Health

ഗംഗാധരന്‍ ഡോക്ടറുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം... സത്യാവസ്ഥ വിവരിച്ച് ഡോ. ഷിംന

ദയവായി ഇത്തരം കുപ്രചരണങ്ങളിലും അശാസ്‌ത്രീയതയിലും മയങ്ങി വീഴരുത്‌. നിങ്ങൾക്ക്‌ രോഗമുണ്ടാക്കുന്ന പ്രമുഖരെല്ലാം അവർക്ക്‌ രോഗം വരുമ്പോൾ ഓടുന്നത്‌ ലോകത്ത്‌ കിട്ടാവുന്നതിൽ ഏറ്റവും മികച്ച ചികിത്സ ഉള്ളിടത്തേക്കാണ്‌. ഹെഗ്‌ഡേയും ശ്രീനിവാസനുമെന്നല്ല, ജീവനിൽ കൊതിയുള്ള ആരും ഇത്‌ തന്നെ ചെയ്യും.എന്നിട്ടും പഠിക്കാതെ നമ്മൾ മെസേജുകൾ ഫോർവാർഡ്‌ ചെയ്‌തുകൊണ്ടേ ഇരിക്കും.കൊതിയോടെ വായിച്ചു തീർത്ത ഗംഗാധരൻ സാറിന്റെ പുസ്‌തകത്തിന്റെ പേരാണ്‌ ഓർമ്മ വരുന്നത്‌, "ജീവിതമെന്ന അദ്‌ഭുതം". നശിപ്പിക്കരുത്‌...

ഗംഗാധരന്‍ ഡോക്ടറുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം... സത്യാവസ്ഥ വിവരിച്ച് ഡോ. ഷിംന

വി.പി ഗംഗാധരൻ സാറിന്റെ പേരിൽ കാൻസറിനുള്ള അദ്‌ഭുതചികിത്സ എന്ന മൂന്ന്‌ പോയിന്റുകളുമായൊരു മെസേജ്‌ സോഷ്യൽ മീഡിയ കൈയടക്കിയിരിക്കുന്നു. പേരെടുത്തൊരു കാൻസർ രോഗവിദഗ്‌ധന്റെ ഫോട്ടോ പിറകിലൊട്ടിച്ചാൽ കിട്ടുന്ന വിശ്വാസ്യത ഓർത്താവണം ഗംഗാധരൻ സർ മനസ്സാവാചാ അറിയാതൊരു കാര്യം അദ്ദേഹത്തിന്റെ പേരിൽ പ്രചരിക്കുന്നത്‌.

ഉള്ളതങ്ങ്‌ പറയാം.
- പഞ്ചസാര കഴിച്ചില്ലെങ്കിൽ കാൻസർ പടരില്ല എന്ന ആദ്യ പോയിന്റ്‌. പഞ്ചസാര ആയാലും ചോറായാലും ചപ്പാത്തിയായാലും കാർബോഹൈഡ്രേറ്റ് വിഭാഗത്തിലെ എന്ത് സാധനമായാലും ശരീരത്തിലെത്തിയാൽ ഒടുക്കം ഗ്ലൂക്കോസായി മാറും. ശരീരത്തിന്റെ സകലപ്രവർത്തനങ്ങൾക്കുമുള്ള ഇന്ധനമാണ്‌ ഗ്ലൂക്കോസ്‌. ആമാശയത്തിലെത്തുമ്പോൾ പഞ്ചസാരത്തരി പെറുക്കിയെടുത്ത്‌ 'ഹായ്‌ നമുക്ക്‌ കാൻസറിന്‌ തിന്നാൻ കൊടുക്കാം' എന്ന്‌ തീരുമാനിക്കാനുള്ള മെക്കാനിസം അവിടെയില്ല. അസംബന്ധമാണിത്‌. പഞ്ചസാര കഴിക്കാതിരുന്നാൽ കാൻസർ തടയാനാവില്ല.

