ചിലരൊക്കെ ജീവിക്കുന്നത് ഭക്ഷണം കഴിക്കാനാണ്. ചിലർ കഴിക്കുന്നത് വല്ലോർക്കും വേണ്ടിയാണ്. ചിലർക്ക് 'കഴിക്കണം', പുകയ്ക്കണം, പിന്നെ ഒരു സ്മോൾ വേദന വന്നാൽ പോലും അത് മാറാൻ ഗുളിക കഴിക്കണം. ഭക്ഷണശീലത്തിൽ ആകെ മൊത്തം ട്രബിളാണ്. എന്നിട്ട് വയറിനകത്തുള്ള എല്ലാത്തിനും കൂടി ഇട്ട് വെച്ചേക്കുന്ന പേരാണ് ഒന്നുകിൽ അസിഡിറ്റി അല്ലെങ്കിൽ ഗ്യാസ് ട്രബിൾ. ഇന്നത്തെ #SecondOpinion ആ ട്രബിളൊക്കെ തീർക്കാനാണ്.
പള്ളന്റുള്ളീന്ന് ഗുഗ്ഗുളു ശബ്ദം, നെഞ്ച്വേദന, ഓക്കാനം വരൽ, ഭക്ഷണം കഴിച്ചാൽ ഒന്നുകിൽ വേദന കൂടുന്നു അല്ലെങ്കിൽ വേദനക്ക് ആശ്വാസം, വയറുസ്തംഭനം എന്ന് തുടങ്ങി സകലതും ഇപ്പറഞ്ഞതിന്റെ ലക്ഷണങ്ങളാണ് നമുക്ക്. വയറിലെ ഹൈഡ്രോക്ലോറിക് ആസിഡിന്റെ ഉൽപാദനം കൂടുന്ന സംഗതിയാണ് അസിഡിറ്റി എന്നാകുമല്ലോ നിഗമനം. സംഗതി ഉള്ളതാണ്. പക്ഷേ, ആസിഡ് കൂടുന്നതിനും, അത് കാരണം ആമാശയത്തിന്റെ ആവരണത്തിന് സംഭവിക്കുന്ന അപാകതകൾക്കും, ആമാശയത്തിനകത്തുള്ള ബാക്ടീരിയാക്രമണത്തിനും തുടങ്ങി സർവ്വതിനും ഈ പേരിട്ട് വിളിക്കാൻ തുടങ്ങിയാൽ കുഴപ്പമാവും.
വയറിലെ വേദന മുഴുവൻ ഗ്യാസുമല്ല. ഓരോ രോഗവും വ്യത്യസ്തമാണ്. ഇതെല്ലാം കാലങ്ങളോളം സഹിച്ച രോഗിയോട് പോലും കൃത്യമായ രോഗനിർണയത്തിലെത്താൻ വായിലൂടെ കുഴലിറക്കിയുള്ള എൻഡോസ്കോപി പരിശോധന ആവശ്യപ്പെട്ടാൽ മിക്കവരും ജീവനും കൊണ്ടോടുന്നതും കാണാം. കൃത്യമായൊരു ചിത്രത്തിന് ഈ പരിശോധന തന്നെയാണ് പ്രധാനവഴികളിൽ ഒന്ന്.
മിക്കവാറും പേരുടെ ഭക്ഷണശീലങ്ങൾ ദുരന്താത്മകപ്രതിഭാസമാണ്. പ്രാതൽ ഒഴിവാക്കി ഉച്ചക്ക് രണ്ടാൾക്കുള്ളത് ഒന്നിച്ച് കഴിക്കും. ആമാശയത്തിലെ ആസിഡ് അത്രേം നേരം പണിയൊന്നുമില്ലാതെ ബോറടിച്ചിട്ട് അവയവത്തിന് മേൽ തന്നെ മേയാൻ തുടങ്ങും. കാലങ്ങളോളം ഇത് തുടരുമ്പോൾ ആവരണത്തിന് തേയ്മാനം, മുറിവ് തുടങ്ങി അൾസർ വരെയാകാം . ഇവയോരോന്നും വ്യത്യസ്തരോഗങ്ങളാണ്.
