്കുമോ എന്നൊന്നും ആരും പേടിക്കേണ്ട. പൊതുവേ, ആദ്യപ്രസവക്കാർക്ക്‌ വേദന തുടങ്ങുന്നത്‌ മുതൽ പ്രസവം വരെ മണിക്കൂറുകൾ സമയം കിട്ടാറുണ്ട്‌. ഒന്നാമത്തെ തവണയല്ലെങ്കിലും മിക്കവർക്കും ഈ പറഞ്ഞ ഇടവേള ഏറ്റക്കുറച്ചിലുകളോടെ ഉണ്ടാവും. പക്ഷേ, ചിലപ്പോഴെങ്കിലും വളരെ പെട്ടെന്ന് പ്രസവത്തിലേക്ക്‌ എത്തി ചേരുന്ന അവസ്ഥ ഉണ്ടായാല്‍ എന്ത് ചെയ്യണം എന്ന് പറഞ്ഞു തരികയാണ് ഇവിടെ. ഒരു ചെറിയ മുന്നൊരുക്ക സഹായി. പ്രസവം അടുക്കുമ്പോഴേ ആശുപത്രിയില്‍ പോകാനുള്ള കോട്ടന്‍ തുണികളും മറ്റു സാമഗ്രികളും തയ്യാറാക്കി വെയ്‌ക്കുന്നതു പോലെ ഒരെണ്ണം.

തിയ്യതിക്കു മുന്നേ അപ്രതീക്ഷിതമായി ഒരു സുപ്രഭാതത്തില്‍ മൂപ്പര്‍ പൊടുന്നനെ പുറത്ത് ചാടാന്‍ പരിപാടിയിടുന്നുണ്ടോ എന്ന്‌ എങ്ങനെ തിരിച്ചറിയാം...? ഇടവിട്ട്‌ വന്നു പോകുന്ന വയറുവേദനയെ ശ്രദ്ധിക്കുക, നേരിയ തോതിലെങ്കിലും രക്‌തസ്രാവമുണ്ടെങ്കിൽ അതും അവഗണിക്കരുത്‌. വീട്ടിലുള്ളവരോട് കാര്യം പറയുക. കുറച്ച്‌ കഴിഞ്ഞ്‌ പറയാമെന്ന്‌ കരുതി നീട്ടി വെക്കുന്നത്‌ ആശുപത്രിയിലേക്കിറങ്ങുന്ന നേരത്ത്‌ അനാവശ്യവെപ്രാളവും ആശയക്കുഴപ്പങ്ങളുമുണ്ടാക്കിയേക്കും. കാലിനിടയിലൂടെ വെള്ളം തുടര്‍ച്ചയായി താഴോട്ട് ഒഴുകി തുടങ്ങുമ്പോള്‍ അത് മൂത്രമാണെന്ന് കരുതി വീട്ടിലിരിക്കരുത്. പുറത്ത് വരുന്നത് കുഞ്ഞു കിടക്കുന്ന ആമ്നിയോട്ടിക് ദ്രവം ആയിരിക്കാം. ‘ലീക്കിംഗ്’ എന്ന് പറയുന്ന ഈ പ്രതിഭാസം തുടങ്ങിയാല്‍ പ്രസവം അധികം വൈകാന്‍ സാധ്യത കുറവാണ്.

പ്രസവതിയ്യതിക്ക് മൂന്നാഴ്ചയിലേറെ ബാക്കിയുള്ളപ്പോള്‍ ആണ് ഈ സംഭവിക്കുന്നത്‌ എങ്കില്‍, അതായത് ഗര്‍ഭത്തിനു 37 ആഴ്ച പ്രായമെത്തും മുന്‍പാണ് ഇതെങ്കില്‍, എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ച് കുഞ്ഞിന്റെ ശ്വാസകോശം വികാസം പ്രാപിക്കാനുള്ള ഇന്‍ജക്ഷന്‍ എടുക്കേണ്ടതുണ്ട്‌. അല്ലെങ്കില്‍, മാസം തികയാതെയുള്ള പ്രസവത്തില്‍ കുഞ്ഞിനു ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടായി ജീവാപായം വരെ സംഭവിക്കാം. മാസം തികഞ്ഞിട്ടുണ്ടെങ്കില്‍ പോലും കഴിയുന്നത്ര വേഗം ആശുപത്രിയിലെത്തണം. പൊട്ടിയൊഴുകുന്ന ആമ്നിയോട്ടിക് ദ്രവം വഴി അണുബാധ അകത്ത് എത്തി കുഞ്ഞിനെ ബാധിക്കാന്‍ സാധ്യതയുണ്ട്.

