Health

'ആത്മഹത്യാത്വരയുള്ള കടുത്ത വിഷാദത്തിന്‌ മരുന്ന്‌ചികിത്സ തന്നെ വേണം... ഇതൊരു രോഗാവസ്‌ഥ തന്നെയാണ്‌....' - ഡോ.ഷിംന അസീസ്

മരണത്തിന്റ മുന തേടിച്ചെന്ന്‌ നെഞ്ച്‌ പിളർന്ന്‌ ശ്വാസം നിലയ്‌ക്കും വിധം തീരാൻ ശ്രമിക്കുന്നവരിൽ വലിയൊരു ശതമാനം ജീവിതം തുടങ്ങുന്ന പ്രായം പോലും എത്താത്തവരാണ്. എവിടെയാണ്, എന്താണ്‌ നമുക്ക്‌ പിഴക്കുന്നത്‌?

'ആത്മഹത്യാത്വരയുള്ള കടുത്ത വിഷാദത്തിന്‌ മരുന്ന്‌ചികിത്സ തന്നെ വേണം... ഇതൊരു രോഗാവസ്‌ഥ തന്നെയാണ്‌....' - ഡോ.ഷിംന അസീസ്

രണ്ട്‌ തവണയാണ്‌ എന്നെ കൊന്നു തിന്നാൻ പാകത്തിൽ വിഷാദരോഗം വന്നത്‌. ഒരു തവണ ഉറക്കക്കുറവും ഭക്ഷണവിരക്‌തിയുമൊക്കെയായി ആ നാളുകൾ വലിയ ബുദ്ധിമുട്ടില്ലാതെ കടന്നു പോയി. അടുത്ത തവണ എങ്ങനെയും മരിക്കണമെന്ന ചിന്ത മാത്രമായിരുന്നു മുന്നിൽ. ഒരിക്കലും ആരെയും ഭയപ്പെടുത്താനല്ലെങ്കിലും 'എന്നെ രക്ഷിക്കൂ' എന്ന്‌ സൂചന കൊടുത്ത പലരും ഗൗനിച്ചില്ല. അവരെയൊന്നും കുറ്റം പറയാൻ പറ്റില്ല. അത്രയും തന്റേടത്തോടെ ജീവിക്കുന്ന, വളരെ അപൂർവ്വമായി മാത്രം കണ്ണ്‌ നിറഞ്ഞ്‌ കണ്ടിട്ടുള്ള ഒരാളിൽ നിന്നും ആരും ഇത്‌ പ്രതീക്ഷിച്ചിരിക്കില്ല.

തോന്നുമ്പോഴെല്ലാം കരയാനും പതം പറഞ്ഞിരിക്കാനും കാവൽ ഇരുന്ന സുഹൃത്തുക്കളാണ്‌ അന്ന്‌ ചികിത്സ തേടാൻ നിർബന്ധിച്ചത്‌. ഫോണിലും അല്ലാതെയും അവർ ഒപ്പം നിന്നു. സൈക്യാട്രിസ്‌റ്റിനെ കണ്ടു, മരുന്നുകൾ കഴിച്ചു. പതുക്കെ, ആ എന്നെ ഞാൻ മറന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ അന്ന്‌ ഞാൻ മരിച്ചിരുന്നെങ്കിൽ പിന്നീട്‌ ജീവിതത്തിൽ അനുഭവിച്ച പല സൗഭാഗ്യങ്ങളും അറിയാതെ പോകുമായിരുന്നല്ലോ എന്നോർക്കും. എന്റെ മക്കൾ അനാഥരായേനേ എന്നോർക്കുമ്പോൾ ആ ചിന്തിച്ചതോർത്ത്‌ വലിയ പശ്‌ചാത്താപമുണ്ട്‌. പക്ഷേ എനിക്കറിയാം, ഞാനല്ല എന്റെ മസ്‌തിഷ്‌കത്തിലെ രാസമാറ്റങ്ങളാണ്‌ എന്നെക്കൊണ്ടതെല്ലാം ചിന്തിപ്പിച്ചതെന്ന്‌.

