ബലിപീഠത്തിൽ നിന്നും ചരിത്രത്തിലേക്കിറങ്ങി വരുന്നവർ.... രഘുനാഥൻ പറളി യുടെ നിരൂപണ കൃതി "ചരിത്രം എന്ന ബലിപീഠ"ത്തെ മുൻനിർത്തിയുള്ള വായന

മലയാളത്തിൻറെ മുറ്റത്ത് ചുവന്ന പട്ടിൽ നനഞ്ഞുപൊതിഞ്ഞ് തെക്കോട്ട് തിരിഞ്ഞു കിടക്കുന്ന നിരൂപണത്തിന് ഇനയൊരു പുതുജീവൻ എന്നെങ്കിലും കിട്ടിയലായി. നിരൂപണത്തിന്റെ അവസ്ഥകണ്ട് അസ്വസ്ഥരാകുന്നതിൽ എഴുത്തുകാരുമുണ്ടെന്ന് പറളി. നിരീക്ഷണപ്പടുക്കളിൽപെട്ട സക്കറിയ നിരൂപണത്തിന്റെ അസാന്നിധ്യത്തിൽ സാഹിത്യത്തിന്റെ സ്ഥിതിയിൽ ആശങ്കപ്പെട്ടെഴുതിയത്(നിരീക്ഷകന്റെ ഇടം) ശരിവെച്ചുകൊണ്ട് പറളിയും ചോദിക്കുന്നു, നിരൂപണത്തിന്റെ പോക്ക് എങ്ങോട്ടെന്ന്.

ബലിപീഠത്തിൽ നിന്നും ചരിത്രത്തിലേക്കിറങ്ങി വരുന്നവർ.... രഘുനാഥൻ പറളി യുടെ നിരൂപണ കൃതി "ചരിത്രം എന്ന ബലിപീഠ"ത്തെ മുൻനിർത്തിയുള്ള വായന

എല്ലാവരും ഉറങ്ങുമ്പോൾ ഉണർന്നിരിക്കുന്നവനാ ണ് കലാകാരൻ എന്ന പ്രയോഗത്തെ ഒന്ന് ചരിച്ചുപിടിച്ച് പറഞ്ഞാൽ , എഴുത്തുകാരൻ ഉറങ്ങുമ്പോൾ ഉണർന്നിരിക്കുന്നവനാണ് നിരൂപകൻ; ഒരു നല്ല പുസ്തകത്തിന് പറുദീസ തീർക്കുന്നവനെന്നും പറയാം. അതെ,

ഏതൊരു സാഹിത്യത്തെയും നിരീക്ഷണങ്ങൾക്ക് വിധേയമാക്കി പുത്തൻ മാനങ്ങൾ കണ്ടെത്തി വിശദീകരിക്കുന്നവനാകുന്നു നിരൂപകൻ. ഭാഷയുടെ, സാഹിത്യത്തിൻറെ ഈ അതിരുകാക്കുന്നവനിൽനിന്ന് മൂന്നാമതൊരു വചന സമാഹാരം കൂടി വെളിപ്പെട്ടിരിക്കുന്നു;
ചരിത്രം എന്ന ബലിപീഠം.

ഭൂപടം, കാവ്യം,കഥനം,ബോധി,വിമർശം,സ്മരണ,സംഭാഷണം ഇങ്ങനെ ഏഴ് ഖണ്ഠങ്ങങ്ങളായി അവതീർണമായിട്ടുള്ള ഇപ്പുസ്തകം മലയാളത്തിനു സമർപ്പിച്ചിട്ടുള്ളത് ഒരു പാലക്കാട്ടുകാരനാണ്,പറളിക്കാരൻ. അതെ വായനക്കാർക്ക് പരിചിതനായ രഘുനാഥൻ പറളി.നിരൂപണ മേഖല വലിയൊരു പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ അതുമായി ബന്ധപ്പെട്ടുള്ള തന്റെ ആശങ്ക പങ്കുവയ്ക്കാനുള്ളൊരു ശ്രമത്തിന്റെ ഭാഗമായും പുസ്തകത്തെ കാണാം.നിരൂപണത്തിന്റെ ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെട്ട് 2008ൽ ക പി അപ്പനെഴുതി:

