Health

അപ്പന്റിസൈറ്റിസ്‌ : പല പൊസിഷനില്‍ തിരിഞ്ഞും മറിഞ്ഞും ഒളിച്ചിരുന്നുമൊക്കെ രോഗലക്ഷണങ്ങൾ വ്യത്യസ്‌തമാക്കാൻ കെൽപുള്ള കൊടുംഭീകരനാണവൻ!

പൊക്കിളിന്‌ ചുറ്റും തുടങ്ങുന്ന വേദന, വയറിന്റെ വലതു താഴേക്കോണിൽ വേദന, അപ്പന്റിക്‌സിന്റെ പൊസിഷൻ മാറുന്നത് അനുസരിച്ചുള്ള വ്യത്യസ്‌ത വേദനകൾ, ഭക്ഷണവിരക്‌തി, ഛർദ്ദി, പനി എന്നിവ കൂടി ഈ പാക്കേജിൽ ഉൾക്കൊള്ളുന്നു എന്നതിനാൽ പൊതുവേ, അപ്പന്റിസൈറ്റിസ്‌ കണ്ടെത്തൽ ശ്രമകരമല്ല...

അപ്പന്റിസൈറ്റിസ്‌ : പല പൊസിഷനില്‍ തിരിഞ്ഞും മറിഞ്ഞും ഒളിച്ചിരുന്നുമൊക്കെ രോഗലക്ഷണങ്ങൾ വ്യത്യസ്‌തമാക്കാൻ കെൽപുള്ള കൊടുംഭീകരനാണവൻ!

ചില മനുഷ്യരെ കണ്ടിട്ടുണ്ടോ? യാതൊരു ഉപകാരവുമില്ലാതെ ഒരു മൂലക്ക്‌ ചുരുണ്ടു കൂടിയിരിക്കും. എന്നാൽ ഇടഞ്ഞാലോ, നമ്മുടെ പുക കണ്ടേ അടങ്ങൂ. ആ രീതി പിൻതുടർന്നു കൊണ്ട്‌ നമ്മുടെ ശരീരത്തിൽ ജന്മനാ ഓടുന്ന ഒരു സംരംഭമാണ്‌ വൻകുടലിന്റേം ചെറുകുടലിന്റേം ജംഗ്‌ഷനിൽ താമസിക്കുന്ന വേർമിഫോം അപ്പന്റിക്‌സ്‌ എന്ന്‌ ഡോക്‌ടർമാരും അപ്പന്റിക്‌സ്‌ എന്ന്‌ നാട്ടുകാരും വിളിക്കുന്ന അവയവം. പണ്ട് 'ഉപയോഗശൂന്യമായ അവയവം' എന്നൊക്കെ വിളിച്ചിരുന്നെങ്കിലും മൂപ്പര്‍ അവിടെ പറ്റിപ്പിടിച്ചു ഇരിക്കുന്നതിന് വല്ല ഉപകാരവുമുണ്ടോ എന്ന കാര്യത്തില്‍ കൊണ്ടുപിടിച്ച ഗവേഷണം നടക്കുന്നുണ്ട്. ഇനിയിപ്പോ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ? ഇന്നത്തെ #SecondOpinion നിലെ അതിഥി മൂപ്പരാണ്.

പല പൊസിഷനില്‍ തിരിഞ്ഞും മറിഞ്ഞും ഒളിച്ചിരുന്നുമൊക്കെ രോഗലക്ഷണങ്ങൾ വ്യത്യസ്‌തമാക്കാൻ കെൽപുള്ള കൊടുംഭീകരനാണവൻ! രൂപം കൊണ്ട്‌ ഒരു പുഴുവിനെ അനുസ്‌മരിപ്പിക്കുന്ന മേൽ പറഞ്ഞ അവയവത്തിലെ അണുബാധക്കാണ്‌ 'അപ്പന്റിസൈറ്റിസ്‌' എന്ന്‌ പറയുന്നത്‌.

