ഒരു സ്ത്രീയിൽ,അവളൂടെ ശരീരത്തിൽ, നിങ്ങൾക്ക്‌ ഏറ്റവും ഹൃദ്യമായത്‌ എന്താണ്‌ ?

കലുകുത്താൻ ഇടമില്ലാത്തവിധം ആളുകൾ തിങ്ങിയ കെ കെ മേനോൻ ബസിന്റെ ജനാലകൾക്കിടയിൽ നിന്ന് കൃത്യം തന്റെ നേർക്ക്‌ പാറിവീഴുമെന്ന് ഉറപ്പുള്ള ഒരു കണ്ണിളക്കത്തിനായി മണിക്കൂറുകളോളം ബസ്സ്റ്റോപ്പിൽ കാത്തുനിന്ന് ഉത്സാഹവാനായി മടങ്ങുന്ന ഒരു കൗമാരക്കാരന്റെ ഓർമ്മ...

ഒരു സ്ത്രീയിൽ,അവളൂടെ ശരീരത്തിൽ, നിങ്ങൾക്ക്‌ ഏറ്റവും ഹൃദ്യമായത്‌ എന്താണ്‌?

സ്ത്രീ ശരീരത്തെ ഒരു ഭൂപ്രദേശം എന്ന് സങ്കൽപ്പിക്കുകയാണെങ്കിൽ, അതിൽ അരുമയോടെ ഇരുന്നു വിശ്രമിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരു ദേശമേതാണ്‌ ?

കാണുവാനും , അനുഭവിക്കാനും നിങ്ങൾക്ക്‌ പ്രിയമുള്ള ഒരിടം?

"ഇതെന്ത്‌ ചോദ്യം ?"എന്ന് പരിഹസിക്കല്ലേ! സ്ത്രീയെന്നാൽ ശരീരം മാത്രമോ? എന്ന് അരിശപ്പെടാനും വരട്ടെ!

ശാരീരിക ആകർഷണം ഒരു നുണയല്ല എന്നതിനാലും , ഈ കുറിപ്പ്‌ അതിനെക്കുറിച്ച്‌ മാത്രമാണ്‌ എന്നതിനാലും , അത്തരം രോഷങ്ങൾ തത്ക്കാലം നമുക്ക്‌ മാറ്റി വെക്കാം.

എനിക്കിഷ്ടം അവളൂടെ കണ്ണുകളെയാണ്‌... ഡിപ്ലോമാറ്റിക്‌ ആകാൻ വേണ്ടിയുള്ള ഒരു സദാചാര മറുപടിയല്ല. എനിക്ക്‌ ഏറ്റവും ഇഷ്ടം ഒരു സ്ത്രീയുടെ കണ്ണുകളേയാണ്‌.

മറ്റൊന്നും ഇല്ലെന്നല്ല , പക്ഷേ തുടങ്ങുന്നത്‌ കണ്ണിൽ നിന്നാണ്‌ എന്നു മാത്രം!

കുറുനിരകൾ ചുരുണ്ട പിൻകഴുത്ത്,

മാലയില്ലാത്തതോ തീർത്തും നേരിയ ഒരു മാല മാത്രമുള്ളതോ ആയ കഴുത്തും പ്രാന്തപ്രദേശങ്ങളും,

പടികൾ കയറുംബോൾ ഇത്തിരി വെളിവായിക്കിട്ടുന്ന പാദവും കണങ്കാലുകളും,

നീളമുള്ള കൈവിരലുകൾ  എന്നിങ്ങനെ ഇഷ്ടദേശങ്ങൾ പലതുണ്ടെങ്കിലും, കണ്ണാണ്‌ അതിലേക്കെല്ലാമുള്ള ഒരു വാതിൽ!

കണ്ണിൽ "ആ എന്തോ ഒന്ന് " ഇല്ലെങ്കിൽ പിന്നെ സകലതിലും ഒന്നുമില്ല എന്നാണെനിക്ക്‌!

ശരീരം , പൂക്കളും പുഴകളും നിറഞ്ഞ അതി മനോഹരമായ ഒരു താഴ്‌വാരമാണെങ്കിൽ, കണ്ണുകൾ അതിനെ തെളിച്ചുകാട്ടുന്ന സൂര്യനാകുന്നു.

പ്രഭാതതണുപ്പും , മദ്ധ്യാഹ്ന വെയിൽ ചൂടും, സന്ധ്യയുടെ സ്വർണവെളിച്ചവുമൊക്കെ തരാതരം വാരിവിതറി അതിനെ പല വിധം സുന്ദരവും തീക്ഷ്ണവുമാക്കുന്നത്‌ അവളുടെ കണ്ണുകളാണ്‌.

കണ്ണുകളാണ്‌ എല്ലാം എന്നല്ല, കണ്ണുകളില്ലെങ്കിൽ പിന്നെ ഒന്നുമില്ല എന്നാണ്‌.