അത്, നിരൂപണം- ഇരുട്ടുമുറിയിൽ കണ്ണുകെട്ടി നിൽക്കുന്നതുപോലെ ആയിത്തീരുന്നു. നിരീക്ഷകനില്ലാത്ത സാഹിത്യം പരിസരബോധമില്ലാത്ത ഒന്നായിത്തീരുന്നു. മികച്ച കൃതി പോലും അനാഥമായിത്തീയിരുന്നു. കാരണം അത് വായനക്കാരന് ചൂണ്ടിക്കാട്ടാൻ ആളില്ലാതാകുന്നു. നമ്മോടൊപ്പം പറളി ഇത് പങ്കിടുമ്പോൾ 'രഘുനവാസിന്റ' വായനാമുറിയിൽ വായന കാത്ത് കിടന്നിരുന്ന പുസ്തകങ്ങൾ ഓർത്തുപോകുന്നു .ഇന്നിതെല്ലാം നിലച്ചിരിക്കുന്നു.

പകരം, പത്രാധിപരുടെ ഇഷ്ടക്കാരെ കൊണ്ട് ഇഷ്ടപ്രകാരം പറഞ്ഞെഴുതിപ്പിക്കുന്ന ഒരു സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിക്കഴിഞ്ഞു.

മലയാളത്തിൻറെ മുറ്റത്ത് ചുവന്ന പട്ടിൽ നനഞ്ഞുപൊതിഞ്ഞ് തെക്കോട്ട് തിരിഞ്ഞു കിടക്കുന്ന നിരൂപണത്തിന് ഇനയൊരു പുതുജീവൻ എന്നെങ്കിലും കിട്ടിയലായി.
നിരൂപണത്തിന്റെ അവസ്ഥകണ്ട് അസ്വസ്ഥരാകുന്നതിൽ എഴുത്തുകാരുമുണ്ടെന്ന് പറളി. നിരീക്ഷണപ്പടുക്കളിൽപെട്ട സക്കറിയ നിരൂപണത്തിന്റെ അസാന്നിധ്യത്തിൽ സാഹിത്യത്തിന്റെ സ്ഥിതിയിൽ ആശങ്കപ്പെട്ടെഴുതിയത്(നിരീക്ഷകന്റെ ഇടം) ശരിവെച്ചുകൊണ്ട് പറളിയും ചോദിക്കുന്നു, നിരൂപണത്തിന്റെ പോക്ക് എങ്ങോട്ടെന്ന്. ഒപ്പംതന്നെ ജാർഗണുകൾ കുത്തിനിറച്ചെഴുന്നള്ളിച്ചതിന്റെ ഫലമാണ് വായനക്കാരെ നിരൂപണത്തിൽ നിന്നകറ്റിയതെന്നും പറളി കൂട്ടിച്ചർക്കുന്നുണ്ട്.

അതേസമയം നിരൂപണമേഖലയ്ക്കും ഒരു നല്ല കാലമുണ്ടായിരുന്നു എന്നോർമ്മിപ്പിക്കാനുള്ളൊരു ശ്രമമാണ് "ഭാവവും അഭാവവും"എന്ന് പറയാം.
കേരളവർമ്മ തൊട്ടിങ്ങോട്ട് ശ്രീജൻ വരെയുള്ള പിൻഗാമികളും മുൻഗാമികളും ആയിട്ടുള്ളവരെയെല്ലാം ചേർത്തുള്ളൊരു കാലഗണന പട്ടിക പ്രദർശിപ്പിച്ചുകൊണ്ട്, വ്യത്യസ്ത കാലഘട്ടങ്ങളിൽ നിരൂപണ സാഹിത്യത്തെ പ്രതിനിധീകരിച്ചു എന്നതുകൊണ്ട് മലയാള സാഹിത്യചരിത്രത്തിന്റെ ഭാഗമാ യിട്ടുള്ളവരും ആകാൻ സാധ്യതയുള്ളവരും ഇക്കൂട്ടത്തിലുണ്ട്. അപ്പോഴും ഈ പട്ടിക ആരൊക്കെ അംഗീകരിക്കാൻ തയ്യാറാകും എന്നൊരു ചോദ്യം അപ്പുറത്തുയരുന്നുണ്ട്.

