' ഇപ്പോ ചീത്തയാവും ഇപ്പോ ഓടിപ്പോകും എന്നൊക്കെ കരുതി ഇത്രകണ്ട് പേടിക്കേണ്ട ഒന്നല്ല കെട്ടോ പെണ്ണ്.. നിങ്ങൾ അവൾക്ക് വിദ്യാഭ്യാസം നൽകിയാൽ അവൾ നിങ്ങൾക്കഭിമാനം കൊണ്ടു തരും...'

"ആവശ്യമുള്ളതൊക്കെ ഞാനവൾക്ക് കൊടുക്കുന്നുണ്ട് ",ശരിയാണ് പക്ഷെ അവളുടെ ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് തീരുമാനിക്കുന്ന തും പലപ്പോഴും നിങ്ങൾ തന്നെയായിരിക്കും. സ്വാതന്ത്ര്യം വേണ്ട പോലെ കൊടുക്കുന്നുണ്ട് എന്ന വാദം പോലെ.അതെങ്ങനെയാണ് വിവാഹം കഴിഞ്ഞാൽ ഭർത്താവ് ഭാര്യയുടെ സന്തോഷത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സൂക്ഷിപ്പുകാരനാകുന്നത്?

' ഇപ്പോ ചീത്തയാവും ഇപ്പോ ഓടിപ്പോകും എന്നൊക്കെ കരുതി ഇത്രകണ്ട് പേടിക്കേണ്ട ഒന്നല്ല കെട്ടോ പെണ്ണ്.. നിങ്ങൾ അവൾക്ക് വിദ്യാഭ്യാസം നൽകിയാൽ അവൾ നിങ്ങൾക്കഭിമാനം കൊണ്ടു തരും...'

മുമ്പൊരിക്കൽ എഴുതിയ കാര്യമാണ്. "കല്ല്യാണം വരെ നിനക്കു പഠിക്കാം ജോലിക്കൊന്നും ശ്രമിക്കണ്ട,എനിക്കു ജോലിയുണ്ടല്ലോ,വീട്ടിലൊരു ഫോണുണ്ട് അത് നിനക്കുമുപയോഗിക്കാം".ഈയടുത്ത് കുടുംബത്തിൽ നടന്ന വിവാഹാലോചനയിലെ പ്രസക്തമായ ഭാഗമാണത്.ഇതിന് പെൺകുട്ടി കൊടുത്ത മറുപടി ഇങ്ങനെയാണ്, "എന്റെ ഉമ്മയെ കല്യാണം കഴിച്ചതിന് ശേഷമാണ് ഉമ്മ പഠനം പൂർത്തിയാക്കിയതും ജോലി നേടിയതും. അതു കൊണ്ട് തന്നെ നിങ്ങൾ പറയുന്നതിനോട് എനിക്ക് യോജിക്കാനാവില്ല."ശേഷം എന്തായിക്കാണുമെന്ന് ഊഹിക്കാമല്ലോ.

മുസ്ലീം പെൺകുട്ടികൾ പഠനകാര്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത് നമ്മൾ കാണാറുണ്ട്.അതിൽ മിക്കവരും തുടർപഠനത്തിന്റെ വെളിച്ചം കാണാതെ മറ്റിടങ്ങളിലേക്ക് ചേക്കേറാനോ ജോലിക്ക് പോകാൻ ആണിന്റെ സമ്മതം കാത്ത് നിൽക്കുന്നവരുമാണ്.തുടർ പഠനത്തിന് പോയാലോ ജോലിക്ക് പോയാലോ പെണ്ണ് ചീത്തയാവുമെന്ന് പറയുന്നവരോട്, പെണ്ണിന് ആ ഒരൊറ്റ ഓപ്ഷൻ മാത്രമേ ഉള്ളൂ എന്ന് വിചാരിക്കുന്നുവോ നിങ്ങൾ.? പെണ്ണെങ്ങെനെയാണ് ചീത്തയായിപ്പോവുന്നത്.?(മുദ്ര ശ്രദ്ധിക്കണം, ഇവിടെ വെളിയിലിറങ്ങിയാൽ പെണ്ണ് നശിച്ചു.) "സ്ത്രീ ജോലിക്ക് പോയാൽ വീട് നശിക്കും കുടുംബം നശിക്കും".. എന്ത് വൃത്തികെട്ട പ്രസ്തവനയാണിത്. എവിടെയാണ് പ്രശ്നമെന്നറിയുമോ.? പുരുഷനാണ് സമൂഹത്തിലിറങ്ങി നടക്കേണ്ടവനെന്നും വീട്ടുജോലി പെണ്ണിന്റെ മാത്രം ഉത്തരവാദിത്തമാണെന്നുമുള്ള കാഴ്ചപ്പാട് മാറാത്തിടത്തോളം ഇത്തരം വിഢിത്തങ്ങൾ ഇനിയുമുണ്ടാകും.

