Health

ബെഡ്‌സോർ അഥവാ കിടക്കപ്പുണ്ണ്‌ - വേണം കരുതലും സംരക്ഷണവും, ഡോ ഷിംന അസീസ് എഴുതുന്നു

ബെഡ്‌സോർ അഥവാ കിടക്കപ്പുണ്ണ്‌ കിടപ്പുരോഗികളുടേയും കൂട്ടിരിപ്പുകാരുടേയും ഏറ്റവും വേദനിപ്പിക്കുന്ന ദുസ്വപ്‌നമാണ്‌. കിടക്കുന്ന അവസ്‌ഥയിൽ ഉള്ളിലുള്ള എല്ലിന്റെ പ്രഷർ താഴെയുള്ള മാംസത്തിലേക്കും തൊലിയിലേക്കും അമർന്ന്‌ കുഞ്ഞുമുറിവുണ്ടാക്കി പിന്നെയത്‌ വലുതായി വികസിച്ച്‌ വരുന്നതാണ് ഇതിന്റെ പ്രധാന കാരണം. പ്രഷർ കൊണ്ടുണ്ടാകുന്ന ഈ മുറിവുൾക്ക്‌ പ്രഷർ അൾസർ എന്നും പേരൂണ്ട്‌. അസഹ്യമായ വേദനയും അസ്വസ്‌ഥതയും ചൊറിച്ചിലും പഴുത്തൊലിക്കലുമെല്ലാം സാധാരണമാണ്‌....

ബെഡ്‌സോർ അഥവാ കിടക്കപ്പുണ്ണ്‌ - വേണം കരുതലും സംരക്ഷണവും, ഡോ ഷിംന അസീസ് എഴുതുന്നു

എവിടേലും പോയൊന്ന്‌ മലർന്ന്‌ കിടക്കാൻ പറ്റിയാൽ മതിയായിരുന്നു" എത്രയോ തവണ ഞാനും നിങ്ങളുമിത്‌ പറഞ്ഞു. കിട്ടിയ അവസരത്തിൽ പോയി കിടക്കയെ കൂട്ട്‌ പിടിച്ചു. ഉറങ്ങാനും ഉണ്ണാനും കുടുംബത്തിനുള്ള ഇടമായും നമ്മുടെ മെത്തകൾ മുഖം മാറി. പക്ഷേ, കുറച്ചധികം നേരം, നാഴികകൾ, നാളുകൾ അനങ്ങാൻ വയ്യാതെ കിടക്കുന്നവരുടെ ദേഹത്ത്‌ മുറിവ്‌ വരുത്തുന്ന ആ കിടക്കജീവിതത്തോട്‌ ആർക്കുമില്ല പ്രിയം. അവർക്ക്‌ ലോകം കിടക്കയാണ്‌. അവർ ആശിക്കുന്നത്‌ വാതിലിനപ്പുറത്തെ വെളിച്ചവും. അങ്ങോട്ടേക്കാണ് ഇന്നത്തെ #SecondOpinion പോവുന്നത്.

ബെഡ്‌സോർ അഥവാ കിടക്കപ്പുണ്ണ്‌ കിടപ്പുരോഗികളുടേയും കൂട്ടിരിപ്പുകാരുടേയും ഏറ്റവും വേദനിപ്പിക്കുന്ന ദുസ്വപ്‌നമാണ്‌. കിടക്കുന്ന അവസ്‌ഥയിൽ ഉള്ളിലുള്ള എല്ലിന്റെ പ്രഷർ താഴെയുള്ള മാംസത്തിലേക്കും തൊലിയിലേക്കും അമർന്ന്‌ കുഞ്ഞുമുറിവുണ്ടാക്കി പിന്നെയത്‌ വലുതായി വികസിച്ച്‌ വരുന്നതാണ് ഇതിന്റെ പ്രധാന കാരണം. പ്രഷർ കൊണ്ടുണ്ടാകുന്ന ഈ മുറിവുൾക്ക്‌ പ്രഷർ അൾസർ എന്നും പേരൂണ്ട്‌. അസഹ്യമായ വേദനയും അസ്വസ്‌ഥതയും ചൊറിച്ചിലും പഴുത്തൊലിക്കലുമെല്ലാം സാധാരണമാണ്‌. ഇടുപ്പെല്ല്‌, തോളിലെ പലകയെല്ല്‌, വാൽ അസ്‌ഥി, കൈമുട്ടിന്റെ ഭാഗം, തുട, മടമ്പ്‌ തുടങ്ങിയ ഇടങ്ങളിലെല്ലാം ഇതുണ്ടാവാം. വീൽചെയറിൽ തുടർച്ചയായ ഇരിപ്പ്‌ കൊണ്ടും വിവിധഭാഗങ്ങളിൽ ഇതുണ്ടാവാം.

