"പുണ്യം പൂക്കുന്ന റമദാൻ മാസം"..... സതീഷ് കുമാർ എഴുതുന്ന ലേഖനം

റമദാൻ മാസം എന്നത്‌ ത്യാഗത്തിന്റെ ഘോഷമാണ്‌ ലാളിത്യത്തിന്റേയും. ഭക്ഷണം പോലും ഉപേക്ഷിച്ചു കൊണ്ടുള്ള ത്യാഗത്തിന്റെ പെരുന്നാൾ ദിനങ്ങളെ ഭക്ഷണത്തിന്റെ ഉത്സവമാക്കുന്നത്‌ വിശ്വാസത്തെ വൃണപ്പെടുത്തൽ തന്നെയാണ്‌ എന്ന് ദയവായി തിരിച്ചറിയുക. ഭക്ഷണത്തെ പോലും ത്യജിക്കുക എന്ന ആ ലാളിത്യത്തെ ഇഫ്താർ എന്ന ഭക്ഷണധാരാളിത്തത്താൽ നാം അട്ടി മറിക്കുകയാണ്‌.

"പുണ്യം പൂക്കുന്ന റമദാൻ മാസം"..... സതീഷ് കുമാർ എഴുതുന്ന ലേഖനം

ഇസ്ലാം മതവിശ്വാസികളായ എന്റെ സുഹൃത്തുക്കളോടാണ് ‌ഈ കുറിപ്പ്‌

ഇത്‌ ഇഫ്താറിനെക്കുറിച്ചുള്ളതാണ്‌.‌

മതപരമായ വിഷയങ്ങളിൽ അഭിപ്രായം പറയുക എന്നത്‌ വളരെ അപകടകരമായ ഒന്നായി മാറിയിട്ടുണ്ട്‌ ഈയിടെയായി

അതും ,പറയുന്നത്‌ ജനനംകൊണ്ട്‌ മറ്റൊരു മതസ്ഥനായി പോയിട്ടുള്ളവനാണെങ്കിൽ അതി വൈകാരികമായ പ്രതികരണങ്ങൾ പ്രതീക്ഷിക്കേണ്ടവണ്ണം കലുഷിതമായിട്ടുമുണ്ട്‌ നമ്മുടെ സാമൂഹ്യരംഗം .

എങ്കിലും ചില കാര്യങ്ങൾ പറയാതിരിക്കുവാൻ കഴിയുന്നില്ല എന്നതിനാൽ ആ ഭവിഷ്യത്തുകളെക്കുറിച്ച്‌ തത്ക്കാലം ഞാൻ മറക്കുന്നു.

വിശുദ്ധ റമദാനിലെ നോമ്പ്‌ എന്ന വ്രതം അത്യധികം പരിശുദ്ധമായ ഒരു മതകർമ്മമായി കണ്ടുവരുന്നവനാണ്‌ ഞാൻ താൻ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ദൈവത്തിനു വേണ്ടി ഒരുവൻ തന്റെ കേവല സൗഖ്യങ്ങളെ ത്യജിക്കുന്ന പാവനമായ ഒരു പ്രാർത്ഥനാരീതിയാകുന്നു അത്‌ ഭക്ഷണം മുതൽ രതി വരെയുള്ള സുഖങ്ങളെ സ്വയം ത്യജിച്ചും അപരനെ ദ്രോഹിക്കാതെയും ദുഷിക്കാതെയും മനസിനെ നിർമ്മലമാക്കി വെച്ചുംദരിദ്രന്റേയും വിശക്കുന്നവന്റേയും വേദനകളെ അനുഭവിച്ച്‌ താതാത്മ്യപ്പെട്ടും 

അവനവനെ വിശുദ്ധീകരിക്കുവാൻ വേണ്ടി ഒരു വിശ്വാസി സ്വയം സ്വീകരിക്കുന്ന ഒരു കഠിനകാലമാകുന്നു നോമ്പ്‌ ദൈവത്തിലേക്കുള്ള അയാളുടെ വഴികളിൽ ഒന്ന്. അവനവൻ ത്യജിക്കുകവഴി മിച്ചം വെക്കുന്നവയും അവനവൻ സമ്പാദിക്കുന്നതിന്റെ നിശ്ചിത ഭാഗവും അർഹനായ മറ്റൊരുവന്‌ ദാനം ചെയ്യുകയും ,അതു വഴി ഉള്ളവൻ ഇല്ലാത്തവനുവേണ്ടി പങ്കിടുകയും ചെയ്യുക എന്ന ഉദാത്തമായ മനുഷ്യസ്നേഹത്തെ ഉയർത്തിപ്പിടിക്കുക കൂടി ചെയ്യുന്നുണ്ട്‌ വിശ്വാസത്തിലെ ഈ നന്മ. അത്‌ ആയതിനായി ആരേയും നിർബന്ധിക്കുന്നില്ല എന്നതു കൂടി ഓർക്കേണ്ടതുണ്ട്‌.