ഒത്തിരി പഠിച്ചിട്ടും ജോലിക്ക് പോകാനോ എന്തിന് പുറത്തേക്കൊന്നിറങ്ങണമെങ്കിൽ പോലും വീട്ടിലെ ആണിന്റെ സമ്മതം കാത്തു നിക്കേണ്ടി വരുന്ന എത്രയോ സ്ത്രീ ജന്മങ്ങൾ നാട്ടിലുണ്ട്. ഇങ്ങനെ വിഢിത്തം വിളമ്പാൻ ഒരിങ്ങിയിറങ്ങുമ്പോൾ നിങ്ങൾ നിങ്ങളുടെ വീട്ടിലെ സ്ത്രീകളോടൊന്നദിപ്രായം ചോദിച്ചു നോക്കൂ.. ഒരായുഷ്കാലം കെട്ടിയിട്ട മനസിൽ നിന്നും പുഛത്തോടെ നിങ്ങൾക്കുനേരെ അവർ നെടുവീർപ്പിടും ഉറപ്പ്.

ഒരു ജോലി പെണ്ണിന് നൽകുന്ന സുരക്ഷിതത്വം എത്രയാണെന്ന് നിങ്ങൾക്കറിയാമോ.? അറിയാൻ വഴിയില്ല. സാമ്പത്തിക കാര്യങ്ങളിൽ, എന്തിന് സ്വന്തം കാര്യത്തിലോ മക്കളുടെ വിവാഹക്കാര്യത്തിലടക്കം പോലും അഭിപ്രായം പറയാനോ ഉയർന്ന് സംസാരിക്കാനോ പറ്റാത്ത വിധം തീർത്തും നിസഹായരാക്കിത്തീർത്ത പെണ്ണുങ്ങളെ മാത്രമല്ലേ നിങ്ങൾ കണ്ടിട്ടുള്ളൂ...

"ആവശ്യമുള്ളതൊക്കെ ഞാനവൾക്ക് കൊടുക്കുന്നുണ്ട് ",ശരിയാണ് പക്ഷെ അവളുടെ ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് തീരുമാനിക്കുന്ന തും പലപ്പോഴും നിങ്ങൾ തന്നെയായിരിക്കും. സ്വാതന്ത്ര്യം വേണ്ട പോലെ കൊടുക്കുന്നുണ്ട് എന്ന വാദം പോലെ.അതെങ്ങനെയാണ് വിവാഹം കഴിഞ്ഞാൽ ഭർത്താവ് ഭാര്യയുടെ സന്തോഷത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സൂക്ഷിപ്പുകാരനാകുന്നത്? അവളുടെ സ്വപ്നത്തിന് അവൾ ഒറ്റക്ക് കൂട്ടുപോയാൽ ആരുടെ മാനമാണിവിടെ ഇടിഞ്ഞു വീഴുക.? വീട്ടുകാര്യങ്ങളിലെ സാമ്പത്തിക കാര്യങ്ങളിൽ എങ്ങനെയാണ് സ്ത്രീക്ക് സ്ഥാനം നഷ്ടപ്പെട്ടത്?

വിവാഹ ശേഷ o ജോലിക്ക് പോയി സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിൽ എന്താന്ന് തെറ്റ്.ജോലിയെടുക്കുന്ന സ്ത്രകൾ നിങ്ങളീ പറഞ്ഞ പോലെ അവിഹിതം ഒറ്റക്കുണ്ടാക്കുമോ.? ആ ഒരൊറ്റ പ്രസ്താവനയിലൂടെ പുരുഷന്മാരെക്കൂടിയാണ് നിങ്ങൾ അപമാനിച്ചത്.സ്ത്രീയെ പരസ്പര ബഹുമാനത്തോടെ അവളുടെ സ്വപ്നങ്ങൾക്ക് കൂട്ടു പോയ അനേകം പുരുഷന്മാരെയുമാണ് നിങ്ങൾ കരിവാരിത്തേച്ചത്.

അത്യന്തം ബഹുമാനിക്കപ്പെടുന്ന ഒരു മതത്തിന്റെ കീഴിൽ നിന്ന് കൊണ്ട് ആയിരങ്ങൾക്ക് മുന്നിലിരുന്ന് ഒരു വിഭാഗത്തിനെ ഇത്രയും മോശമായ രീതിയിൽ അഭിസംബോധന ചെയ്യുന്നതിനെ എങ്ങനെയാണ് മത പ്രസംഗം എന്ന് പറയുക.?വെറുതെയിരിക്കുന്നവർ നടത്തുന്ന കവല പരദൂഷണ ചർച്ചയുടെ ചെറിയ ചായ തോന്നി.

