ജോസഫ് പുലിക്കുന്നേൽ എന്ന പ്രവാചകപ്പുലി, ഷിജു ആച്ചാണ്ടി എഴുതുന്നു...

സഭ സംഭാവന ചോദിക്കുന്നത് പ്രമേഹരോഗികള്‍ പഞ്ചസാര ചോദിക്കുന്നതുപോലെയാണെന്നായിരുന്നു പുലിക്കുന്നേലിന്‍റെ ഉപമ. യഥാര്‍ത്ഥത്തില്‍ സ്നേഹമുള്ളവര്‍ പ്രമേഹബാധിതര്‍ക്കു പഞ്ചസാര കൊടുക്കരുത്. അതവരെ കൂടുതല്‍ രോഗികളാക്കും.

ജോസഫ് പുലിക്കുന്നേൽ എന്ന പ്രവാചകപ്പുലി, ഷിജു ആച്ചാണ്ടി എഴുതുന്നു...

ധനവാനായ ഒരു മുസല്‍മാനുണ്ടായിരുന്നു. പട്ടികളോടു വലിയ കമ്പമായിരുന്നു. ഒരു മുന്തിയ ഇനത്തെ വാങ്ങി വളര്‍ത്തണമെന്നു വലിയ ആഗ്രഹം. പക്ഷേ ഹറാമാണ്. വീട്ടുകാര്‍ സമ്മതിക്കില്ല.അയാളുടെ അയല്‍വാസിയാണ് ഒരു നമ്പൂതിരി. കാഞ്ഞ ബുദ്ധി. അറുപിശുക്കന്‍.അണ പൈ വിടാതെ എല്ലാ വരവു ചിലവു കണക്കുകളും പുസ്തകത്തില്‍ എഴുതി വയ്ക്കുന്നയാള്‍. ചിലവുണ്ടെങ്കില്‍ വരവുമുണ്ടാകണം എന്നു നിര്‍ബന്ധമുള്ളയാള്‍.ധാരാളം വസ്തുവകകളുള്ളതിനാല്‍ വീട്ടില്‍ ഒരു പട്ടിയെ വളര്‍ത്തുന്നുണ്ട്. കണക്കുപുസ്തകത്തിലെ പട്ടിയുടെ പേജ് മാത്രം എന്നും തിരുമേനിയെ വിഷമിപ്പിച്ചുകൊണ്ടിരുന്നു. കാരണം, ചിലവുണ്ട്. പ്രത്യക്ഷത്തില്‍ വരവൊന്നുമില്ല.

ഹാജ്യാര്‍ എന്നും നമ്പൂതിരിയുടെ ഇല്ലത്തു വരും. സംസാരിക്കും. പട്ടിയെ കൗതുകത്തോടെ കണ്ടു നില്‍ക്കും.ഒരു ദിവസമദ്ദേഹം പറഞ്ഞു, "ഇതുപോലൊരെണ്ണത്തിനെ വളര്‍ത്തണമെന്ന് എനിക്കും പൂതിയുണ്ട്."നമ്പൂതിരി ആലോചിച്ചു. ബള്‍ബു കത്തി. അയാള്‍ പറഞ്ഞു,"ഈ പട്ടിയെ ഇഷ്ടപ്പെട്ടെങ്കില്‍ ഹാജ്യാര്‍ എടുത്തോളൂ. തരുന്നതില്‍ സന്തോഷമേയുള്ളൂ." "പക്ഷേ വീടര്‍ സമ്മതിക്കില്ല. എങ്ങിനെ വളര്‍ത്തും?"

"അതിനു വഴിയുണ്ടാക്കാം. പട്ടിയെ വാങ്ങിയിട്ട് ഇവിടെ തന്നെ നിറുത്തുക. ഞാന്‍ വളര്‍ത്തിക്കോളാം. അതിന്‍റെ ചിലവ് ഹാജ്യാര്‍ തന്നാല്‍ മതി. പട്ടിയെ വളര്‍ത്തുകയും ചെയ്യാം, വീട്ടുകാരെ വിഷമിപ്പിക്കുകയും വേണ്ട."ആഹാ. നല്ല ഐഡിയ. ഹാജ്യാര്‍ക്കു ബോധിച്ചു. പട്ടിയുടെ വിലയായി ഒരു പതിനായിരം കൊടുത്തു. പിന്നെ കൂടിന്‍റെ വാടക, തീറ്റ, മരുന്ന്, നോട്ടക്കൂലി ഇനത്തില്‍ ഓരോ തുക മാസം തോറും നമ്പൂതിരി കണക്കു പറഞ്ഞു വാങ്ങും.കണക്കുപുസ്തകത്തിലെ പട്ടിയുടെ ഏടു കണ്ടു തിരുമേനി ചിരിച്ചു തുടങ്ങി. പട്ടി പതിവു പോലെ വീട്ടിലുണ്ട്, പക്ഷേ, ചിലവില്ല, വരുമാനം അസാരമുണ്ടു താനും.

