Kerala

പത്തനംതിട്ട ജില്ലയിൽ ആദിവാസി യുവതി പേറ്റുനോവിൽ പിടയുമ്പോൾ രണ്ട്‌ ജീവനുകളെ കാക്കാൻ കാടു കയറി ഡോ അരുൺ

ഒരൽപനേരം പിഴച്ചിരുന്നെങ്കിൽ, 'ഡോക്‌ടറുടെ അനാസ്‌ഥ കൊണ്ട്‌ പ്രസവശേഷം ആദിവാസി യുവതി മരിച്ചു' എന്ന്‌ വെണ്ടക്ക അക്ഷരത്തിൽ വായിച്ചേനെ. രണ്ട്‌ ജീവനുകളെ കാക്കാൻ കാടു കയറിയ ഡോ. അരുൺ ചെയ്‌തത്‌ അദ്ദേഹത്തിന്റെ കടമയാണ്‌.

 പത്തനംതിട്ട ജില്ലയിൽ ആദിവാസി യുവതി പേറ്റുനോവിൽ പിടയുമ്പോൾ രണ്ട്‌ ജീവനുകളെ കാക്കാൻ കാടു കയറി ഡോ അരുൺ

തുള്ളി മുറിയാതെ ഇന്നലെ പത്തനംതിട്ട ജില്ലയിലെ പ്ലാപ്പള്ളി വനമേഖലയിൽ മഴ പെയ്യുമ്പോൾ 23 വയസ്സുകാരിയായ ആ ആദിവാസി യുവതി പേറ്റുനോവിൽ പിടയുകയായിരുന്നു. നാടോടികളായ അവരുടെ ഇടയിൽ ആശുപത്രി കാണാത്ത പ്രസവങ്ങൾ അപൂർവ്വത അല്ലെന്നിരിക്കേ, ഒരാൺകുഞ്ഞിന്‌ ജന്മം നൽകിയ ശേഷം അവൾ ആശ്വാസം കൊള്ളാൻ ശ്രമിച്ചു. പക്ഷേ, അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. ഭാഗികമായി മാത്രം പുറത്ത്‌ വന്ന മറുപിള്ള അവൾക്ക്‌ കടുത്ത രക്‌തസ്രാവമുണ്ടാക്കി. ഇന്നലെ വൈകിട്ട്‌ മൂന്ന്‌ മണിയോടെയാണ്‌ സംഭവം.

ആംബുലൻസും സൗകര്യങ്ങളുമില്ലാതെ ആ അമ്മ അവിടെ കിടന്ന്‌ മരിച്ചേക്കാവുന്ന അത്രയും വഷളായി സ്‌ഥിതികൾ. ആ ഭാഗത്തെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സ്‌ അടുത്തുള്ള പെരുനാട്‌ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോ. Arun Prasenanനെ വിളിച്ചു. അദ്ദേഹം ഞൊടിയിടയിൽ ആംബുലൻസ്‌ ഡ്രൈവറെക്കൂട്ടി കാടോരം ചെന്നു. അവിടെ എത്തിയപ്പോൾ കമ്പുകൾ നാട്ടി ടാർപോളിൻ വിരിച്ച ഒരു കൊച്ചു ഷെഡിൽ രക്‌തസമ്മർദ്ദം താഴ്‌ന്ന്‌, പാതി ബോധത്തിൽ വിളറി വെളുത്ത്‌ കിടക്കുന്ന അമ്മ. അടുത്ത്‌ അന്ധാളിച്ച്‌ നിൽക്കുന്ന ഭർത്താവും, ഒരു പ്രായമായ സ്‌ത്രീയും, ഒരു പന്ത്രണ്ട്‌ വയസ്സുകാരിയും.

ഉടനെ തന്നെ അവളെ ആംബുലൻസിൽ എത്തിച്ചു. ആ കാടിനകത്ത്‌ നിന്നെന്ത് ചെയ്യാനാണ്‌ ! ട്രൈബൽ പ്രമോട്ടറേയും കൂട്ടി മഞ്ഞും മഴയും കാടും ഗൗനിക്കാതെ അത്യന്തം ഗുരുതരാവസ്‌ഥയിലുള്ള ആ അമ്മയും കുഞ്ഞുമായി അവർ 40 കിലോമീറ്റർ അപ്പുറമുള്ള പത്തനംതിട്ട ജനറൽ ഹോസ്‌പിറ്റലിലേക്ക്‌ തിരിച്ചു. ആംബുലൻസിന്‌ പോലും വേഗത്തിൽ പോകാനാകാത്ത ഗതികെട്ട അവസ്‌ഥ.