ആസിഡ് കമ്പനിയിലെ പ്രൊഡക്ഷൻ കുറയ്ക്കുന്നത് ഒരു പരിധി വരെ അസിഡിറ്റിയുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കും. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. കഴിവതും എരിവും പുളിയും കുറയ്ക്കുക. മദ്യപാനം, പുകവലി, മാനസികസമ്മർദം എന്നിവയെ പിരിച്ച് വിടുക. അനാവശ്യമായി വേദനസംഹാരികൾ ഒരു സൗകര്യമായി കരുതി ഏറ്റെടുക്കാതിരിക്കുക എന്നിവ സുപ്രധാനമാണ്.
തികട്ടി വരവ് ഇതിന്റെ ഭാഗമാകാം, മറ്റ് രോഗങ്ങളുമാവാം. രോഗത്തിന്റെ വകുപ്പ് തീരുമാനിക്കൽ തൽക്കാലം ഡോക്ടർക്ക് വിട്ടുകൊടുക്കുക. ഹൃദയാഘാതത്തിന്റെ വേദന പോലും 'ഗ്യാസിന്റെ വേദന' എന്ന് പറഞ്ഞ് വീട്ടിലിരുന്നവർ ജനസംഖ്യ കുറയുന്നതിൽ സുപ്രധാനപങ്ക് വഹിച്ചത് നിഷേധിക്കാനാവില്ല. നെഞ്ചുവേദനകളെ വീട്ടിലിരുന്ന് തരം തിരിക്കാനും ശ്രമിക്കരുത്. ഇനി ആമാശയത്തിന്റെ വല്ല പ്രശ്നമാണേലും സൂചി കൊണ്ടെടുക്കേണ്ടത് ജെസിബി ഇറക്കി പണിയേണ്ട ഗതിയാക്കരുത്. ഈ പറഞ്ഞവയിൽ ചിലതെങ്കിലും ആമാശയത്തിലെ കാൻസറിന് വഴി വെക്കാൻ സാധ്യതയുള്ളവയാണ്. ഉദാഹരണത്തിന് ഹെലിക്കോബാക്റ്റർ പൈലോറി എന്ന ബാക്ടീരിയയുടെ സാന്നിധ്യം ആമാശയത്തിൽ വളരെ സാധാരണയാണ്. ഈ ജീവി ഉണ്ടാക്കുന്ന രോഗം കാൻസറിലേക്ക് വഴി തെളിയിക്കാം.
പറഞ്ഞു വരുന്നത്, കൈയിലിരിപ്പിന്റെ ഗുണം കൊണ്ട് ശരിക്കും പട്ടിണിയായിപ്പോകും, ചിലപ്പോൾ അതിൽ കൂടുതലുമുണ്ടാകും എന്നാണ്. ആഹാരശീലങ്ങൾ നേരെയാക്കുക, ദുശ്ശീലങ്ങൾ പൂർണമായും ഒഴിവാക്കുക.
വാൽക്കഷ്ണം: വായ്പ്പുണ്ണ് എന്ന് കേട്ടാൽ ഉടനടി മെഡിക്കൽ ഷോപ്പിലേക്കോടി ബി കോംപ്ലക്സ് ഗുളിക വാങ്ങി വിഴുങ്ങുന്നതാണോ ശീലം? വായിലുള്ള എന്ത് മുറിവും തടിപ്പും വായ്പ്പുണ്ണല്ല. എല്ലായിനം വായ്പ്പുണ്ണിനെയും, പ്രത്യേകിച്ച് തുടർച്ചയായി വരുന്നവയെ കാര്യമായൊന്ന് ഗൗനിക്കണം. ക്രോൺസ് ഡിസീസ് പോലെ വായ മുതൽ മലദ്വാരം വരെ രോഗം വ്യാപിച്ച് കിടക്കുന്ന അവസ്ഥകളിൽ ലക്ഷണം ചിലപ്പോൾ ഈ പുണ്ണ് കൂടിയാകാം. മൂപ്പരാള് സിമ്പിൾ ആണെന്ന് തോന്നിയാലും വളരെ പവർഫുള്ളാണേ...