റീത്തുകളാൽ മൃതദേഹങ്ങൾ അപമാനിക്കപ്പെടുമ്പോൾ....

പൊതിഞ്ഞു വെച്ചിരുന്ന ആ മോടിയുള്ള പൂക്കൾ അഴുകി വെളിപ്പെട്ട്‌ വന്ന അതിനുള്ളിലെ വസ്തുക്കൾ കണ്ട്‌ ഞാൻ ഞെട്ടി!പഴയ സൈക്കിൾ ,സ്കൂട്ടർ ടയറുകൾ, പെയ്ന്റ്‌ ബക്കറ്റിന്റെ മൂടികൾ ,കുഞ്ഞുങ്ങളുടെ വാക്കറിന്റെ മുകളിലെ പ്ലാസ്റ്റിക്‌ തുടങ്ങി പരിസരങ്ങളിൽ ലഭ്യമായ പലവിധ ആക്രി സാധനങ്ങളായിരുന്നു അവ.പൂക്കൂടയുടെ മൂടി, വൈക്കോൽ ചുരുളുകൾ എന്നിവയൊക്കെ ഇല്ലെന്നല്ല.പക്ഷേ അസാധാരണമാം വിധം അധികമുണ്ടായിരുന്നു ഞാൻ പറഞ്ഞവിധമുള്ള അഴുക്ക്‌ സാമഗ്രികൾ!

റീത്തുകളാൽ മൃതദേഹങ്ങൾ അപമാനിക്കപ്പെടുമ്പോൾ....

ഒരു മൃതദേഹത്തിൽ സമർപ്പിക്കപ്പെടുന്ന റീത്തുകൾ എന്ന പുഷ്പചക്രങ്ങൾ പരേതനെ അപമാനിക്കുന്നതെങ്ങനെ എന്ന് എനിക്ക്‌ മനസിലായത്‌ ,ജനപ്രിയനേതാവായിരുന്ന സഖാവ്‌ ഇ കെ നയനാരുടെ മരണത്തോടെയാണ്‌.

കേരളം കണ്ട വലുതും വികാരനിർഭരവുമായിരുന്ന ഒന്നായിരുന്നു സഖാവ്‌ നയനാർക്ക്‌ അദ്ദേഹത്തെ സ്നേഹിക്കുന്നവർ നൽകിയ യാത്രയപ്പ്‌ .

പ്രിയനേതാവിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ കേരളമൊന്നാകെ പങ്കു ചേർന്നു . സാമ്പത്തിക വർഗ്ഗ വർണ്ണ വ്യത്യാസമന്യേ ആളുകൾ അന്ത്യോപചാരമർപ്പിക്കാനായി മൃതദേഹ വാഹനത്തെ കാത്തു നിന്നു.

നടപ്പു രീതികളനുസരിച്ച്‌ ആയിരക്കണക്കിന്‌ റീത്തുകൾ ആ ശരീരത്തിലും വാഹനത്തിലും സമർപ്പിക്കപ്പെട്ടു !
പയ്യാമ്പലത്തെ ചിതയിലൊടുങ്ങും വരേയും അത്തരം ഉപചാരസമർപ്പണങ്ങൾ ആവർത്തിച്ചു കൊണ്ടിരുന്നു.

എനിക്കന്ന് ഇന്നത്തേക്കാൾ പതിമൂന്നു വയസിന്റെ ചെറുപ്പമുണ്ടായിരുന്നു.
ഉള്ള്‌ കുറേക്കൂടി ചുവന്നിട്ടായിരുന്നു.
സഖാവ്‌ നയനാർ എനിക്ക്‌ ഏറെ പ്രിയപ്പെട്ട നേതാവായിരുന്നു.

