Health

കാൻസർ കൂടുതൽ ശക്‌തിയോടെ ജീവിതത്തെ നേരിടാനുള്ള പ്രേരണയാണ്‌, ശക്‌തിയാണ്‌... ഡോ ഷിംന അസീസ്

കാൻസറാണോ എന്ന്‌ സംശയിക്കുമ്പോൾ കോശങ്ങൾ മുറിച്ചെടുത്ത്‌ പരിശോധനക്കയക്കുന്നതിനാണ്‌ ബയോപ്‌സി എന്ന്‌ പറയുന്നത്‌. ചിലപ്പോൾ ശ്വാസകോശം പോലുള്ള ഭാഗങ്ങളിൽ നിന്ന്‌ ബയോപ്‌സിക്ക്‌ സാമ്പിളെടുക്കാൻ ഏതാണ്ട്‌ ഒരു സർജറിയുടെ സന്നാഹങ്ങൾ പോലും വേണ്ടി വന്നേക്കാം....

കാൻസർ കൂടുതൽ ശക്‌തിയോടെ ജീവിതത്തെ നേരിടാനുള്ള പ്രേരണയാണ്‌, ശക്‌തിയാണ്‌... ഡോ ഷിംന അസീസ്

കാന്‍സര്‍ എന്നാല്‍ അസാധാരണമായ കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ്. യഥാസമയം നിയന്ത്രിച്ചില്ലെങ്കില്‍ ഇവ അടുത്തുള്ള ആരോഗ്യമുള്ള കോശങ്ങളെ കൂടി പിടികൂടി ജീവന്‍ അപായത്തില്‍ ആക്കുകയും ചെയ്യും. ഈ കോശങ്ങള്‍ ഏത് അവയവത്തില്‍ എപ്പോള്‍ പിടിമുറുക്കും എന്നത് മുന്‍കൂട്ടി പറയുന്നത് ഏതാണ്ട്‌ അസാധ്യം എന്ന് തന്നെ പറയാം. നമ്മുടെ പ്രിയപ്പെട്ടവരെയും ചിലപ്പോള്‍ നമ്മളെ തന്നെയും പിടിമുറുക്കാന്‍ നടക്കുന്ന ഈ ഞണ്ടുകളെ എങ്ങനെ മുന്‍കൂട്ടി തിരിച്ചറിയാം എന്നാണ് ഇന്നത്തെ #SecondOpinion പറഞ്ഞു തരുന്നത്. ഈ ലക്ഷണങ്ങളുള്ളവരെ പേടിപ്പിക്കുകയല്ല, ഈ ലക്ഷണങ്ങളൊന്നും തന്നെ കാൻസറാകണമെന്നുമില്ല. ഇച്ചിരിയോളം ജാഗ്രത പകരുക മാത്രമാണ്‌ ഇവിടെ. ആദ്യമേ കണ്ടെത്തിയാൽ ഒരു ജീവൻ രക്ഷപ്പെടുന്ന കാര്യമാണേ...

വായിൽ ഉണ്ടാകുന്ന വെളുത്തതോ ചുവന്നതോ ആയ പാടുകളെ അൽപമൊന്ന്‌ ഗൗനിക്കണം, പ്രത്യേകിച്ച്‌ പുകയിലയും മുറുക്കാനുമൊക്കെ ചങ്ക്‌ ബ്രോസ്‌ ആയുള്ളവർ. ശബ്‌ദത്തിൽ പെട്ടെന്ന്‌ വരുന്ന പരപരപ്പും കാരണമറിയാത്ത തുടർച്ചയായ ചുമയും സ്വനപേടകത്തിലോ പരിസരപ്രദേശങ്ങളിലോ ഉള്ള അർബുദസൂചനയാകാം. ഭക്ഷണമിറക്കാൻ ബുദ്ധിമുട്ട്‌ അന്നനാളത്തിലെ കുഴപ്പം കൊണ്ടാകാം. രക്‌തം തുപ്പുന്നതും ഛർദ്ദിക്കുന്നതും നിസ്സാരമായി കണക്കാക്കരുത്‌. ശ്വാസകോശത്തിലോ ആമാശയത്തിലോ കുഴപ്പക്കാരൻ ഒളിഞ്ഞിരിപ്പുണ്ടാകാം.