മറ്റ്‌ തീവ്ര മതാചാരങ്ങളേപ്പോലെ യാതൊരു വിധ കാർക്കശ്യങ്ങളുമില്ല അതിന്‌
വൃദ്ധരെ ,കുട്ടികളെ ,രോഗികളെ ,ഗർഭിണികളെ , മുലയൂട്ടുന്നവരെ ,എന്തിന്‌ യാത്രികരെ വരെ അത്‌ അതിനു വേണ്ടി നിർബന്ധിക്കുന്നില്ല എന്നതാണ്‌ അതിന്റെ വിശുദ്ധി വെളിച്ചത്തിന്റെ ആദ്യ നൂലിഴ തെളിയുന്നത്‌ മുതൽ രാത്രിയുടെ കറുത്തനൂൽ കാണുംവരേയുള്ള നേരത്ത്‌ മറ്റ്‌ എല്ലാം ഉപേക്ഷിച്ച്‌ ദൈവത്തോടു കൂടെ ആയിരിക്കുവാൻ അത്‌ വിശ്വാസികളോട്‌ ആവശ്യപ്പെടുന്നുഅതും അതിന്‌ കഴിയുന്നവരോട്‌ മാത്രം

അതേ റമദാൻ മാസം എന്നത്‌ ത്യാഗത്തിന്റെ ഘോഷമാണ്‌ ലാളിത്യത്തിന്റേയും.

"പുണ്യം പൂക്കുന്ന റമദാൻ മാസം"..... സതീഷ് കുമാർ എഴുതുന്ന ലേഖനം

എന്നാൽ അങ്ങനെയായിരിക്കേണ്ട ഒന്നിനെ ഏതു വിധമാണ്‌ നമ്മൾ ഇന്ന് ആഘോഷിച്ചു കൊണ്ടിരിക്കുന്നത്‌ എന്ന് ദയവായി ഒന്ന് ആലോചിച്ചു നോക്കുക. ഭക്ഷണത്തെ പോലും ത്യജിക്കുക എന്ന ആ ലാളിത്യത്തെ ഇഫ്താർ എന്ന ഭക്ഷണധാരാളിത്തത്താൽ നാം അട്ടി മറിക്കുകയാണ്‌. കാരക്ക കൊണ്ടും തരിക്കഞ്ഞി കൊണ്ടും നോംബു തുറക്കുന്ന നമ്മൾ മഗരിബിനു ശേഷം കാട്ടിക്കൂട്ടുന്ന ആർഭാടങ്ങൾ എന്തൊക്കെയാണ്‌?എത്ര വിഭവങ്ങളാണ്‌ നിങ്ങളുടെ തീന്മേശയിൽ? എത്ര കുറഞ്ഞാലും സാധാരണ ദിവസങ്ങളിൽ നിങ്ങൾ കഴിക്കുന്നതിനേക്കാൾ ധാരാളമുണ്ട്‌ അത്‌. ഒരാൾക്ക്‌ വേണ്ടതിനേക്കാളും എത്രയോ ഇരട്ടി.

അവനവന്റെ ധനധാരാളിത്തം വിളംബരം ചെയ്യാനുള്ള പൊങ്ങച്ച പ്രദർശ്ശന ശാലകൾ പോലെയാണ്‌ ധനികരുടെ നോമ്പ്‌ തുറ തീൻ മേശകൾ മിക്കപ്പോഴും. അഹന്തയോടെയും പൊങ്ങച്ചത്തോടെയും ഭൂമിയിൽ നടക്കുന്ന മനുഷ്യൻ എന്നോടൊപ്പമുള്ളവനല്ല എന്ന ഖുറാൻ ശാസനത്തിന്റെ നിരാസവും വിപരീതവുമാണ്‌ പലപ്പോഴും പുണ്യമാസത്തിലെ ഈ അത്താഴവിരുന്നുകൾ. ഭക്ഷണ ശീലമടക്കമുള്ള മനുഷ്യരുടെ ധാരാളിത്തത്തെ സ്വയം നിയന്ത്രിച്ചു കൊണ്ട്‌ ആശയടക്കം പരിശീലിക്കാനുള്ള വിശുദ്ധ വ്രതകാലത്തെ ധനികർ ഈ വിധം ദുരുപയോഗം ചെയ്യുമ്പോൾ ജ്ഞാനികളായ മതപണ്ഡിതർ മൗനികളാകുന്നത്‌ എന്തു കൊണ്ടാകും?

