Cinema

മലയാള സിനിമ മാറുകയാണ്.... നമുക്ക് വേണ്ടത് പരിഹാസത്തിൻ്റെ കിളിച്ചുണ്ടൻ മാമ്പഴങ്ങളല്ല... നേരിൻ്റെ സുഡാനികളാണ്...!

സുഡാനി മലപ്പുറത്തിൻ്റെ വേറിട്ടൊരു മുഖം കാണിച്ചുതരുന്നു.സുഡാനിയെ സ്നേഹിക്കുന്ന മജീദിൻ്റെ ഉമ്മയ്ക്ക് ഭാഷാപ്രശ്നമില്ല.അവിടെ ഉപയോഗിക്കപ്പെടുന്നത് സനേഹത്തിൻ്റെ ഭാഷയാണ്.സുഡാനിയുടെ വേദനകൾ ആ പ്രദേശത്തെ ഉമ്മമാരുടെയും വേദനകളാവുന്നു.ക്രൈസ്തവനു വേണ്ടി കണ്ണുനീർ പൊഴിക്കപ്പെടുന്നു ; ഖുർ ആൻ വായിക്കപ്പെടുന്നു...

മലയാള സിനിമ മാറുകയാണ്.... നമുക്ക് വേണ്ടത് പരിഹാസത്തിൻ്റെ കിളിച്ചുണ്ടൻ മാമ്പഴങ്ങളല്ല... നേരിൻ്റെ സുഡാനികളാണ്...!

നിങ്ങൾ ഒരിക്കലെങ്കിലും സ്വന്തം നാട്ടിൽ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചിട്ടുണ്ടോ? കുമ്മായം കൊണ്ട് മൈതാനത്തിൻ്റെ അതിർവരമ്പുകൾ നിശ്ചയിച്ചിട്ടുണ്ടോ? രാത്രിയുടെ നിശബ്ദതയിൽ ഫ്ലഡ് ലിറ്റിൻ്റെ കാല് നാട്ടാനുള്ള കുഴി വെട്ടിയിട്ടുണ്ടോ?പരസ്യബാനറുകൾ വലിച്ചുകെട്ടിയിട്ടുണ്ടോ?കളിയുടെ നോട്ടീസുകൾ വിതരണം ചെയ്തിട്ടുണ്ടോ? മത്സരസമയം മൈക്കിലൂടെ അനൗൺസ് ചെയ്തിട്ടുണ്ടോ?

ദൂരദേശങ്ങളിൽ സെവൻസ് കളിക്കാൻ പോയിട്ടുണ്ടോ? മോശം തീരുമാനങ്ങളെടുക്കുന്ന റഫറിയെ തെറിപറഞ്ഞിട്ടുണ്ടോ? ജയിച്ചുവരുമ്പോൾ വഴിയിൽ വണ്ടി നിർത്തി തട്ടുകടയിൽ നിന്ന് പൊറോട്ടയും ബീഫും മൂക്കുമുട്ടെ തട്ടിയിട്ടുണ്ടോ? സ്വന്തം ക്ലബ്ബിൻ്റെ ടീം നേടുന്ന സെവൻസ് കിരീടങ്ങളുമായി നാട്ടിൽ ആഹ്ലാദപ്രകടനങ്ങൾ നടത്തിയിട്ടുണ്ടോ?

എല്ലാം പോട്ടെ.ഫുട്ബോൾ മത്സരങ്ങൾ ആവേശത്തോടെ കാണാറുണ്ടോ? ലോകകപ്പ് സമയത്ത് കട്ടൻകാപ്പിയുടെ സഹായത്തോടെ ഒരു രാവെങ്കിലും വെളുപ്പിച്ചിട്ടുണ്ടോ?

ഒരു ശരാശരി മലയാളിയുടെ ജീവിതത്തിൽ ഇതിൽ ചിലതെങ്കിലും ഉറപ്പായും സംഭവിച്ചിട്ടുണ്ടാവും.അതുകൊണ്ടു തന്നെ 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമ നമുക്ക് മനസ്സിലാവും.അതിലെ
കേന്ദ്രകഥാപാത്രമായ മജീദിനെയും നമുക്ക് മനസ്സിലാവും-മനസ്സിലാവണം !