തുടര്‍ച്ചയായി അടിവസ്ത്രം നനച്ചു കൊണ്ടേ ഇരിക്കുന്ന ഈ ദ്രവം വന്നു തുടങ്ങിയാല്‍ വൃത്തിയുള്ള കോട്ടന്‍ തുണി കട്ടിയില്‍ വെച്ച് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചേരണം. ഇനിയിപ്പോ, പോകും വഴി അവർ പ്രസവത്തോട്‌ അടുക്കുന്നു എന്ന്‌ തോന്നുകയോ, അത്യപൂർവ്വമായി പ്രസവിക്കുക തന്നെയോ ചെയ്‌താലും അപ്പോഴവർക്ക് ധൈര്യം കൊടുക്കുകയാണ് വേണ്ടത്. പകരം കൂടെയുള്ളവർ പരിഭ്രമിച്ച്‌ അവരുടെ രക്‌തസമ്മർദം കൂട്ടുന്നത്‌ അമ്മക്കും കുഞ്ഞിനും ഒരുപോലെ അപകടം ചെയ്യും.

ഇത്‌ കൂടാതെ, യോനിയിലൂടെ വന്നു കൊണ്ടിരിക്കുന്ന ദ്രവത്തിന് കറുപ്പോ കടുംപച്ചയോ നിറമുണ്ടെങ്കില്‍ ഇക്കാര്യം ഡോക്ടറോട് കൃത്യമായി പറയണം. കുഞ്ഞിന്റെ ആദ്യത്തെ മലമായ മീക്കോണിയം ഗര്‍ഭാശയത്തില്‍ വെച്ചേ പോയിട്ടുണ്ടാകാം. ‘മഷി പോകുക’ എന്ന് പറയുന്ന ഈ സംഗതി കുഞ്ഞിനെ അപകടത്തിൽ ആക്കിയേക്കാം. പ്രസവിക്കുമ്പോഴേക്കും ഉദ്ദേശിക്കുന്ന ആശുപത്രിയിൽ എത്തില്ലെന്ന്‌ തോന്നിയാൽ ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ കയറാം. അമ്മയേയും കുഞ്ഞിനേയും സുരക്ഷിതരാക്കിയ ശേഷം അവരെ കാണിച്ചു കൊണ്ടിരുന്ന ആശുപത്രിയിലേക്ക്‌ മാറ്റാമല്ലോ...

.
വാൽക്കഷ്‌ണം : ഒരു ഏഴാം മാസം തൊട്ടേ ആശുപത്രിയിലേക്കുള്ള ആ ഭാണ്ഡം അങ്ങ് തയ്യാറാക്കി വെക്കുക. ആശുപത്രിയില്‍ പോകുമ്പോള്‍ എടുക്കാനുള്ള പരിശോധനാരേഖകള്‍ സദാ കൈയെത്തുന്നിടത്ത് ഉണ്ടാകണം. ലേബര്‍കോട്ടില്‍ പേറ്റുനോവ് തിന്നുന്ന ആ പാവം മാതാശ്രീയോട് പേരും വയസ്സും ചോദിക്കേണ്ട ഗതികേട് ഉണ്ടാക്കരുത്. അവര്‍ക്ക് ആ നേരത്ത് അല്ലാതെ തന്നെ പിടിപ്പത് പണിയുണ്ട്. ആ ഫയലില്‍ ഗര്‍ഭം തുടങ്ങിയത് മുതലുള്ള കുറിപ്പടികളും, സ്കാന്‍ റിപ്പോര്‍ട്ടുകളും, കൂടെ ഗര്‍ഭിണിക്ക്‌ പ്രത്യേകിച്ച് വല്ല രോഗവുമുണ്ടെങ്കില്‍ അതിന്റെ വിവരങ്ങളും തിയ്യതി അനുസരിച്ച് അടുക്കി വെച്ചിരിക്കണം. കഴിവതും, ഗര്‍ഭിണി വീട്ടില്‍ തനിച്ചാകാതെ സൂക്ഷിക്കണം. എന്തെങ്കിലും കാരണവശാല്‍ തനിച്ചാകുന്നുവെങ്കിൽ, ആവശ്യം വന്നാല്‍ വിളിക്കാന്‍ അയല്‍വാസിയെയോ അധികം ദൂരെയല്ലാത്ത സുഹൃത്തിനെയോ പറഞ്ഞേല്‍പ്പിക്കണം. ഒരു കൈ അകലത്തില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരിക്കണം, വാഹനസൗകര്യവും. ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും നമ്മുടെ മാലാഖക്കുഞ്ഞ്‌ പെട്ടെന്ന്‌ ഇങ്ങ്‌ ഇറങ്ങിപ്പോരുകയാണേൽ വരട്ടേന്ന്‌... അമ്മിഞ്ഞക്കിടയിൽ പഞ്ഞിക്കൂട്ടം പോലെയുറങ്ങാൻ അവർ വരാൻ തന്നെയല്ലേ നമ്മൾ കഴിഞ്ഞ പത്ത്‌ മാസവും കാത്തിരുന്നത്‌...

advertisment

Related News

    Super Leaderboard 970x90