Health

പ്ലാസ്റ്റിക്കുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ!

പ്ലാസ്റ്റിക് കൂടുതല്‍ വഴക്കമുള്ളതാക്കാന്‍ ചേര്‍ക്കുന്ന പ്ലാസ്റ്റിസൈസറുകള്‍, സ്ഥിരത നിലനിര്‍ത്താനും, തീപിടിക്കാതിരിക്കാനും, പലതരം നിറങ്ങള്‍ നല്‍കാനുമൊക്കെയായി ചേര്‍ക്കുന്ന രാസവസ്തുക്കള്‍ എന്നിവയെല്ലാം ശരീരത്തില്‍ ഹാനികരമായ പല പ്രതിപ്രവര്ത്തനങ്ങള്‍ക്കും കാരണമാകുന്നു.

പ്ലാസ്റ്റിക്കുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ!

കുടിവെള്ളക്കുപ്പികള്‍, അരി മുതല്‍ മസാലകള്‍ വരെ സൂക്ഷിക്കുന്ന പാത്രങ്ങള്‍, നോണ്‍സ്റ്റിക്ക് പാചകപ്പാത്രങ്ങള്‍, കുഞ്ഞുങ്ങളുടെ പാല്‍ക്കുപ്പികള്‍, പൊതിച്ചില്‍ വസ്തുക്കള്‍ തുടങ്ങി നമ്മുടെ ഭക്ഷണവുമായി പ്ലാസ്റ്റിക്കുകള്‍ നിരന്തരം സമ്പര്‍ക്കത്തില്‍ വരുന്നു. ഭാരക്കുറവ്, നീണ്ട ഈടുനില്‍പ്പ്, കുറഞ്ഞ വില, ഉപയോഗിക്കാനുള്ള സൗകര്യം എന്നിവയെല്ലാം മരം, ലോഹം, ഗ്ലാസ്, കളിമണ്ണ് തുടങ്ങിയവകൊണ്ടുണ്ടാക്കിയ പരമ്പരാഗത അടുക്കളപ്പാത്രങ്ങളെക്കാള്‍ പ്ലാസ്റ്റിക് കൊണ്ടുള്ളവയെ പ്രിയങ്കരമാക്കുന്നു. എന്നാല്‍ നിത്യജീവിതവുമായി സദാബന്ധപ്പെടുന്ന ഇവ നമ്മുടെ ശരീരത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതിനെപ്പറ്റി പലര്‍ക്കും ധാരണയില്ല.

പ്ലാസ്റ്റിക്കുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ!

ശുദ്ധമായ രൂപത്തില്‍ പ്ലാസ്റ്റിക്കുകള്‍ വിഷവസ്തുക്കളെ ഉത്പാദിപ്പിക്കുന്നില്ല. പതിനായിരക്കണക്കിന് ചെറിയ തന്മാത്രകള്‍ കൂടിച്ചേര്‍ന്നതാണ് ഇവയുടെ ഘടന. ഉയര്‍ന്ന തന്മാത്രാവലിപ്പം കാരണം ഇവക്ക് രാസപ്രവര്‍ത്തന ശേഷിയും വിഘടനസാധ്യതയും കുറവാണ്.ഈര്‍പ്പം, പ്രകാശം, ഭക്ഷണത്തിലും ദൈനംദിന ഉപയോഗത്തിലുമുള്ള രാസവസ്തുക്കള്‍, അന്തരീക്ഷോഷ്മാവ് ഇവയൊന്നും പ്ലാസ്റ്റിക്കുകളെ ബാധിക്കുന്നില്ല. എന്നാല്‍ ആവശ്യമനുസരിച്ച് വഴക്കമുള്ളതും, ഉറപ്പുള്ളതും, സുതാര്യവും, നിറമുള്ളതെല്ലാമായ വസ്തുക്കളാക്കി മാറ്റാനായി സംസ്കരണ സമയത്ത് പലതരത്തില്‍ പെട്ട രാസവസ്തുക്കള്‍ അവയില്‍ ചേര്‍ക്കുന്നുണ്ട്. മാത്രമല്ല നിര്‍മ്മാണ പ്രക്രിയക്കിടെ ചെറിയ ഒരു ഭാഗം അസംസ്കൃതവസ്തുക്കള്‍ രാസപ്രവര്‍ത്തനം നടക്കാതെ അവശേഷിക്കാനും സാധ്യതയുണ്ട്.