ഇതു മാത്രമല്ല, ഒളിഞ്ഞും തെളിഞ്ഞും പെണ്ണിനെ താഴ്ത്തിക്കെട്ടുന്ന സന്ദർഭങ്ങൾ നിരവധിയാണ്. എത്ര വൃത്തികെട്ട രീതിയിൽ ജീവിച്ചവനാണെങ്കിലും പെണ്ണ് കെട്ടാൻ നേരം ഫേസ് ബുക്കും വാട്സ്ആപ്പുമൊന്നും ഇല്ലാത്ത പെണ്ണിന് തന്നെ ഡിമാന്റ് കൂട്ടുന്നതും, ഏത് നിമിഷവും വന്ന് ചേരാവുന്ന സാങ്കൽപിക ജാരന്റെ മെസേജും കാത്ത് ഭാര്യയുടെ ഫേസ്ബുക്കിൽ ചുരുണ്ട് കിടക്കുന്ന ഭർത്താവും, കല്യാണത്തിന് ശേഷം ഭാര്യയുടെ സിം മാറ്റി പഴയ സിം ഉപയോഗിക്കുന്നവരും, കല്യാണത്തിന് ശേഷം ഭാര്യയെ പഠിത്തത്തി നോ ജോലിക്കോ വിടാത്തവരും, അവളുടെ കൂട്ടുകാരുമായി എല്ലാ കോൺടാക്ടും നിർത്താൻ ആവശ്യപ്പെടുന്നവരും, അനങ്ങിയാൽ സംശയരോഗം പിടിമുറുക്കുന്നവരും, ഇതെല്ലാം മനസിൽ കിടന്ന് വീർപ്പുമുട്ടി വായിലൂടെ അശ്ലീലം പറയുന്നവരും ഒരേ ചങ്ങലയുടെ അടുത്തടുത്ത കണ്ണികളാണ്.

ദൂരസ്ഥലങ്ങളിൽ പഠിക്കാനും ജോലിക്ക് പോകുന്നതുമൊക്കെ പെണ്ണിനെ മോശക്കാരിയാക്കാനും ആണിന്റെ മിടുക്കിനെ വർണിക്കാനുമാണ് നാട്ടുകാർക്ക് പ്രിയം.നാട്ടുകാരെ പേടിച്ച് പെണ്ണ് ചിത്തയായിപ്പോകുമെന്ന് കരുതി എത്രയും പെട്ടെന്ന് കെട്ടിച്ചു വിടുന്ന ഏർപ്പാടിന് തെല്ലും കുറവില്ലെങ്കിലും പഠിക്കാനും ജോലി നേടാനും ഒത്തിരി ഉത്സാഹത്തോടെ പെൺകുട്ടികൾ ഇന്ന് മുന്നോട്ട് വരുന്നത് പ്രതീക്ഷാവഹമാണ്.

പിന്നെ, പ്രസംഗം ഒത്തിരി കാലം മുമ്പുള്ളതാണ്,ശ്രദ്ധിച്ചു കേൾക്കു,എന്നിട്ട് വിമർശിക്കു അതയാളുടെ വാക്കുകളല്ല എന്നൊക്കെ പറയുന്നവരോട്, സംസാരത്തിനിടക്ക് മറ്റാരുടെയെങ്കിലും വാക്കുകൾ നിങ്ങളുദ്ധരിക്കുന്നുണ്ടെങ്കിൽ ഒന്നുകിൽ നിങ്ങളതിനെ നിങ്ങളുടെ വിഷയവുമായി കൂട്ടിച്ചേർത്ത് നിങ്ങളുടെ വാദത്തെ ഒന്നുകൂടി ശക്തമാക്കാനോ അല്ലെങ്കിൽ അതിനോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാനോ ആയിരിക്കും. പ്രസംഗം കേട്ട ആർക്കും മനസിലാക്കാം ഇവിടെ ഉണ്ടായിരിക്കുന്നത് ആദ്യം പറഞ്ഞതാണ്. അതായത് തന്റെവാക്കിനെ ബലപ്പെടുത്താൻ വേണ്ടിയാണ് നിങ്ങൾ മറ്റൊരാളുടെ വാക്കുകൾ കടമെടുത്തത് എങ്കിൽ അതിനർത്ഥം നിങ്ങളതിനെ അംഗീകരിക്കുന്നു എന്ന് തന്നെയാണ്.പിന്നെ ഇത്തരം വഷളത്തരങ്ങൾക്ക് പ്രതികരിച്ചില്ലെങ്കിൽ അതാണ് ശെരിയെന്നു വിചാരിച്ചു ഇവരെയങ്ങ് സ്ഥിരപ്പെടുത്തിക്കളയും മതത്തിന്റെ സന്ദേശകരായി..ഇവരെ കേൾക്കുന്ന ആൾകാർ പെണ്ണിനെ ഇത്പോലെ ട്രീറ്റ്‌ ചെയ്യും .സംശയമില്ല.
ആണധികാരത്തിന്റെ അടിത്തറ ഇളകുന്നതിലെ ഭയമാണ് അയാളെ ഇത് പറയിപ്പിച്ചത്.ഇത്രെയും കാലം ഉയർന്നു കേട്ട തന്റെ വാക്കുകൾക്കും മേലെ ഒരു പെൺശബ്ദമുയരുന്നതിലെ അമർഷമാണ് അയാളുടെ നാവിന്തുമ്പിൽ അലയടിച്ചത്.എവിടെ ഒരു പെണ്ണോടിക്കുന്ന വാഹനം തന്നെ മറികടന്നാൽ മനസിലിത്തിരി കുത്ത് തോന്നുന്ന ആണുങ്ങളുണ്ട്,സ്ത്രീയിരിക്കുന്ന സ്റ്റേജിലെ ഇടം നിരസിക്കുന്ന നേതാക്കന്മാരുണ്ട്.പെണ്ണ് ഒരുപടി താഴെയാണെന്നുള്ള പൊതുബോധമാണ് മതത്തിന്റെ വാലിൽ കെട്ടി അയാളെക്കൊണ്ടിത് പറയിപ്പിച്ചത്.