ധനികരുടെ ധാരാളിത്ത പ്രകടനം എന്നത്‌ കൊണ്ട്‌ മാത്രമല്ല അത്‌ അപകടകരമാകുന്നത്‌ ധനികരേക്കാളേറെ ദരിദ്രരുള്ള ഒന്നാണ്‌ മുസ്ലീം സമുദായം സമൂഹത്തിന്‌ കാണാൻ പാകത്തിൽ അവരങ്ങനെ വെള്ളി വെളിച്ചത്തിൽ നിലകൊള്ളുന്നില്ല എന്ന് മാത്രമേ ഉള്ളൂ.അതിസമൃദ്ധവും ആർഭാട പൂർണവുമായ നോമ്പ്‌ തുറ എന്നത്‌ ഒരു ആചാരം പോലെയായി മാറുമ്പോൾ അങ്ങനെയൊന്ന് ദിനവും നടത്താനാകാതെ കുഴങ്ങുന്ന അനവധി അത്തരം കുടുംബങ്ങളുണ്ട്‌.അവർക്കതിനാവുന്നില്ല എന്നതല്ല എന്റെ വിഷമം മറിച്ച്‌ അതിനവർക്ക്‌ ആവാത്തതിനാൽ അവരിൽ അപകർഷത നിറയുന്നുണ്ട്‌ എന്നതാണ്‌.

ഞങ്ങൾ ദരിദ്രരാണ്‌ എന്ന് അവരുടെ കുട്ടികൾ തിരിച്ചറിയുകയും ആ ദാരിദ്ര്യത്തെ പ്രതി അവർ വിഷമിക്കുകയും ചെയ്യുന്നുണ്ട്‌. സക്കാത്ത്‌ ദിനത്തിൽ യാചകരേപ്പോലെ വീടുവീടാന്തരം ധനികരുടെ ഭവനങ്ങളിൽ കയറിയിറങ്ങുന്ന ദരിദ്രരായ സ്ത്രീകളുടെ കൂട്ടത്തിൽ ആ കുട്ടികളുമുണ്ട്‌. ഔദാര്യമെന്നതുപോലെ വിതരണം ചെയ്യപ്പെടുന്ന സഹായങ്ങൾ ഒന്നും തന്നെ അവർ സ്നേഹമായി എണ്ണണമെന്നില്ല .നിങ്ങളുടെ ഒരു പങ്കു കൊണ്ട്‌ അപരനെ സഹായിക്കുവിൻ എന്ന സക്കാത്തിന്റെ മഹത്തായ ആശയം ആ ഭിക്ഷയിലില്ല.

"പുണ്യം പൂക്കുന്ന റമദാൻ മാസം"..... സതീഷ് കുമാർ എഴുതുന്ന ലേഖനം

വർഷങ്ങൾക്ക്‌ മുൻപ്‌ നിലമ്പൂർ പെരിന്തൽമണ്ണ വഴി തൃശൂർക്ക്‌ പോകുമ്പോൾ ഏതോ ധനവാനായ മുസ്ലീം സഹോദരന്റെ വീടുനുമുന്നിൽ വലിയ തിക്കും തിരക്കും കണ്ടു വൃദ്ധരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു വൻ ജനക്കൂട്ടത്തെ സെക്യൂരിറ്റി ഗാർഡുകൾ ശാസിച്ചും ഒച്ചവെച്ചും അനുസരണം പഠിപ്പിക്കുന്നുണ്ടായിരുന്നു തുച്ഛ ശമ്പളം പറ്റുന്ന ആ ഗാർഡുമാർക്ക്‌ പോലും അവരുടെ അധികാരപ്രകടനം നടത്താൻ കഴിയുന്ന വിധം ദരിദ്രരും , നിവൃത്തി കേടിനുമുന്നിൽ തങ്ങളുടെ ആത്മാഭിമാനത്തെ സങ്കടത്തോടെ മാറ്റിവെച്ചവരുമായിരുന്നു അവർഅവിടെ സക്കാത്ത്‌ വിതരണം നടക്കുകയായിരുന്നു.