ഈ മൂന്നു കാരണങ്ങൾ കൊണ്ടാകണം സഖാവിന്റെ ഭൗതിക ശരീരം സംസ്കരിച്ച പയ്യാമ്പലം കടപ്പുറത്തേക്ക്‌ ഞാൻ ഒരു ദിവസം യാത്രയായി.
സംസ്കാരം കഴിഞ്ഞ്‌ ഒരാഴ്ചയോളമായിരുന്നു അപ്പോൾ... എനിക്കത്‌ ഒരു തീർത്ഥയാത്ര പോലെയായിരുന്നു...

പയ്യാമ്പലത്തെത്തുമ്പോൾ ഒരു ഓരം ചേർന്ന് മലപോലെ റീത്തുകൾ കൂട്ടിയിട്ടിട്ടുണ്ടായിരുന്നു.
മുഴുവൻ കേരളത്തിൽ നിന്നും പയ്യാമ്പലം വരെ എത്തിയ പലതരം റീത്തുകൾ!

ദിവസങ്ങൾ കഴിഞ്ഞതുകൊണ്ടാകണം റീത്തിലെ പൂക്കൾ അഴുകാൻ തുടങ്ങിയിരുന്നു. അതുവഴി അതിനുള്ളിലെ വസ്തുക്കൾ വെളിപ്പെടാനും!

പൊതിഞ്ഞു വെച്ചിരുന്ന ആ മോടിയുള്ള പൂക്കൾ അഴുകി വെളിപ്പെട്ട്‌ വന്ന അതിനുള്ളിലെ വസ്തുക്കൾ കണ്ട്‌ ഞാൻ ഞെട്ടി!

പഴയ സൈക്കിൾ ,സ്കൂട്ടർ ടയറുകൾ, പെയ്ന്റ്‌ ബക്കറ്റിന്റെ മൂടികൾ ,കുഞ്ഞുങ്ങളുടെ വാക്കറിന്റെ മുകളിലെ പ്ലാസ്റ്റിക്‌ തുടങ്ങി പരിസരങ്ങളിൽ ലഭ്യമായ പലവിധ ആക്രി സാധനങ്ങളായിരുന്നു അവ.

പൂക്കൂടയുടെ മൂടി, വൈക്കോൽ ചുരുളുകൾ എന്നിവയൊക്കെ ഇല്ലെന്നല്ല.
പക്ഷേ അസാധാരണമാം വിധം അധികമുണ്ടായിരുന്നു ഞാൻ പറഞ്ഞവിധമുള്ള അഴുക്ക്‌ സാമഗ്രികൾ!

അതി വിശിഷ്ടനും പ്രിയനുമായിരുന്ന ഒരു മനുഷ്യന്റെ നെഞ്ചത്ത്‌ ഈ വിധം ചവറുകൾ വെച്ചുവല്ലോ ജനം എന്ന് എനിക്ക്‌ അരിശവും സങ്കടവും വന്നു.

റീത്തുകളാൽ ശവശരീരങ്ങൾ അപമാനിക്കപ്പെടുന്നു‌ണ്ടെന്നതിന്‌ ഞാനങ്ങനെ ദൃക്സാക്ഷിയായി...

ആ ഒരു കാരണം കൊണ്ട്‌ മാത്രമല്ല ഞാൻ റീത്തുകളെ വെറുത്തിരുന്നത്‌..
ആ കാഴ്ചക്കും മുൻപു തന്നെ റീത്തുകളോട്‌ എനിക്ക്‌ ഇഷ്ടമില്ലായിരുന്നു..

മരിച്ചുപോയവനോട്‌ ഒരൽപം പോലും സ്നേഹമില്ലാതെയാണ്‌ അവ സമർപ്പിക്കപ്പെടുന്നത്‌ എന്ന കാരണത്താലാണ്‌ , അങ്ങനെയല്ലെങ്കിൽ അതി മനോഹരമാകുമായിരുന്ന ആ പുഷ്പസമർപ്പണത്തെ ഞാൻ വല്ലാതെ വെറുത്തുപോയത്‌...

