Cinema

'ആമി' ബോറന്‍ പടം മാത്രമല്ല, ഊളപടം കൂടിയാണ്... ഷിബു ഇ.വി

നാടകവും സിനിമയും തമ്മിലുള്ള വ്യത്യാസമെന്താണ്? വ്യത്യാസങ്ങള്‍ പലതുണ്ടെങ്കിലും നാടകം സിനിമയാക്കാം, സിനിമ നാടകമാക്കാന്‍ പറ്റില്ല എന്നാണു സിംപിളായി പറഞ്ഞാല്‍ ഏറ്റവും പ്രധാനവ്യത്യാസം. കണ്‍ഫ്യൂഷനടിക്കേണ്ട. നാടകം അതുപോലെ കാമറയില്‍ ഷൂട്ട് ചെയ്ത് പ്രദര്‍ശിപ്പിച്ചാല്‍ അതിനെ സിനിമയെന്നു വേണമെങ്കില്‍ വിളിക്കാമെന്നേ തല്‍ക്കാലം ഉദ്ദേശിച്ചിട്ടുള്ളു. സംശയമുള്ളവര്‍ കമലിന്റെ 'ആമി' കാണുക....

'ആമി' ബോറന്‍ പടം മാത്രമല്ല, ഊളപടം കൂടിയാണ്... ഷിബു ഇ.വി

സുഹൃത്തുക്കളെ, ആമിയെക്കുറിച്ച് എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വന്ന നിരൂപണം റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ആവശ്യപ്രകാരം നീക്കം ചെയ്തുവെന്ന് എന്നെ ഫെയ്‌സ്ബുക്ക് അറിയിക്കുന്നു. കോമഡിയാണ്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുവേണ്ടി നിലവിളിക്കുന്ന ഒരു കാപട്യക്കാരന്റെ സിനിമയെ തൊട്ടപ്പോഴുള്ള കോമഡി. വായിക്കാത്തവര്‍ക്ക് സംഭവം ഞാന്‍ വീണ്ടും പോസ്റ്റ് ചെയ്യുന്നു.

#ആമി ബോറന്‍ പടം മാത്രമല്ല,
ഊളപടം കൂടിയാണ്.

ആമിയല്ല... ആമ

നാടകവും സിനിമയും തമ്മിലുള്ള വ്യത്യാസമെന്താണ്? വ്യത്യാസങ്ങള്‍ പലതുണ്ടെങ്കിലും നാടകം സിനിമയാക്കാം, സിനിമ നാടകമാക്കാന്‍ പറ്റില്ല എന്നാണു സിംപിളായി പറഞ്ഞാല്‍ ഏറ്റവും പ്രധാനവ്യത്യാസം. കണ്‍ഫ്യൂഷനടിക്കേണ്ട. നാടകം അതുപോലെ കാമറയില്‍ ഷൂട്ട് ചെയ്ത് പ്രദര്‍ശിപ്പിച്ചാല്‍ അതിനെ സിനിമയെന്നു വേണമെങ്കില്‍ വിളിക്കാമെന്നേ തല്‍ക്കാലം ഉദ്ദേശിച്ചിട്ടുള്ളു. സംശയമുള്ളവര്‍ കമലിന്റെ 'ആമി' കാണുക. ശ്രീകര്‍ പ്രസാദിനെപ്പോലെ പരിണിതപ്രജ്ഞനും മികച്ച എഡിറ്ററും കൂടിയുണ്ടെങ്കില്‍ നാടകത്തിന്റെ രംഗങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിവച്ച് സംഭവം ഒന്നു കൊഴുപ്പിക്കാം. മധു നീലകണ്ഠനെപ്പറ്റി മനോഹരമായ ദൃശ്യങ്ങളൊരുക്കുന്ന ഒരു ഛായാഗ്രഹകനുണ്ടെങ്കില്‍ സംഭവം കളറുമാക്കാം. ആമി അതാണ്, അതുമാത്രമാണ്. അല്ലാതെ മാധവിക്കുട്ടിയെ കാണാന്‍ പോകരുത്. ചിലപ്പോഴൊക്കെ കമലാദാസിനെ കാണാന്‍ പറ്റിയേക്കും, കമലാ സുരയ്യയെയും കാണാന്‍ പറ്റും, ആ മതം മാറ്റത്തിന്റെ രഹസ്യമറിയാന്‍ പറ്റും. എന്നാലും മൂന്നുമണിക്കൂര്‍ നീണ്ട ബോറടിയില്‍ നീര്‍മാതളം പൂത്ത കാല്‍പനികയൊന്നും ഒരുപരിധിയില്‍ കൂടുതല്‍ തുണയാകില്ല.