ഇപ്പുസ്തകത്തിൻറെ മർമ്മസ്ഥലിയിലേക്ക് വന്നാൽ -ഭരണകൂടനികൃഷ്ടതക്കിരയായി കാണാതാവുകയോ നാടുകടത്തപ്പെടുകയോ കൊല്ലപ്പെടുകയോ ഒക്കെ ചെയ്തിട്ടുള്ള എഴുത്തുകാർ അവരുടെ നിണഗന്ധമുള്ള എഴുത്തുകൾ ...,ഒന്നുകൂടി വ്യക്തമാക്കിയാൽ എക്കാലത്തും പ്രസക്തമെന്ന് വായനാലോകം സാക്ഷ്യപ്പെടുത്തിയിട്ടുള്ളതും ചരിത്രത്തിന്റെ ഭാഗമായി കണ്ട് വയ്ക്കപ്പെടുന്നതുമായ കുറച്ചു നല്ല രചനകളാണിതിന്റെ ആദ്യ അധ്യായമായ ചരിത്രം എന്ന ബലിപീഠം ചർച്ച ചെയ്യുന്നത്.
പറളി ഇതൊന്നുകൂടിവ്യക്തമാക്കുന്നുമുണ്ട്; ഇതിലുൾപ്പെടുത്തിയിട്ടുള്ള കൃതികളിൽ പലതും രാഷ്ട്രീയ ഹത്യക്കിരയായിട്ടു ള്ളവരാണെന്ന് .

കെൻസാരോ വീവയുടെ ' മൈ സ്റ്റോറി',(ആത്മകഥ) അവർ ആഫ്രിക്കയെ കൊല്ലുന്നു (കഥ) ഓർവെലിന്റെ'ഒരു തൂക്കിക്കൊല്ലൽ' (ലേഖനം)
അനിമൽ ഫാം (നോവൽ) സ്പാനിഷ് കവി സാർത്രിന്റെ ഇൻകേമറ ,മതിൽ (നോവലുകൾ)
ആന്ദ്രേപ്ലാറ്റനോവ് ,ആന്ദ്രേ പ്ലാറ്റ്നിക് എന്നീ എഴുത്തുകാരുടെ ജീർണ്ണിച്ച കാറ്റ്,യിസ്സാക് തുടങ്ങി രചനകളെല്ലാം പറളിയുടെ സൂക്ഷ്മവിശകലനത്തിനു വിധേയമാകുന്നുണ്ട്.
കൂട്ടത്തിൽ കെനിന്റെ മൈസ്റ്റോറിയുടെ ആശയം ഡാനിലോവിഷിന്റെ 'സ്വന്തം രാജ്യത്തിനുവേണ്ടി മരിക്കുന്നത് മഹനീയമാണ് 'എന്ന് പുസ്തകം പങ്കുവെക്കുന്നതായും സൂചിപ്പിക്കുന്നുണ്ട്.

എക്കാലത്തും വായിക്കപ്പെട്ടിട്ടുള്ള, വായനക്കാരായിട്ടുള്ള ആരും വായിക്കാനിഷ്ടപ്പെടുന്ന ഓർവലിൻറെ മുമ്പെ സൂചിപ്പിച്ച രണ്ട് കൃതികളിലും കുപ്രസിദ്ധരായിട്ടുള്ള രണ്ടുപേർ കടന്നുവരുന്നതായി പറയുന്നുണ്ട്; ഹിറ്റ്ലറും, സ്റ്റാലിനും. കൂട്ടത്തിൽ പിക്കാസോയുടെ ഗൂർണിക്ക പിറവിയെടുത്തത് ..., ചുരുക്കത്തിൽ അവിടെയും ഹിറ്റ്ലർക്ക് സമാധാനം കൊടുക്കുന്നില്ല.