ആ മുതലാളി നേരിട്ടുപോലുമല്ലാതെ പാവങ്ങളായ സമുദായംഗങ്ങളെ ഉച്ചത്തിൽ സഹായിച്ചു കൊണ്ടിരിക്കുകയായിരുന്നു.പ്രിയപ്പെട്ട എന്റെ ഇസ്ലാം സുഹൃത്തുക്കളേ ദയവായി ഇതിൽ ഒരു മാറ്റം വരുത്താൻ ശ്രമിക്കൂ.നിങ്ങളുടെ സമുദായപ്രമുഖരെ അതിനായി ദയവായി നിങ്ങൾ സ്വാധിനിക്കൂ ഒരു പകൽ മുഴുവൻ ഭക്ഷണം ഉപേക്ഷിച്ചതിനു ശേഷം വരുന്ന ആ നോമ്പ്‌ തുറയും അതുപോലെ ലളിതമാക്കുവാൻ വിശ്വാസികളോട്‌ ആഹ്വാനം ചെയ്യുവാൻ പള്ളികൾ പോലുള്ള സ്ഥാപനങ്ങളെ ദയവു ചെയ്ത്‌ നിർബന്ധിക്കൂ

ചുരുങ്ങിയ പക്ഷം ആയതിന്റെ ആർഭാടങ്ങൾക്കെങ്കിലും ഒരു പരിധി നിശ്ചയിക്കുവാൻ അവരോട്‌ പറയൂ. ഭക്ഷണം പോലും ഉപേക്ഷിച്ചു കൊണ്ടുള്ള ത്യാഗത്തിന്റെ പെരുന്നാൾ ദിനങ്ങളെ ഭക്ഷണത്തിന്റെ ഉത്സവമാക്കുന്നത്‌ വിശ്വാസത്തെ വൃണപ്പെടുത്തൽ തന്നെയാണ്‌ എന്ന് ദയവായി തിരിച്ചറിയുക

ആദാമിന്റെ ചായക്കട എന്ന ഭക്ഷണവ്യാപാര ശാല അൻപത്തിരണ്ട്‌ വിഭവങ്ങളുള്ള അവരുടെ അത്ഭുത നോമ്പ്‌ തുറയെക്കുറിച്ച്‌ നിരന്തരം ഘോഷിക്കുന്ന റേഡിയോ വിളംബരം കേട്ടുകൊണ്ടാണ്‌ ഞാൻ ഇന്ന് രാവിലെ മുഴുവൻ ഡ്രൈവ്‌ ചെയ്തത്‌.ലളിതവും പവിത്രവുമായ ഒരു വിശുദ്ധ പ്രാർത്ഥനയായ നോമ്പിനെ ഈ വിധം വാണിജ്യവൽക്കരിക്കുമ്പോഴല്ലെ യഥാർത്ഥത്തിൽ നിങ്ങളുടെ വിശ്വാസം വൃണപ്പെടേണ്ടത്‌?

ഇഫ്താറിന്റെ കാര്യം സാധ്യമല്ലെങ്കിൽ വിടൂ....വിവാഹങ്ങളിലടക്കം ധനികർ കാണിക്കുന്ന പൊങ്ങച്ച ധൂർത്തിന്റെ ഭാഗമായി കണ്ട്‌ അതിനെ വേണമെങ്കിൽ അവഞ്ജയോടെ നമുക്ക്‌ അവഗണിക്കാം എന്നാൽ സക്കാത്തിന്റെ കാര്യത്തിൽ അടിയന്തിരമായ ഒരു ഇടപെടൽ സമുദായത്തിലെ പുരോഗമന ചിന്താഗതിക്കാരിൽ നിന്നും പൊതുസമൂഹം ആവശ്യപ്പെടുന്നുണ്ട്‌