കമലിന്റെ 'ആമി' യായിരുന്നോ എഴുത്തുകാരിയായ, റിബലായ, സെന്‍സിറ്റീവായ മാധവിക്കുട്ടി. ? എഴുത്തിലൂടെ, വാര്‍ത്തകളിലൂടെ അറിഞ്ഞ മാധവിക്കുട്ടിക്കപ്പുറം ഉള്ള ഒരു കാഴ്ചയെ അവതരിപ്പിക്കാന്‍ ആമിക്ക് ആയിട്ടുണ്ടോ? ഇല്ല എന്നു തന്നെയാണ് ഉത്തരം. മാധവിക്കുട്ടിയെപ്പോലെ ഒരു സവിശേഷ വ്യക്തിത്വത്തെക്കുറിച്ചുള്ള ബയോപിക് ഒരുക്കുമ്പോള്‍ ചെയ്യേണ്ട ബേസിക് റിസര്‍ച്ച് പോലും ചെയ്യാതെ, ഒരു ആരാധകന്റെ മനസോടെ മാത്രം ചെയ്ത ശരാശരിയിലും താഴ്ന്ന സിനിമയാണ് ആമി.

ആമിയുടെ പ്രധാനപ്രശ്‌നങ്ങള്‍ മൂന്നാണ്:

ഒന്നാമത്തേതത് അതിന്റെ മുഷിപ്പുണ്ടാക്കുന്ന ദൈര്‍ഘ്യമാണ്. മാധവിക്കുട്ടി എന്ന മലയാളിയെ ഞെട്ടിച്ച സ്ത്രീയെക്കുറിച്ചു പറയാന്‍ മൂന്നുമണിക്കൂര്‍ കൂടുതല്‍ അല്ല. എന്നാല്‍ അപൂര്‍വം രംഗങ്ങള്‍ മാത്രം ആകര്‍ഷണീയമായുള്ള സിനിമയ്ക്ക് മൂന്നുമണിക്കൂര്‍ എന്നത് അസഹനീയമായ ദൈര്‍ഘ്യമാണ്.

രണ്ടാമത്തേതത് കമല്‍ തന്നെ എഴുതിയ സ്‌ക്രിപ്ടാണ്. സ്വന്തം സിനിമകള്‍ക്ക് കമല്‍ രചന നിര്‍വഹിക്കുന്നത് അപൂര്‍വമാണ്. മാധവിക്കുട്ടിയെന്ന ജീനിയസായ എഴുത്തുകാരിയെ ഓരത്തിരുത്തി കമല എന്ന വ്യക്തിയുടെ ജീവിതത്തിലെ മൂന്നുഘട്ടങ്ങളെക്കുറിച്ചു പറയാനാണ് സിനിമ പ്രധാനമായും ശ്രമിക്കുന്നത്. ഒന്ന് പുന്നയൂര്‍ക്കുളത്തെ ബാല്യം, രണ്ട് മാധവദാസുമൊത്തുള്ള ദാമ്പത്യം, മൂന്ന് അവസാനകാലത്തെ പ്രണയവും മതംമാറ്റവും. എന്റെ കഥയുടെ ആവിഷ്‌കാരമെന്നപോലെയാണ് ആദ്യപകുതി. രണ്ടാംപകുതി ഇസ്ലാമിന്റെ ലോകത്തേക്ക് മാധവിക്കുട്ടി എത്തുന്നത്. ഇവയെ എല്ലാം ബന്ധിപ്പിക്കുന്നത് മാധവിക്കുട്ടിക്ക് കൃഷ്ണനോടുള്ള പ്രണയവും. ഒരു കാമുകനോടെന്നവണ്ണം കൃഷ്ണനോടു കമലയുടെ സംഭാഷണങ്ങളിലൂടെയാണ് അവര്‍ അവരെക്കുറിച്ച് നമ്മളോടു പറയുന്നത്. ആശയം സമ്പന്നമാണെങ്കിലും അവതരണം ദരിദ്ര്യമാണ്. ടൊവിനോ തോമസ് ആണ് കൃഷ്ണവേഷത്തിലെത്തുന്നത്.

മൂന്നാമത്തെ പ്രശ്‌നം സംവിധായകനായ കമലിന്റെ ശൈലി ആണ്. കമലിന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടാണ് ആമി. സെല്ലുലോയ്ഡ് എന്ന ബയോപിക് നേടി കമല്‍ ശ്രദ്ധയും നേടിയിട്ടുണ്ട്. എല്ലാവര്‍ക്കുമറിയുന്ന കഥകള്‍ പറയുമ്പോള്‍ അത് ആസ്വാദ്യകരമാക്കാനുള്ള ഘടകങ്ങള്‍ ഉണ്ടാകണം. അല്ലെങ്കില്‍ ബയോപിക്കുകള്‍ വിരസനാടകങ്ങളാകും. ആമിയുടെ പ്രശ്‌നമതാണ്. സ്വാതന്ത്ര്യലബ്ദി മുതല്‍ ലവ് ജിഹാദ് വരെ വിഷയമാകുന്നുണ്ട്. പക്ഷേ തുടക്കംമുതല്‍ വിരസതയാണ്. ഹോളിവുഡിലെ ബയോപിക്കുകളൊക്കെ പരീക്ഷിക്കുന്ന കാലഘട്ടങ്ങള്‍ തുടര്‍ച്ചയായി, അടുക്കില്ലാതെയും മാറ്റിയുമുള്ള ആഖ്യാനശൈലിയൊക്കെ കമല്‍ പരീക്ഷിക്കുന്നുണ്ടെങ്കിലും സിനിമയുടെ ഒരുഘട്ടത്തിലും ഒഴുക്കുതോന്നുന്നില്ല.