സോഷ്യൽ മീഡിയ ഇപ്പോൾ ആത്മഹത്യക്ക്‌ പുറകെയാണ്‌. സാമൂഹ്യമാധ്യമങ്ങളിൽ മാത്രമല്ല, സമൂഹത്തിലും എന്നും വല്ലവരും ചെയ്യുന്ന ആത്മഹത്യ ഹരം പിടിപ്പിക്കുന്ന ഒന്നാണ്‌. കാരണം കണ്ടെത്തുക, ഊഹങ്ങൾ നെയ്യുക,കടം മുതല്‍ അവിഹിതം വരെ യാതൊരു അടിസ്ഥാനവുമില്ലാതെ ചുമത്തി മാറി നിന്ന്‌ മരണപ്പെട്ട ആളുടെ അപരാധങ്ങൾ പറഞ്ഞ്‌ ഊറ്റം കൊള്ളുക എന്നിവയെല്ലാം ഈ അസുഖം പിടിച്ച സമൂഹത്തിന്റെ പ്രിയവിനോദങ്ങളാണ്‌. അന്യന്റെ കാര്യത്തില്‍ ഇടപെടുന്നത് ഏറ്റവും വലിയ സന്തോഷമായി ഏറ്റെടുത്തവര്‍ക്ക് ഇത് ആഘോഷമാണ്. ഭീരുക്കളായും കാര്യബോധം ഇല്ലാത്തവരായും അവരെ ഗണിക്കുന്നവരും ഒട്ടും കുറവല്ല.

കഴിഞ്ഞ ദിവസം ഇടതുകൈത്തണ്ടയുടെ പള്ളയിൽ മീൻ വറുക്കാൻ വരഞ്ഞത്‌ പോലെ ഒരു ഡസൻ സമാന്തരമായ മുറിവുകളുമായി ഒരു ഇരുപത്തഞ്ചുകാരനെ അവന്റെ കൂട്ടുകാരന്‍ കൊണ്ടുവന്നു. അവന്റെ മുറിവ്‌ നോക്കാൻ പരിശോധനാമുറിയുടെ അകത്തേക്ക്‌ കയറ്റിയപ്പോൾ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മുഖത്ത്‌ പുച്‌ഛവും അടക്കിപ്പിടിച്ച ചിരിയും. ഇതിനും മാത്രം ചിരിക്കാന്‍ എന്ത് തമാശയാണ് അവിടെ ഉണ്ടായതെന്നെനിക്കു മനസ്സിലായില്ല. ആത്മഹത്യ ഒരു കുറ്റാന്വേഷണനോവലിനെ പോലെ ഭ്രമിപ്പിക്കുന്ന സമൂഹത്തില്‍ ജീവിക്കുന്ന ഒരു സാധാരണക്കാരനില്‍ നിന്ന് വേറെന്തു പ്രതീക്ഷിക്കാനാണ് എന്നോര്‍ത്ത് അയാളെ അവഗണിച്ചു. മുഖത്ത് പോലും നോക്കാതെ തുടരെ കണ്ണ്‌ നിറഞ്ഞൊഴുകുന്ന, പാടെ ഇല്ലാതായ അവനോട്‌ കുറച്ച്‌ സംസാരിച്ചു. എന്തിന്‌ ചെയ്‌തെന്ന്‌ അന്വേഷിച്ചില്ല, പകരം കൂടെയുണ്ട്‌ വിഷമിക്കേണ്ട എന്ന്‌ പറഞ്ഞു. സൈക്യാട്രി ഹൗസ് സര്‍ജനെ വിളിച്ചു അവനു വേണ്ട ചികിത്സക്കുള്ള തയ്യാറെടുപ്പുകള്‍ ഒരുക്കി.