സോൾഷെനിസ്റ്റിൻ ഇവാൻഡെനിസ്വോവിച്ചിന്റെ ജീവിതത്തിൽ നിന്നൊരേട് എഴുതേണ്ടിവന്നത് , മയ്ക്കോവ്സ്കി, ട്രോട്സ്കി തുടങ്ങി പ്രമുഖരുടെ മരണം -ഇതിലൊക്കെ സ്റ്റാലിന്റെ നെറികെട്ട രാഷ്ട്രീയത്തിന്റെ കൈകളുണ്ടെന്ന് ചരിത്രത്തിലേക്ക് തിരിഞ്ഞു നിന്നുകൊണ്ട് പറളി എഴുതുമ്പോൾ , സ്റ്റാലിനോട് ഒരുവിധ ആവേശവും തോന്നിയിട്ടില്ലാത്ത എനിക്ക് പറയാനുള്ളത്-കാലഘട്ടത്തിൻറെ ചില അനിവാര്യതകളിൽ നിന്നാണ് ഓരോ പ്രസ്ഥാനങ്ങളും നേതാക്കളുമെല്ലാം രൂപംകൊള്ളുന്നത്. ഒരു ഘട്ടംവരെ അവർ നിലനിൽക്കും ;അതു കഴിഞ്ഞാൽ അവർ തുടച്ചുനീക്കപ്പെടുന്നുണ്ട്. സ്റ്റാലിന്റെ കാര്യത്തിൽ ഇതൊന്നും സംഭവിച്ചിട്ടില്ലെങ്കിൽ കൂടി ജന മനസ്സിൽ
നിന്നും അദ്ദേഹം പണ്ടേ പിഴുതു മാറ്റപ്പെട്ടിട്ടുണ്ട്.

എനിക്ക് തോന്നിയിട്ടുള്ളത് പറളിയുടെ ചരിത്ര വായനയിൽ കൂടുതൽ സമയം അനുവദിച്ചിട്ടുള്ളത് ഹിറ്റലർക്കും സ്റ്റാലിനും ആണെന്നാണ്. പറളി തുടർന്നെഴുതുന്നു; പിനോഷെയും സദ്ദാമും എല്ലാം ചരിത്രത്തിന്റെ ഇങ്ങേയറ്റത്തുള്ള ഉദാഹരണങ്ങൾ മാത്രമാണ്;ഇരുപതാം നൂറ്റാണ്ടിന്റെ പൂർവാർധത്തിൽ തന്നെ അധികാര കാമനയും , കൂട്ടക്കൊലകളും കൊണ്ടുള്ള രണഘോഷങ്ങളും നിണഘോഷങ്ങളും സൃഷ്ടിച്ചവരാണ് ഹിറ്റ്‌ലറും മുസ്സോളിനിയും സ്റ്റാലിനും എല്ലാം എന്ന് പറഞ്ഞു വെക്കുമ്പോൾ,

നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരൻ മേതിൽ പണ്ട് പറഞ്ഞതും കൂട്ടത്തിലോർക്കാമായിരുന്നു.എന്താണ് മേതിലന്നുപറഞ്ഞത്? ഹിറ്റ്ലർ പാതകങ്ങൾ ചെയ്തു കൂട്ടുമ്പോഴും ജർമനി പടുത്തുയർത്തുക യായിരുന്നു എന്ന്!!നിഗൂഢതകളുടെ എഴുത്തുകൾ മാത്രം സമ്മാനിച്ചിട്ടുള്ള ഒരെഴുത്തുകാരന്റെ രാഷ്ട്രീയവും നിഗൂഢമായി തോന്നുന്നെങ്കിൽ അതും ഒരു മനസ്സിലായ്കയായി കരുതുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു.