പോകും വഴി താൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ കയറി അവർക്ക്‌ ഡ്രിപ്പിട്ട്‌ രക്‌തസമ്മർദം നിലനിർത്താനും ആവശ്യമെങ്കിൽ ഉപയോഗിക്കാൻ അധികമായൊരു ഡ്രിപ്പ്‌ കരുതാനും ഡോക്‌ടർ മറന്നില്ല. മാർഗമദ്ധ്യേ, ജനറൽ ആശുപത്രിയിലെ ഡോക്‌ടറെ വിളിച്ച്‌ വിവരങ്ങളുമറിയിച്ചിരുന്നു. കൈയിലുള്ള ജീവനെ കാക്കാനുള്ള മുൻകരുതലുകൾ കൂടിയാണല്ലോ ഞങ്ങൾക്ക്‌ ചികിത്സ.

 പത്തനംതിട്ട ജില്ലയിൽ ആദിവാസി യുവതി പേറ്റുനോവിൽ പിടയുമ്പോൾ രണ്ട്‌ ജീവനുകളെ കാക്കാൻ കാടു കയറി ഡോ അരുൺ

പത്തനംതിട്ടയിലെ ജനറൽ ആശുപത്രിയിലെത്തി, നേരെ അവരെ ലേബർ റൂമിൽ പ്രവേശിപ്പിച്ചു. അകത്ത്‌ തങ്ങിയ മറുപിള്ളയെ ഗൈനക്കോളജിസ്‌റ്റ്‌ വേർപെടുത്തി. രക്‌തത്തിലെ ഹീമോഗ്ലോബിൻ 12.5% വേണ്ടിടത്ത്‌ 6% മാത്രമുണ്ടായിരുന്ന അവർക്ക്‌ രണ്ട്‌ കുപ്പി രക്‌തം കയറ്റി. അവരിപ്പോൾ അപകടനില തരണം ചെയ്‌തിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

ഒരൽപനേരം പിഴച്ചിരുന്നെങ്കിൽ, 'ഡോക്‌ടറുടെ അനാസ്‌ഥ കൊണ്ട്‌ പ്രസവശേഷം ആദിവാസി യുവതി മരിച്ചു' എന്ന്‌ വെണ്ടക്ക അക്ഷരത്തിൽ വായിച്ചേനെ. രണ്ട്‌ ജീവനുകളെ കാക്കാൻ കാടു കയറിയ ഡോ. അരുൺ ചെയ്‌തത്‌ അദ്ദേഹത്തിന്റെ കടമയാണ്‌. എങ്കിലും ആ മണിക്കൂറുകളിൽ അദ്ദേഹം അനുഭവിച്ച കടുത്ത മാനസികസംഘർഷം ഊഹിക്കാനാവും. ഇത്തരത്തിലുള്ള ഒരുപാട്‌ ഡോക്‌ടർമാർ ചുറ്റുമുണ്ട്‌. ആ അർപ്പണബോധം ഞങ്ങളുടെ കൂട്ടത്തിന്റെ ആത്മാവാണ്‌ എന്ന പാഠമാണ്‌ പലരും കണ്ണടച്ച്‌ ഇരുട്ടാക്കി മറയ്‌ക്കാനും മറക്കാനും ശ്രമിക്കുന്നത്‌.

ഞങ്ങൾ ഇതാണ്‌. നിപ്പ രോഗത്തെ പേടിച്ച്‌ എല്ലാവരും കൂട്ടിലൊളിച്ചപ്പോൾ പൊരുതിയ ഡോക്‌ടർമാർ ദൈവദൂതൻമാരായിരുന്നു സമൂഹത്തിന്‌. കഴിഞ്ഞ ദിവസം ഒരു മാതൃമരണത്തെ തോന്നും വിധം വ്യാഖ്യാനിച്ചപ്പോൾ ഞങ്ങൾ മുഴുവൻ മോശക്കാരായി. വേദനയും വിലാപങ്ങളുമകറ്റാൻ വൈദ്യശാസ്‌ത്രം പഠിച്ച ഞങ്ങൾക്കിത്‌ പുതുമയല്ല. നന്ദികേടിന്റെ മാറ്റൊലികൾക്കിടയിലും ഞങ്ങൾ പിടഞ്ഞു കയറും, കൈയിലെത്തുന്ന ജീവനുകൾ നില നിർത്താൻ പൊരുതും, പ്രാണന്‌ കൂട്ടു നിൽക്കും...

നെഞ്ചിൽ കൈ വെച്ചെടുത്ത പ്രതിജ്ഞയാണത്‌ , പ്രാർത്ഥനയാണത്‌...

advertisment

News

Super Leaderboard 970x90