കൂടുതല്‍ വഴക്കമുള്ളതാക്കാന്‍ ചേര്‍ക്കുന്ന പ്ലാസ്റ്റിസൈസറുകള്‍, സ്ഥിരത നിലനിര്‍ത്താനും, തീപിടിക്കാതിരിക്കാനും, പലതരം നിറങ്ങള്‍ നല്‍കാനുമൊക്കെയായി ചേര്‍ക്കുന്ന രാസവസ്തുക്കള്‍ എന്നിവയെല്ലാം ശരീരത്തില്‍ ഹാനികരമായ പല പ്രതിപ്രവര്ത്തനങ്ങള്‍ക്കും കാരണമാകുന്നു. തൈറോയ്ഡ് ഹോര്‍മോണ്‍, സ്ത്രൈണ ഹോര്‍മോണായ ഈസ്ട്രജൻ, പുരുഷ ഹോര്‍മോണായ ആന്‍ഡ്രജനുകള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനങ്ങളെ ഇവ ഹാനികരമായി ബാധിക്കുന്നു. ശരീരത്തിലെ ഹോര്‍മോണുകളുടെ ഘടനയോട് സാമ്യമുള്ള ഇവ ഹോര്‍മോണുകളെ അനുകരിച്ച് അവയുടെ പ്രവര്‍ത്തനതാളം തെറ്റിക്കുന്നു. പ്ലാസ്റ്റിസൈസര്‍ ആയി ഉപയോഗിക്കുന്ന താലേറ്റുകളും പോളികാര്‍ബണേറ്റ് വസ്തുക്കളില്‍ അടങ്ങിയ ബിസ്ഫിനോള്‍ എ എന്ന രാസവസ്തുവുമാണ് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നതിലെ മുഖ്യപ്രതികള്‍.

പ്ലാസ്റ്റിക്കുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ!

ബിസ്ഫിനോള്‍ എ യും താലേറ്റുകളും

കാഠിന്യം കുറച്ച് ഷീറ്റ്, കവര്‍ രൂപങ്ങളിലാക്കിയെടുക്കാനാവശ്യമായ വഴക്കവും മൃദുലതയും നല്‍കാനാണ് പ്ലാസ്റ്റിസൈസറുകള്‍ ഉപയോഗിക്കുന്നത്. പി വി സി കൊണ്ടുള്ള മേശവിരികള്‍, കര്‍ട്ടനുകള്‍, ഫ്ലക്സുകള്‍, പീച്ചിയെടുക്കാവുന്ന പാത്രങ്ങള്‍ എന്നിവയിലെല്ലാം താലേറ്റുകള്‍ സുലഭമായി കാണാം. ഡൈ ബ്യൂട്ടൈല്‍ താലേറ്റ് , ഡൈ ഐസോ ഒക്റ്റൈല്‍ താലേറ്റ് തുടങ്ങി ഇവതന്നെ പലതരമുണ്ട്. പ്ലാസ്റ്റിക് പാത്രങ്ങളില്‍ നിന്നും ഇവ മനുഷ്യശരീരത്തില്‍ എത്തുന്നു. ശരീരത്തിലെ ഹോര്‍മോണുകളെ അനുകരിച്ച് ശാരീരികപ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുന്നു. അലര്‍ജി, ആസ്ത്മ, ഇന്‍സുലിന്‍ പ്രതിരോധം, കാന്‍സര്‍, വന്ധ്യത, അമിതവണ്ണം, ഓട്ടിസം അടക്കമുള്ള ജന്മവൈകല്യങ്ങള്‍ തുടങ്ങി പല പ്രശ്നങ്ങളും ഇവ ഉണ്ടാക്കുന്നു. എപോക്സി, പോളികാര്ബണേറ്റ് പ്ലാസ്റ്റിക്കുകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന രാസവസ്തുവാണ് ബിസ്ഫിനോള്‍ എ. പോളികാര്‍ബണേറ്റ് കൊണ്ടുള്ള വെള്ളക്കുപ്പികള്‍ , വെള്ളപൈപ്പുകളുടേയും സോഫ്റ്റ്‌ ഡ്രിങ്ക് ടിന്നുകളുടെയും ഉള്‍വശത്തെ എപോക്സി കോട്ടിംഗ് എന്നിവയിലൊക്കെ ബിസ്ഫിനോള്‍ എയുടെ സാന്നിധ്യമുണ്ട്. അമേരിക്കയിലെ തൊണ്ണൂറ്റഞ്ച് ശതമാനം ആളുകളുടേയും മൂത്രത്തില്‍ കൂടിയ അളവില്‍ ബിസ്ഫിനോള്‍ എ യുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