ഈ അദ്ധ്യായവുമായി ബന്ധപ്പെട്ട് ചിരപ്രതിഷ്ഠരായിട്ടുള്ള എഴുത്തുകാരും ചരിത്രപുരുഷന്മാരും വേറെയും കടന്നുവരുന്നുണ്ടെങ്കിലും സാങ്കേതിക പരിമിതികൾ നിമിത്തം അതിലേക്കു പ്രവേശിക്കുന്നില്ല. പകരം,മുറിവുകളുടെ രാഷ്ട്രീയം, ജീവിതത്തിലെ ഒരേ ദിവസങ്ങൾ,കഥയുടെ പുതിയ ദ്വീപ് തുടങ്ങി രചനകളെ കുറിച്ചുള്ള ഗ്രന്ഥകാരന്റെ നിരീക്ഷണത്തിലേക്ക് വരാം.
വിരാമമില്ലാത്ത പ്രതീക്ഷകളുടെയും തളരാത്ത മനുഷ്യ ജീവിതത്തിന്റെയും ജീവിതത്തിലെ ഒരു ദിവസമാണ് മാൻലിയോ അർഗൂക്കിയുടെ നോവലെന്ന് . സരമഗോയുടെ അജ്ഞാത ദ്വീപ് അനശ്വരതയുടെയും, സ്വപ്നത്തിന്റെ മഹത്വത്തിന്റെയും കഥപറച്ചിലിന്റെ വിസ്മയം ആണെന്ന്. ഒപ്പം പെനാൽറ്റി കാക്കുന്ന ഗോളിയുടെ ഉദ്യോഗം സർഗാത്മകതയുടെ ധൂർത്തെന്നും പറഞ്ഞു വയ്ക്കുമ്പോൾ മലയാളത്തിൽ നിന്നും ഈ ഗണത്തിലേക്ക് രണ്ടേ രണ്ടു കൃതികളെ പരിഗണിച്ചതായി കാണുന്നുള്ളൂ. ശ്രീലങ്കൻ വംശീയ കലാപത്തിന്റെ ചുവടുപിടിച്ച് എഴുതിയിട്ടുള്ള എസ് മഹാദേവൻ തമ്പിയുടെ മുറിവുകളുടെ രാഷ്ട്രീയവും, പാക്കിസ്ഥാന്റെ രാഷ്ട്രീയ ദുഷ്ടലാക്കിലേക്ക് വെളിച്ചം വീശുന്ന കാശ്മീർ പശ്ചാത്തലമാക്കിയുള്ള ആസാദി തുടങ്ങി രണ്ടു നോവലുകളാണിത്.ചരിത്രത്തിൽനിന്നും ഗതി മാറിയുള്ള ഒരു വായന എന്നും അസാധ്യമാണ് എന്ന് തോന്നിയിട്ടുണ്ട്. കാരണം, കലകളേതും ഒരർത്ഥത്തിലല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ ചരിത്രമാണല്ലോ.

'ബഹു ശ്രുതിയിൽ'കെ പി രാമനുണ്ണിയുടെ ജീവിതത്തിൻറെ പുസ്തകവും, ബക്കളം ദാമോദരന്റെ വിഷഹാരിക്കും എല്ലാം അതിന്റേതായ ഒരു ചരിത്രവും രാഷ്ട്രീയവും ഉണ്ടെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.ഈ രണ്ടു നോവലിനും ഒപ്പം എൻ പ്രഭാകരന്റെ ഒരു മലയാളി ഭ്രാന്തന്റെ ഡയറിയും,ആദ്യ എഴുത്തിൽ തന്നെ പരാജയത്തിന്റെ കയത്തിലേക്കുവീണ കെ ആർ മീരയുടെ ചില ഇടർച്ചകളും,കവി എസ് ജോസഫിന്റെ പ്രഭാതത്തിലെ മൂന്നു തെങ്ങുകളും എല്ലാം ഈ ഗണത്തിൽ പെടുത്തി വസ്തു നഷ്ടമായി വിലയിരുത്തുന്നുണ്ട്.