പൊക്കിളിന്‌ ചുറ്റും തുടങ്ങുന്ന വേദന, വയറിന്റെ വലതു താഴേക്കോണിൽ വേദന, അപ്പന്റിക്‌സിന്റെ പൊസിഷൻ മാറുന്നത് അനുസരിച്ചുള്ള വ്യത്യസ്‌ത വേദനകൾ, ഭക്ഷണവിരക്‌തി, ഛർദ്ദി, പനി എന്നിവ കൂടി ഈ പാക്കേജിൽ ഉൾക്കൊള്ളുന്നു എന്നതിനാൽ പൊതുവേ, അപ്പന്റിസൈറ്റിസ്‌ കണ്ടെത്തൽ ശ്രമകരമല്ല. അപ്പന്റിസൈറ്റിസ്‌ ആണോ എന്ന്‌ വർണ്യത്തിലാശങ്ക തോന്നുന്ന വേറേം കുറേ സൂക്കേടുണ്ട്‌. പൊതുവേ കൗമാരക്കാർക്കും ചെറുപ്പക്കാർക്കുമാണ്‌ അപ്പന്റിസൈറ്റിസിന്‌ സാധ്യത കൂടുതൽ. രക്‌തപരിശോധനയും സ്‌കാനുമൊക്കെ അകത്തുള്ള സംഗതി എന്താണെന്നുള്ള കൃത്യമായ ക്ലൂ തരും. എന്നാലും വയറ്‌ തുറന്ന്‌ നോക്കുമ്പോൾ വേറെ സാരമായ സംഗതികൾ കണ്ടെത്തുന്നതും അത്ര അസാധാരണമല്ല. അത്‌ എന്തൊക്കെയാണെന്നല്ലേ? വഴിയെ പറയാം.

സാധാരണ നിലയിൽ പ്രത്യേകിച്ച്‌ പണിയൊന്നുമില്ലാതെ കുടൽമാലയുടെ കൂട്ടത്തിൽ കഴിഞ്ഞു കൂടുന്ന വിരൽ വലിപ്പമുള്ള ഈ അവയവത്തിൽ ഏതെങ്കിലും വിധത്തിൽ അണുബാധ ഉണ്ടായാൽ മേൽ പറഞ്ഞ ലക്ഷണങ്ങളുണ്ടാകും. ഈ പഴുപ്പും അണുബാധയും ഒരു പരിധിയിലേറെ പുരോഗമിച്ച്‌ അപ്പന്റിക്‌സിൽ ദ്വാരമുണ്ടായാൽ, വയറിനകത്തുള്ള ഒട്ടുമിക്ക അവയവങ്ങളെയും പൊതിഞ്ഞു പിടിക്കുന്ന പെരിട്ടോണിയം എന്ന ആവരണത്തിൽ ഒന്നടങ്കം അണുബാധ, ദുസ്സഹനീയമായ വേദന എന്നിവയും തുടർന്ന്‌ മരണം പോലും സംഭവിക്കാം. ഇതുകൊണ്ടാണ്‌ 'പെട്ടെന്ന്‌ ഓപ്പറേഷൻ വേണം' എന്ന്‌ ചില കേസുകളിൽ നിർബന്ധം പറയുന്നത്‌. അപ്പന്റിസൈറ്റിസ്‌ ഒരു കൊലയാളിയാവാം എന്ന്‌ തന്നെയാണ്‌ സൂചിപ്പിക്കുന്നത്‌.

അപ്പന്റിസൈറ്റിസ്‌ പഴുത്ത്‌ പാകമാകുന്നതിന്‌ പ്രത്യേകിച്ച്‌ കാരണമൊന്നുമില്ല. വിരകളോ മലമോ കഴലകളോ ഭക്ഷ്യാവശിഷ്‌ടങ്ങളോ അപ്പന്റിക്‌സിന്റെ ദ്വാരത്തിൽ തടസ്സമുണ്ടാക്കുന്നതാണ്‌ പ്രധാനകാരണമായി കണക്കാക്കപ്പെടുന്നത്‌. ഇത്‌ തടയാനായി ധാരാളം നാരടങ്ങിയ ഭക്ഷണം കഴിക്കാനും വിരനശീകരണം നടത്താനുമൊക്കെ പറയാമെങ്കിലും അത്‌ കൊണ്ടൊന്നും പൂർണമായി തടയാമെന്ന്‌ ഉറപ്പ്‌ തരാവുന്ന ഒന്നല്ല അപ്പന്റിസൈറ്റിസ്‌.