മുഖം മനസിന്റെ കണ്ണാടിയാണ്‌ എന്നൊക്കെയാണ്‌ വെപ്പ്‌ ! മുഖം എന്ന് അങ്ങനെ ജനറലൈസ്‌ ചെയ്യുന്നു എന്നേ ഉള്ളൂ. ശരിക്കും അവിടെ കണ്ണാണ്‌ നായകൻ(നായിക).

വിചാരങ്ങളെ തർജ്ജമ ചെയ്യുന്നതിൽ കണ്ണാണ്‌ സ്പെഷലിസ്റ്റ്‌ !

മുഖം ആകെക്കൂടി ഒരു ധാരണ തരുമെന്നേ ഉള്ളൂ. കണ്ണാണ്‌ അതിന്റെ ക്വാണ്ടിറ്റി കൂടി വെളിവാക്കുന്നത്‌ . ദുഖമോ,നിരാശയോ, അനുരാഗമോ, അഭിനിവേശമോ , വികാരങ്ങൾ എന്തുമാകട്ടെ കണ്ണ്‌ അത്‌ എത്രയെന്ന് കൃത്യമായി അളന്നുതരും.

കഴഞ്ച്‌,പണത്തൂക്കം തൊട്ട്‌ നാനോഗ്രാം വരെ സൂക്ഷ്മമായ കൃത്യതയോടെ അത്‌ കാട്ടിത്തരും.

പത്മാക്ഷി എന്നാണ്‌ എന്റെ അമ്മയുടെ പേര്‌ . കമലാക്ഷി,അംബുജാക്ഷി ,താമരാക്ഷി എന്നിങ്ങനെ അനവധി ബ്രാഞ്ചുകളുണ്ട്‌ ആ പേരിന്‌ .

പക്ഷേ എനിക്കിഷ്ടമില്ല താമരപ്പൂവിതളുകളോട്‌ കണ്ണിനെ സാമ്യപ്പെടുത്തുന്ന ആ പേരുകൾ ! രൂപത്തിൽ ചേരുമെങ്കിലും അതിനൊരു ജീവനില്ല !

പെണ്ണാളേ പെണ്ണാളേ,കരിമീൻ കണ്ണാളേ എന്ന് കവി പാടുംബോഴാണ്‌ എനിക്കൊരു സമാധാനമാവുന്നത്‌ .

വെള്ളത്തിലങ്ങനെ പാളിക്കളിക്കുന്ന മീൻ തിളക്കത്തോളം കണ്ണിന്‌ ചേരുന്ന ഉപമയെന്തുണ്ട്‌ അല്ലേ?

പ്രണയമാണ്‌ ഭാവമെങ്കിൽ പിന്നെ പറയുകയും വേണ്ട . ഭൂമിയിലെ സകലമീനുകളും തോറ്റു പോകില്ലേ ആ മിഴിയിളക്കത്തിന്റെ തിടുക്കത്തിൽ ?

(കൃഷ്ണപ്രിയക്കിട്ട ‘മീനാക്ഷി’ എന്ന വിളിപ്പേര്‌ വിളിച്ച്‌ വിളിച്ച്‌ ‘മീനു’ എന്ന് ചെറുതാക്കിക്കളഞ്ഞു സഹൃദയരല്ലാത്ത അവളൂടെ സഹപാഠികളും ബന്ധുക്കളും).

കണ്ണഴകിന്റെ കനമറിയാത്തവരല്ല പഴയ പെണ്ണുങ്ങളൊന്നും. ആവണക്കെണ്ണയിൽ മുക്കിയ തിരിത്തുണി കത്തിച്ച്‌ , ഓട്ടുകിണ്ണത്തിൽ കരിയൊതുക്കി കണ്ണിൽ മഷിയെഴുതിയവർ നമ്മുടെ സുന്ദരിമാർ.

സൗന്ദര്യ വർദ്ധക (നശീകരണ) വസ്തുക്കൾ പെട്ടികളിൽ ഒരുങ്ങിയെത്തും മുൻപ്‌ ചരിച്ചു വെച്ച കുഞ്ഞി കണ്ണാടികൾക്ക്‌ പിന്നിൽ ഒളിച്ചിരുന്നിരുന്നു  ജാ ഈ കാജലിന്റേയും ഐടെക്‌ കണ്മഷിയുടേയും കുഞ്ഞു ഡപ്പികൾ.

"പ്രണയ മധുര തേൻ തുളുംബും സൂര്യകാന്തി പൂക്കളെ" എന്നാണ്‌ യൂസഫലി കേച്ചേരി സുറുമയെഴുതിയ മിഴികളെ ഓമനിച്ചത്‌ . "തേൻ പുരട്ടിയ മധുര മുള്ളുകൾ കരളിലെറിഞ്ഞ്‌" പിടിപ്പിക്കുന്ന മിഴിയിണകളുടെ വശ്യത മുഴുവനുമുണ്ടായിരുന്നു‌ ആ വരികളിൽ !

കണ്ണിലല്ലേ സൗന്ദര്യം മുഴുവൻ ?

സ്വപ്നങ്ങളുറങ്ങുന്ന പാതി കൂമ്പിയ ആ കണ്ണുകളല്ലേ മാധവിക്കുട്ടി ?