ബെഡ്‌സോർ അഥവാ കിടക്കപ്പുണ്ണ്‌ - വേണം കരുതലും സംരക്ഷണവും, ഡോ ഷിംന അസീസ് എഴുതുന്നു

ഒരേ കിടത്തം കിടത്താതെ രണ്ട്‌ മണിക്കൂറിലെങ്കിലും തിരിച്ചും മറിച്ചും കിടത്തുക, വീൽചെയറിലും ഇത്‌ അനുവർത്തിക്കണം. മുറിവിലേക്ക്‌ പ്രഷർ വരാതിരിക്കാൻ പാഡ്‌ വെച്ച്‌ ഡ്രസ്‌ ചെയ്യാൻ ആവശ്യപ്പെടാറുണ്ട്‌. എയർബെഡ്‌/വാട്ടർബെഡ്‌ എന്നിവ ഉപയോഗിച്ചാൽ കിടക്കപ്പുണ്ണ്‌ ഒഴിവാക്കാൻ ഒരു പരിധി വരെ കഴിയും. മുറിവുണ്ടായാൽ കൃത്യമായി വൈദ്യസഹായം തേടുക. മുറിവിന്‌ മീതേ സൂക്ഷ്‌മാണുക്കളടിഞ്ഞു കൂടി ഉണ്ടാകുന്ന 'ബയോഫിലിം' എന്ന വഴുവഴുപ്പുള്ള പ്രതലം മുറിവുണങ്ങാൻ തടസ്സമാണ്‌. അതൊഴിവാക്കി മുറിവ്‌ വൃത്തിയാക്കാൻ ഡോക്‌ടറുടെ സേവനം തേടേണ്ടി വരും.

കൂട്ടിരിപ്പുകാർ മുറിവ്‌ ഡ്രസ്‌ ചെയ്യാൻ പരിശീലിച്ചിട്ടുണ്ടെങ്കിൽ അത്‌ വൃത്തിയായി ചെയ്യുക. രോഗിയുടെ ശരീരം വൃത്തിയാക്കിയ ശേഷം ദേഹമാകെ മോയിസ്‌ചുറൈസർ പുരട്ടുന്നത്‌ പുതിയ മുറിവുകളെ തടയും. ധാരാളം പ്രോട്ടീനും ധാതുക്കളുമടങ്ങിയ ഭക്ഷണം രോഗശമനത്തിന്‌ മാത്രമല്ല മുറിവുണങ്ങാനും പുതിയ മുറിവുകളെ പ്രതിരോധിക്കാനും സഹായിക്കും. രോഗികൾക്ക്‌ മാനസികമായ വിഷമം കൊണ്ടോ രോഗം കാരണമായുള്ള വിശപ്പില്ലായ്‌മയും രുചിക്കുറവും കൊണ്ടോ ഭക്ഷണം കഴിക്കാനുള്ള മടി സർവ്വസാധാരണമാണ്‌. നന്നായി ഭക്ഷണം കഴിക്കാൻ രോഗിയെ പ്രോത്‌സാഹിപ്പിക്കണം.

ബെഡ്‌സോർ അഥവാ കിടക്കപ്പുണ്ണ്‌ - വേണം കരുതലും സംരക്ഷണവും, ഡോ ഷിംന അസീസ് എഴുതുന്നു

ഇതിനെല്ലാമപ്പുറം നമുക്ക്‌ ആ മുറിവുകളെ ഉൾക്കൊള്ളാം, പരിചരിക്കാം. ഈ ജനുവരി 15, പാലിയേറ്റീവ്‌ കെയർ ദിനത്തിൽ തീരാവേദനകൾക്കൊപ്പം നിൽക്കാം. അവർക്ക്‌ സഹതാപമല്ല വേണ്ടത്‌, ബഹുമാനമാണ്‌. ഉള്ളിലും പുറത്തുമുള്ള മുറിവുകൾ മായ്‌ക്കാൻ നമുക്കാകും. നമുക്കേ അതിനാകൂ...

വാൽക്കഷ്‌ണം: കിടപ്പുരോഗിയോ കൂട്ടിരിപ്പുകാരോ നമ്മളെക്കാൾ യോഗ്യത കുറഞ്ഞവരല്ല. അവരുടെ നഷ്‌ടം നമുക്കുള്ള കാഴ്‌ചയുമല്ല. അവരുടെ ദേഹത്തെ വ്രണങ്ങൾ കാഴ്‌ചയിൽ ബുദ്ധിമുട്ടുണ്ടാക്കാം, ദുർഗന്ധമുണ്ടാകാം. അവർ ജീവിച്ചിരിക്കുമ്പോഴോ മരണശേഷമോ നിങ്ങൾ കണ്ടു പോയ അവരുടെ മുറിവുകളെയോ ശാരീരിക പ്രത്യേകതകളെയോ രഹസ്യമാക്കി വെക്കാൻ പഠിക്കുക. മരണശേഷം പോലും ലജ്ജയില്ലാതെ ''മരുമകൾ നോക്കിയില്ല, ഇളയമ്മ കുളിപ്പിച്ചില്ല, നെല്ലിക്ക വലുപ്പത്തിലൊരു ചീഞ്ഞൊലിച്ച മുറിവ്‌ തുടയിൽ'' എന്നെല്ലാമുള്ള രോഗിയെക്കുറിച്ചുള്ള ഗോസിപ്പ്‌ സെൻസസുകൾ അവനവനെ കുറിച്ച്‌ ആരെങ്കിലും പറയുന്ന സ്‌ഥിതി ഒന്ന്‌ സങ്കൽപിച്ച്‌ നോക്കുക. ശരീരത്തിനേയും മനസ്സിനേയും രോഗത്തേയും സ്വകാര്യതയേയും ബഹുമാനിക്കുക. അത്‌ കൂടിയാണ്‌ നമുക്ക്‌ ചെയ്യാവുന്ന ഏറ്റവും വലിയ നന്മ. നമുക്കിന്ന്‌ രോഗമില്ലാത്തത്‌ നമ്മുടെ ഔന്നത്യം കൊണ്ടല്ലെന്നോർക്കുക. കാലചക്രം തിരിഞ്ഞ്‌ നമുക്കടുത്ത്‌ എത്താത്തത്‌ ഒന്നുകൊണ്ട്‌ മാത്രമാണ്‌...

advertisment

Super Leaderboard 970x90