ഞങ്ങൾ ദുഖിക്കുന്നു എന്ന് ഒട്ടുമേ ദുഖമില്ലാതെ നടത്തുന്ന ഒരു കപട പ്രകടനം,
മറ്റാരെയോ ബോധിപ്പിക്കാനുള്ള ഒന്ന് ,
ഞങ്ങൾ വന്നിരുന്നു എന്ന ഒരു തരം ഒപ്പുവെക്കൽ, ഞങ്ങൾ ഇന്നയിന്ന ആളുകളാണ്‌ എന്ന് മരിക്കാത്തവരോടുള്ള പരസ്യപ്പെടുത്തൽ..

അവർ വരുന്നത്‌ എനിക്ക്‌ ഊഹിക്കാൻ കഴിയുന്നുണ്ട്‌...

പൂക്കടയിൽ പൂവുകളുടെ ഒടുക്കത്തെ വിലയെക്കുറിച്ച്‌ ചില അഭിപ്രായങ്ങൾ പാസാക്കുന്നത്‌ കേൾക്കാൻ പറ്റുന്നുണ്ട്‌!

"അത്രവിലയുള്ളത്‌ വേണ്ടാ" എന്ന് ചില മരണങ്ങളെ ചെറുതാക്കുകയും,
"അവിടേക്ക്‌ ഇത്ര പോരാ" എന്ന് ചില മരണങ്ങളെ വലുതാക്കുകയും ചെയ്യുന്നുണ്ട്‌ ‌ !

"എഡ്വേഡിന്റെ അപ്പൻ മരിച്ച അന്ന് റീത്ത്‌ വാങ്ങിയ പൈസ എന്റെ തലയിലാണ്‌ പെട്ടതെന്നും , ഇത്തവണ അങ്ങനെയായാൽ പറ്റില്ല " എന്നും അതിൽ ഒരാൾ എല്ലാവരേയും ഓർമ്മപ്പെടുത്തുന്നുണ്ട്‌ !

"റീത്ത്‌ വെച്ച്‌ വേഗം സ്ഥലം വിടണമെന്നും ,ആകെ കിട്ടുന്ന ഒരു ഞായറാഴ്ച വേസ്റ്റ്‌ ആക്കാൻ പറ്റില്ലെന്നും " ഒരുവൻ മറ്റൊരാളെ ഓർമ്മപ്പെടുത്തുന്നുണ്ട്‌ !

റീത്തിൽ "ലയൺസ്‌ ക്ലബ്‌ ,തെക്കും ഭാഗം "എന്ന് കൃത്യമായി എഴുതണം എന്നും , അവന്റെ അനിയനൊരുത്തൻ ടൗൺ ക്ലബിൽ അംഗമായതു കൊണ്ട്‌ അവരുടെ വകയാണ്‌ എന്ന് തെറ്റിദ്ധരിക്കാൻ ഇടയുണ്ടെന്നും അവർ ശ്രദ്ധാലുക്കളാവുന്നുണ്ട്‌ !

എന്നെ സംബന്ധിച്ചിടത്തോളം റീത്തുകൾ അറയ്ക്കുന്ന വസ്തുക്കളാവുന്നത്‌ അത്തരം കാരണങ്ങളാലാണ്‌....

ജീവിച്ചിരിക്കുന്ന എന്റെ നെഞ്ചിൽ ഒരു തേരട്ട ഇഴയുമ്പോലെയാണ്‌ മരിച്ച എന്റെ നെഞ്ചിലെ ഒരു റീത്ത്‌ എനിക്ക്‌ !

പൂക്കളുടെ സുഗന്ധത്തെ പലമടങ്ങ്‌ മറികടന്ന് എന്റെ മൂക്കിലടിക്കുന്നുണ്ട്‌ കാപട്യത്തിന്റെ ആ വൃത്തികെട്ട നാറ്റം !

ഈ വിധം
കാട്ടിക്കൂട്ടലുകളല്ലയെങ്കിൽ എത്ര മനോഹരമായ ഒരു സങ്കൽപമാണ്‌ ഒരുവന്റെ അവസാന യാത്രയിൽ സമർപ്പിക്കപ്പെടുന്ന ഒരു പുഷ്പചക്രം !