ജോസഫ് പുലിക്കുന്നേലിന്‍റെ ഒരു ലേഖനത്തിലാണ് ഈ കഥ വായിച്ചത്.

ദീപിക പത്രം സ്ഥാപിച്ചു നടത്തിയിരുന്നത് സി എം ഐ വൈദികരാണ്. പത്രം നഷ്ടത്തിലായി. എല്ലാം നല്ല ലാഭത്തില്‍ നടത്തുന്ന അവര്‍ക്കു പത്രം മാത്രം നഷ്ടത്തില്‍ പോകുന്നത് സഹിക്കാനായില്ല. സമുദായത്തിനു പത്രം വേണമെന്നുണ്ടെങ്കില്‍ വിശ്വാസികള്‍ ഏറ്റെടുത്തുകൊള്ളണം, തങ്ങള്‍ക്കു വയ്യ എന്ന നിലപാടെടുത്തു വൈദികര്‍. വിശ്വാസികള്‍ക്ക് ഓഹരികള്‍ വിറ്റ് അതൊരു പബ്ലിക് ലിമിറ്റഡ് കമ്പനിയാക്കി. പക്ഷേ നടത്തിപ്പും അധികാരവും പുരോഹിതര്‍ക്കു തന്നെ.

ദീപിക വിശ്വാസികളുടെ സ്വന്തമായി. ആയോ? ആയി. എന്നാല്‍ ആയോ?!ഈ വൈരുദ്ധ്യത്തെ പരിഹസിക്കാന്‍ പുലിക്കുന്നേല്‍ പറഞ്ഞ കഥയാണ്.സഭ സംഭാവന ചോദിക്കുന്നത് പ്രമേഹരോഗികള്‍ പഞ്ചസാര ചോദിക്കുന്നതുപോലെയാണെന്നായിരുന്നു പുലിക്കുന്നേലിന്‍റെ ഉപമ. യഥാര്‍ത്ഥത്തില്‍ സ്നേഹമുള്ളവര്‍ പ്രമേഹബാധിതര്‍ക്കു പഞ്ചസാര കൊടുക്കരുത്. അതവരെ കൂടുതല്‍ രോഗികളാക്കും.

ഇങ്ങിനെ കഥകളും പഴഞ്ചൊല്ലുകളും നാട്ടുപഴമകളും തന്‍റെ രചനകള്‍ക്കായി ജോസഫ് പുലിക്കുന്നേല്‍ ധാരാളമായി ഉപയോഗപ്പെടുത്തിയിരുന്നു. ഒന്നാന്തരം മലയാളഗദ്യം എഴുതിയിരുന്ന ഒരാള്‍ കൂടിയായിരുന്നു പുലിക്കുന്നേല്‍.

ലഘുലേഖകളായിരുന്നല്ലോ അദ്ദേഹത്തിന്‍റെ പരിചയും വാളും. എതിരാളിയായി തീര്‍ന്ന ഏകമകന്‍ തനിക്കെതിരെ എഴുതി പ്രചരിപ്പിച്ച ലഘുലേഖയ്ക്കു മറുപടിയായും ലഘുലേഖ എഴുതേണ്ടി വന്നതായിരിക്കാം വ്യക്തിപരമായി അദ്ദേഹം നേരിട്ട ഒരു ദുരന്തം. പുത്രനു വഴിതെറ്റുന്നതു കാണുന്ന ഒരു വൃദ്ധപിതാവിന്‍റെ വേദന ആ ലഘുലേഖയിലെ വരികള്‍ക്കിടയില്‍ തിങ്ങിവിങ്ങി നിന്നിരുന്നു.

ഓശാനയിലേയ്ക്കു നിരന്തരം കത്തുകളെഴുതിയിരുന്ന ഒരു പുരോഹിതനുണ്ടായിരുന്നു. യോജിച്ചും വിയോജിച്ചും. എല്ലാം പുലിക്കുന്നേല്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന്‍റെ പേരു ഞാന്‍ മറന്നു. പുലിക്കുന്നേലിനുള്ള കത്തുകളെല്ലാം ആ വൈദികന്‍ അവസാനിപ്പിച്ചിരുന്നത് ഈ വാക്യത്തോടെയായിരുന്നു -
"പ്രവാചകപ്പുലി നീണാള്‍ വാഴട്ടെ."

ഷിജു ആച്ചാണ്ടി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ഹൃദയസ്പർശിയായ ഒരു അനുഭവ കുറിപ്പ്

advertisment

News

Super Leaderboard 970x90