അതിന്‌ ഒരു മാസം മുൻപ്‌ പോസ്‌റ്റ്‌മോർട്ടത്തിന്‌ കിടത്തിയ നിലയിൽ കണ്ട ഏഴാം ക്ലാസുകാരിയുടെ മുഖം മറന്നിട്ടില്ല. എത്രയേറെ സഹിച്ച ശേഷമാവും അവൾക്ക്‌ കഴുത്തിൽ കയറിട്ട്‌ മുറുക്കാനുള്ള ധൈര്യവും യുക്‌തിയുമുണ്ടായത്‌? മദ്യപാനം നിർത്താനാവാതെ സഹികെട്ട്‌ ആത്മഹത്യ ചെയ്യുന്ന മധ്യവയസകനും കർഷക ആത്മഹത്യയുമെല്ലാം ചരിത്രമായിത്തുടങ്ങുന്നു. മരണത്തിന്റ മുന തേടിച്ചെന്ന്‌ നെഞ്ച്‌ പിളർന്ന്‌ ശ്വാസം നിലയ്‌ക്കും വിധം തീരാൻ ശ്രമിക്കുന്നവരിൽ വലിയൊരു ശതമാനം ജീവിതം തുടങ്ങുന്ന പ്രായം പോലും എത്താത്തവരാണ്. എവിടെയാണ്, എന്താണ്‌ നമുക്ക്‌ പിഴക്കുന്നത്‌?

ആത്മഹത്യ ചെയ്യാനുള്ള നൂതനമാര്‍ഗങ്ങള്‍ ഗൂഗിള്‍ ചെയ്യുന്നത് പതിവാക്കിയവരുണ്ട് നമുക്ക് ചുറ്റും. ജീവിക്കണമെന്ന് വലിയ നിര്‍ബന്ധമില്ലാത്തത് പോലെ, എല്ലാം പാതിവഴിക്ക് കളഞ്ഞു പോകാമെന്ന് പറയാതെ പറയുന്നവര്‍. ആവശ്യം കഴിയുമ്പോള്‍ കളഞ്ഞിട്ടു പോകുന്ന ഇന്‍സ്റ്റന്റ് കള്‍ച്ചര്‍ ജീവിതത്തെ സംബന്ധിച്ചും ചിലരുടെ മനസ്സില്‍ കയറിക്കൂടിയിരിക്കുന്നു എന്നാണു മനസ്സിലാക്കേണ്ടത്. വിഷാദരോഗവും ആത്മഹത്യാപ്രവണതയും തമ്മില്‍ ശക്തമായ ബന്ധമുണ്ട്. 2020 വര്‍ഷത്തോടെ ലോകത്തിനു ബാധ്യതയാകുന്ന ഏറ്റവും വലിയ രണ്ടാമത്തെ ആരോഗ്യഭീഷണിയായി കണക്കാക്കപ്പെടുന്നത് വിഷാദരോഗത്തെയാണ്. അതിന്‍റെ പ്രാധാന്യം ഉള്‍ക്കൊണ്ട് തന്നെയാണ് കഴിഞ്ഞ വര്‍ഷത്തെ ലോകാരോഗ്യദിനത്തിന്‍റെ തീം ആയി ‘Let’s talk about depression’ പുറത്തിറങ്ങിയത്.

വിഷാദരോഗം എന്നത് ഒരു അപൂര്‍വ്വതയല്ല. ഉറക്കത്തേയും വിശപ്പിനേയും ജീവിതത്തില്‍ ഇഷ്ടപ്പെടുന്ന സകല സംഗതികളെയും പ്രതികൂലമായി ബാധിച്ചു കൊണ്ട് ജീവിതത്തില്‍ മുന്നോട്ടു ഒന്നുമില്ല, പ്രതീക്ഷകള്‍ എല്ലാം അസ്തമിച്ചിരിക്കുന്നു എന്ന് രണ്ടാഴ്ചയിലേറെ തോന്നുന്നതാണ് ലളിതമായി പറഞ്ഞാല്‍ വിഷാദരോഗം എന്ന അവസ്ഥ.