നിങ്ങൾക്കറിയാമോ , ഒലീവ്‌ മരത്തിന്റേയും എനിക്കറിയാത്ത ലോറൽ മരത്തിന്റേയും ഇലകളും കമ്പുകളും കൊണ്ടാണ്‌ ആദ്യ കാലത്ത്‌ റീത്തുകൾ നിർമ്മിക്കപ്പെട്ടിരുന്നത്‌ .

വിജയികൾക്കും പ്രിയപ്പെട്ടവർക്കുമുള്ള ഹരിത കിരീടങ്ങളായിരുന്നു അവ.

പിന്നീട്‌ അവ മതപരമായ ആചാരങ്ങളിലേക്കും , കൃസ്തുമസ്‌ പോലുള്ള ആഘോഷങ്ങളിലേക്കും,ശവകുടീരങ്ങളിലേക്കും,ശവ സംസ്കാര വേളകളിലേക്കും പകർന്നു പടരുകയായിരുന്നു.

എന്തുകൊണ്ട്‌ ആ ചക്രരൂപമെന്നോ?
അത്‌ ദൈവത്തേയും ദൈവസ്നേഹത്തേയും പ്രതിനിധാനം ചെയ്യുന്നു ..

തുടക്കവും ഒടുക്കവുമില്ലാത്തതാണത്‌ ..
ഒരിടത്ത്‌ ആരംഭിക്കുകയോ മറ്റൊരിടത്ത്‌ അവസാനിക്കുമയോ ചെയ്യാത്തത്‌.

പൂക്കളും പച്ചയും മൃതിയെ തോൽപ്പിച്ച്‌ തിരിച്ചു വരുന്ന ജീവിതത്തേയും,
അതിൽ ആലേഖനം ചെയ്യുന്ന വാക്കുകൾ മരിച്ചവനുള്ള യാത്രാ മൊഴികളുമാകുന്നു.

"സുഹൃത്തേ, നീ നിത്യതയിൽ ശാന്തനായി വിശ്രമിക്കൂ"
എന്നോ
"നിന്റെ ഓർമ്മകളെ ഞങ്ങൾ കൈവിടുകയില്ല" എന്നോ കുറിക്കേണ്ടതിനു പകരം
മലയാളികൾ റീത്തുകളിൽ അവരാരാണ്‌ എന്ന് എഴുതിവെക്കുന്നു !

ഞങ്ങൾ "ഗോകുലം കുറിക്കമ്പനിക്കാർ,
ഇന്ദിരാനഗർ റെസിഡന്റ്സ്‌ അസോസിയേഷൻ,

ഹിന്ദു ഐക്യവേദി കരകുളം യൂണിറ്റ്‌,
പുഞ്ചിരി ആർട്ട്സ്‌ ആന്റ്‌ സ്പോർട്ട്സ്‌ ക്ലബ് ‌,
വ്യാപാരി വ്യവസായി ഏകോപനസമിതി , ടിംബർ മർച്ചന്റ്സ്‌ അസോസിയേഷൻ,

ചെറുപുഷ്പം മിഷൻലീഗ്‌, ലയൺസ്‌ , റോട്ടറി,
സീനിയർ സിറ്റിസൺസ്‌ ഫോറം" എന്നിങ്ങനെ മരിച്ചവന്റെ നെഞ്ചത്ത്‌ കുറ്റിയടിച്ച്‌ കെട്ടുന്ന മൈക്രോ ബാനറുകളാണ്‌ ഏതാണ്ട്‌ എല്ലാ റീത്തുകളും.

തട്ടിക്കളയാനോ,ക്ഷോഭിക്കാനോ എന്തിന്‌ ഒന്ന് എണീറ്റ്‌ സ്ഥലം വിടാനോ പോലും കഴിയാത്ത ഒരു പാവം ശവത്തിന്റെ മേൽ തന്നിഷ്ടം കാട്ടി അതിനെ അപമാനിക്കുകയല്ലേ നാം ശരിക്കും?

