Health

'നൂറുവിധം കാരണമുള്ള ഈ രോഗത്തെ ലഘുവായി കാണരുത്‌... കാരണമാണ്‌ സുപ്രധാനം...'

Hepatitis B കൊടുംഭീകരനാണ്‌. ഒരിക്കൽ രക്‌തത്തിൽ കലർന്ന്‌ കഴിഞ്ഞാൽ അങ്ങനെയൊന്നും ഒഴിഞ്ഞു പോകാത്ത വൈറസാണിത്‌. ആശുപത്രിയിൽ ചികിത്സ തേടുമ്പോഴും ശസ്‌ത്രക്രിയ സമയത്തുമെല്ലാം മറ്റുള്ളവരിലേക്ക്‌ രോഗം പടരാൻ ഏറെ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിച്ച്‌ കൈകാര്യം ചെയ്യേണ്ടുന്ന രോഗം...

 'നൂറുവിധം കാരണമുള്ള ഈ രോഗത്തെ ലഘുവായി കാണരുത്‌... കാരണമാണ്‌ സുപ്രധാനം...'

കേൾക്കുന്നവർക്ക്‌ എന്നും 'ഹയ്യോ, മഞ്ഞപ്പിത്തമോ' എന്ന്‌ എക്‌സ്‌ക്ലമേഷൻ മാർക്ക്‌ സമ്മാനിച്ചിട്ടുള്ള രോഗമാണ്‌ മഞ്ഞപ്പിത്തം. പിന്നെ മൂത്രത്തിൽ വറ്റ്‌ ഇട്ട്‌ കളർ നോക്കി വീട്ടിലിരുന്ന്‌ രോഗം നിർണയിക്കലായി, പച്ചമരുന്നിന്റെ ഉണ്ട വിഴുങ്ങാൻ പോക്കായി, പഥ്യമായി പെടാപ്പാടായി. മാമുണ്ണാൻ ഉപ്പും എണ്ണയും പോലും നിഷേധിക്കുന്ന ആ മനോഹരകാലഘട്ടത്തിന്റെ യഥാർത്‌ഥമുഖം തേടുകയാണ്‌ ഇന്നത്തെ മഞ്ഞനിറമാർന്ന #SecondOpinion . മഴക്കാലമൊക്കെയല്ലേ വരുന്നത്‌, അൽപം ശ്രദ്ധ നല്ലതാ...

മഞ്ഞപ്പിത്തം എന്ന്‌ പറയുമ്പോൾ സാധാരണ ഗതിയിൽ സൂചിപ്പിക്കുന്നത്‌ കരളിലുണ്ടാകുന്ന അണുബാധയായ വൈറൽ ഹെപ്പറ്റൈറ്റിസ് ആണ്‌. ഇത്‌ Hepatitis A,B,C,D,E എന്നിങ്ങനെയാണ്‌. Hepatitis A വരുന്നത്‌ വൈറസുള്ള കുടിവെള്ളത്തിൽ കലർന്ന രോഗിയുടെ മലത്തിന്റെ അംശം വഴിയാണ്‌. മൂപ്പര്‌ വന്നാൽ പകർച്ചവ്യാധിയായി ഒരു പരിസരം മൊത്തം അറിയിച്ചിട്ടേ പോകൂ.

വെട്ടിത്തിളപ്പിച്ച്‌ വൈറസ്‌ തലമുറകളെ മൊത്തത്തിൽ ഉന്മൂലനം ചെയ്‌ത വെള്ളം ഉപയോഗിക്കുകയാണ്‌ പ്രധാന പ്രതിരോധനടപടി. കഴിവതും പുറത്ത്‌ നിന്നുള്ള പാനീയങ്ങൾ ഒഴിവാക്കുകയും വേണം. ഭക്ഷണവിരക്‌തിയും ഓക്കാനവും വയറുവേദനയുമെല്ലാമാണ്‌ പ്രധാനലക്ഷണങ്ങൾ. വിശ്രമവും നല്ല ആഹാരവുമൊക്കെയായി പയ്യെ അങ്ങ്‌ മാറിക്കോളും. വീട്ടുകാരുടെ വക ഉപ്പ്‌ നിരോധനം ഈ രോഗികൾക്ക്‌ പതിവാണ്‌. ഇത്‌ തികച്ചും അശാസ്‌ത്രീയവും അനാവശ്യവുമാണ്‌. ദഹനം സുഗമമാകില്ല എന്നതിനാൽ എണ്ണയും കൊഴുപ്പും ഒഴിവാക്കുന്നത്‌ നല്ലതാണ്‌. പച്ചമരുന്ന്‌ കൊണ്ട്‌ 'അദ്‌ഭുതകരമായി' മാറി എന്ന്‌ അവകാശപ്പെടുന്ന മഞ്ഞപ്പിത്തം ഏറ്റവും സാധാരണമായ ഈ വിഭാഗത്തിൽ പെടുന്നതാണ്‌. കാരണം, എങ്ങനെ പോയാലും എന്ത് കഴിച്ചാലും ഇല്ലെങ്കിലും ഈ രോഗം മാറുമെന്നത്‌ തന്നെ കാര്യം. എന്നാൽ, പാടിയും പഴകിയും രോഗം സുഗമമായി മാറാനുള്ള മരുന്നൊഴിവാക്കിയും തേടുന്ന ഒറ്റമൂലികൾ ചിലപ്പോഴെങ്കിലും തളർന്ന കരളിന്‌ പരിക്ക്‌ വരുത്താൻ കാരണമാകാറുണ്ട്‌.