വിഷാദരോഗം, ലഹരി ദുരുപയോഗം, കുടുംബത്തില്‍ മുന്‍പ് ആത്മഹത്യ സംഭവിച്ചിട്ടുള്ളവര്‍, അപ്രതീക്ഷിതമായി പ്രിയപ്പെട്ടവരുടെ മരണം സംഭവിച്ചവര്‍, കാന്‍സറും എയിഡ്സും അപസ്മാരവും തുടങ്ങി മാറാരോഗമായി സമൂഹം വീക്ഷിക്കുന്ന രോഗങ്ങള്‍ പിടിപെട്ടവർ, ജയിൽവാസികൾ‍ എന്നിങ്ങനെയുള്ളവര്‍ ആത്മഹത്യ എന്ന സാധ്യത പരിഗണിക്കുന്നവരില്‍ മുന്‍ഗണനയില്‍ ഉണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മുന്‍പൊരിക്കല്‍ ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ള വ്യക്തി അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ അത് പൂര്‍ത്തിയാക്കാനുള്ള അപകടസാധ്യത സാധാരണ വ്യക്തിയെ അപേക്ഷിച്ച് വളരെ കൂടുതലാണ്.

ഈ തോന്നല്‍ ഉള്ളവര്‍ ആദ്യം മനസ്സിലാക്കേണ്ടത് ‘ഇങ്ങനെ തോന്നുന്ന അനേകം പേരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍’ എന്ന സത്യമാണ്. ആത്മഹത്യ ചെയ്യാന്‍ തോന്നുന്നുണ്ടെന്ന് അടുപ്പമുള്ള ആരോടെങ്കിലും തുറന്നു പറയേണ്ടത് അത്യാവശ്യമാണ്. സ്വയം ജീവിതം ആവശ്യമില്ല എന്ന് തോന്നാമെങ്കിലും, ജീവന്റെ വിലയെ കുറിച്ച് കൃത്യമായ ധാരണ തരാന്‍ കുറച്ചു നേരത്തേക്ക് കടം വാങ്ങുന്ന കാതുകള്‍ക്ക് ആയേക്കാം. ആത്മഹത്യ എന്ന ചിന്ത, ആത്മഹത്യ ചെയ്യാനുള്ള മാര്‍ഗം, ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം എന്നിവ ഒത്തു വന്നാലാണ് അത് സംഭവിക്കുക. ചിന്തയെ നിലക്ക് നിര്‍ത്താന്‍ സാധിക്കില്ലായിരിക്കാം. പക്ഷെ, ആത്മഹത്യ ചെയ്യാനുള്ള കത്തിയും കയറും മറ്റു വഴികളും മുന്നില്‍ വരാതെ സൂക്ഷിക്കാന്‍ സാധിക്കും. കഴിവതും തനിച്ചിരിക്കാതെ നോക്കാനുമാവും. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമിടയില്‍ തുടരുകയാണ് വേണ്ടത്. എന്നിട്ടും വിട്ടൊഴിയാത്ത വിധം ആ ചിന്ത മനസ്സിനെ വേട്ടയാടുന്നുവെങ്കില്‍ ചികിത്സ തേടുക തന്നെ വേണം.