ഒരാളോട് മാത്രമല്ല, ആ സദസിലിരുന്ന ആ ആയിരങ്ങളോടാണ്......എത്ര മാത്രം അർത്ഥശൂന്യ മായ വാക്കുകൾക്കാണ് നിങ്ങൾക്ക് കാതു കൊടുക്കേണ്ടി വന്നത്.ഇത് കേൾപ്പിച്ചാവരുത് നിങ്ങൾ ആൺമക്കളെ വളർത്തേണ്ടത്. അവരുടെ ഉമ്മയോട് പോലും അവർക്ക് ബഹുമാനം നഷ്ടപ്പെടും. ആൺകോയ്മയുടെ ആണിക്കല്ല് ഇളകിത്തുടങ്ങിയതിന്റെ ഭയമാണിങ്ങനെ വിഢിത്തമായി പുറത്തു വരുന്നത്.അങ്ങേയറ്റം ദേഷ്യം തോന്നുന്നുണ്ട്, എത്ര പറഞ്ഞാലും പിന്നേം പിന്നേം ഇത്തരം വിഷയങ്ങളൊക്കെ ഇത്രക്ക് മോശമായി കൈകാര്യം ചെയ്യുന്നവരോട്.ഇതിനെപ്പറ്റി എഴുതി സമയം കളയാൻ താൽപര്യമുണ്ടായിട്ടല്ല, പക്ഷെ ആ സദസിനെയോർത്ത് ഭയമുണ്ട്.വീട്ടിലുള്ള സ്ത്രീകളെ ഒരു നിമിഷമെങ്കിലും അവർ സംശയിച്ചിട്ടുണ്ടാവും ഉറപ്പ്. "അടക്കത്തിലും ഒതുക്കത്തിലും "വളർത്തി കാറ്റും മഴയും കൊള്ളിക്കാതെ പാകമാവുമ്പോൾ തുക പറഞ്ഞുറപ്പിച്ച് കൈമാറേണ്ട കച്ചവടച്ചരക്കല്ല പെണ്ണ് തലയുയർത്തി നിന്ന് നേടിയ വിദ്യാഭ്യാസത്തെ കൈ മുതലാക്കി ആണിനെപ്പോലെ ഉന്നതങ്ങൾ പെണ്ണുമർഹിക്കുന്നു. ഇപ്പോ ചീത്തയാവും ഇപ്പോ ഓടിപ്പോകും എന്നൊക്കെ കരുതി ഇത്രകണ്ട് പേടിക്കേണ്ട ഒന്നല്ല കെട്ടോ പെണ്ണ്.. നിങ്ങൾ അവൾക്ക് വിദ്യാഭ്യാസം നൽകിയാൽ അവൾ നിങ്ങൾക്കഭിമാനം കൊണ്ടു തരും. തീർച്ച..
-എന്ന് ,ഒത്തിരി അഭിമാനത്തോടെ ഒരു ജോലിക്കാരി പെണ്ണ്.

(NB :പോസ്റ്റിനെ വളച്ചൊടിച്ച് സാമ്പാറാക്കാൻ കാത്തിരിക്കുന്ന ഇസ്ലാമോഫോബിയക്കാർക്ക് മുഖമടച്ച് അഡ്വാസഡ് അടി)

(12/05/18 അഴിമുഖത്തിൽ പ്രസിദ്ധീകരിച്ചത് )

advertisment

News

Related News

    Super Leaderboard 970x90