തൈറോയ്ഡ് ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന ഇത് ഹൈപ്പോതൈറോയ്ഡിസത്തിന് കാരണമാകുന്നു, ഈസ്ട്രജന്റെ പ്രവര്‍ത്തനത്തെ അനുകരിക്കുന്ന ബിസ്ഫിനോള്‍ എ പുരുഷ-സ്ത്രീ ഹോര്‍മോണ്‍ അനുപാതത്തെ തകരാറിലാക്കുകയും പുരുഷവന്ധ്യതയ്ക്ക് കാരണമാവുകയും ചെയ്യുന്നു. നിര്‍മ്മാണസമയത്ത് ചേര്‍ക്കുന്ന ഈ വസ്തുക്കള്‍ കാലക്രമത്തില്‍ ഭക്ഷണത്തില്‍ കലരുകയും ശരീരത്തിലെത്തുകയും ചെയ്യുന്നു. ഉയര്‍ന്ന ചൂട്, കൊഴുപ്പുകലര്‍ന്ന ഭക്ഷണവുമായുള്ള സമ്പര്‍ക്കം എന്നിവ ഇതിന്‍റെ തോത് കൂട്ടുന്നു. ചൂടാക്കലും തണുപ്പിക്കലും ആവര്‍ത്തിക്കുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. ഉരച്ച് കഴുകുമ്പോഴും ബലം പ്രയോഗിക്കുമ്പോഴും ഇത് തന്നെ സംഭവിക്കുന്നു. ഉയര്‍ന്ന ഊഷ്മാവില്‍ ഭക്ഷണത്തിലെത്തുന്ന ഡയോക്സിന്‍ സ്തനാര്‍ബുദത്തിനു കാരണമാകുന്നു.

പ്ലാസ്റ്റിക്കുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ!

പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കാനുള്ള എളുപ്പവഴിയായി പലരും അവ കത്തിക്കാറുണ്ട്. തുറന്ന സ്ഥലങ്ങളില്‍ പ്ലാസ്ട്റ്റിക്ക് മാലിന്യങ്ങള്‍ കത്തിക്കുമ്പോള്‍ ഒട്ടേറെ വിഷവസ്തുക്കള്‍ അന്തരീക്ഷത്തിലെത്തുന്നു. പരിസരത്തുള്ള കുഞ്ഞുങ്ങളടക്കം ഒട്ടേറെ പേരുടെ ആരോഗ്യത്തെയാണ് ഇത് ബാധിക്കുക. ഡയോക്സിനുകള്‍ തന്നെയാണ് ഇതില്‍ പ്രധാനം. ഇവ ശരീരകലകളിലെ കൊഴുപ്പില്‍ സംഭരിക്കപ്പെട്ട് കാന്‍സര്‍ സാധ്യത കൂട്ടുന്നു. അമ്മയില്‍ നിന്ന് പ്ലാസന്റ വഴി ഗര്‍ഭസ്ഥശിശുക്കളിലെത്തി ജന്മവൈകല്യങ്ങള്‍ ഉണ്ടാക്കുന്നതിനും സാധ്യതയുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങളുടേയും മറ്റും പാക്കിംഗിനുപയോഗിക്കുന്ന തെര്‍മോക്കോള്‍ കത്തിക്കുമ്പോള്‍ സ്റൈറീന്‍ സ്വതന്ത്രമാകുന്നു. ശ്വാസകോശത്തിലൂടെയും ത്വക്കിലൂടെയും അതിവേഗം ആഗിരണം ചെയ്യപ്പെട്ട് കണ്ണിനും ശ്ലേഷ്മസ്തരത്തിനും കേടുപാടുണ്ടാക്കുന്നു. ഉയര്‍ന്ന അളവില്‍ ശരീരത്തിലെത്തുന്നത് നാഡീതകരാറുകള്‍ക്കും കാരണമാകുന്നു.

എന്താണ് പരിഹാരം?

സാധ്യമായിടത്തെല്ലാം പ്ലാസ്റ്റിക്കിന് പകരം ഗ്ലാസ്, ലോഹപ്പാത്രങ്ങള്‍ ഉപയോഗിക്കുക. അടുക്കളയിലേക്കുള്ള പ്ലാസ്റ്റിക് പാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്ലാസ്റ്റിക് തിരിച്ചറിയല്‍ നമ്പര്‍ ( പാത്രങ്ങളുടെ അടിഭാഗത്ത് ത്രികോണത്തിനുള്ളില്‍ നല്‍കുന്ന സംഖ്യ) ഒന്ന് മുതല്‍ ആറു വരെയുള്ളവ മാത്രം തിരഞ്ഞെടുക്കുക, ഇതില്‍ തന്നെ കാറ്റഗറി 3 പി വി സി ഉത്പന്നങ്ങളായതിനാല്‍ അതും ഒഴിവാക്കുന്നതാണ് നല്ലത്. ചൂടുള്ള വസ്തുക്കള്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ നിറക്കുകയോ നേരിട്ട് ചൂടാക്കുകയോ ചെയ്യരുത്. കൊഴുപ്പുകലര്‍ന്ന വസ്തുക്കള്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക. പാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കാതിരിക്കുക.

advertisment

Super Leaderboard 970x90