നിങ്ങളുടെ സുഹൃത്തോ ബന്ധുവോ പരിചയക്കാരോ ഇനി ഒരു അപരിചിതനോ തന്നെയും സ്വയം ഇല്ലാതാവുന്നതിനെ കുറിച്ച് ചെറിയ സൂചന എങ്കിലും തന്നുവെങ്കില്‍, ദയവു ചെയ്തു ശ്രദ്ധിക്കുക. . തിരക്കിട്ട് വില്‍പത്രം തയ്യാറാക്കുന്നതും, കടമകള്‍ തീര്‍ക്കുന്നതും പതിവില്ലാത്ത ചില വ്യഗ്രതകളുമെല്ലാം വരാന്‍ പോകുന്ന ദുരിതത്തിന്റ മുന്നോടിയാവാം. അത് കേള്‍ക്കുക എന്നതാണ് നമുക്ക് ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആ വാക്കുകൾ ശ്രദ്ധ നേടാനുള്ള അടവായി കണ്ട് അവഗണിക്കുന്ന ഒരു രീതിയും മുന്‍വിധിയോടെയുള്ള സമീപനവും പാടില്ല. ഉപദേശമോ പരിഹാസമോ ഈ വേളയില്‍ നമ്മുടെ ഭാഗത്ത്‌ നിന്നുണ്ടാവാനും പാടില്ല. കഴിഞ്ഞ ദിവസം ഞരമ്പ്‌ മുറിച്ച് ഫെയിസ്ബുക്കില്‍ വന്ന ആളെ വരെ അവഹേളിച്ചുള്ള കമന്റുകള്‍ കണ്ടു. മനുഷ്യത്വരാഹിത്യം എന്നല്ലാതെ ഒരു പേരില്ല അതിന്

നാല്പതു സെക്കണ്ടില്‍ ഒരു ആത്മഹത്യ നടക്കുന്നു എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. ഇത്രയേറെ പേര്‍ സ്വയം ഹത്യയെ കുറിച്ച് ചിന്തിക്കുന്നു എന്ന് പറയുന്നത് പോലും ഉള്‍ക്കൊള്ളാവുന്ന ഒന്നല്ല.

ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ 'എല്ലാം അവസാനിപ്പിക്കണം' എന്ന്‌ തീരുമാനിച്ചുറപ്പിച്ച കടുത്ത വിഷാദരോഗം നീന്തിക്കടക്കുന്നതിന്‌ മുൻപ്‌ പല തവണ കണ്ണാടിയിലെ പ്രതിബിംബം "വാ, നമുക്ക്‌ രക്ഷപ്പെടാം" എന്ന്‌ പറഞ്ഞിട്ടുണ്ട്‌. അപ്പോഴെല്ലാം പേടിച്ച്‌ ഓടിച്ചെന്ന്‌ പറയാൻ കാര്യങ്ങൾ മനസ്സിലാക്കുന്ന കൂട്ടുകാർ ഉണ്ടായിരുന്നത്‌ കൊണ്ടാണ്‌ ഇന്ന്‌ ജീവിച്ചിരിക്കുന്നത്‌. ഒരാളും ആത്മഹത്യ ചെയ്യുന്നത്‌ 'അഹങ്കാരം' കൊണ്ടല്ല. അതിന്‌ പല കാരണങ്ങളുണ്ടാകാം. അതിനാണ്‌ പരിഹാരം വേണ്ടത്‌.

അങ്ങനെയൊരാളെ ഉണ്ടാക്കുന്നതിൽ മിക്കപ്പോഴും നമ്മളെന്തേ പരാജയമാകുന്നു? അല്ലെങ്കിൽ നമ്മളെന്തേ തുറന്ന്‌ പറയാൻ മടിക്കുന്നു? ദു:ഖം പറയുന്നത്‌ എങ്ങനെയാണ്‌ നാണക്കേടാകുക? അതിൽ കുറവുകളില്ല. ജീവിച്ചിരിക്കുമ്പോൾ തല ചായ്‌ച്ച്‌ കരയാനുള്ള തോളുകളും നെഞ്ചും കണ്ടെത്താനാവണം. മരിച്ചതിനു ശേഷം നമുക്ക്‌ വേണ്ടി കരയാനാളുണ്ടായിട്ട്‌ കാര്യമെന്താണുള്ളത്‌?