ആദ്യമായി അപ്പന്റിസൈറ്റിസ്‌ ഉണ്ടാകുന്ന ആൾക്ക്‌ വേണ്ട വിശ്രമവും ഭക്ഷണനിയന്ത്രണവും അണുബാധ നിയന്ത്രിക്കാനുള്ള കാര്യപരിപാടികളും ഡോക്‌ടർ നിർവ്വഹിച്ചേക്കും. ചിലപ്പോൾ അണുബാധ അവിടെ പത്തി താഴ്‌ത്തും, സർജറി ഒഴിവാക്കാനായേക്കും. എന്നാൽ കടുത്ത വേദനയുമായി 'ഇപ്പൊ പൊട്ടും' എന്ന നിലയിൽ നിൽക്കുന്ന അപ്പന്റിക്‌സിന്റെ മുതലാളിക്ക്‌ ജീവാപായത്തിന്‌ സാധ്യതയുള്ളത്‌ കൊണ്ട്‌ അതിവേഗം സർജറിക്ക്‌ വിധേയനാക്കാൻ ഡോക്‌ടർ പറയും. താക്കോൽദ്വാര ശസ്‌ത്രക്രിയ വഴി തന്നെ മിക്കവാറും അപ്പന്റിക്‌സ്‌ എടുത്തു കളയാനാകുമെങ്കിലും ചിലപ്പോൾ വയറു തുറന്നുള്ള ശസ്‌ത്രക്രിയയിലേക്ക്‌ മാറേണ്ടി വന്നേക്കാം. അതിന്‌ വ്യക്‌തമായ കാരണങ്ങളുമുണ്ട്‌.

മൊത്തത്തിൽ, മൂപ്പര്‌ കുഴപ്പക്കാരനാണെങ്കിലും ചികിത്സ സിമ്പിളാണ്‌. ഏക്‌ ഛോട്ടീ സി സർജറി. ദത്രേള്ളൂ...!!

.
വാൽക്കഷ്ണം : അപ്പന്റിസൈറ്റിസ്‌ എന്നു കരുതുന്ന പലതും അങ്ങനെ ആവണം എന്നില്ലെന്ന് എഴുതിയല്ലോ. ചെറിയ കുട്ടികളിൽ വയറിനകത്തുള്ള കഴലകൾ വീങ്ങുന്നത്‌ (mesentric adenitis), കുടലിൽ കെട്ട്‌ (intussusception) തുടങ്ങി കുറേയേറെ കാരണങ്ങൾ, സ്‌ത്രീകളിൽ കെട്ടുപിണഞ്ഞു പോയ അണ്‌ഢാശയം (torsion ovary), അരക്കെട്ടിനുള്ളിലെ അണുബാധ ( pelvic inflammatory disease), വലതുഭാഗത്തെ ട്യൂബൽ പ്രഗ്‌നൻസി, മൂത്രാശയ അണുബാധ, പ്രായമായവരിൽ വൻകുടലിലെ കാൻസർ എന്നിവ അപ്പന്റിസൈറ്റിസിന്റെ മുഖംമൂടി അണിഞ്ഞ്‌ വരുന്ന കാപാലികരാണ്‌. അപ്പന്റിസൈറ്റിസിനെ അനുകരിക്കുന്ന മിമിക്രിക്കാർ ഇനിയുമേറെയുള്ളത്‌ കൊണ്ടാവാം ചിലപ്പോഴെങ്കിലും പഴുത്തു നിൽക്കുന്ന 'പുഴു'വിനെ തപ്പുന്ന സർജൻ വയറ്‌ തുറക്കുമ്പോൾ വേറെ വല്ലതുമൊക്കെ കണ്ട്‌ അതിന്‌ ചികിത്സിക്കേണ്ടി വരുന്നത്‌... ട്വിസ്‌റ്റ്‌ ട്വിസ്‌റ്റ്‌...

advertisment

Super Leaderboard 970x90