അതു കൊണ്ട്‌ സുഹൃത്തുക്കളേ കഴിയുമെങ്കിൽ ഒരു ശരീരത്തിലും അവനവൻ പേരെഴുതിയ റീത്തുകൾ സമർപ്പിക്കാതിരിക്കുക...

നമുക്ക്‌ പ്രിയപ്പെട്ടവർക്കായി മറ്റുള്ളവർ കൊണ്ടുവരുന്നതിനെ സ്നേഹപൂർവ്വം വിലക്കുക..

ചുരുങ്ങിയ പക്ഷം ഞാൻ മരിക്കുമ്പോഴെങ്കിലും നിങ്ങളിത്‌ ഓർമ്മയിൽ വെക്കുക..

ഞാൻ മരിച്ചിട്ടും ജീവിച്ചിരിക്കുന്നവരോടായി കുറച്ചു കാര്യങ്ങൾ കൂടി പറഞ്ഞു വെക്കാനുണ്ട്‌
എനിക്ക്‌...

നിങ്ങൾക്ക്‌ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഉള്ള
ദിവസമാണ്‌ അതെങ്കിൽ, അവയൊക്കെ മാറ്റിവെച്ച്‌ അസൗകര്യങ്ങൾ സഹിച്ചുകൊണ്ട്‌ എന്നെ കാണാൻ വരരുത്‌ !

ഏതൊരാൾക്ക്‌ വേണ്ടിയും,അത്‌ മകനോ മകളോ സഹോദരങ്ങളോ ആരുമാകട്ടെ ജീവനില്ലാത്ത എന്റെ ശരീരത്തെ അനന്തമായി കാത്തുവെക്കരുത്‌ !

മരണം കടന്നുവരുന്നത്‌ എന്റെ ശരീരത്തേയും മുഖത്തേയും വികൃതമാക്കിക്കൊണ്ടാണ്‌ എങ്കിൽ ദയവായി ആയതിനെ മറ്റുള്ളവർക്ക്‌ മുന്നിൽ പ്രദർശിപ്പിക്കരുത്‌!

"കുളിപ്പിക്കുക "എന്ന വൃത്തികെട്ട ഒരു ചടങ്ങിനുവേണ്ടി എന്റെ നഗ്നതയെ അപരിചിതർക്ക്‌ മുന്നിൽ തുറന്നിടരുത്‌!

ഇതൊക്കെ എന്റെ ആഗ്രഹങ്ങൾ മാത്രമാണ്‌ കേട്ടോ,
മരിച്ചു കഴിഞ്ഞാൽ പിന്നെ ഞാൻ ഒന്നിനുവേണ്ടിയും വാശിപിടിക്കില്ല എന്ന് വാക്കുതരുന്നു!

എന്നെ നിങ്ങൾ എങ്ങനെ ഓർക്കണമെന്നാണ്‌ എന്റെ ആഗ്രഹം എന്നുകൂടി പറഞ്ഞുകൊണ്ട്‌ ഞാനിത്‌ അവസാനിപ്പിക്കാം...

ആഗ്രഹം എന്ന വാക്ക്‌ അത്ര യോജ്യമല്ല ഇവിടെ ശരിക്കും അത്യാഗ്രഹം എന്നാണ്‌ പറയേണ്ടത്‌...

ഒരു പക്ഷേ ഒറ്റക്കായിപോയേക്കാവുന്ന ശൈലജയെ നിങ്ങൾ സൗകര്യം കിട്ടുമ്പോഴൊക്കെ ഒന്നു സന്ദർശിക്കണം..

സൗഹൃദ ഘോഷങ്ങളാൽ സദാ മുഖരിതമായിരുന്ന ആ വീടിനെ ഇടക്കൊക്കെ പഴയ സന്തോഷങ്ങളിലേക്ക്‌ ഉയർത്തണം...