തൊണ്ടക്ക്‌ വെളിയിലെ മുഴ തൈറോയ്‌ഡിൽ പിടികൂടിയ അർബുദമാകാം. ശരീരത്തിൽ എവിടെയായാലും ഉണ്ടാകുന്ന മുഴകളെ ഒന്ന്‌ കണ്ണ്‌ വെക്കുന്നത്‌ നല്ലതാണ്‌. തൊലിപ്പുറത്ത്‌ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ മിക്കപ്പോഴും നിരുപദ്രവകാരിയായിരിക്കാം. എന്നാലുമൊന്ന്‌ ശ്രദ്ധിക്കുന്നത്‌ നന്ന്‌. സ്‌തനങ്ങളിൽ മുഴ, കുഴിഞ്ഞിരിക്കുന്നത്‌ പോലെ , മുലക്കണ്ണിൽ നിന്ന്‌ നീരൊലിക്കുക തുടങ്ങിയ ലക്ഷണങ്ങളെ ഇച്ചിരെ സീരിയസായി എടുത്തേക്കണം. പൊതുവേ തുടക്കത്തിൽ വേദനയില്ലാത്ത മുഴകളെയാണ്‌ കാര്യമായി പ്രതിക്കൂട്ടിൽ നിർത്തേണ്ടത്‌. കാൻസർ വളരുമ്പോഴാണ്‌ മാറിൽ വേദന തുടങ്ങുക. സ്‌തനങ്ങളിലെ വേദനക്കാരായ മുഴകൾ പൊതുവേ വല്ല്യ പ്രശ്‌നക്കാരല്ല.

മലം പോകുമ്പോൾ രക്‌തം വരിക, മലത്തിൽ രക്‌തം എന്നീ ലക്ഷണങ്ങൾ മിക്കപ്പോഴും മൂലക്കുരു, ഫിഷർ, ഫിസ്‌റ്റുല ഒക്കെ ആണെങ്കിലും ആമാശയം മുതൽ കുടൽ വരെയുള്ള കാൻസറുകളെ ഒന്ന്‌ പരിഗണിക്കണം. സ്‌ത്രീകൾക്ക്‌ ബന്ധപ്പെടുമ്പോൾ അകാരണമായി വേദന തുടങ്ങുക, ബന്ധപ്പെട്ട ശേഷം ബ്ലീഡിംഗ്‌, ദുർഗന്ധമുള്ള ഡിസ്‌ചാർജ്‌ എന്നിവയെ ഗർഭാശയഗള കാൻസർ ആണോയെന്ന്‌ സംശയിക്കേണ്ടി വരും. ആർത്തവവിരാമത്തിന്‌ ശേഷമുള്ള രക്‌തസ്രാവം അത്ര സുരക്ഷിതമായ ഒന്നല്ല.

നടുവേദന ഒരു പരിധി വരെ വരുന്നതൊക്കെ മൈൻഡ്‌ ചെയ്യാതെ വിടാം. ഒരു തരത്തിലും സഹിക്കാൻ വയ്യാതെയാവുന്ന നടുവേദന ഒരു പക്ഷേ, എല്ലിനകത്തെ പ്ലാസ്‌മ കോശങ്ങളെ ബാധിക്കുന്ന മൾട്ടിപ്പിൾ മൈലോമ എന്ന അർബുദലക്ഷണവുമാകാം. ഡോക്‌ടറുടെ അടുത്ത്‌ ചെന്നാൽ ഒരു രക്‌തപരിശോധനയും എക്‌സ്‌റേയും കൊണ്ട്‌ തിരിച്ചറിയാവുന്നതേയുള്ളൂ ഇത്‌. അതീവസാധാരണ രോഗമായ നടുവേദന വരുമ്പോഴേക്കും ബേജാറാവാൻ അല്ല കേട്ടോ ഇപ്പറഞ്ഞത്‌. അങ്ങനെയുമാകാം എന്നാണ്‌. അറിഞ്ഞിരിക്കേണ്ടതാണ്‌.