ഏറ്റവും ആകര്‍ഷകമായ ഘടകം: അത് മാധവിക്കുട്ടിയെ കമലാ സുരയ്യ ആക്കിയ കാലത്തെ പ്രണയവും, മതപരിവര്‍ത്തനവും സൃഷ്ടിച്ച കോലാഹലമാണ്. വസ്തുതകളെയല്ല, ബാലന്‍സിങ് ആക്ടാണ് കമല്‍ ഇവിടെ പ്രയോഗിച്ചത്. വിഷയത്തിന്റെ സെന്‍സിറ്റിവിറ്റി പരിഗണിച്ചാവണം. പാര്‍ലമെന്റംഗമായ, ധനാഢ്യനായ മുസ്ലിം യുവാവുമായുള്ള മാധവിക്കുട്ടിയുടെ പ്രണയവും തുടര്‍ന്നുള്ള മതപരിവര്‍ത്തനവുമാണ് സിനിമയുടെ ഹൈലൈറ്റ്. എന്നാല്‍ ആരെന്നുപറയാതെ ഏതോ ഒരു അക്ബര്‍ അലി ലൈനിലാണ് കാര്യങ്ങള്‍. അനൂപ് മേനോനാണ് ഈ കാമുകനായെത്തുന്നത്. നിലാവും ഗസലും ഭക്ഷണവും പിറന്നാള്‍ സമ്മാനവുമൊക്കെ ചേര്‍ന്ന കാല്‍പനികതയൊക്കെ കൊണ്ടു സമ്പന്നമാക്കിയിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും പരുക്കില്ലാതെ തീവ്രഹിന്ദു, മുസ്ലിം സംഘടനകളെയൊക്കെ ചെറുതായി വിമര്‍ശിച്ച്, സിനിമ വഴിമാറുന്നുണ്ട്. എങ്കിലും തിടുക്കപ്പെട്ടുപോയ മതപരിവര്‍ത്തനത്തില്‍ അവര്‍ ഖിന്നയായിരുന്നുവെന്ന സൂചനയും സിനിമ നല്‍കുന്നുണ്ട്.

മാധവിക്കുട്ടിയായി മഞ്ജുവാര്യര്‍: യാദൃച്ഛികമായാണ് മഞ്ജുവാര്യര്‍ മാധവിക്കുട്ടിയായത്. കണ്ടറിഞ്ഞ, കേട്ടറിഞ്ഞ, വായിച്ചറിഞ്ഞ മാധവിക്കുട്ടിയായി മഞ്ജുവിനെ സ്വീകരിക്കാനുള്ള മനസനുസരിച്ചായിരിക്കും അവരുടെ പ്രകടനം അനുഭവവേദ്യമാകുക. കമലാദാസായി ശരാശരിയിലൊതുങ്ങിയപ്പോള്‍, കമലാ സുരയ്യയായി മഞ്ജു തിളങ്ങി. സൂക്ഷ്മവികാരങ്ങളും കോപവും പ്രണയനൈരാശ്യവും നിസഹായതയും പ്രകടിപ്പിക്കേണ്ട അന്തിമരംഗങ്ങളില്‍ മഞ്ജുമാത്രമാണ് മുന്നിലുണ്ടായിരുന്നത്. മാധവിക്കുട്ടിയുടെ ബാല്യവും കൗമാരവും അവതരിപ്പിച്ച പുതിയ താരങ്ങളും ശ്രദ്ധേയമായി. ഭര്‍ത്താവ് മാവധദാസായി വേഷമിട്ട മുരളീഗോപി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ബിജിപാലാണ് പശ്ചാത്തലസംഗീതം, ജയചന്ദ്രന്‍ സംഗീതം നല്‍കിയ പാട്ടുകള്‍ ഇമ്പമുള്ളതാണ്. കലാസംവിധാനവും വസ്ത്രാലങ്കാരവും ചിലയിടങ്ങളില്‍ മികച്ചുനിന്നപ്പോള്‍ ചിലയിടങ്ങളില്‍ സ്‌റ്റേജ് നാടകം പോലെയാണ് അനുഭവപ്പെട്ടത്.

#TAGS : aamy   shibu e v  

advertisment

News

Related News

    Super Leaderboard 970x90