Hepatitis B കൊടുംഭീകരനാണ്‌. ഒരിക്കൽ രക്‌തത്തിൽ കലർന്ന്‌ കഴിഞ്ഞാൽ അങ്ങനെയൊന്നും ഒഴിഞ്ഞു പോകാത്ത വൈറസാണിത്‌. ആശുപത്രിയിൽ ചികിത്സ തേടുമ്പോഴും ശസ്‌ത്രക്രിയ സമയത്തുമെല്ലാം മറ്റുള്ളവരിലേക്ക്‌ രോഗം പടരാൻ ഏറെ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിച്ച്‌ കൈകാര്യം ചെയ്യേണ്ടുന്ന രോഗം. ഈ രോഗം കരളിൽ പാടുകളുണ്ടാക്കി കരളിൽ അർബുദം ഉണ്ടാക്കാം. അതിനാൽ തന്നെ Hepatitis B വാക്‌സിൻ തടയുന്നത്‌ ഈയിനം മഞ്ഞപ്പിത്തത്തെ മാത്രമല്ല, കരളിന്റെ അർബുദം കൂടിയാണ്‌. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം വഴി, മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവർ സിറിഞ്ച്‌ പങ്ക്‌ വെക്കുന്നത്‌ വഴി, ഗർഭിണിയിൽ നിന്ന്‌ കുഞ്ഞിലേക്ക്‌, രക്‌തമോ ശരീരസ്രവങ്ങളോ വഴി എന്നിങ്ങനെയാണ്‌ ഈ രോഗം പടരുന്നത്‌. വളരെ സാരമായ രോഗമാണിത്‌. പക്ഷേ, സങ്കീർണതകൾ തടയാനുള്ള ചികിത്സ ലഭ്യമാണ്‌.

Hepatitis C രക്‌തവും സ്രവങ്ങളും വഴിയും സിറിഞ്ച്‌ വഴിയുമാണ്‌‌ പടരുന്നത്‌. ഇവിടെയും കരളിന്‌ പാട്‌ വീഴാനുള്ള സാധ്യതയും കാൻസർ സാധ്യതയുമുണ്ട്‌. ലൈംഗികബന്ധം വഴിയും അപൂർവ്വമായി പടരാൻ സാധ്യതയുണ്ട്‌. Hepatitis D എപ്പോഴും Hepatitis Bയുടെ സഹചാരിയാണ്‌. Hepatitis E ആകട്ടെ, വൃത്തിയില്ലാത്ത ജലത്തിലൂടെ പടരുന്നതാണ്‌. തിളപ്പിച്ചാറിയ വെള്ളവും വൃത്തിയുള്ള ഭക്ഷണവും വഴി രോഗം തടയാനാകും. ഈയിനം മഞ്ഞപ്പിത്തങ്ങളെല്ലാം തന്നെ വന്ന്‌ കഴിഞ്ഞാൽ ജീവാപായം വരാതെ നോക്കാനും പടരാതിരിക്കാനുമുള്ള ചികിത്സകളുണ്ട്‌. പക്ഷേ, എന്തു കൊണ്ടോ മഞ്ഞപ്പിത്തം ആഘോഷിക്കപ്പെടുന്നത്‌ പൊടിക്കൈകളുടെ പേരിലാണ്‌. Hepatitis B പോലെ സാരമായ അവസ്‌ഥകളിൽ അറിയാത്തവർ ചികിത്സിച്ച്‌ നശിപ്പിച്ചാൽ, മരണം പോലുമുണ്ടാകാം എന്നതിനാൽ ഏറെ ശ്രദ്ധ ആവശ്യമാണ്‌.

