Health

നടുവേദന ഒരു രോഗമെന്നതിനേക്കാൾ രോഗലക്ഷണമാണ്‌.... ഡോ.ഷിംന അസീസ്

നമ്മളായി ഉണ്ടാക്കി വെക്കുന്ന നടുവേദനകൾ മിക്കതും ഒന്ന് നോക്കിയും കണ്ടും നടന്നാൽ ഒഴിവാക്കാൻ പറ്റുന്നവയാണ്. അമിതഭാരം പൊക്കുന്നതും നടുവിന്‌ ആയാസം നൽകുന്നതുമായ പ്രവൃത്തികൾ അൽപം ശ്രദ്ധയോടെയാവാം. ജിമ്മിൽ പോകാൻ തുടങ്ങുന്നതും വ്യായാമം തുടങ്ങുന്നതും ശാസ്‌ത്രീയമായ മേൽനോട്ടത്തോടെ ആയിരിക്കണം. പൊതുവായി പറഞ്ഞാൽ ആവശ്യത്തിന്‌ വിശ്രമവും വേദനസംഹാരികളുമൊക്കെയായി വെറുതേ വഴീക്കൂടെ പോകുമ്പോ കിട്ടിയ നടുവേദനയെ തുരത്താം.

നടുവേദന ഒരു രോഗമെന്നതിനേക്കാൾ രോഗലക്ഷണമാണ്‌.... ഡോ.ഷിംന അസീസ്

നല്ല കുഴിയുള്ള റോഡിലൂടെ ജിങ്കിടിജിങ്കാന്ന്‌ ചാടിത്തുള്ളി ഇമ്മിണി ദൂരം താണ്ടിയാൽ പലർക്കും അന്ന്‌ രാത്രി നടുവിന് വരുന്ന ആ ഒരു 'സുഖം' ഉണ്ടല്ലോ... അത്‌ തന്നെ, നടുവേദന. അത്‌ എപ്പോ വരും, എങ്ങനെ വരും, എന്തു കൊണ്ടു വരും, എങ്ങനെ ദേഹത്തൂന്ന്‌ ഇറക്കിവിടും എന്നൊക്കെ ആലോചിക്കുന്നോരൊക്കെ കുത്തിരിക്കീ... ഇന്നത്തെ #SecondOpinion വിശദീകരിക്കുന്നത്‌ നടുവേദനയെക്കുറിച്ചാണ്‌.

ആ ഭാഗത്തെ എല്ലുകളെക്കുറിച്ചും അവിടത്തെ ഭൂമിശാസ്‌ത്രവും പറയാതെ നടുവേദനയെക്കുറിച്ച്‌ പറയുന്നത്‌ അന്യായമാണ്‌. അതായത്‌, തലയോട്ടിയുടെ തൊട്ട്‌ താഴെ മുതൽ ഇടുപ്പിനകത്തായി സ്‌ഥിതി ചെയ്യുന്ന വാലറ്റം വരെ നീണ്ട്‌ കിടക്കുന്ന നട്ടെല്ല്‌ ഒരൊറ്റ അസ്‌ഥിയല്ല. മുപ്പത്തിമൂന്ന്‌ കശേരുക്കൾ ചേർന്നുണ്ടായ ഇതിൽ ഇരുപത്തിനാല്‌ എണ്ണത്തിന്റെ ഇടയിൽ ഓരോ ഡിസ്‌ക്‌ വീതമുണ്ട്‌. ബാക്കിയുള്ള ഒൻപത്‌ എണ്ണം മുതിർന്നവരിൽ ഒറ്റക്കെട്ടായി നിൽപാണ്‌. ഈ ഡിസ്‌കെന്ന്‌ പറയുന്നത്‌ ഓരോ രണ്ട്‌ കശേരുക്കൾക്കും ഇടയിൽ ഉള്ള മൃദുലമായ ഒരു സംഗതിയാണ്‌. ഇത്രേം എടങ്ങേറായി നട്ടെല്ല്‌ അവിടെ നടു നിവർത്തി നിൽക്കുന്നത്‌ നമ്മുടെ നിൽപ്പിനും നടപ്പിനും കിടപ്പിനും തുടങ്ങി ഒട്ടു മിക്ക ചലനങ്ങൾക്കും സഹായിക്കാനാണെന്നത്‌ നേര്‌. എന്നാൽ കഴുത്ത്‌ മുതൽ നടു വരെ സുഷുമ്‌നാ നാഡിയേയും അവിടെ നിന്ന്‌ ഉരുത്തിരിയുന്ന ഞരമ്പുകളേയും കണ്ടറിഞ്ഞ്‌ കാക്കുന്ന മഹദ്‌വ്യക്‌തിത്വം കൂടിയാണ്‌ നട്ടെല്ല്‌.