സൗബിൻ ഷാഹിർ അവതരിപ്പിക്കുന്ന മജീദ് മലപ്പുറത്തെ ഒരു ഫുട്ബോൾ ടീമിൻ്റെ മാനേജറാണ്.കളിഭ്രാന്ത് അയാൾക്ക് വ്യക്തിജീവിതത്തിൽ തിരിച്ചടികൾ മാത്രമേ സമ്മാനിക്കുന്നുള്ളൂ.പക്ഷേ അയാൾ കാല്പന്തുകളിയെ കൈവിടുന്നില്ല.എത്ര വലിയ പ്രതിസന്ധി വന്നാലും സ്വന്തം ടീമിനെ ഉപേക്ഷിക്കാൻ അയാൾ ഒരുക്കമല്ല.ഒന്നാലോചിച്ചുനോക്കൂ.ഈ മജീദിനെ നാം ആദ്യമായി കാണുന്നത് വെള്ളിത്തിരയിലാണോ? അല്ലേയല്ല.ഇതിനുമുമ്പും പലവട്ടം നാം അയാളെ കണ്ടിട്ടുണ്ട്.പല രൂപങ്ങളിൽ ; പല പേരുകളിൽ....

ഈ കൊച്ചുകേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും മജീദുമാർ ജീവിക്കുന്നുണ്ട് എന്നാണെൻ്റെ ധാരണ.ഒന്നും തിരികെക്കിട്ടുമെന്ന് പ്രതീക്ഷിച്ചല്ല അവർ ഫുട്ബോളിനെ സ്നേഹിക്കുന്നത്.പണത്തിനു വേണ്ടിയല്ല അവർ സെവൻസ് ടൂർണ്ണമെൻ്റുകൾ സംഘടിപ്പിക്കുന്നത്.കളിയെ നിസ്വാർത്ഥമായി പ്രണയിക്കുന്നവരാണ് മജീദുമാർ.മലപ്പുറത്ത് അവരുടെ എണ്ണം ഒത്തിരിക്കൂടുതലാണ്.

ഒരു പ്രത്യേക സാഹചര്യത്തിൽ മജീദിൻ്റെ ബാദ്ധ്യതയായി മാറുന്ന സാമുവൽ, കേരളത്തിൽ പന്തുകളിക്കാനെത്തുന്ന ആഫ്രിക്കക്കാരുടെ പ്രതിനിധിയാണ്.സെവൻസ് മൈതാനങ്ങളിൽ കുറച്ചുകാലമായി ആഫ്രിക്കക്കാരെ വ്യാപകമായി കണ്ടുവരുന്നുണ്ട്.''സുഡാനി'' , ''നീഗ്രോ '' എന്നൊക്കെ നാം അവരെ വിളിച്ചുപോരുന്നു.നല്ല കരുത്തും വേഗതയുമുള്ള സുഡാനികൾ പലപ്പോഴും എതിർടീമുകളുടെ പേടിസ്വപ്നമാണ്.കാരിരുമ്പിനെ ഒാർമ്മിപ്പിക്കുന്ന സുഡാനിയെ മൈതാനത്ത് ജയിക്കുന്ന മലയാളി അവൻ്റെ ജന്മനാടിൻ്റെ ഹീറോയായി മാറും-ഒരു ദിവസത്തേക്കെങ്കിലും !

പക്ഷെ സുഡാനികളുടെ ഉള്ളിലെ നൊമ്പരങ്ങൾ നാം തിരിച്ചറിയാറില്ല.അവരിൽ പലരും നിവൃത്തികേടുകൊണ്ട് നാടുവിട്ടവരാകാം.ഫുട്­ബോൾ അവർക്ക് ഭക്ഷണത്തിനുള്ള ഉപാധിയാകാം.അവൻ്റെ തുച്ഛമായ വരുമാനത്തിനുവേണ്ടി നാട്ടിലൊരു കുടുംബം കണ്ണീരോടെ കാത്തിരിക്കുന്നുണ്ടാവാം.ഇൗ സിനിമ സുഡാനികളുടെ പക്ഷത്തു നിന്ന് ഹൃദയത്തിൻ്റെ ഭാഷയിൽ സംസാരിക്കുകയാണ്... ♥