"പുണ്യം പൂക്കുന്ന റമദാൻ മാസം"..... സതീഷ് കുമാർ എഴുതുന്ന ലേഖനം

സ്വന്തം സമുദായാംഗങ്ങളെ അവർ ദരിദ്രരാണ്‌ എന്ന ഒറ്റക്കാരണത്താൽ ധനികരുടെ അധികാരഭവനങ്ങൾക്ക്‌ മുന്നിൽ ഭിക്ഷക്കായി എന്ന പോലെ ദീനരായി നിരത്തി നിർത്തുന്നത്‌ ദീനിസ്നേഹം മുഖമുദ്രയായ ഒരു വിശ്വാസത്തിന്‌ ചേരുന്ന പ്രവർത്തിയല്ല അല്ലാഹുവിന്റെ മുൻപിൽ ധനികനേക്കാൾ ദരിദ്രനാണ്‌ മുന്നിൽനിങ്ങളുടെ സമ്പത്ത്‌ അധികാരം സുഖസൗകര്യങ്ങൾ എന്നിവയൊക്കെ അവന്റെ മുന്നിലെ എടുക്കാത്ത നോട്ടുകളാണ്‌ ഒട്ടകം സൂചിക്കുഴയിലൂടെ എന്ന പോലെയാണ്‌ ധനികന്റെ സ്വർഗ്ഗപ്രവേശം എന്നല്ലേ?

വിദൂര ഗ്രാമപ്രദേശങ്ങളിൽ പോലും പള്ളികളും പള്ളിക്കമ്മറ്റികളുമുള്ള ഒരു ഓർഗ്ഗനൈസ്ഡ്‌ മതമാണ്‌ ഇസ്ലാം തങ്ങൾക്ക്‌ കീഴിൽ വരുന്ന ദരിദ്രരും ധനികരുമായ മുഴുവൻ സമുദായാംഗങ്ങളുടേയും സർവ്വവിധ വിവരങ്ങക്കും ഓരോ പള്ളികളിലുമുണ്ടാവില്ലേ? കൊടുക്കാൻ ധനസ്ഥിതിയുള്ളവന്റേയും സഹായം ആവശ്യങ്ങളുള്ളവന്റേയും വിവരങ്ങൾ?

സക്കാത്തുകൾ പൂൾ ചെയ്യുകയും സഹായങ്ങൾ വേണ്ടവവരുടെ പ്രയോരിറ്റികൾ ന്യായമായി നിശ്ചയിച്ച്‌ അവരുടെ വീടുകളിലെത്തിക്കുകയും ചെയ്താൽ എന്തൊരു ഭംഗിയായിരിക്കും ആ സഹായത്തിന്‌. അപേക്ഷ തരൂ എന്ന് പോലും അവരെ അവഹേളിക്കരുത്‌ ഇടം കൈ അറിയാത്ത ഒരു വലം കൈ സഹായമാവണം അത്‌ ആരുടേയും അഭിമാനത്തെ ക്ഷതപ്പെടുത്താത്തത്‌ ഇടിച്ചു കയറലിൽ സമർത്ഥരായ ചില  അതിസാമർത്ഥ്യക്കരെ ഒഴിവാക്കാം എന്നൊരു നല്ലവശം കൂടിയുണ്ട്‌ അതിൽ ഞാൻ ഈ പറയും മട്ടിലൊക്കെ തന്നെയാണോ നോമ്പിന്റെ വിശ്വാസങ്ങൾ എന്ന് എനിക്ക്‌ തിട്ടമില്ല എന്റെ അറിവ്‌ തീരെ പരിമിതമായ ഒരിടമാണ്‌ മുസ്ലീം വിശ്വാസവും ജീവിതരീതികളും

എങ്കിലും പുറത്തു നിന്ന് നോക്കുന്ന ഒരു സാധാരണ മനുഷ്യൻ എന്ന നിലയിൽ എന്റെ മനസിൽ തെളിഞ്ഞ വിചാരങ്ങളാണ്‌ ഇവ തെറ്റുകളുണ്ടെങ്കിൽ തിരുത്തുകയും, വിയോജിപ്പുകൾ ഉണ്ടെങ്കിൽ അവ രേഖപ്പെടുത്തുകയുമാവാം മത വിശ്വാസത്തെക്കുറിച്ചാണ്‌ ഈ കുറിപ്പ്‌ എങ്കിലും അനാവശ്യമായി മതത്തെ മാത്രമായി ഇതിലേക്ക്‌ കൊണ്ടു വരികയുമരുത്‌ ഇത്‌ മനുഷ്യരെക്കുറിച്ചാണ്‌ എന്ന് മാത്രം കരുതുക

നന്ദി എല്ലാവർക്കും

advertisment

News

Super Leaderboard 970x90