നട്ടെല്ലിന്റെ ഏറ്റവും താഴെയുള്ള രണ്ട്‌ തരം കശേരുക്കളുടെ ഭാഗത്തും അവയുടെ ജംഗ്‌ഷനിലുമൊക്കെ തോന്നുന്ന 'നടുവേദന/ഊരവേദന/തണ്ടെല്ല്‌വേദന' എന്നൊക്കെ വിളിക്കപ്പെടുന്ന പ്രതിഭാസം മാത്രമാണ്‌ ഇവിടെ പ്രതിപാദ്യവിഷയം. ചിലപ്പോൾ തുടർച്ചയായ വേദന, ചിലപ്പോൾ നിൽക്കാനും ഇരിക്കാനും കഴിയാത്ത അതിശക്‌തമായ വേദന, ചിലപ്പോൾ കാലിലേക്ക്‌ ഇറങ്ങുന്ന വേദന തുടങ്ങി പല വറൈറ്റിയുണ്ട്‌ നടുവേദനകൾ. ഇതിനു പിന്നിലെ കാരണങ്ങൾ ഒന്നല്ല, പലതാണ്‌ കേട്ടോ.

പൊതുവേ അസ്‌ഥി സംബന്ധമായ പ്രശ്‌നങ്ങൾ, ഡിസ്‌ക്‌ തരുന്ന എട്ടിന്റെ പണി, ഡിസ്‌ക്‌ പുറത്തേക്ക്‌ തള്ളുമ്പോൾ ഞെങ്ങിഞെരുങ്ങി കഷ്‌ടപ്പെടുന്ന ഞരമ്പുകളുടെ സമ്മാനമായ വേദന, പേശികളുടെ വേദന, തൊലിപ്പുറത്തെ വേദന, വൃക്കരോഗങ്ങൾ, മൂത്രത്തിൽ അണുബാധ, അണ്‌ഢാശയത്തിലെ അപാകതകൾ എന്ന്‌ തുടങ്ങി ഗർഭം പോലും നടുവേദന ഉണ്ടാക്കാം. ഭാരമുയർത്തൽ, ദീർഘയാത്ര, പതിവില്ലാതെ ഏറെ കായികാധ്വാനം ആവശ്യമുള്ള ജോലികൾ ചെയ്യുക എന്നിവയും ഈ ഒരു അവസ്‌ഥയുണ്ടാക്കാം. അത്ര അപൂർവ്വമല്ലാതെ തുടർച്ചയായ കടുത്ത നടുവേദന മൾട്ടിപ്പിൾ മൈലോമ പോലുള്ള കാൻസർ ലക്ഷണമാവാം. മറ്റു ഭാഗങ്ങളിൽ നിന്ന്‌ പടർന്ന കാൻസറും ഇത്‌ പോലെ വേദനിപ്പിക്കാം. ചുരുക്കി പറഞ്ഞാൽ, നടുവേദന ഒരു രോഗമെന്നതിനേക്കാൾ രോഗലക്ഷണമാണ്‌.