മുൻപ്‌ ഒരു തരത്തിലുള്ള കാൻസർ വന്ന്‌ ചികിത്സിച്ച്‌ മാറിയവർ ഇത്തരത്തിലുള്ള ഒരു ലക്ഷണവും തീർച്ചയായും അവഗണിക്കരുത്‌. ഓടിപ്പോയി വേണ്ട ടെസ്‌റ്റുകൾ നടത്തി ഒന്നുമില്ലാന്ന്‌ അറിഞ്ഞാൽ ഒരു റിലാക്‌സേഷനാകുമല്ലോ. ഇനി അഥവാ അസുഖമുണ്ടെങ്കിൽ ചികിത്സയുമുണ്ടെന്നേ... ഇനി ചികിത്സ ഏൽക്കാത്ത ഗുരുതരമായ സ്‌റ്റേജ്‌ എത്തിയിട്ടുണ്ടെങ്കിൽ വേദന കുറയ്‌ക്കാനും രോഗിക്ക്‌ സ്വാഭിമാനത്തോടെ മരണം വരെ ജീവിക്കാനുള്ള സാന്ത്വന ചികിത്സയുമുണ്ട്‌.

ഓർക്കുക, കാൻസർ മരണമല്ല. കൂടുതൽ ശക്‌തിയോടെ ജീവിതത്തെ നേരിടാനുള്ള പ്രേരണയാണ്‌, ശക്‌തിയാണ്‌...

വാൽക്കഷ്‌ണം : കാൻസറാണോ എന്ന്‌ സംശയിക്കുമ്പോൾ കോശങ്ങൾ മുറിച്ചെടുത്ത്‌ പരിശോധനക്കയക്കുന്നതിനാണ്‌ ബയോപ്‌സി എന്ന്‌ പറയുന്നത്‌. ചിലപ്പോൾ ശ്വാസകോശം പോലുള്ള ഭാഗങ്ങളിൽ നിന്ന്‌ ബയോപ്‌സിക്ക്‌ സാമ്പിളെടുക്കാൻ ഏതാണ്ട്‌ ഒരു സർജറിയുടെ സന്നാഹങ്ങൾ പോലും വേണ്ടി വന്നേക്കാം. ഈ പരിശോധന ചെയ്യുന്നത്‌ ഒരേ അവയവത്തിൽ ഉണ്ടാകുന്ന പല രോഗങ്ങളിൽ ഏതാണ്‌ അവിടെയുള്ളത്‌ എന്ന്‌ പാതോളജിസ്‌റ്റിന്‌ കോശഘടന പഠിച്ച്‌ വേർതിരിച്ചറിഞ്ഞ്‌ റിസൽറ്റ്‌ തരാനാണ്‌. എങ്കിൽ മാത്രമേ കണ്ടെത്തിയ രോഗത്തിന്‌ കണിശമായും കൃത്യമായും ചികിത്സ തീരുമാനിക്കാനാവൂ. ചിലപ്പോൾ അത്‌ കാൻസർ പോലുമാകില്ല താനും. ഇതൊരു ഓപ്പറേഷനല്ല. ബയോപ്‌സിയിലൂടെ കാൻസർ രോഗം കണ്ടു പിടിച്ച ശേഷം ചെയ്യുന്നതാകട്ടെ യഥാർത്ഥത്തിൽ രോഗം ബാധിച്ച കോശങ്ങളെ സർജറി ചെയ്‌ത്‌ ഒഴിവാക്കുക എന്നതാണ്‌. ഒന്ന്‌ പരിശോധനയും അടുത്തത്‌ ടെസ്‌റ്റുമാണ്‌. ഒരിക്കലും 'രണ്ട്‌ ഓപ്പറേഷൻ' അല്ല നടക്കുന്നത്‌. ഒന്ന്‌ ചികിത്സ നിർണയിക്കാനുള്ള വഴിയാണ്‌. മറ്റേത്‌ ചികിത്സയും.

advertisment

Super Leaderboard 970x90