സിൽക്ക്‌ സ്മിതയുടെ രതിഭാവമത്രയും ആ നോട്ടത്തിലല്ലേ ?

പെണ്ണുങ്ങളും പ്രേമിച്ചു പോകും മട്ടിൽ ശ്രീവിദ്യയെ സുന്ദരിയാക്കിയത്‌ , സ്നേഹം തെളിയുന്ന ആ കണ്ണുകളായിരുന്നില്ലേ ?

മാധവിയെ, സ്വപ്നയെ, ശോഭനയെ, ഐശ്വര്യാറായിയെ, റീമാ കല്ലിങ്ങലിനെ , ചിത്രാ അയ്യരെ, വൃന്ദാകാരാട്ടിനെ  , കണ്ണുകളല്ലേ അവരെ ശരിക്കും സുന്ദരികളാക്കിയത്?

നോക്കിനോളം ശക്തിയുണ്ടോ ശരിക്കും നാക്കിന്‌ ?

ഏത്‌ ഭാഷക്കുണ്ട്‌ അത്രയും വിനിമയ ശേഷി ?

തലോടാനും തഴുകിതണുപ്പിക്കാനും നെഞ്ച്‌ തുളക്കാനും വെന്തു നീറ്റിക്കാനും ,മുഖത്ത്‌ തുപ്പാനും കണ്ണുകൾക്ക്‌ കഴിയും.

സാരമില്ല സാരമില്ല എന്ന് ആശ്വസിപ്പിക്കുവാൻ വിട്ടു കളഞ്ഞേക്കൂ എന്ന്സമാധാനിപ്പിക്കുവാൻ, അരുത്‌ എന്ന് ശാസിക്കുവാൻ, എനിക്കാരുമില്ല എന്ന് വിതുംബുവാൻ , ഞാനുണ്ട്‌ നിനക്ക്‌ എന്ന് ഉറപ്പു കൊടുക്കുവാൻ വരൂ വരൂ എന്ന് ക്ഷണിക്കുവാൻ തൊട്ട്‌ പോകരുത്‌ എന്ന് തടയുവാൻ മിടുക്കനാണ്‌ എന്ന് അഭിനന്ദിക്കുവാൻ, നന്നായി വരൂ എന്ന് ആശീർവ്വദിക്കുവാൻ...

ഈശ്വരാ കണ്ണല്ലേ എല്ലാം...

അംഗ പരിമിതരിൽ അന്ധരല്ലേ ശരിക്കും ഭാഗ്യം കെട്ടവർ കാഴ്ച എന്നതിനും പുറമേ എത്രയറെ വലുതാണ്‌ അവരുടെനഷ്ടങ്ങൾ

അവളൂടെ കണ്ണുകളിലാണ്‌ ശരിക്കും അവൾ.

കണ്ണുകാണിച്ച്‌ അവളവനെ പാട്ടിലാക്കി എന്നാണ്‌ അവളെക്കണ്ട്‌ മോഹിതനാവുന്നവന്റെ അമ്മ സങ്കടം പാടുന്നത്‌

അവളിലേക്കുള്ള വഴിയാണ്‌ അവളൂടെ കണ്ണുകൾ

വരൂ വരൂ എന്ന് സൗമ്യമായി തുറക്കാവുന്നതും പ്രവേശനമില്ലെന്ന് കർശ്ശനമായി അടക്കാവുന്നതുമായ ഒരു നേർ വഴി

ഞാൻ അതുകൊണ്ട്‌ അവളൂടെ കണ്ണുകളിലേക്ക്‌ നോക്കുന്നു ആദ്യം സന്ദേശങ്ങൾ കൃത്യമായി പ്രദർശ്ശിപ്പിച്ചിട്ടുള്ള ഒരു അറിയിപ്പു ശാലയാകുന്നു അവിടം.

ഒരു ഓർമ്മയുടെ പട്ടുനൂൽ തുമ്പിൽ തൂങ്ങിയുള്ള ഒന്നാണ്‌ ഈ എഴുത്ത്‌

കലുകുത്താൻ ഇടമില്ലാത്തവിധം ആളുകൾ തിങ്ങിയ കെ കെ മേനോൻ ബസിന്റെ ജനാലകൾക്കിടയിൽ നിന്ന് കൃത്യം തന്റെ നേർക്ക്‌ പാറിവീഴുമെന്ന് ഉറപ്പുള്ള ഒരു കണ്ണിളക്കത്തിനായി മണിക്കൂറുകളോളം ബസ്സ്റ്റോപ്പിൽ കാത്തുനിന്ന് ഉത്സാഹവാനായി മടങ്ങുന്ന ഒരു കൗമാരക്കാരന്റെ ഓർമ്മ

ഒരു സ്ത്രീയിൽ,അവളൂടെ ശരീരത്തിൽ, നിങ്ങൾക്ക്‌ ഏറ്റവും ഹൃദ്യമായത്‌ എന്താണ്‌ ?

advertisment

News

Related News

    Super Leaderboard 970x90