ഇനി ഇതൊന്നുമല്ലാതെ വരുന്ന മഞ്ഞപ്പിത്തം പലവിധമുണ്ട്‌. ശരീരത്തിലുണ്ടാകുന്ന ചുവന്ന രക്‌താണുക്കൾ പരിധി വിട്ട്‌ നശിക്കുന്ന ഏത്‌ അവസ്‌ഥയിലും ശരീരത്തിന്‌ മഞ്ഞനിറമുണ്ടാക്കാം. കാരണം, ഹീമോഗ്ലോബിൻ എന്ന രക്‌തത്തിന്‌ ചുവന്ന നിറം നൽകുന്ന വസ്‌തു മുറിഞ്ഞ്‌ ഹീം എന്നും ഗ്ലോബിൻ എന്നും പേരുള്ള രണ്ട്‌ സംഗതികളാകുമ്പോൾ 'ഹീം' ഒടുവിൽ 'ബിലിറൂബിൻ' എന്ന വേസ്‌റ്റായിട്ടാണ്‌ മാറുന്നത്‌. ഇതേ ബിലിറൂബിനാണ്‌ കണ്ണിലും കൈയിലുമെല്ലാം മഞ്ഞയായി കാണപ്പെടുന്നത്‌. അരിവാൾ രോഗം, രക്‌താണുക്കളെ നശിപ്പിക്കുന്ന പാരമ്പര്യരോഗങ്ങൾ തുടങ്ങിയവയെല്ലാം കാരണമാകാം. പിത്തരസം കെട്ടിക്കിടക്കുന്നത്‌ ഒബ്‌സ്‌ട്രക്‌ടീവ്‌ ജോണ്ടിസ്‌ എന്ന അവസ്‌ഥയുണ്ടാക്കാം. പിത്താശയക്കല്ലുകൾ മുതൽ കരളിലും പിത്താശയത്തിലും പാൻക്രിയാസിലുമുള്ള കാൻസർ പോലും ഇതിന്‌ കാരണമാകാം. ഇനി ഇതൊന്നും പോരാഞ്ഞിട്ട്‌ വെറുതേ ശരീരത്തിൽ ബിലിറൂബിൻ കൂടുന്ന ഗിൽബേർട്‌ സിൻഡ്രോം തൊട്ട്‌ മലമ്പനിയും എലിപ്പനിയും വരെ ഈ 'മഞ്ഞപ്പ്‌' ഉണ്ടാക്കാം. നൂറുവിധം കാരണമുള്ള ഈ രോഗത്തെ ലഘുവായി കാണരുത്‌... കാരണമാണ്‌ സുപ്രധാനം. അത്‌ കണ്ടെത്തിയാൽ ഏതിനേയും ചികിത്സിക്കാൻ നമുക്കാകുകയും ചെയ്യും.

വാൽക്കഷ്‌ണം :
നവജാതശിശുക്കളിൽ ഉണ്ടാകുന്ന മഞ്ഞപ്പിത്തം ഈ പറഞ്ഞ കാരണങ്ങൾ കൊണ്ടൊന്നും ആകണമെന്നില്ല. പ്രധാനമായും ചുവന്ന രക്‌താണുക്കൾ നശിക്കുന്നത്‌ വഴി ബിലിറൂബിൻ കൂടുന്നതാകാം കാരണം. 'ഫോട്ടോതെറാപ്പി' എന്ന ലൈറ്റിൽ കിടത്തൽ മുതൽ രക്‌തം കയറ്റൽ വരെ വേണ്ടി വന്നേക്കാം. വളരെ സ്വാഭാവികമായ ഈ അവസ്‌ഥയെ അശ്രദ്ധമായി നേരിടുന്നത്‌ വഴി ബിലിറൂബിൻ കുഞ്ഞിന്റെ രക്‌തത്തിൽ നിന്നും മസ്‌തിഷ്‌കത്തിലെത്താനും കുഞ്ഞിന്‌ സ്‌ഥിരമായ ബുദ്ധിമാന്ദ്യം ഉണ്ടാകാനും സാധ്യതയുണ്ട്‌. മുതിർന്നവർക്ക്‌ blood brain barrier എന്നൊരു സൂത്രം ഉള്ളത്‌ കൊണ്ട്‌ ബിലിറൂബിൻ തലച്ചോറിൽ പ്രവേശിക്കില്ല. ഇത്‌ കൊണ്ടാണ്‌ കുഞ്ഞിപ്പൈതങ്ങളെ വെളിച്ചത്ത്‌ കിടത്തി അമ്മ അപ്പുറത്ത്‌ ഇരുട്ടത്തുറങ്ങുന്നത്‌. കുഞ്ഞിബുദ്ധി നാളെ കാഞ്ഞ ബുദ്ധി ആകാനുള്ളതല്ലേ.

advertisment

Super Leaderboard 970x90