ആത്മഹത്യ ചെയ്യാന്‍ തോന്നുന്ന സുഹൃത്തിനോട് കൃത്യമായി സംസാരിക്കുക. എന്തെങ്കിലും പ്രശ്നമാണ് അവരെ ഇതിലേക്ക് നയിക്കുന്നതെങ്കില്‍, അതേക്കുറിച്ച് വസ്തുനിഷ്ഠമായി ചിന്തിക്കാന്‍ സാധിക്കുന്നത്‌ കേള്‍ക്കുന്ന ആള്‍ക്കായിരിക്കും. സുഹൃത്തിന്റെ വേണ്ടപ്പെട്ടവരോട് കാര്യങ്ങള്‍ പറയാം. ഒരു മടിയും കൂടാതെ ഒരു സൈക്യാട്രിസ്റ്റിന്റെ സഹായം തേടാം. കാരണം കടുത്ത ആത്മഹത്യാപ്രവണത തോന്നുന്നത് വ്യക്തിയുടെ ‘അഹങ്കാരം/ തോന്നിവാസം/വിഡ്ഢിത്തം’ എന്നിവയൊന്നുമല്ല. തലച്ചോറില്‍ ഉള്ള സെറട്ടോനിന്‍, ഡോപ്പമിന്‍ തുടങ്ങിയ രാസവസ്തുക്കളുടെ വ്യക്തമായ സ്വാധീനം ഈ ചിന്തകള്‍ക്ക് പിന്നിലുണ്ട്. കൃത്യമായ കൗണ്‍സിലിംഗും മരുന്ന് കഴിച്ചുള്ള ചികിത്സയും ചേര്‍ന്ന് ജീവന്‍ രക്ഷിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുക തന്നെ ചെയ്യും.

തുടർച്ചയായി ഒറ്റക്കിരിക്കുകയും, വിഷാദലക്ഷണം കാണിക്കുകയും മരണതാൽപര്യം ആവർത്തിച്ച്‌ പറയുകയും ചെയ്യുന്നവരെ 'സഹതാപദാഹം/ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിക്കുന്ന കള്ളത്തരം' ആയി മുൻവിധിയോടെ കാണാതെ അവരെ കേൾക്കാൻ ചെവിയും മനസ്സും അവർക്ക്‌ ചായാനൊരു തോളും വിട്ടു കൊടുക്കുക എന്നതാണ്‌. മുന്നറിയിപ്പ്‌ തരുന്നവർ മിക്കവരും സ്വയം ഇല്ലാതാകണമെന്ന ചിന്ത ഉള്ളവരാകാം.

അവർക്ക്‌ സഹായം വേണം. നമ്മുടെ പ്രിയപ്പെട്ടവർക്ക്‌ അത്‌ കൊടുക്കേണ്ടത്‌ നമ്മുടെ കടമയാണ്‌...നമ്മളല്ലാതെ ആരാണത്‌ ചെയ്യുക...!

ഇത്‌ വായിക്കുന്ന ആരാണെങ്കിലും മനസ്സിന്റെ ഒരു കോണിലെങ്കിലും സ്വയം ഇല്ലാതാവണമെന്ന ചിന്തയുണ്ടെങ്കിൽ അരുതെന്ന്‌ ഓർമ്മിപ്പിക്കട്ടെ. ദയവ്‌ ചെയ്‌ത്‌ അടുപ്പമുള്ളൊരാളോട്‌ തുറന്ന്‌ സംസാരിക്കൂ... ഒരു തരത്തിലും ഉള്ളിലെ ചെകുത്താൻ അടങ്ങുന്നില്ലെങ്കിൽ ഒരു മനോരോഗവിദഗ്‌ധനെ കാണാൻ ഈ വ്യക്‌തിയെ കൂട്ടിക്കൊണ്ടു പോകാൻ കൂടെയുള്ളവർ ശ്രദ്ധിക്കണം.

ആത്മഹത്യാത്വരയുള്ള കടുത്ത വിഷാദത്തിന്‌ മരുന്ന്‌ചികിത്സ തന്നെ വേണം. ഇതൊരു രോഗാവസ്‌ഥ തന്നെയാണ്‌. പറന്നകലും മുന്‍പ് ഒരു വേള തിരിച്ചു ചിന്തിക്കാനായാല്‍ അത് തന്നെയാകും ചരിത്രം മാറ്റിയെഴുതുന്ന നിമിഷം. അനുഭവം ഗുരു!

advertisment

Super Leaderboard 970x90