നിങ്ങൾ ഫുട്ബോൾ വെറുക്കുന്ന ഒരു വ്യക്തിയാണെങ്കിൽപ്പോലും ഈ സിനിമ തിയേറ്ററിൽ പോയി കാണണം.കാരണം ഇത് മനുഷ്യത്വത്തിൻ്റെ സിനിമ കൂടിയാണ്.കാലാകാലങ്ങളായി മലയാളസിനിമ ഒരു സമുദായത്തോട് ചെയ്ത നെറികേടുകൾക്കുള്ള പ്രായശ്ചിത്തമാണ്.

ഏറ്റവും എളുപ്പത്തിൽ ബോംബ് കിട്ടുന്ന സ്ഥലമാണ് മലപ്പുറം എന്നാണ് ആറാം തമ്പുരാൻമാർ പറഞ്ഞുവെച്ചിട്ടുള്ളത്.വിനോദയാത്രയിൽ മുരളിയുടെ കഥാപാത്രത്തിൻ്റെ വയറ്റിൽ കത്തി കുത്തിയിറക്കുന്നത് വെള്ളത്തൊപ്പിയും പച്ച ബെൽറ്റും അണിഞ്ഞ ഒരാളാണ്(ഒാർമ്മ ശരിയാണെങ്കിൽ മലപ്പുറത്ത് നടന്ന വർഗ്ഗീയ കലാപം എന്ന് കൃത്യമായി പറയുന്നുമുണ്ട്).കള്ള­ക്കടത്തുകാരും കൊലപാതകികളുമായ മുസ്ലിം കഥാപാത്രങ്ങൾ എത്രയോ ! നാലും അഞ്ചും കെട്ടിയ കോയമാർ എന്ന ക്ലീഷേയാണ് സിനിമയിൽ ഇന്നും ഇസ്ലാമിൻ്റെ മുഖം.മുസ്ലിം കഥാപാത്രങ്ങൾ മിക്കപ്പോഴും 'സംസ്കാരമില്ലാത്ത ' ഭാഷ സംസാരിക്കുന്നവരാണ്.പ്രിയദർശൻ മലപ്പുറത്തെ മുസ്ലീങ്ങളുടെ കഥ പറഞ്ഞപ്പോൾ കേരളത്തിൽ എവിടെയും നിലവിലില്ലാത്ത ഒരു ഭാഷയാണ് ആ സിനിമയിൽ ഉണ്ടായത്.

ജീവിതത്തിലും ആ ജില്ലയ്ക്ക് വളരെ മോശം ഇമേജാണ്.മിനി പാക്കിസ്ഥാൻ എന്ന് പരിഹാസപൂർവ്വം മലപ്പുറത്തെ വിളിക്കുന്നവരുണ്ട്.മുസ്ലീങ്ങൾ സദാസമയം രാജ്യത്തോടുള്ള കൂറ് അറിയിച്ചുകൊണ്ടിരിക്കണം.എനിക്ക് വസീം അക്രമിനെയും വഖാർ യുനീസിനെയും ധൈര്യമായി പുകഴ്ത്താം.പക്ഷേ മലപ്പുറത്തുകാരനായ എൻ്റെ മുസ്ലിം സുഹൃത്ത് ഇതേ കാര്യം ചെയ്താൽ അതിന് വേറെ മാനങ്ങളും നിറങ്ങളും കൈവരും !

സുഡാനി മലപ്പുറത്തിൻ്റെ വേറിട്ടൊരു മുഖം കാണിച്ചുതരുന്നു.സുഡാനിയെ സ്നേഹിക്കുന്ന മജീദിൻ്റെ ഉമ്മയ്ക്ക് ഭാഷാപ്രശ്നമില്ല.അവിടെ ഉപയോഗിക്കപ്പെടുന്നത് സനേഹത്തിൻ്റെ ഭാഷയാണ്.സുഡാനിയുടെ വേദനകൾ ആ പ്രദേശത്തെ ഉമ്മമാരുടെയും വേദനകളാവുന്നു.ക്രൈസ്തവനു വേണ്ടി കണ്ണുനീർ പൊഴിക്കപ്പെടുന്നു ; ഖുർ ആൻ വായിക്കപ്പെടുന്നു...