നമ്മളായി ഉണ്ടാക്കി വെക്കുന്ന നടുവേദനകൾ മിക്കതും ഒന്ന് നോക്കിയും കണ്ടും നടന്നാൽ ഒഴിവാക്കാൻ പറ്റുന്നവയാണ്. അമിതഭാരം പൊക്കുന്നതും നടുവിന്‌ ആയാസം നൽകുന്നതുമായ പ്രവൃത്തികൾ അൽപം ശ്രദ്ധയോടെയാവാം. ജിമ്മിൽ പോകാൻ തുടങ്ങുന്നതും വ്യായാമം തുടങ്ങുന്നതും ശാസ്‌ത്രീയമായ മേൽനോട്ടത്തോടെ ആയിരിക്കണം. പൊതുവായി പറഞ്ഞാൽ ആവശ്യത്തിന്‌ വിശ്രമവും വേദനസംഹാരികളുമൊക്കെയായി വെറുതേ വഴീക്കൂടെ പോകുമ്പോ കിട്ടിയ നടുവേദനയെ തുരത്താം. പക്ഷേ, മറ്റു കാരണങ്ങൾ കൊണ്ടുണ്ടാകുന്ന നടുവേദനയെ ഇല്ലാതാക്കാൻ ആ രോഗം ചികിത്സിച്ച്‌ മാറ്റുകയാണ്‌ വഴി. മൂത്രത്തിലെ അണുബാധ കൊണ്ട്‌ ഉണ്ടാകുന്ന നടുവേദനക്ക്‌ ചികിത്സ വേദനക്കുള്ള ഗുളിക മാത്രമാകില്ല, രോഗകാരണത്തെ തന്നെ ചികിത്‌സിക്കണം. വൃക്കരോഗത്തിന്‌ ചികിത്സിക്കാതെ അത്‌ മൂലം ഉണ്ടാകുന്ന നടുവേദന മാറില്ല. എല്ലുതേയ്‌മാനം, നട്ടെല്ലിലെ കശേരുക്കൾ അമർന്ന്‌ ഉണ്ടാകുന്ന കംപ്രഷൻ ഫാക്‌ചർ എന്ന്‌ പറയുന്ന ഒടിവ്‌, ഡിസ്‌ക്‌ പുറത്തേക്ക്‌ തള്ളുന്നത്‌ തുടങ്ങിയവയെല്ലാം അസ്‌ഥിരോഗവിദഗ്‌ധൻ കൈവെച്ചാൽ തന്നെയേ മാറൂ. ഇതുകൊണ്ടൊക്കെ തന്നെ നടുവേദന വന്നാൽ ഉടനെ അടുത്ത മെഡിക്കൽ ഷോപ്പിൽ ചെന്ന് പെയിൻ കില്ലർ വാങ്ങി വിഴുങ്ങുന്നത് വല്ലാത്ത അപകടമാണ്, സൂക്ഷിക്കണേ...

. വാൽക്കഷ്‌ണം : സിസേറിയൻ ചെയ്‌താൽ സ്വിച്ചിട്ട പോലെ നടുവേദന തുടങ്ങുമെന്നാണ്‌ മാലോകരുടെ വിശ്വാസം. ഗർഭകാലത്ത്‌ സ്വാഭാവികമായും ഉണ്ടാകുന്ന നടുവേദനയും പ്രസവശേഷം ഉണ്ടാകുന്ന സാധാരണ ബുദ്ധിമുട്ടും ഒക്കെ കാണുമെങ്കിലും നട്ടെല്ലിനിടയിൽ എടുക്കുന്ന അനസ്‌തേഷ്യ കുത്തിവെപ്പ്‌ കാരണം സ്‌ത്രീകൾക്ക്‌ യാതൊരു കുഴപ്പവുമുണ്ടാകില്ല. ഇതേ സ്‌പൈനൽ അനസ്‌തേഷ്യ കൊടുത്ത്‌ വയറിനകത്തും നടുവിന്‌ താഴോട്ടുമുള്ള എണ്ണമറ്റ രോഗങ്ങൾക്ക്‌ ശസ്‌ത്രക്രിയകൾ ചെയ്യാറുണ്ട്‌. അവരൊന്നും ഇങ്ങനൊരു പ്രശ്നം പറയുന്നില്ല എന്നിരിക്കേ, പ്രസവശസ്‌ത്രക്രിയയിലൂടെ കടന്നു പോകുന്ന അമ്മക്ക്‌ മാത്രമെന്താ ഇത്ര പ്രത്യേകത! തലമുറകൾ കൈമാറി വന്ന ആ 'സിസേറിയൻ ഭീതി' തന്നെയാണ്‌ ഹേതു. സിസേറിയൻ നടുവേദന ഉണ്ടാക്കില്ല, സ്‌പൈനൽ അനസ്‌തേഷ്യയും ഉണ്ടാക്കില്ല. ഇനീപ്പോ നടു ഫ്യൂസാകുന്ന നേരത്ത് ആരും പണ്ട് ചെയ്ത് പോയ പ്രസവശസ്‌ത്രക്രിയയെ കുറ്റം പറയണ്ട ട്ടോ... ഓരോരോ അന്ധവിശ്വാസങ്ങളേ !

advertisment

Super Leaderboard 970x90