തൊട്ടുപിന്നാലെ ബഷീറിൻറെ കഥകളായ ജന്മദിനം ,പാമ്പും കണ്ണാടിയും,ടൈഗർ,അമ്മ തുടങ്ങിയ രചനകളും, വർത്തമാന മലയാളത്തിൽ നിറഞ്ഞു നിൽക്കുന്ന സുഭാഷ് ചന്ദ്രൻ, പി സുരേന്ദ്രൻ, കെ പി രാമനുണ്ണി എൻ പ്രഭാകരൻ, ഇങ്ങേത്തലക്കലുള്ള പിജെജെ ആന്റണി എന്നീ എഴുത്തുകാരുടെ രചനകളേയും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. അതേസമയം ബുദ്ധിപരത മാത്രം പ്രദർശിപ്പിച്ച് ശീലമുള്ള പി ജെ ജെ ആന്റണിയുടെ 'പിതൃക്കളുടെ മുസോളിയ'ത്തിന് നാല് രാവും നാല് പകലും വായിക്കാൻ പാകത്തിനുള്ള ഒരു നിരീക്ഷണക്കുറിപ്പെഴുതി എന്ന് മാത്രമല്ല , ഇന്നത്തെ മലയാള കഥയ്ക്ക് പിജെജെയുടെ കഥകൾ ജീവൻ രക്ഷാ മരുന്നാണെന്നുവരെ ആശീർവദിച്ചെഴുതിയിരിക്കുന്നു!ചരിത്രം എന്ന ബലിപീഠത്തിൽ നിന്നും സംതൃപ്തി യോടെ ഇറങ്ങി നിൽക്കുമ്പോഴും കടമ്മനിട്ടയുടെ ശാന്ത, കൽപ്പറ്റയുടെ ഒരു മുടന്തന്റെ സുവിശേഷം ഒന്നുമൊന്നും പറയാതെ ബാക്കിയാവുന്നുണ്ട്.

ഒന്നുരണ്ട് കാര്യങ്ങളിൽ പുറംതിരിഞ്ഞു നിൽക്കുമ്പോഴും പറളിയുടെ നിരീക്ഷണങ്ങളോടും സമീപനങ്ങളോടും ആദരവ് മാത്രമേ തോന്നിയിട്ടുള്ളൂ. തനിക്കറിയാവുന്ന ഏത് സാഹിത്യത്തെക്കുറിച്ചുമുള്ള അറിവും പരിജ്ഞാനവും മറ്റുള്ളവർക്കു പകർന്നു നൽകുക എന്നൊരു ദൗത്യംകൂടി ഈ കൃതിയിലൂടെ ഇദ്ദേഹം നിറവേറ്റുന്നുണ്ട് എന്നകൂടി പറയേണ്ടിയിരിക്കുന്നു. ലോഗോസ് പുറത്തിറക്കി യിട്ടുള്ള ഈ പുസ്തകത്തിന്റെ ഒടുവിലെ താളുകളിൽ പറളിയുമായി ഞാൻ നടത്തിയിട്ടുള്ള സംഭാഷണത്തിന്റെ പൂർണരൂപവും ചേർത്തിട്ടുണ്ട്."നിരൂപണം ഇല്ലാതാകുമ്പോൾ സാഹിത്യം ശോഷിക്കുന്നു".രഘുനാഥൻ പറളി എന്ന നിരൂപകന്റെ ഉറച്ച ശബ്ദവും നിലപാടും എന്താണെന്ന് മനസ്സിലാക്കാൻ ഈ അഭിമുഖം സഹായിക്കുമെന്ന് കരുതുന്നു ; എനിക്കു തോന്നുന്നു ഒരുപക്ഷേ ഇതു തന്നെയാണ് ഈ കൃതിയുടെ മറ്റൊരലങ്കാരവും എന്ന്.

advertisment

News

Super Leaderboard 970x90