- ‎ചെറുനാരങ്ങ പിഴിഞ്ഞ്‌ കുടിച്ചാൽ ധാരാളം വൈറ്റമിൻ സി കിട്ടും. കൂട്ടത്തിൽ കുറച്ച്‌ ധാതുലവണങ്ങളും ഇങ്ങ്‌ പോരും. പണ്ട്‌ ലിനസ്‌ പോളിങ്ങ്‌ എന്ന ഇരട്ട നോബൽ സമ്മാനജേതാവ്‌ വൈറ്റമിൻ സി അധിക അളവിൽ ഉപയോഗിക്കുന്നത്‌ ജലദോഷം മുതൽ കാൻസർ വരെ തടയുമെന്ന്‌ പ്രചരിപ്പിച്ചിരുന്നു. മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ അന്നേ ശാസ്‌ത്രലോകം അത്‌ തള്ളിക്കളഞ്ഞതാണ്‌. അതിന്റെ പുതിയ വേർഷനായ നാരങ്ങ പിഴിഞ്ഞ്‌ കുടിക്കൽ പ്രചരിപ്പിച്ച ശ്രീനിവാസൻ ചെറിയൊരു ആരോഗ്യപ്രശ്‌നം വന്നപ്പോൾ ചെന്നു കിടന്നത്‌ സൂപ്പർസ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ്‌. ഗംഗാധരൻ സാറിന്റെ ചിത്രത്തോടെയുള്ള ഈ മെസേജ്‌ വിശ്വസിച്ച്‌ കീമോതെറാപ്പിയേക്കാൾ 1000 മടങ്ങ്‌ 'ഫലപ്രദമായ' നാരങ്ങ പിഴിഞ്ഞ്‌ കുടിക്കലിനെ ഏറ്റെടുത്ത്‌ കീമോതെറാപ്പി ഒഴിവാക്കി രോഗിയുടെ ജീവൻ അപകടത്തിലായാൽ മെസേജ്‌ നിർമ്മാതാവ്‌ ഉത്തരം പറയുമോ ! അതിന്‌ ഇജ്ജാതി മെസേജൊക്കെ ആര്‌ പടച്ചു വിടുന്നെന്ന്‌ ആർക്കറിയാമല്ലേ? 'സാമൂഹ്യസേവനം' ചെയ്യുന്ന സാമൂഹ്യവിരുദ്ധർ. ഇത്തരം കപടപ്രചാരകരെ കണ്ടുപിടിച്ച്‌ പൂട്ടുന്ന നിയമനടപടിയാണ്‌ വേണ്ടത്‌. ആരോടു പറയാനാണ്‌ !!

- ‎മൂന്ന്‌ സ്‌പൂൺ ഓർഗാനിക്‌ വെളിച്ചെണ്ണ രാവിലേം വൈകുന്നേരോം കുടിച്ചോളാൻ പറഞ്ഞിട്ടുണ്ട്‌. എല്ലാ വെളിച്ചെണ്ണയും ഓർഗാനിക്കല്ലേ? വിർജിൻ കോക്കനട്ട്‌ ഓയിലാണോ എന്തോ ഉദ്ദേശിച്ചത്‌... അതോ വീട്ടിൽ തന്നെ ഉണ്ടാക്കിയ വെളിച്ചെണ്ണയോ. ഇനി വെളിച്ചെണ്ണ വിറ്റുപോകാൻ വല്ല കൊപ്രക്കച്ചവടക്കാരനും ഉണ്ടാക്കിയ മെസേജാണോ ആവോ !
അടിസ്‌ഥാനരഹിതമാണ്‌ ഈ പറഞ്ഞതും. ദയവ്‌ ചെയ്‌ത്‌ ഇത്തരം മെസേജുകളുടെ ഉള്ളടക്കം ചിന്തിച്ച്‌ മനസ്സിലാക്കാൻ ശ്രമിക്കുക.

ഗംഗാധരൻ സാറിനെപ്പോലെ കാൻസർ ചികിത്സാരംഗത്തെ ഒരു അതികായന്റെ പേര്‌ ഇതിലേക്ക്‌ വലിച്ചിഴച്ച ആ മഹദ്‌വ്യക്‌തിത്വം ജനജീവിതം അപകടത്തിലേക്ക്‌ തള്ളി വിടുന്നത്‌ തടയാനുള്ള ശ്രമമാണ്‌ ഇവിടെയുള്ള ഈ കുറിപ്പ്‌.

ദയവായി ഇത്തരം കുപ്രചരണങ്ങളിലും അശാസ്‌ത്രീയതയിലും മയങ്ങി വീഴരുത്‌. നിങ്ങൾക്ക്‌ രോഗമുണ്ടാക്കുന്ന പ്രമുഖരെല്ലാം അവർക്ക്‌ രോഗം വരുമ്പോൾ ഓടുന്നത്‌ ലോകത്ത്‌ കിട്ടാവുന്നതിൽ ഏറ്റവും മികച്ച ചികിത്സ ഉള്ളിടത്തേക്കാണ്‌. ഹെഗ്‌ഡേയും ശ്രീനിവാസനുമെന്നല്ല, ജീവനിൽ കൊതിയുള്ള ആരും ഇത്‌ തന്നെ ചെയ്യും.

എന്നിട്ടും പഠിക്കാതെ നമ്മൾ മെസേജുകൾ ഫോർവാർഡ്‌ ചെയ്‌തുകൊണ്ടേ ഇരിക്കും.
കൊതിയോടെ വായിച്ചു തീർത്ത ഗംഗാധരൻ സാറിന്റെ പുസ്‌തകത്തിന്റെ പേരാണ്‌ ഓർമ്മ വരുന്നത്‌, "ജീവിതമെന്ന അദ്‌ഭുതം". നശിപ്പിക്കരുത്‌...

advertisment

Super Leaderboard 970x90