ഒരുമഴപെയ്യുമ്പോൾ ,ഒരു മഴവില്ലുകാണുമ്പോൾ

നനയുന്ന കാപ്പിയിലകളെ
തുളച്ചുകൊണ്ട്‌ ആലിപ്പഴം പൊഴിയുമ്പോൾ,

നക്ഷത്രങ്ങൾ നിറഞ്ഞ ഒരാകാശമോ ,നിലാവ്‌ തൂകിയ ഒരു നദിക്കരയോ കാണുമ്പോൾ,

അതി മധുരമായ ഒരു ഗാനം കേൾക്കുകയോ,
മധുലഹരി നുരയുന്ന ഒരു വീഞ്ഞ്‌ നുണയുകയോ ചെയ്യുമ്പോൾ അവനുണ്ടായിരുന്നെങ്കിൽ എന്ന് നിങ്ങളോർക്കണം...

നിങ്ങൾ ഒരു കൊടും ദുരിതത്തിന്റെ സങ്കടപ്പുഴ ഒറ്റക്ക്‌ നീന്തുമ്പോൾ,

സ്നേഹതണുപ്പുള്ള ഒരാലിംഗനത്തിന്‌ കൊതിക്കുമ്പോൾ,

തരിച്ചു വേദനിച്ചു തളരുന്ന തലതാങ്ങാൻ ഒരു തോളിനായി ദാഹിക്കുമ്പോൾ,

വലിയ അനിശ്ചതത്വങ്ങൾക്ക്‌ നടുവിൽ ഭയന്നും ,കുഴഞ്ഞും ,
ഇതിലേ..ഇതിലേ.. എന്ന ഒരു വിരൽസ്പർശ്ശനത്തിന്‌ കാക്കുമ്പോൾ,

കണ്ണീരുപ്പുണങ്ങിയ കവിളുകളിൽ ഒരു സ്വാന്ത്വന ചുമ്പനം മോഹിക്കുമ്പോൾ ....

അപ്പോഴൊക്കെ അവനുണ്ടായിരുന്നെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു......

ശാന്തയോ ,സന്ദർശനമോ,രേണുകയോ പാടി വെളുപ്പിക്കുന്ന,
ലഹരി നുരയുന്ന ഒരു രാത്രിയിൽ അവനുണ്ടായിരുന്നെങ്കിൽ എന്ന് നിങ്ങളാഗ്രഹിക്കണമെന്ന് ഞാൻ കൊതിക്കുന്നു...

അപമാനിക്കപ്പെടുകയോ അഭിമാനം കൊള്ളുകയോ ചെയ്യുന്ന ഒരു നിമിഷത്തിൽ ,
"എന്റെ അച്‌ഛനുണ്ടായിരുന്നെങ്കിൽ! "
എന്ന് കൃഷ്ണ ഒരു നിമിഷത്തേക്ക്‌ നിശബ്ദയായിരുന്നെങ്കിൽ ,എന്ന് ഞാൻ മോഹിക്കുന്നു...

"ഞാൻ "എന്ന മനുഷ്യനെ മരണശേഷം ഈ വിധം ആളുകൾ ഓർമ്മിച്ചിരുന്നെങ്കിൽ ,എന്ന് ഞാൻ സ്വപ്നം കാണുന്നു...

നടക്കില്ല എന്നറിയുമ്പോഴും അത്‌ നടന്നിരുന്നെങ്കിൽ എന്ന് ഒരു വിഢ്ഢിയെപ്പോലെ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നു..

(എന്താണ്‌ ഇപ്പോൾ ഇങ്ങനെ ഒരു റീത്ത്‌ പുരാണം എന്നാണോ?

അരും കൊലചെയ്യപ്പെട്ട ആ സാധുവിന്റെ ശരീരത്തിലും കണ്ടു സമർപ്പിക്കപ്പെട്ട ചില റീത്തുകൾ )

#TAGS : wreath   funerals  

advertisment

News

Related News

    Super Leaderboard 970x90