മലപ്പുറത്തുകാരുടെ സ്നേഹം ഈയുള്ളവനും അനുഭവിച്ചിട്ടുണ്ട്....

പത്തിരിയും കോഴിക്കറിയും ഉണ്ടാക്കി തൃശ്ശൂർക്ക് കൊണ്ടുവന്ന് എന്നെ കഴിപ്പിച്ച ടീച്ചറമ്മ മലപ്പുറംകാരിയാണ്.

ഒരമ്മയുടെ വയറ്റിൽ പിറന്നതല്ലെങ്കിലും ഞാനൊന്ന് നീട്ടിവിളിച്ചാൽ ''ഏട്ടാ'' എന്ന് അലറിക്കൊണ്ട് പാഞ്ഞെത്തുന്ന പ്രിയപ്പെട്ടവളുടെ വീടും മലപ്പുറത്താണ്.

ഫേസ്ബുക്കിലൂടെ മാത്രം പരിചയമുള്ള എനിക്ക് ''നമുക്ക് ദുഫായിൽ പോയി അടിച്ചുപൊളിക്കാം'' എന്ന ഒാഫർ തന്ന ചേട്ടനും ആ ജില്ലക്കാരനാണ്...

അങ്ങനെ എത്രയോ പേർ.മലബാറുകാർ സ്നേഹിക്കാനറിയുന്നവരാണ്.വയറു നിറയെ ഭക്ഷണം തരുന്നവരാണ്.അതുകൊണ്ട് സുഡാനിയെ കേവലം സിനിമ മാത്രമായി കാണാൻ എനിക്ക് പ്രയാസമുണ്ട്.

ഇതിലെ കഥാപാത്രങ്ങൾക്ക് ചിരിപ്പിക്കാൻ വർണ്ണവെറിയും ദ്വയാർത്ഥപ്രയോഗങ്ങളും വേണ്ടിവരുന്നില്ല.അതിവൈകാരികത മുഴച്ചുനിൽക്കുന്നില്ല.ക്ലൈമാക്സിൽ കരഞ്ഞും പിഴിഞ്ഞും പുതിയ മനുഷ്യനാവുന്നില്ല മജീദ്.എന്നിട്ടും കാഴ്ച്ചക്കാരുടെ ഉള്ളുലയ്ക്കുന്നുണ്ട്.നന്മ ബോധപൂർവ്വം കുത്തിവെയ്ക്കുകയല്ല.എല്ലാം വളരെ സ്വാഭാവികമാണ് ! ഒരു ജീവിതം നേരിൽക്കാണുംപോലെ ! ഇരിക്കുന്നത് തിയേറ്ററിലാണെന്ന് മറന്നുപോകുംപോലെ !!

മലയാള സിനിമ മാറുകയാണ്.നമുക്ക് വേണ്ടത് പരിഹാസത്തിൻ്റെ കിളിച്ചുണ്ടൻ മാമ്പഴങ്ങളല്ല.നേരിൻ്റെ സുഡാനികളാണ്...!

മനുഷ്യനാണ് ആദ്യം ഉണ്ടായത്.പിന്നെ വിഭജനങ്ങൾ വന്നു.ഭാഷയുടെയും നിറത്തിൻ്റെയും അടിസ്ഥാനത്തിൽ മനുഷ്യർ പങ്കുവെയ്ക്കപ്പെട്ടു.രാജ്യങ്ങളുടെയും സംസ്ഥാനങ്ങളുടെയും ജില്ലകളുടെയും അതിർത്തികൾ സൃഷ്ടിക്കപ്പെട്ടു.പക്ഷേ എല്ലാറ്റിനേക്കാളും വലുതാണ് മനുഷ്യത്വം എന്ന് തിരിച്ചറിഞ്ഞ ചിത്രമാണിത്.

അതെ,സുഡാനി തീവ്രമായ മനുഷ്യത്വത്തിൻ്റെ കഥയാണ്.കലർപ്പില്ലാത്ത സ്നേഹത്തിൻ്റെ ഗാഥയാണ്.നഷ്ടപ്പെടുത്തരുത്...

advertisment

News

Super Leaderboard 970x90